ചിരട്ട

പ്ലാവിൽ നിന്നും പഴുത്ത ഇല കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.അതിൽ വിടപറഞ്ഞു പോയ വന്ദ്യ ഗുരുനാഥന്മാരും സതീർത്യന്മാരും പെടും. അവരുടെ നിറമുള്ള സ്മരണകൾക്ക് മുൻപിൽ ഒരു തുള്ളി കണ്ണീർ അർപ്പിക്കുന്നു അല്പം നർമത്തോടെ

SSLC  പരീക്ഷയുടെ ഒരു മാസം മുൻപ് ഒരു സായാഹ്നത്തിൽ ഞങ്ങളെല്ലാവരും സ്കൂളിൽ ഒത്തുകൂടി.ഒരു വിട  വാങ്ങലിനു.
ഇനി പലവഴികളായി പിരിയാൻ പോവുകയാണ്.വികാരം തുളുമ്പുന്ന കൊച്ചു കൊച്ചു പ്രസംഗങ്ങൾ, ഒരു തേയില പാർട്ടി.പിന്നെ ഒരു ഗ്രൂപ്പ് ഫോട്ടോവും
അതു കഴിഞ്ഞ് ഞാനടക്കം ഞങ്ങളിൽ ചിലർ മനസ്സിലുണ്ടായിരുന്ന ഒരു നിർദേശം മുന്നോട്ടു വച്ചു.ആറ് കൊല്ലം ഒന്നിച്ചിരുന്നു പഠിച്ച വിദ്യയലയത്തിന് പിരിഞ്ഞു പോകുമ്പോൾ ഒരു ഉപഹാരം
കുട്ടികൾക്ക് ഉച്ചക്ക് ഇരുന്നു ഭക്ഷണം കഴിക്കാൻ ഒരു മുറി ഉണ്ടാക്കി കൊടുക്കാം. നിലവിൽ സ്കൂളിൽ അങ്ങിനെ ഒരു സംവിധാനം ഇല്ല.അടചുറപുളള വലിയൊരു മുറി,രണ്ടായി വിഭജിച്ചു ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും വേറെ ആയി.
സംഗതി കൊക്കിലൊതുങ്ങാത്തതാണോ. എന്നൊരു പേടി.എന്നാലും എല്ലാവർക്കും നിർദേശം ഇഷ്ടപ്പെട്ടു.
അടുത്ത പ്രശ്നം ഇതിനു വേണ്ട ധന സംഭരണം.
ഉപദേശത്തിന് മൗലവി മാഷെ സമീപിക്കാം.
ഉമ്മർ മൗലവി മാഷ് അറബി പണ്ഡിറ്റ് ആണ്.വിദ്യാർത്ഥി കളുടെ ഇടയിൽ വളരേ സമ്മതൻ.കുട്ടികൾക്ക് വേണ്ടിയുള്ള എല്ല പുരോഗമന പ്രവർത്തനങ്ങൾക്കും മാസ്റ്റർ മുന്നിലുണ്ടാവും.. കുട്ടികളുടെ ഏതു പ്രശ്നങ്ങൾക്കും തനിക്കു കഴിയുന്ന മാതിരി പരിഹാരമുണ്ടാക്കും.മാഷെ സമീപിക്കാൻ വളരെ എളുപ്പമാണ്.
എല്ലാം കേട്ടു മാസ്റ്റർ പറഞ്ഞു.

“ഞിങ്ങളുടെ നിർദേശം എനിക്കിഷ്ടപ്പെട്ടു.
നമുക്ക് ടിക്കറ്റ് വെച്ച ഒരു ഗംഭീര പരിപാടി നടത്താം. ഒരു നാടകവും കൂടെ കുറെ കലാപരിപാടികളും.
നിങ്ങളുടെ പരീക്ഷ കഴിഞ്ഞ അന്ന് തന്നെ തുടങ്ങാം.”

