“എന്റെ സന്ദേഹിയായ ദൈവമേ , ഇനി നീയെനിക്ക് പെണ്ണാവുക, ഒരുവൾ എങ്ങനെ സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് പിന്നീടൊരിക്കലും നീ ആശങ്കപ്പെടുകയേയില്ല”
ചിത്തിര കുസുമന്റെ പുതിയ കവിതാ സമാഹാരം ‘തൃപ്പൂത്ത്’ സമൃദ്ധമായ സൗഹൃദ സദസിൽ കഴിഞ്ഞ ദിവസം കൊച്ചി ദർബാർ ഹാളിൽ പ്രകാശിതമായി. കവിയും , സാമൂഹിക പ്രവർത്തകയുമായ ചിത്തിരയുടെ രണ്ടാമത്തെ കവിത സമഹാരമാണിത്. വി ടി ജയദേവൻ, സംഗീത സംവിധായകൻ ബിജിബാൽ , എം പി പ്രവീൺകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കവിതയുടെ പരിചിത വഴികളിൽ നിന്നു വേറിട്ട് വ്യതസ്തമായ ഭാഷയും കാഴ്ചപ്പാടും മുന്നോട്ടു വെക്കാൻ ഈ കവിതകൾ ശ്രമിക്കുന്നുണ്ട്. കവിതകളും ചിത്രങ്ങളും അടങ്ങുന്ന പുസ്തകത്തിന്റെ വില 150 രൂപയാണ്.
പ്രകാശനത്തെപ്പറ്റി ഒരു വായനക്കാരന്റെ കുറിപ്പ് ചുവടെ
ചിത്തിര എന്റെ സുഹൃത്തല്ല. നാളിതുവരെ ഞങ്ങൾ നേരിൽ സംസാരിച്ചിട്ടുമില്ല. പ്രകാശന ചടങ്ങിന് അയാൾ എന്നെ ക്ഷണിച്ചിട്ടുമില്ല. എന്നിട്ടും ഒരു പാട് തിരക്കുകൾ ഉണ്ടായിരുന്നത് മാറ്റി വച്ച് ഞാൻ ഇന്ന് ദർബാർ ഹാളിൽ പോയി. ചിത്തിരയുടെ രണ്ടാമത്തെ കവിതാ സമാഹാരമായ ‘തൃപ്പൂത്ത് ‘ പ്രകാശനം ചെയ്യുന്നത് കണ്ട് സന്തോഷിച്ചു. ലോകമെങ്ങുമുള്ള കവികളും എഴുത്തുകാരും, പ്രകൃതി സ്നേഹികളും എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ആ അർത്ഥത്തിൽ ചിത്തിര എന്റെ സുഹൃത്താണ്. മാത്രമല്ല അയാളുടെ ആദ്യ കവിതകൾ ‘ പ്രഭോ പരാജിത നിലയിൽ’ ഞാൻ വായിച്ചിട്ടുണ്ട്. ഇപ്പോൾ തൃപ്പൂത്തും. ആ കവിതകൾ എനിക്ക് ഇഷ്ടമാണ്. അതിൽ പുതിയ കാലത്തെ കവികളുടെ എല്ലാ കവിതകളിലും ഉള്ളതിൽ കൂടുതൽ പ്രകൃതിയുണ്ട്, വേദനയുണ്ട്, ജീവിതമുണ്ട്. പച്ച പുതച്ച കവിതകൾ എന്ന് അതിനെ വിളിക്കാനാണ് എനിക്ക് ഏറെയിഷ്ടം. മണ്ണിനെയും മരങ്ങളെയും ജീവിതത്തോട് ചേർത്ത് നിർത്തുന്ന ചിത്തിരയുടെ കവിതാ പുസ്തകം ഏറ്റുവാങ്ങാൻ ഏറ്റവും അനുയോജ്യൻ – വരണ്ടുണങ്ങുന്ന ഈ ഭൂമിയിൽ ഹരിതാഭമായ ഇടങ്ങൾ കണ്ടെത്തുന്ന വിടി മാഷ് തന്നെയാണ്. ഹൃദ്യമായ പ്രകാശന ചടങ്ങിൽ അത്യന്തം ആകർഷകമായത് കണ്ണ് നനയിച്ച വിടി മാഷിന്റെ പ്രസംഗമായിരുന്നു.
അങ്ങേയറ്റം മനോഹരമായ ഒരു സായാഹ്നം. പക്ഷെ ദർബാർ ഹാളിന്റെ ആ വരാന്തയിൽ നിന്നപ്പോൾ എന്റെ മനസ്സിൽ എന്തു കൊണ്ടോ നിറഞ്ഞ് നിന്നത് അശാന്തൻ മാഷായിരുന്നു.
ചിത്തിരയ്ക്ക് എല്ലാ നന്മകളും നേരുന്നു. നിറയെ പച്ചപ്പുകൾ നിറഞ്ഞതാവട്ടെ ആ ജീവിതവും കവിതകളും.
പ്രേം കുമാർ