ഗപ്പി എന്ന മൽസ്യം പോലെ വിവിധ വർണങ്ങൾ ചാലിച്ച മനോഹരമായ ഒരു ചുമർ ചിത്രം പോലെ തോന്നി ഈ സിനിമയെ. ആദ്യ കാഴ്ച്ചയിൽ വർണങ്ങൾ മനസ്സിലുടക്കി നിൽക്കുന്നു. വർണ്ണ കാഴ്ചയിലേക്കാണ് ചിത്രം മിഴി തുറക്കുന്നത്, കടൽത്തീരത്തെ സെർച്ച് ലൈറ്റിൽ നിന്നും ചില്ലു കുപ്പിയിൽ തൂങ്ങിയാടുന്ന ഗപ്പികളുടെ വർണ ലോകത്തേക്ക്.
ഗപ്പി ഒരു വർണമൽസ്യമാണ്. വിവിധ വർണങ്ങളിൽ കാണപ്പെടുന്ന ഇവ കൊതുകിന്റെ ലാർവ നശിപ്പിച്ചു കൊതുകു നശീകരണം നടത്തുന്നു എന്ന് പറയപ്പെടുന്നു. മലയാളിയുടെ സ്വീകരണ മുറിയുടെ ആര്‍ഭാടത്തിന്റെ പ്രതീകമാണ് ഇന്ന് ഗപ്പികൾ.
ഇവയെ വളർത്തി വിൽക്കുന്നത് ജീവനോപാധി ആയിട്ടുള്ള ഒരു കുട്ടി യുടെ കഥയാണിത്. അവനും ഗപ്പി യാണ്. അല്ലെങ്കിൽ അവന്റെ യഥാർത്ഥ നാമം എല്ലാവരും മറന്നിരിക്കുന്നു. അതിൽ അവനു പരിഭവമില്ല. കാരണം ഗപ്പികൾ അവന്റെ ജീവനാണ്. അവന്റെ ദിവസം തുടങ്ങുന്നത് അവയെ കണ്ടു കൊണ്ടാണ്. അവയോടൊപ്പമാണ് അവൻ കളിക്കുന്നത്. അവന്റെ ജീവിതത്തിൽ അവയോളം സ്ഥാനം ഉള്ളത് അവന്റെ അമ്മയ്ക്കാണ്. പിന്നീട് അവൻ ഇഷ്ടപ്പെടുന്ന ആ കണ്ണുകൾക്കും. ചേതൻ ജയലാൽ Chethan Jayalal എന്ന കൗമാരക്കാരന്റെ അഭിനയം പ്രശംസനീയമാണ്. ഇനിയും ഒരുപാടു ദൂരം പോവാൻ കരുത്തു നൽകും ഈ വേഷം എന്നതിൽ സംശയമില്ല.
ഇതൊരു കടലോര കോളനി യുടെ കഥയാണ്. ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ കഥയാണ്. അവിടെയുള്ള ഒരു പറ്റം വികൃതി പയ്യന്മാരുടെ കഥയാണ്. അമ്മയുടെയും മകന്റെയും കഥയാണ്. പ്രതികാരത്തിന്റെ കഥയാണ്.
അതിലെല്ലാമുപരി ഇതൊരു സ്വപ്നത്തിന്റെ കഥയാണ്..
APJ അബ്ദുൾകലാം സാറിന്റെ വാചകങ്ങൾ പോലെ “ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, നിങ്ങളെ ഉറങ്ങാൻ വിടാത്തതെന്താണോ അതാണ് സ്വപ്നം” അത്തരം സ്വപ്‍നം മനസ്സിൽ കൊണ്ട് നടക്കുന്ന, അതിനു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ഒരു കൗമാരക്കാരന്റെ കഥ. അതിനിടയിൽ വന്നുപെടുന്ന പ്രതിബന്ധങ്ങളുടെയും അതി ജീവന ശ്രമങ്ങളുടെയും ആവിഷ്കാരം. അതാണീ സിനിമ.