തുടർന്നു വിസ്‌തരിച്ച   ചർച്ചയും  നടന്നു.
“നാടകത്തിന്റെ കാര്യം drawing മാസ്റർ കുഞ്ഞനന്തൻ നമ്പ്യാർ ഏറ്റെടുക്കും.”
മാസ്റ്റർക്ക് നാടകത്തിൽ വലിയ കമ്പമാണ്.നടകമെഴുതും,അഭിനയിക്കും,സംവിധാനം ചെയ്യും.
“നാടകം അധ്യാപകന്മരുടെ വകയവട്ടെ.സുകുമാരൻ നമ്പ്യാർ മാഷിന്റെ കൂടെ നിൽക്കണം സഹായത്തിനു”

“പെണ്കുട്ടികളുടെ നൃത്ത പരിപാടികളെല്ലാം സരോജിനി ടീച്ചറെ ഏല്പിക്കാം.  സഹായിക്കുവാൻ ശ്രീദേവിയും.
ആണ്കുട്ടികൾക്കും നമുക്ക് ഒരു പുതിയ ഐറ്റം കൊണ്ടുവരാം.കോൽക്കളി.ആ കാര്യം ഞാൻ ഏറ്റു.സൈദലവി എന്നെ സഹായിച്ചൽ മതി.”
ഞങ്ങളെല്ലാവരും പിരിഞ്ഞു.ഇനി പരീക്ഷക്ക്‌ പഠിക്കാനുള്ള അവധിയാണ് ,തുടർന്ന് പരീക്ഷയും.
മാര്ച്ച് 31ന് പരീക്ഷ കഴിഞ്ഞു. എല്ലാവരും മൗലവി മാസ്റ്ററുടെ അടുത്തേക്ക് പോയി.ഒരുവിധം കാര്യങ്ങളെല്ലാം മാഷ് ആസൂത്രണം ചെയ്തു കഴിഞ്ഞിരുന്നു. പരിപാടി മെയ് ഒന്നാന്തി നടത്തണം
കുഞ്ഞനന്തൻ മാസ്റ്റർ നാടകം തിരഞെടുത്തു, നടീനടന്മാരെയും.മാഷ്‌ക്ക്‌ സഹായത്തിനു ഞാൻ.സരോജിനി ടീച്ചറും ഒരു പുതിയ ഐറ്റം കൊണ്ടുവന്നു.തിരുവാതിരക്കളി.
ശ്രീദേവിയുടെ സഹായത്തോടെ പെണ്കുട്ടികളെ തിരഞ്ഞെടുത്തു
മൗലവി മാഷ് .കോൽക്കളി പഠിപ്പിക്കുന്ന അങ്ങാടിയിലെ ആലികുട്ടിയോട്  പറഞ്ഞു കുട്ടികളെ പരിശീലിപ്പിക്കാൻ. അയാൾ തെയ്യാറായി. സൈദലവി താൽപ്പര്യമുള്ള ആണ്കുട്ടികളെ കണ്ട് പിടിച്ചു.
ഇതിനിടെ മാഷ് അറിയുന്ന പ്രെസ്സിൽ പോയി ടിക്കറ്റ് ഉം നോട്ടീസുകളും അടിപ്പിച്ചു.
“നിങ്ങൾ ഗ്രൂപ് കളായി ടിക്കറ്റ് വിൽപനയും നോട്ടീസുകൾ പതിക്കുന്ന ജോലിയും ഉടനെ തുടങ്ങണം.”
വൈകുന്നേരം അഞ്ച് മാണി മുതൽ നൃത്യ /നാടകങ്ങളിൽ പരിശീലനം.
കുട്ടികളെല്ലാം വലിയ ഉത്സാഹം .ദൂരങ്ങളിൽ നടന്നു പോയി ടിക്കറ്റ് വിറ്റു തുടങ്ങി.
