ആകാശത്തൊരു
കിണര്‍ പ്രത്യക്ഷമായി
ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍
അതിലെ വെള്ളം
കടുംനീല.
തൊട്ടിയും കയറും ഊര്‍ന്നിറങ്ങുമ്പോള്‍
കപ്പി കരയുന്ന സ്വരം
വിചിത്രം!
എന്റെ കൈകളില്‍ അതിന്റെ അറ്റം
വൈകിയില്ല
ധൃതിയില്‍ വലിച്ചു;
കിണറ്റില്‍
വെള്ളത്തില്‍
ആണ്ടുകിടന്ന
കവിത
പൊങ്ങിവന്നു.- എഴുത്ത്
സ്നേഹം നിറഞ്ഞ ആ പ്രപഞ്ചത്തിലേക്ക് മനുഷ്യരെ എത്തിക്കുന്ന കവിതകള്‍ .ഇരുട്ട് ഇല്ലാതാക്കുവാന്‍ പാടുപെട്ടുകൊണ്ടേയിരിക്കുന്ന കവിതകള്‍.
ആരവങ്ങളും ,അട്ടഹാസങ്ങളും നടത്താതെ സൗമ്യമായി കവിതയെ കൊണ്ടുനടക്കുന്ന ഒരാളാണ് ഈ കവി.മുഴച്ചു നിൽക്കുന്ന ഒരൊറ്റ വരി പോലും ഇവയിൽ കണ്ടെത്താനാവില്ല. അത് ഒരേ സമയം ഗുണവും ദോഷവുമായി കണക്കാക്കാമെങ്കിലും.
ജപ്പാനീസ് ഹൈക്കുകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഇതളുകളായി വിരിയുന്ന വരികളാണ് സെബാസ്റ്റിയൻ കവിതകളുടെ പ്രത്യേകത.തെളിഞ്ഞ വെള്ളം പോലെ അനായാസം വെയിൽ പ്രതിഫലിക്കുന്ന രചനകൾ.
പ്രസാധകർ മാതൃഭൂമി