എന്നേക്കാള്‍ മനോഹരമായി
ചിത്രങ്ങള്‍ വയ്ക്കുന്നത് അമ്മയാണ്.
വെറും ചട്ടിയില്‍
അതും അരിപ്പൊടികൊണ്ട്
മുട്ടപ്പം, ഇടിയപ്പം, ദോശ
വെള്ളപ്പം, അട, പത്തിരി, എന്നൊക്കെ പറഞ്ഞ്
ദിനം പ്രതി ഞാനും അതിനെ നിസ്സാരമാക്കുന്നുണ്ട്
അപ്പത്തിന്റെ കാര്യം പോകട്ടെ
കറികളൊന്നു നോക്കു
അതിന്റെ കളര്‍ മിക്സിംഗിനെക്കുറിച്ചൊന്നു ചിന്തിക്കു…
മല്ലിപ്പൊടി , മുളകു പൊടി
ഇത്തിരി മഞ്ഞപ്പൊടിയും ചേര്‍ത്തുകൊണ്ടുണ്ടാക്കുന്ന
കൊളാഷുകള്‍ തന്നെയല്ലെയത്?
എന്നിട്ടും
ഞാനും ഇന്നേവരെ സമ്മതിച്ച് കൊടുത്തിട്ടില്ല
എന്റെ അമ്മ നല്ലൊരു ചിത്രകാരിയാണെന്ന്