അങ്ങാടിയിലും ചന്തയിലും ആൽത്തറകളിലും റോഡരികിലും നോട്ടീസുകൾ പതിച്ചു.
നാലു മണിക്ക് കൃത്യം ഞാൻ കുഞ്ഞനന്തൻ മാസ്റ്ററുടെ അടുത്തു പോകും.മാഷ് സ്ക്രിപ്റ്റ് എന്റെ കയ്യിൽ തന്നു. ഞാൻ അത്‌  രണ്ട് മൂന്നു തവണ വായിച്ചു.പിന്നീട് ഓരൊ കഥാപാത്രങ്ങളുടെയും സ്ക്രിപ്റ്റ് പ്രസത്യേകം എഴുതി ഓരോരുത്തർക്കും കൊടുത്തു.
മൂന്നു രംഗങ്ങളുള്ള നാടകമാണ്.അമ്മയും ചെറുപ്പക്കാരനായ മകനുമാണ് പ്രധാന വേഷങ്ങൾ.അമ്മയായി സംസ്‌കൃതം പണ്ഡിറ്റ് ത്രിവിക്രമ കജനായർ .
മാഷ് നീലേശ്വരകാരനാണ്.സംഭാഷണം പറയുമ്പോൾ നീലേശ്വരം ചുവ.ശരിയാക്കാം.
പി ടി ഐ ചന്ദ്രൻ സേർ ആണ്‌ മകൻറെ വേഷമിടുന്നതു.നീണ്ടു   മസ്കുലർ ആയ ശശ്രീരപ്രകൃതി ആഴത്തിലുള്ള ശബ്ദം.
നാടകത്തിന്റെ റിഹേഴ്സലുകൾ പൊടിപൊടിക്കുന്നുണ്ട്.
കുഞ്ഞനന്തൻ മാഷ് ഒരു അടൂർ ഗോപാലകൃഷ്ണനാണ്. എല്ലാം പെര്ഫെക്ട് ആകണം,തികച്ചും സ്വാഭാവികം.സംഭാഷണങ്ങൾ പറയുന്നത് ,അഭിനയം, വസ്ത്രധാരണം മേക്കപ്പ്,എല്ലാം.അതുകൊണ്ടു ചില്ലറ കശ പിശ ഇടക്കിടെ ഉണ്ടാവും.
ആദ്യമൊക്കെ ഞാൻ മുഴുവൻ ഡയലോഗും വായിച്ചു കൊടുക്കും. കുഞ്ഞനന്തൻ മാഷിന്റെ  നിർദേശത്തിൽ അഭിനയം.
രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ നടന്മാർക്ക് ഏതാണ്ട് ഡയലോഗ് ഹൃദിസ്‌തമായി.തപ്പുമ്പോൾ പറഞ്ഞുകൊടുത്താൽ മതി
കജനായർ മാഷിൻറെ ഉച്ചാരണം കുറച്ച് കൂടെ ഏറനാടൻ ആക്കേണ്ടതുണ്ട്.ശരിയാവും.
എനിക്ക് സംഭാഷണം ഒരുവിധം കാണാപാഠമായി.
മേയ് ഒന്നാന്തി  ആവാറായി
ഡി ഡേയുടെ നാലുദിവസം മുമ്പ് എല്ലാ പരിപാടികളും അവതരിപ്പിച്ചു നോക്കി.
കോൽക്കളി അപാരം.ആലിക്കുട്ടി യുടെ മൂന്നു കുണ്ടന്മാരും കൂടെയുണ്ട് ,താളം തെറ്റിക്കാതെ നോക്കാൻ.സൈദയും ഐതൃമാനും, അബൂബക്കരും,നമ്പീശനും വരിയത്തെ രാഘവനും എല്ലാം താളം തെറ്റാതെ ചവിട്ടുന്നു. ഇത് ഹിറ്റാവും.
പെണ്കുട്ടികളുംമോശമല്ല.
