കുട്ടികളെത്ര മിടുക്കർ

 

 

 

രാപ്പകൽ കരയുന്ന കുട്ടി
രണ്ടുവയസ്സായ ബാലൻ
ശാഠ്യത്തിലഗ്രാഗ്രഗണ്യൻ
ആരുമറിഞ്ഞീലവനെ

തോളിലേറ്റിപ്പുറം തട്ടി
താതനവനെയുമേന്തി
ഓണത്തിൻ പാട്ടുകൾ പാടി
കാരണം തേടി നടന്നു

വീട്ടിലെ പൂജാമുറിതൻ
വാതിൽക്കൽ വന്നയാൾ നിന്നു
വാതിൽമണികളെ തോണ്ടി
കാകളിപാടാൻ ശ്രമിച്ചു

ചെക്കൻ കരച്ചിൽ നിറുത്തി
കണ്ണുകളുദ്ദിപ്തമായി
ഏതോ നഭസ്സിലവൻറെ
ചേതന പൂവിട്ടുനിന്നു

പിറ്റേന്ന് വീണ്ടുമവൻറെ
പ്രശ്നം പുനരാഗമിച്ചു
കരയുമവനെയുമേന്തി
അച്ഛൻ പൂജാമണികളിലെത്തി

കിണികിണി പാടാൻ ശ്രമിച്ചു
പയ്യനതേറ്റില്ല തെല്ലും
കാരണമെന്തെന്നാരാഞ്ഞു
ഗതികെട്ടു താതൻ വലഞ്ഞു

അവസാനമശ്റുബാഷ്പത്തിൽ
പാടെ കുളിച്ചവൻ പാടി
എനിക്കിന്നീ മണിയൊച്ച വേണ്ട
എനിക്കിന്നലെയീക്കളി വേണം

അച്ഛൻ നിസ്തബ്ദനായ് നിന്നു
സ്ഥലകാലങ്ങൾ കൂട്ടായ് കരഞ്ഞു
ബ്രമ്ഹാണ്ഡമവിടെത്തകർന്നു
ഋഷിജ്ഞാനങ്ങൾ വേപഥുപൂണ്ടു

ആരറിയുന്നു കിടാങ്ങൾ
കാലത്തെവെല്ലും സമസ്യ
വിശ്വമവരുടെ കണ്ണിൽ
പൊട്ടിത്തകരും കുമിള

വിഡ്ഢികൾ നാമെന്നുമെന്നും
“ഇന്നിന്നലെനാളെ”ക്കുടുക്കിൽ
പെട്ടുമാഴ്കുന്നു ഹാ കഷ്ടം
കുട്ടികളെത്ര മിടുക്കർ
____________

എൻറെ ഗ്രാമത്തിലെ ഒരു സഹൃദയൻ എപ്പോഴും പറഞ്ഞുനടക്കാറുള്ള
ഒരു ഫലിതമാണ് ഈ കവിതയ്ക്ക് ആധാരം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English