ഒരുപാടു കോണുകളിലൂടെ ഈ സിനിമ കടന്നു പോകുന്നു. പാലം പണിയാൻ വന്ന യുവ എൻജിനീയർ അയാളുടെ സ്വഭാവ വൈചിത്ര്യങ്ങൾ. ടോവിനോ തോമസ് Tovino Thomas എന്ന നടന്റെ ഏറ്റവും മികച്ചത് എന്ന് പറയാനാകില്ലെങ്കിലും കഥാപാത്രത്തോട് നീതിപുലർത്തിയ വേഷം. കാരണം അദ്ദേഹത്തെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നത് മൊയ്‌തീനിലെ അപ്പുവേട്ടൻ എന്ന കഥാപാത്രത്തെയാണ്. അതുപോലെ തന്നെ എബിസിഡി എന്ന സിനിമയിലെ രാഷ്ട്രീയക്കാരനും. ഇതിൽ വേഷവിധാനങ്ങൾ ഗംഭീരമായിരുന്നെങ്കിലും ടോവിനോക്ക് വെല്ലുവിളി ഉയർത്താൻ തക്ക ബലം ഈ കഥാപാത്രത്തിനില്ല എന്ന് തോന്നിപ്പോകുന്നു. കാരണം ഈ നടന്റെ റേഞ്ച് ഇതിലും വലുതാണ്…
ഗപ്പിയുടെ അമ്മയായി വേഷമിട്ട രോഹിണി, അവരുടെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണിത്. കൂർക്കം വലിച്ചു ഗപ്പിയുടെ ഉറക്കം കളയുന്ന,മ നോരമ വീക്കിലി വായിച്ചു കരയുന്ന അമ്മയാണ് അവന്റെ എല്ലാമെല്ലാം. അവരുടെ നഷ്‌ടമായ ശരീരമായി അവൻ ജീവിക്കുന്നു.
ശ്രീനിവാസനും നല്ലൊരു കഥാപാത്രം ലഭിച്ചിരിക്കുന്നു. പേരക്കുട്ടിയെ എഞ്ചിനീയർ ആക്കാൻ പ്രയത്നിക്കുന്ന റെയിൽവേ ഗേറ്റ് കീപ്പർ. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ സൗന്ദര്യത്തിൽ ആശങ്കാകുലനാണ് അദ്ദഹം. അതിനാൽ അവളുടെ കണ്ണുകൾ മാത്രമേ ആ കോളനിയിൽ ഉള്ളവർ കാണുന്നുള്ളൂ. അവളും കൂവിപ്പായുന്ന തീവണ്ടിയും ഭാര്യയും മാത്രമാണ് അയാളുടെ ലോകം.
അലൻസിയറും ദിലീഷ് പോത്തനും സുധീർ കരമനയും നോബിയുമെല്ലാം തങ്ങളുടെ വേഷത്തോട് നീതി പുലർത്തിയിരിക്കുന്നു. കാഴ്ചകളിൽ വസന്തമൊരുക്കിയ കാമറമാൻ ഗിരീഷ് ഗംഗാധരൻ പിന്നണിയിൽ മികച്ചു നിൽക്കുന്നു. ഗബ്രിയേലിന്റെ എന്ന് തുടങ്ങുന്ന ഗാനവും മറ്റുള്ള ഗാനങ്ങളും നിലവാരം പുലർത്തുന്നവയാണ്.
മനോഹരമായ കഥയെ വർണങ്ങൾ ചാലിച്ചുകൊണ്ടു അതിമനോഹമായ ഒരു ചുമർ ചിത്രമാക്കി മാറ്റിയിരിക്കുന്നു സംവിധായകൻ ജോൺപോൾ ജോർജ്. ഗപ്പി വരയ്ക്കുന്ന ചിത്രങ്ങൾ പോലെ. അവന്റെ സ്വപ്‌നങ്ങൾ പോലെ….
Click this button or press Ctrl+G to toggle between Malayalam and English