തിരുവാതിരക്കളി ആദ്യമായി അവതരിപ്പിക്കുകയാണ്.
മൗലവി മാസ്റ്റർക്ക് ശ്വാസം വീണു
മേയ് ഒന്നു്
.എല്ലാവർക്കും ഉത്കണ്ഠ. മൗലവി മാഷ് എല്ലാവരുടെയും മനോബലം കൂട്ടിക്കൊണ്ടു പാഞ്ഞു നടക്കുന്നു.
സ്റ്റേജ് ഉയർന്നു.കയറുകൊണ്ടു വേദിക്ക് വേലിയിട്ടു. വളണ്ടിയർമാർ റെഡി.ഉച്ചഭാഷിണിവന്നു.
അതിൽകൂടെ പാട്ടുകൾ വേദിയിലേക്ക് ഒഴുകി.
അങ്ങാടിയില്നിന്നും വാടകെക്കെടുത്ത പെട്രോമാക്സുകൾ വന്നു.അവയിൽ പുതിയ മേന്റലുകൾ കെട്ടി.മണ്ണെണ്ണ നിറച്ചു.ആകപ്പാടെ ഒരു ഉത്സവ പ്രതീതി.എന്നാലും മനസ്സിൽ ഒരു ധൈര്യകുറവ്.
ഉച്ചക്ക് മൂന്ന് മണിക്ക് സ്റ്റേജിൽ കോണി വച്ചു കർട്ടൻ കെട്ടുമ്പോളാണ് മൗലവി മാഷ് എന്റെ അടുത്തേക്കു ഓടി വന്നത്.
“സുകുമാരാ കാര്യം ആകപ്പാടെ കുഴപ്പത്തിലായി.നീയൊന്നിറങ്ങി വാ
കുഞ്ഞനന്തൻ മാഷ് നിന്നെ കാത്തു നിൽക്കുന്ന.”
മനസ്സിൽ ഒരു ഇടിവെട്ടു
“എന്തേ പറ്റിയത് സേർ”

“കജനായർ മാഷിൻറെ ‘അമ്മ മരിച്ചു.ഇന്നലെ കമ്പി വന്നു.മാഷ് ഇന്നുരാവിലെ നാട്ടിലേക്ക് പോയി.എനിയിപ്പം നിനക്കെ രക്ഷിക്കാൻ പറ്റുള്ളു മോനെ.”
കുഞ്ഞനന്തൻ മാഷ് കാര്യം വ്യക്തമാക്കി.
“നിനക്കു ഡയലോഗ് നല്ലവണ്ണം അറിയാം.കജനായർ മാഷ് അഭിനയിക്കുന്നത് നീ എന്നും കണ്ടതാണല്ലോ.അമ്മയുടെ റോൾ നീ ചെയ്യണം.”
ചുരുക്കത്തിൽ 50 വയസ്സായ സ്ത്രീയുടെ വേഷം കെട്ടണം.
തന്റെ ശബ്ദത്തിന് മാറ്റം വന്നുകൊണ്ടിരിക്കുന്ന കാലം.ആറ്റു  നോറ്റു മേൽചുണ്ടിനു മുകളിൽ നനുത്ത രരോമങ്ങൾക്കു കറുപ്പ്‌ പിടിച്ചുവരുന്നു.എന്നും രണ്ട്‌ നേരവും കണ്ണാടിയിൽ നോക്കാറുണ്ട്
തന്നിൽ നിന്നായിരുന്നു ഈ സംരംഭങ്ങളുടെ തുടക്കം. എന്തു വില കൊടുത്തും ഇതു വിജയിക്കണം. കുഞ്ഞനന്തൻ മാഷിൻറെ കടുത്ത ചിട്ടകളാണ് വെല്ലുവിളി.
രണ്ടു  തവണ ഓടിച്ചു റിഹേഴ്സൽ ചെയ്തു. ഒപ്പിക്കാം.
