1.പെണ്ണെഴുത്ത്
“എഴുതിയതെല്ലാം മാച്ചോണം”
“ഇല്ല, ഞാന്‍ എഴുത്തുകാരിയാണ് ,
എന്‍റെ തൂലിക പടവാളാണ് .”
“ഓ , എങ്കില്‍ എഴുതിയതെല്ലാം
വെട്ടിക്കളഞ്ഞേക്കൂ “
2.ജീവിതം
അദ്ഭുതങ്ങള്‍ സംഭവിക്കും
എന്നു കരുതി കാത്തിരുന്നു
ഒടുവില്‍
അത് സംഭവിച്ചു
അദ്ഭുതങ്ങള്‍ സംഭവിക്കില്ല
എന്ന തിരിച്ചറിവ്
3.എതിര്‍ലിംഗം
അര്‍ത്ഥം
നാനാര്‍ത്ഥം
അര്‍ത്ഥവ്യത്യാസം
പര്യായം
എന്നിവയ്ക്കൂ ശേഷം
ചോദ്യക്കടലാസില്‍ ഒരിനം
4.ഓര്‍മ്മ
“ഓര്‍മ്മകളുണ്ടായിരിക്കണോ ടീച്ചറേ ?”
“ഓര്‍മ്മകളുണ്ടായിരിക്കണം കുഞ്ഞേ “
“മറവി അനുഗ്രഹമല്ലേ ടീച്ചറേ?”
“മറവി അനുഗ്രഹമാണ് കുഞ്ഞേ “
“അപ്പോ, ഓര്‍ത്തിട്ട് മറക്കണോ,
മറക്കാന്‍ ഓര്‍ക്കണോ ?”
“മറക്കുന്നതൊക്കെയും
ഓര്‍മ്മയാകും കുഞ്ഞേ “.
5.മണം
“മുറ്റത്തെ മുല്ലക്ക്
മനമില്ലേ ടീച്ചര്‍ ?
“മുറ്റത്തെ മുല്ലക്ക്
മണമില്ല കുഞ്ഞേ “
“മനമില്ലാത്തോണ്ടാണോ
മണമില്ലാത്തെ ?”
“മണമറിയാനുള്ള മനമില്ലാഞ്ഞ് “.
6.പ്രണയം
നദിയിലൂടെ
പല മുഖങ്ങള്‍ ഒഴുകിപ്പോകുന്നു
കരയില്‍
ഞാനതു നോക്കിയിരിക്കുന്നു
നിര്‍വ്വികാരമായി
7.വേദന
“ഡോക്ടറേ ,വേദന .
വലത്തേക്കു ചെരിയുമ്പോള്‍
വയറ്റില്‍ “
“വലത്തേക്കു ചെരിയരുത് “
“ഇടത്തേക്ക് ചെരിഞ്ഞാല്‍ നെഞ്ചില്‍ “
“ഇടത്തേക്ക് ചെരിയരുത് “
“നേരെ കിടന്നാല്‍ നടുവേദന “
“നേരെ കിടക്കരുത് “
“അപ്പോള്‍ ?”
“കിടക്കുകയേ അരുത് “
8.സാനിട്ടയ്സേഷന്‍
തൊട്ടിട്ട്
കൈ കഴുകല്ലേ സാര്‍
കൈ കഴുകീട്ടു തൊടന്നേ
9.ടീച്ചേഴ്സ് ഡേ
“വയ്യ മാഷേ ,മടുത്തു
കഴുത്തൊടിഞ്ഞു
നടു വളഞ്ഞു “
“സാരമില്ല ടീച്ചറേ
ഹാപ്പി ടീച്ചേഴ്സ് ഡേ “
“താങ്ക് യു സാര്‍
സെയിം ടു യു “
10.പൊന്ന്
മിന്നുന്നതെല്ലാം പൊന്നല്ലേ മാഷേ
അല്ലല്ലോ കുഞ്ഞേ
മിന്നാത്തതൊക്കെയും
പൊന്നാവ്വോ മാഷേ
ഇല്ലല്ലോ കുഞ്ഞേ
മിന്ന്യാലും പൊന്നല്ല മിന്നീല്ലേലും പൊന്നല്ല
പിന്നെ പൊന്നെങ്ങനറിയും മാഷേ
ഉരച്ചു നോക്കണം
തിളപ്പിച്ചുരുക്കണം
തല്ലിപ്പരത്തണം
എന്നാലും മിന്നണത് പൊന്ന്
എന്നാളും മിന്നുന്ന പൊന്ന്
11.കഴുത്ത്
“ഡോക്ടറെ ,
കഴുത്തു വേദന “
“സാരമില്ല “
“കഴുത്തൊടിഞ്ഞു പോകുന്നു “
“തല നിവര്‍ത്തി നടക്കില്ല
കണ്ണുയര്‍ത്തി നോക്കില്ല
നാവനക്കി മിണ്ടില്ല
പിന്നെന്തിന് കഴുത്ത് ?
12.കടി
“ഏട്ടാ ,കൊതുക് കടിക്കണു
നല്ലോണം പുകച്ചതാണ്
പങ്ക കറങ്ങണ്ണ്ട്
എന്നിട്ടും കടിക്കാണേട്ടാ കൊതുക് “
“അതേയ് ,നീ പുകഞ്ഞതും പുകച്ചതും
കറങ്ങീതും കറക്കീതും
കൊതുകറിഞ്ഞിട്ട്ണ്ടാവില്യാ
അതാ “
13.ദൂരം
ദൈവമേ
എനിക്കു നിന്നിലേക്കുള്ള
ദൂരത്തിന്‍റെ പേരോ
പ്രണയം ?
14.കവിത
കവിതയാകാന്‍
വിധിക്കപ്പെട്ടതാണ്
ജീവിതത്തിലെ ഓരോ മുഹൂര്‍ത്തവും
Click this button or press Ctrl+G to toggle between Malayalam and English