ചിന്നു ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്.ഇന്നവൾക്ക് പാഠപുസ്തകം കിട്ടുകയുണ്ടായി. കിട്ടിയ പാടെ അവൾ ആകാംക്ഷയോടെ താളുകൾ തുറന്നു നോക്കി. ഒന്നാം പാഠത്തിൽ ഒരു വീടാണ്. മുറ്റത്ത് ഒരു കിണറും മൂന്നാല് കോഴികളും രണ്ടു താറാവും ഒരു നായയും ഒക്കെയുണ്ട്. വീടിനെ ചുറ്റി ധാരാളം ചെടികളും മരങ്ങളും കാണാം. ദൂരെ മലനിരങ്ങൾ, വയലുകൾ, തെങ്ങിൻ തോപ്പുകൾ .വലുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന പുഴ….
ഹായ് !എന്തു നല്ല വീട്. എത്ര നല്ല കാഴ്ചകൾ ……
അവൾ ഏറെ നേരം ചിത്രത്തിൽ തന്നെ നോക്കിയിരുന്നു.
ഒരു സംശയം പതുക്കെ അവളുടെ മനസ്സിലേയ്ക്ക് ഇഴഞ്ഞു കയറി. ഇത് ആരുടെ വീടാണ് ?
അവൾ ടീച്ചറുടെ മുന്നിലേയ് ചെന്നു.
“ടീച്ചർ, ഇത് ആരുടെ വീടാ?”
ടീച്ചർ ആ ചോദ്യത്തിനു മുന്നിൽ അല്പപനേരം ഒന്നും മിണ്ടാതെ നിന്നു.അനന്തരം ഒന്നു ചിരിക്കാൻ ശ്രമിച്ചു.
” ഇത് ഒരു സ്വപ്ന വീടാണ്. എല്ലാവരും സ്വപ്നം കാണുന്ന വീട്.”
ചിന്നുവിന് ടീച്ചർ പറഞ്ഞത് ഒട്ടും മനസ്സിലായില്ല. അവൾ ബെഞ്ചിൽ ചെന്നിരുന്ന് അടുത്ത പേജ് മറിച്ചു….