സ്റ്റേജിന്റെ  പിൻവശം തുറക്കുന്നതു രണ്ട് ക്ലാസ് മുറികളിലേക്കാണ്.
ഒന്നിൽ പെണ്കുട്ടികൾ മേകപ്പ് ചെയ്യുന്നു,സരോജിനി ടീച്ചറുടെ മേൽനോട്ടത്തിൽ.
.മറ്റേതിൽ കോൽകളിക്കാരുടെ  തിരക്കാണ്.
ആലിക്കുട്ടി അവസാന നിർദേശങ്ങൾ നൽകി കൊണ്ടു നടക്കുന്നു.
കള്ളിമുണ്ട് മുട്ടുവരെ ഉടുത്തു അരപ്പട്ടയിൽ മുറുക്കിയിരിക്കുന്നു.കൈയുള്ള ബനിയൻ,തലയിൽ കെട്ട് തോർത്തു കൊണ്ട്. മീശയും താടിയും.
താടിയിൽ പഴം ഉരച്ചു ഉമിക്കരി പിടിപ്പിച്ചാണ് താടി. കണ്മഷി കൊണ്ട് മീശയും.രാഘവനെയും നമ്പീശനേയും ആ വേഷത്തിൽ കണ്ടപ്പോൾ ചിരി വന്നു.രണ്ട് പേർക്കും അടക്കാനാവാത്ത ആവേശവും.
ക്ലസ്സിന്റെ മറ്റേ മൂലക്കലാണ്  നാടകക്കാർ.ആണുങ്ങൾ തമ്മിൽ തമ്മിൽ മേക്കപ്പ് നടത്തുന്നു. പെൺവേഷം കെട്ടിക്കുന്നത് needle work പഠിപ്പിക്കുന്ന നാരായണി ടീച്ചർ ആണ്.ടീച്ചർ .
കർട്ടന്റെ വിടവിലൂടെ സദസ്സിലേക്കു നോക്കി.നിറഞ്ഞ സദസ്സ്. ഇരിപ്പിടം കിട്ടാത്തവർ മുൻപിൽ പായ വിരിച്ചു ഇരിക്കുന്നു. പെട്രോമാക്സിൻറെ തിളക്കമുള്ള വെളിച്ചത്തിൽ  പ്രഭാപൂരമായിരിക്കുന്നു.
സന്തോഷവും അഭിമാനവും തോന്നി.
ഒരു മാസത്തെ അത്യധ്വാനമാണ്.
ഹെഡ്മാസ്റ്ററുടെയും അംശം അധികാരിയുടെയും പ്രസംഗങ്ങൾ തുടങ്ങികഴിഞ്ഞു.
രംഗപൂജക്കുശേഷം തിരുവാതിരക്കളി അരങ്ങേറി.സ്റ്റേജിന്റെ പാർശ്വത്തിൽ സരോജിനി ടീച്ചർ പാടാൻ തെയ്യാറായി നിന്നു. അരങ്ങിന്റെ നടുവിൽ കത്തിച്ചു വച്ച നിലവിളക്കിന്റെ ചുറ്റും പെണ്കുട്ടികൾ അണി നിരന്നു. വേഷം കസവു മുണ്ടും വേഷ്ടിയും.തലമുടി നിറയെ പൂക്കളും.ഇല്ലത്തെ ശ്രീദേവിയെ പ്രത്യേക താല്പര്യത്തോടെ നോക്കി. ശ്രീദവി ഈ വേഷത്തിൽ  കാണാൻ നല്ല ചന്തം.
പാട്ടിന്റെ ഈണത്തിൽ പതിയ ചുവടുകൾ വച്ചു കളി പുരരോഗമിച്ചു.
നിലവിളക്കിന്റെ വെളിച്ചകീറുകൾ വീണ കവിളുകൾ അരുണിമായകുന്നു
അഴകുള്ള മുഖങ്ങൾ, ഒതുങ്ങി യ ശരീര ചലനങ്ങൾ, എന്തൊരു ശാലീനത.
