ചില നേരങ്ങളിൽ,
അച്ഛൻ,
ചോദ്യശരങ്ങൾ നിറച്ച,
കുറ്റാന്വേഷകൻ്റെ
റോന്തു ചുറ്റുന്ന
അന്വേഷണക്കണ്ണ്.
അമ്മ,
ഒടുങ്ങാത്ത ചോദ്യത്തിരമാലകളുടെ
പരവേശക്കടൽ,
ഒളിപ്പിച്ചിരിക്കുന്ന ആകാംഷകളുടെ
ഓലക്കെട്ടുകൾ പരതും
ആനക്കണ്ണ്.
മുത്തശ്ശി,
കണ്ണുവേണം,
കരുതിവെക്കണം,
പുര നിറഞ്ഞു വരികയാണ് എന്നിങ്ങനെ
ഓർമ്മപ്പെടുത്തലിൻ നാഴികമണി
ഇടനാഴിയിലെ
കാക്കക്കണ്ണ്.
ചേട്ടൻ,
സ്ഥാനത്തിൻ്റെ കൈയ്യൂക്ക്
മസിൽ പെരുപ്പിച്ച്
മഹാസംഭവമാണെന്ന് ഭാവിച്ച്
ചുറ്റിത്തിരിയുന്ന കടമക്കണ്ണ്.
അനുജത്തി,
കൂടെനടന്നെല്ലാം
ഒപ്പിയെടുത്തു
പകർത്തികൊടുക്കുന്ന
ചാനൽക്കണ്ണ്.
അനുജൻ,
മിഠായിപ്പൊതിയിൽ
മറയ്ക്കാവുന്ന
ചാരക്കണ്ണ്.
ഞാൻ മാത്രം
പലതും കണ്ടിട്ടും
ഒന്നും കാണാത്ത
പൊട്ടക്കണ്ണ്…