നീണ്ട നിരയില്‍
ഊഴം കാത്ത് നിന്നവനെ
രംഗബോധമില്ലാത്ത കോമാളി
കൂട്ടിനുകൊണ്ടുപോയ്……
അന്നത്തിനായ് വിയര്‍പ്പുതുള്ളികളില്‍
ജീവിതം പണിയുന്ന ഒരു പറ്റം മനുഷ്യര്‍,
ഉത്തരമില്ലാത്ത ചോദ്യത്തിനുമുന്നില്‍
വലിയൊരു ചോദ്യചിഹ്നമായ്………
പത്രത്താളുകളിലെ അക്ഷരങ്ങളില്‍
കിട്ടാക്കടങ്ങളുടെ പട്ടിക നോക്കുകുത്തിയായ്…..
കിടപ്പാടം നഷ്ടമായ ചില ജീവിതങ്ങള്‍,
അവരുടെ കണ്ണീരുപ്പില്‍
വിളയുന്ന ദൈന്യത ആരുമെ കണ്ടതില്ല….
ഇരുണ്ട സ്വപ്നങ്ങള്‍ തലച്ചോറില്‍
അസ്വസ്ഥതയായപ്പോള്‍,
തീവണ്ടിചക്രങ്ങളിലും,
കയര്‍കുരുക്കിലും ചോര പടര്‍ന്നു………
പെന്‍ഷനായ് കാത്ത്
നിന്ന വയോധികന്‍,
സേവനം തപസ്യയാക്കിയ
ഭൂതകാലത്തെ ഓര്‍ത്തെടുക്കുന്നു…
ഒടുവിലൊടുവില്‍
ഒഴിഞ്ഞ കീശയുമായ്,
ഒഴിഞ്ഞ മനസുമായ്
വീട്ടിലേയ്ക്ക് ?
ഉഷ്ണം പൂത്ത നട്ടുച്ചയില്‍
നാളത്തെയന്നം സ്വപ്നം കണ്ട്
വഴിവക്കിലുറങ്ങുന്ന യാചകന്‍..
മാറ്റിയെടുക്കാന്‍ നോട്ടുകളില്ലാത്തതിനാല്‍
അയാള്‍ ഉറക്കം തുടര്‍ന്നു……….
പുത്തന്‍ സാമ്പത്തിക നയത്തിന്‍
പുത്തന്‍ വികസന നയത്തിന്‍
ചര്‍ച്ചകള്‍ ചാനലില്‍ ചെണ്ടമേളം കൊട്ടികൊണ്ടിരുന്നു…..