മുഴുമിക്കുന്നതിന്നു മുൻപ് കുഞ്ഞനന്തൻ മാസ്റ്റർ സ്റ്റാഫ്  റൂമിലേക്ക് വിളിച്ചു കൊണ്ട് പോയി.അവിടെവച്ച് തന്റെ മീശ വടിച്ചു പിന്നെ കണ്ണാടിയിൽ നോക്കിയില്ല.
മേക്കപ്പ് മുറിയിൽ വന്നു.തിരുവാതിര കളി കഴിഞ്ഞിരിക്കുന്നു..ശ്രീദേവിയെ കണ്ടു അഭിനന്ദനം അറിയിക്കണമെന്നു മനസ്സിൽ ആഗ്രഹിച്ചു.പക്ഷേ മീശയില്ലാതെ എങ്ങനെ മുഖത്തു നോക്കും.
പതിനഞ്ചു മിനിട്ടന്റെ ഇടവേളക്കു ശേഷം കോൽക്കളി തുടങ്ങി.സ്റ്റേജ് കുലുക്കുന്ന ചടുലമായ ചുവടുകൾ
കോലുകൾ തെറ്റാതെ കോലുകളിൽ  പതിക്കുന്നു.കോലടി  ശബ്ദം കൊണ്ട് മുഖരിതം.അലികുട്ടിയുടെ പാട്ടിനൊത് വായുവിൽ ചാടി  തമ്മിൽ അടിക്കുന്ന കോലുകൾ, ചുവടുകൾ തെറ്റാതെ
സദസ്യർ ആർത്തു വിളിച്ചു.ഇവനാണ് ഇന്നത്തെ താരം
തന്റെ മേക്കപ്പ് തുടങ്ങിയപ്പോൾ അനന്തൻ മാസ്റ്റർ നാരായണി ടീച്ചറോട് പറഞ്ഞു
“ടീച്ചറേ ഇവന്റേത് അമ്മയുടെ വേഷമാണ്. ഒന്നരയും മുണ്ടും, വെള്ള ബ്ലൗസും,. ചുമലിൽ തോർത്തു. മുണ്ട് മുട്ടിറങ്ങി നിന്നാൽ മതി”
പിന്നെ കൂട്ടിച്ചേർത്തു
“അൻപതു വയസ്സായ സ്‌ത്രീ ആണ്.ചെറിയ ചിരട്ട മതിയാവും. പ്രത്യേകം ശ്രദ്ധിക്കണം.”
ഒന്നും മനസ്സിലായില്ല.തനിക്കെൻതിനാണ് ചിരട്ട അതും ചെറിയത്
ടീച്ചറോട് പറഞ്ഞു
“ടീച്ചറെ തോർത്തിന്റെ മുകളിൽ മുണ്ടുടുത്തൽ പ്പോരെ?”
“ന്ട്ട് വേണം അനന്ദൻ മാഷ്ടെ വക എനിക്കു കിട്ടാൻ”
ടീച്ചർ തോർത്തു കൊണ്ടു ഒന്നര ഉടുപ്പിച്ചു. അതിനു മുകളിൽ മുണ്ടു ചുരുക്കിയുടുത്തു മുട്ടിനു താഴെ വരെ.ഇതെല്ലാം അഴിഞ്ഞുപോകുമോ എന്നു ഭയം.ഒരു നാരെടുത്തു കെട്ടിയാലോ
പിന്നീടായിരുന്നു ഏറ്റവും വലിയ പീഡനം.
