കാറ്റും വെളിച്ചവും തട്ടാതെ
ഒളിച്ചു കഴിയുന്ന ചിതലുകൾ
ആദ്യം തിന്നു തീർക്കുന്നത്
അലമാരകളിൽ
ഭദ്രമായിരിക്കുന്ന
പുസ്തകത്താളുകളെയാണ്.
പിന്നെപ്പിന്നെ
തൂലികാത്തുമ്പുകളും
തിന്നു തീർക്കുന്നു.
ചുമരിന്റെ അരികിലൂടെ
മൺ തരികൾ കൂട്ടിയൊട്ടിച്ച
ഞരമ്പുകളിലൂടെ
നിശബ്ദമായി മേലോട്ടു കയറി
മേൽക്കൂരയിൽ കടക്കുന്നു.
വീട്ടുകാർ ഉറങ്ങുമ്പോഴും
ഉറങ്ങാതെ മരത്തടികൾ
തിന്നു തീർക്കുന്നു.
അപ്പോഴും
പുറത്ത് കാണാതിരിക്കാൻ
മരത്തോലിന്റെ ചെറിയൊരു ഭാഗം
ബാക്കി വെക്കുന്നു.
നിലവിളികൾ നിലച്ച തറവാടുകളിലും
അടുപ്പ് പുകയാത്ത കുടിലുകളിലും
വിളക്കു കത്താത്ത വീടുകളിലും
ചിതലുകൾ പുറ്റുകൾ തീർക്കുന്നു.
കൊടുങ്കാറ്റടിച്ച്
നിലംപൊത്തുമ്പോൾ
കണ്ടവർ കണ്ടവർ പറയുന്നുണ്ടാവും
” ഈ ചിതലുകളെ നാം
മുമ്പേ തിരിച്ചറിഞ്ഞിരുന്നെങ്കിൽ ”