ചിത്തം

 

മഴയിരുളിൽ മൊഴി മറന്ന്
ഭയം കുട പിടിക്കുമ്പോൾ
മറനീക്കി വിറച്ചടുക്കും മൗനം
കരൾച്ചിറകളിൽ തറയൊരുക്കെ
അഴൽ കനത്ത വഴികളിലൊക്കെ
നിഴൽ പോൽ ഒപ്പം നിന്നതല്ലേ
ജ്വരം തിളച്ചെൻ ഉടൽ വിറക്കെ
തുറിച്ചു നോക്കും ഇരുട്ടിനെ
വിരട്ടി വിട്ടിരട്ടി ബലം തന്നതല്ലേ
കഴുത്തിൽ കരമമർത്തി കടം
ചിരി കുടഞ്ഞടുത്ത നേരമെന്നിൽ
ചോരാധൈര്യമായ് ചേർന്നിരുന്നതും
അറിഞ്ഞതിൽപ്പാതി പറഞ്ഞമുന്നേ
ഉറഞ്ഞുതുള്ളിയോരെന്നഹന്തയെ
അറഞ്ഞു തള്ളി പറഞ്ഞിരുത്തി
പതം വരുത്തിയതും നീ തന്നെ
മിഴി കവിഞ്ഞിരുകര ഇരുൾ പടരെ
പഴി പറഞ്ഞും വഴി അറിഞ്ഞും
കണ്ണിൽ പൂക്കും നക്ഷത്രമായ്
കനക്കുമിരുളിൽ കാവലായ്
ജീവരാഗത്തിൻ മഹാസാഗരമായ്
ഇന്ദ്രിയമഞ്ചിലും നിറയും പൊരുളായ്
ചിത്തമേ നീയൊന്നു മാത്രം നിത്യം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here