ടീച്ചർ കൊണ്ടുവന്ന ഒരു ബോഡീസെടുത്തു(ബ്രാ വരുന്നതിനു മുമ്പ് ഉപയോഗിച്ചിരുന്ന ഒരു തരം മുലക്കച്ച)എന്നെ ഇടുവിപ്പിച്ചു.അതിൻറെ ലൂസായ രണ്ടു  പോക്കറ്റിലുംതുണിയിൽ പൊതിഞ്ഞ രണ്ടു ചെറിയ ചിരട്ടകൾ കൂർത്ത ഭാഗം മുൻപോടാക്കി വച്ച് ബോഡീസ് ചിരട്ടകളുടെ താഴെ മുറുക്കി കെട്ടി.അതിന്നു മുകളിൽ ബ്ലൗസിട്ടു.ടീച്ചർ കുറച്ചു ദൂരെ പോയി നിന്ന് നോക്കിയ ശേഷം സ്വയം പറഞ്ഞു.
“ചിരട്ടകൾ പാകത്തിനുള്ള വലുപ്പമേ ഉള്ളു.വീണ മുലകളല്ലേ”.
സാംതൃപ്തിയോടെ മന്ദഹസിച്ചു.
ഇടതു ഭാഗത്തെ ചിരട്ടയുടെ ശരീരത്തിൽ തട്ടുന്ന വക്കിൽ നിന്നും തുണി മാറി പോയിരിക്കുന്നു .അതു നെഞ്ചത്ത് തട്ടി വേദനിച്ചു തുടങ്ങി.
ടീച്ചറോട് പറയാൻ പേടി.ദ്വേഷ്യം  വന്നാലോ
തലയിൽ നരച്ച മുടിയുള്ള വിഗ് വെച്ചു. മുഖത്തു അൽപം കരി അവിടെയും ഇവിടെയും തേച്ചു.എല്ലാം കണ്ടു കുഞ്ഞനന്തൻ മാഷ്ക്ക് തൃപ്തി യായി
“സുകുമാരാ സ്റ്റേജിൽ കുനിഞ്ഞു നിൽക്കാൻ മറക്കരുത്. ”
മൂലയിലുള്ള ഒരു ബെഞ്ചിൽ ഇരുന്നു, ആരും കാണരുതെന്ന് പ്രാർധിച്ചുകൊണ്ടു.
പെട്ടെന്ന് ഉച്ചഭാഷിണിയിലൂടെ മൗലവി മാഷിന്റെ ശബ്ദം
“പ്രിയപ്പെട്ടവരെ നിങ്ങളെവരും അക്ഷമയോടെ കാത്തിരിക്കുന്ന നാടകം ഇതാ തുടങ്ങാൻ പോവുകയാണ്.ഈ നാടകത്തോട് കൂടി ഞങ്ങളുടെ ഇന്നത്തെ ഈ കലോൽസവം അവസാനിക്കുന്നു”
ആദ്യത്തെ രംഗത്തു റോളുണ്ട്.സദസ്സിലേക്കു നോക്കിയില്ല. കുഴപ്പമില്ലാതെ  ഡയലോഗ് പറഞ്ഞഭിനയിച്ചു.രംഗത്തിന്റെ ഇടയിൽ വച്ചു തന്റെ റോൾ കഴിയും .സ്റ്റേജിൽ നിന്നും അണിയറ യിലേക്ക് പോന്നു. അനന്ദൻ മാഷ് വന്നു പറഞ്ഞു.സുകുമാരൻ നന്നായി ചെയ്തു.മൈക്കിൻടെ കുറച്ച് കൂടി അടുത്ത്  നിൽക്കണം
ചിരട്ടയുടെ വക്ക് കൊണ്ടിട്ടുള്ള വേദന കൂടി വരുന്നു.
ചിരട്ട അല്പം പൊക്കിയൽ വേദന കുറയും.
