ചിമ്പാന്‍സികളുടെ ഗ്രഹം

kids

പേരമോന്‍റെ ആദ്യജന്മദിനം
എത്തി, വലിയച്ഛന്‍റെ പെണ്‍മക്കള്‍
അവര്‍ ഇരട്ട, വയസ്സവര്‍ക്കവന്‍റെ പാതി
രണ്ടെണ്ണമാകില്‍ ചങ്ങാത്തം
മൂന്നാകിലൊരു പെരുത്ത കൂട്ടം
അങ്ങിനെ ഒരാംഗലപ്പഴമൊഴി.

അനുതാപസ്ഫോടനമെന്നോണം
അര്‍ദ്ധരാത്രിയില്‍ മൂന്നുപേരും
വീടിന്റെ മൂന്നു മുക്കില്‍ നിന്നും
ഒരേസമയം ഉച്ചവിലാപം
വിശപ്പിന്‍ കാളും വിളിയോ
എരിയും ഡയപ്പര്‍ തിണര്‍പ്പോ?

അമ്മമാരമ്മൂമ്മയച്ഛമ്മമാര്‍
പരക്കം പാഞ്ഞു തെരുതെരെ
കലക്കി പാല്‍ കുപ്പികളില്‍
പാടി താരാട്ടുപാട്ടുകള്‍
ആര്‍ക്കുമറിയാ ഭാഷകളില്‍
സംഗീതത്തില്‍ വെറുമജ്ഞാനികള്‍
കഷ്ടമെന്തൊരു ഭോഷ്ക്ക്!
രാഗങ്ങള്‍ക്കാമോ കെടുത്താന്‍
വിശപ്പിന്നഗ്നിയെ, എരിയുമൊരു തീപ്പുണ്ണിനെ?
കരച്ചില്‍ തുടര്‍ന്നു തോരാതതിരൂക്ഷം

ആണുങ്ങളുണര്‍ന്നെണീറ്റു
സ്വപ്നാടനപിതാക്കള്‍
മാതാപിതാമഹന്മാര്‍
അവരുടെ തലമുടി അലങ്കോലം
മുത്തച്ഛന്‍ നാഴികമണിയുടെ
ദോലകം പോലാടി
താഴോട്ടുനീളുമവരുടെ പൈജാമനാടകള്‍
മുന്‍ സംഗീതവിദ്യാലയപ്പേക്കിനാക്കള്‍
അവരും പാടി, സ്ത്രീപ്രജകളോടടരാടി
പക്ഷെ കത്തിനിന്നു കിടാങ്ങള്‍
അവിരാമം ഘോരം ഘോരം

കോലാഹലം ഹരിച്ചു വീട്ടിന്‍റെ ശാന്തി
ശിശുക്കളൊടുവില്‍ തളര്‍ന്നുറങ്ങി
പാലിന്നുച്ചലഹരിയില്‍ ഫിറ്റായി
കൈകളില്‍ കാലികുപ്പികളുമായി

അച്ഛനമ്മമാര്‍ മുത്തന്മാര്‍ നടന്നു
കാല്‍വിരല്‍ത്തുമ്പില്‍
ചുണ്ടില്‍ വിരല്‍വെച്ച് ഭയചകിതര്‍
കുഴിബോംബുകള്‍ തിങ്ങും
രണഭൂമിയിലെന്നപോല്‍
ആംഗ്യത്തിലുരുവിട്ട് കഥകളിയെന്നപോല്‍
ഉണര്‍ന്നാലോ കരഞ്ഞോലോ മൂന്നും വീണ്ടും

ഹോ! അതെന്തൊരു ഹാസ്യരംഗം!
ശിശുക്രൂരഭരണം
താറുമാറായ് കിടക്കും ഗൃഹം
ചിമ്പാന്‍സികളുടെ ഗ്രഹം
“നീയെന്‍റെ പാല്‍ക്കുപ്പി കഴുകിവെയ്
നീയെന്‍ ഡയാപ്പര്‍ മാറ്റിത്തായോ
ചുമ്മാ നില്‍ക്കാതെ നീയവിടെ
വേഗമെന്നെ വായ്നീര്‍ത്തുണി ധരിപ്പിക്ക്”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപുതിയഭൂമി
Next articleവിധി
ജീവിതത്തില്‍ വളരെ വൈകിയാണ് എഴുതിത്തുടങ്ങിയത്. അറുപതിന് ശേഷം. ആംഗലത്തില്‍ കുറെ കവിതകള്‍ രചിച്ചിട്ടുണ്ട്. അവ മിക്കതും ഈ ലിങ്കില്‍ കാണാം: http://www.poemhunter.com/madathil-rajendran-nair/poems/?a=a&search=&l=2&y=0 വേദാന്തത്തിലും ജ്യോതിഷത്തിലും താല്‍പര്യം. ചില വേദാന്തലേഖനങ്ങള്‍ വെബ്ബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലക്കാടനായ ഞാന്‍ മിക്കവാറും കൊയമ്പത്തൂരിലാണ് താമസം. 36 വര്‍ഷം കുവൈറ്റില്‍ പ്രവാസിയായിരുന്നു. E-Mail: madathil@gmail.com

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here