ചിത്രങ്ങളുടെ അസ്ഥി

images

ഡിജിറ്റൽ എഴുത്ത് പേനയുടെ ഗ്രഹാതുരതയെ എങ്ങനെ നേരിടുന്നു. മൊബൈൽ ഫോണിന്റെ വിദ്യ മനസ്സിലാക്കാൻ പരാജയപ്പെട്ടവർ എങ്ങനെ ഈ ലോകത്ത് ജീവിക്കുന്നു. ചിലർ വേഗം മാറ്റങ്ങളോടടുക്കുന്നു.ഡിജിറ്റൽ കാലത്ത് ഇത്തരം കാര്യങ്ങളിൽ എഴുത്തുകാർക്കും അവരവരുടെ അഭിപ്രായങ്ങൾ കാണും.

കരുണാകരന്റെ കുറിപ്പ് വായിക്കാം

“കടലാസ്സില്‍പെന്നുകൊണ്ട് എഴുതുന്നതിന്റെ ഒച്ച, സാങ്കേതികതയുടെ ഈ കാലത്തും, എഴുത്തുകാരന്‍റെ ഉള്ളിലുണര്‍ത്തുന്ന ആനന്ദത്തെപ്പറ്റി, എം. മുകുന്ദന്‍ ഒരു സദസ്സിനോട് ഈയിടെ പറഞ്ഞത് ഞാനും വായിച്ചിരുന്നു. നോട്ടുപുസ്തകത്തില്‍ എഴുതിക്കൊണ്ടുമാത്രം ഇപ്പോഴും കഥയിലേക്കും കവിതയിലേക്കും വരാറുള്ള എന്നെ ആ സമയം കാണുകയും ചെയ്തിരുന്നു. ഷേര്‍ട്ടിന്റെ കീശയില്‍ പണ്ടൊരിക്കല്‍ പടര്‍ന്ന നീലമഷിയുടെ അടയാളം പോലെ അടയാളം വെയ്ക്കാന്‍ ഒരാളുടെ അക്ഷരാഭ്യാസത്തിന് മറ്റൊന്നില്ല എന്ന് എന്റെ കുട്ടിജീവിതം സാഹിത്യജീവിതത്തിനോട് കട്ടായം പറയുന്നതും കണ്ടിട്ടുണ്ട്. എഴുതുക രസമാണ്, എഴുതുന്നത് സങ്കല്‍പ്പിക്കുന്നപോലെത്തന്നെ. എന്തുകൊണ്ടോ, ഇപ്പോഴും ‘നേരിട്ട് ടൈപ്പ്’ ചെയ്യുമ്പോള്‍ ഞാന്‍ തപ്പി നില്‍ക്കുന്നു, തലയ്ക്കും വിരലുകള്‍ക്കും ഇടയിലെ ആ വിനിമയം വഴിയില്‍ പല സിഗ്നലുകളിലും തങ്ങുന്നു. ഇവിടെ എഴുതുന്ന “പോസ്റ്റ്”കള്‍ മിക്കതും അങ്ങനെയാണ്. ചിലര്‍ ഈ മാറ്റങ്ങളെ വേഗം മറികടക്കുന്നു. ഈ സിനിമയുടെ തിരക്കഥ കമ്പ്യൂട്ടറില്‍ ഞാന്‍ നേരിട്ട്‌ ടൈപ്പ് ചെയ്യുകയായിരുന്നു എന്ന് പറഞ്ഞു, അടൂര്‍ ഗോപാലകൃഷ്ണന്‍, കഴിഞ്ഞ സിനിമയ്ക്ക് തൊട്ടുമുമ്പേ അദേഹത്തെ കണ്ടപ്പോള്‍. “പിന്നെയുള്ള എന്റെ പണിയൊക്കെ അത് എളുപ്പമാക്കി”. അത് പറയുമ്പോള്‍ അടൂരിന്റെ മുഖത്തെ സന്തോഷം ഞാന്‍ ശ്രദ്ധിയ്ക്കുകയും ചെയ്തു. എഴുതിയും പറഞ്ഞുകൊടുത്ത്‌ എഴുതിയുമായിരുന്നു അതുവരെയുമുള്ള അദേഹത്തിന്റെ തിരക്കഥകള്‍ ഒക്കെയും. എഴുതുന്ന ഒരാളുടെ നോട്ടുബുക്കുകള്‍ അയാളുടെ ഭാവനാജീവിതത്തെ വളരെ വേഗം ഓര്‍മ്മയുടെ ആസ്തിയാക്കുന്നു. ദിനചര്യകളാണ് ഒരാളെ അയാളുടെ ആയുസ്സിലേക്ക് കൂട്ടുന്നതെങ്കില്‍ ഇത്തരം നോട്ടുപുസ്തകങ്ങള്‍ ആ ദിനചര്യകളെ മറ്റൊരു വിധത്തില്‍ മോഹിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ടുമാത്രം ആ നോട്ടുപുസ്തകങ്ങള്‍ അയാളുടെ പുസ്തകശേഖരത്തില്‍ സ്ഥലം നേടിയിരിക്കുന്നു. സാങ്കേതികവിദ്യ നമ്മുക്ക് തുണ പോരാന്‍ ഇപ്പോള്‍ പല വഴിയിലും നില്‍ക്കുന്നു. May I Help you എന്നുതന്നെ. എഴുത്തിനും സഹായിക്കുന്നു. എങ്കിലും ഒരിക്കല്‍ എഴുതിയ അക്ഷരങ്ങളില്‍ നിന്നും ഓര്‍മ്മയെ മറ്റൊരു മാറ്റത്തിലേക്ക് നടത്തിക്കൊണ്ടുപോകുമ്പോള്‍ തിരിഞ്ഞുനോക്കാന്‍ തോന്നും : ആ ചെരിവുകള്‍ ആ വലിപ്പങ്ങള്‍ ആ തെറ്റലുകള്‍..ഇതാ ഇപ്പോള്‍ മുകുന്ദന്‍റെ കൈയ്യക്ഷരവും ഓര്‍മ്മ വന്നു. ചിത്രങ്ങളുടെ അസ്ഥി ഉള്ളവ”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here