രണ്ടാമത്തെ സീനിൽ റോളില്ല
മൂന്നാമത്തെ രംഗത്തിൽ അമ്മയും മകനും മാത്രം.വികരഭരിതമായ സംഭാഷണവും അഭിനയവും
കുഞ്ഞനന്തൻ മാഷ് കജനായർ മാഷേ കൊണ്ടു വീണ്ടും വീണ്ടും അഭിനയിപ്പിക്കുന്നത് കണ്ടിട്ടുള്ളതാണ്.പരാജിതനാവരുത്
ഇടത്തെ ചിരട്ടയുടെ ശല്യം കൂടാൻ തുടങ്ങി.രംഗം തീരുന്നത് വരെ വേദന സഹിക്കണം.
കർട്ടൻ ഉയർന്നു.അവസാനത്തെ രംഗം തുടങ്ങി.മൈക്കിന്റെ അടുത്തു നിൽക്കാൻ ശ്രമിച്ചു.
വികാരങ്ങൾ തിളച്ചുമറിയുന്ന സംഭാഷണങ്ങൾ. അവ പ്രതിഫലിക്കുന്ന മുഖഭാവങ്ങൾ.ഞാനും ചന്ദ്രൻ സേറും അരങ്ങ് തകർക്കുന്നു അവസാനം മകനെ കെട്ടിപിടിച്ചു കരയുന്നതോടെ രംഗം തീരും,നാടകവും
കെട്ടിപിടിക്കാൻ ഇടതു കൈ ഉയർത്തി .പെട്ടെന്ന് കഠിനമായ ഒരു നീറ്റൽ .സഹിക്കാൻ പറ്റുന്നില്ല വലതു കൈ കൊണ്ട് ഇടത്തെ ചിരട്ട അല്പം പൊക്കാൻ നോക്കി.ഉടനെത്തന്നെ കുഞ്ഞനന്തൻ മാഷിന്റെ ക്രോധത്തിലുള്ള നിർദേശം സൈഡ് കാർട്ടന്റെ ഉള്ളിൽ നിന്നും വന്നു.
“സുകുമാരാ ഇടത്തെ ചിരട്ട തൊടല്ലേ”
“രൺഡു കൈകൾ കൊൺഡും കെട്ടി പിടിക്കണം”

ചിരട്ട വിടാൻ ഒരു സെക്കന്റ് വൈകി.
മാഷിന്റെ ക്ഷമ നശിച്ചു
“ഇടത്തെ മുലയിൽ നിന്നും  കയ്യെടുക്ക്  കഴുതെ”
ഉടനെ കൈ പിൻവലിച്ചു.രണ്ടുകൈകളും ചന്ദ്രൻ മാഷിന്റെ അരയിൽ ചേർത്തു കെട്ടിപിടിച്ചു.ചൂടുള്ള കണ്ണീർ മാഷിന്റെ ഷർട്ടിലൂടെ ഒഴുകി.
സദസ്സിലെ സ്ത്രീകൾ മുണ്ടിന്റെ  കോന്തല കൊണ്ടു കണ്ണുകൾ വീണ്ടും വീണ്ടും തുടച്ചു
ബാക്കിയുള്ളവർ എഴുന്നേറ്റു നിന്ന് കയ്യടിച്ചു. തിരശീല വീണു.
“ഞങ്ങളുടെ  നാടകം ഈ രംഗത്തോടെ അവസാനിച്ചിരിക്കുന്നു “.
മൗലവി മാഷിൻറെ ശബ്ദം വീണ്ടും

കുഞ്ഞനന്തൻ മാഷ് സ്റ്റേജിലേക്ക് ഓടി വന്നു.മാഷ് ആകെ ആവേശത്തിലാണ്.
“സുകുമാരാ അവസനത്തെ സീൻ  തകർത്തു. നിനക്കെങ്ങിനെയാണ് കണ്ണീർ ശരിക്കും വരുത്താൻ കഴിഞ്ഞത്. കലക്കി”

“ചിരട്ട കൊണ്ടാണ് സേർ.”

ആവേശത്തിൽ മാഷ് അതു കേട്ടുകാണില്ല..

(memories of a fund raising programme during school days)

://

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here