ചില മരണങ്ങള്‍…….. പല മരണങ്ങള്‍

sad-man-moby-kane-0
ഞാന്‍ റോഡരികില്‍ സുഹൃത്തിനെയും കാത്ത് നില്‍ക്കുകയായിരുന്നു. ചാര്‍ജ് വറ്റാറായ മൊബൈലില്‍ നിന്നുമുയര്‍ന്ന കണ്ണുകള്‍ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിനു താഴെ ചുറ്റിത്തിരിയുന്ന പൂച്ചയിലേക്ക് നീണ്ടപ്പോഴാണ് അത് കാണുന്നത്. ഒരു തത്ത നിലത്ത് പോസ്റ്റിനോട് ചേര്‍ന്ന് മലര്‍ന്ന് കിടക്കുകയാണത്. ഞാനങ്ങോട്ട് ചെല്ലുന്നത് കണ്ട പൂച്ച മനസില്ലാമനസോടെ, ഇടക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ട് കുറിയ കാലടികള്‍ വെച്ച് നടന്നകന്നു.

ചിത്രങ്ങളിലൊക്കെ കാണാറുള്ളത് പോലെ അത്ര കടും പച്ചയല്ല തൂവലുകള്‍. വയറിനോട് ചേര്‍ന്ന ഭാഗത്ത് ഇനിയും ഇളം നിറമാണ്. ചുവന്ന കൊക്ക് അല്‍പം തുറന്ന് വെച്ചിട്ടുണ്ട്. എന്റെ വശത്തായുള്ള കണ്ണ് പാതി അടഞ്ഞിരിക്കുന്നു. പതിയെ വീശുന്ന തണുത്ത കാറ്റില്‍ ആ ശരീരം ചെറുതായി ഇളകുന്നത് പോലെ തോന്നി. അല്‍പം അകലെയായി മുന്‍കാലുകളിലൂന്നി പൂച്ച എന്നെ തന്നെ നോക്കിയിരിക്കുകയാണ്.

എങ്ങനെയാവും അത് സംഭവിച്ചിരിക്കുക? ദേഹത്തെങ്ങും ചോരയൊലിക്കുന്ന മുറിവുകള്‍ കാണാനില്ലാത്തതിനാല്‍ ആ പൂച്ച പിടിച്ചതാവാന്‍ സാധ്യതയില്ല. അതോ ഇനി ഷോക്കേറ്റ് വീണതാണോ? അല്ലയിനി, നടന്ന് പോകവെ കുഴഞ്ഞ് വീണ് മരിക്കുന്ന മനുഷ്യരെപ്പോലെ പറക്കുന്നതിനിടെ കുഴഞ്ഞ് വീണതോ? ഒന്നും തീര്‍ച്ചപ്പെടുത്താനാവുന്നില്ല. ഒന്നൊഴികെ, ആ തത്ത മരിച്ചിരിക്കുന്നു. (തെറ്റിയതല്ല; മനുഷ്യനായാലും പക്ഷിമൃഗാദികളടക്കം ഏത് ജീവിയും ജീവന്‍ വെടിയുന്നതിനെ ചത്തു എന്നതിനേക്കാള്‍ മരിച്ചു എന്ന് പറഞ്ഞാണ് ശീലം) വഴിയില്‍ നിന്ന് മാറി ഒരരിക് പറ്റിയുള്ള ആ കിടപ്പ് കണ്ടാല്‍ മരിക്കുവാനായി വന്ന് കിടന്നത് പോലെയുണ്ട്.

ആ തത്തയെ അങ്ങനെ നോക്കി നില്‍ക്കെ ചില തത്തയോര്‍മ്മകള്‍ പാറി വന്നു. അമ്മയെ പേരെടുത്ത് വിളിക്കുന്ന, കൊയ്ത്ത് കാലമായാല്‍ സ്വയം കൂട് തുറന്ന് പറന്ന് പോയി മാസങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്താറുള്ള, എന്നോ ആ പതിവ് തെറ്റിച്ച, അമ്മയുടെ അരുമയായ തത്തമ്മയെ പറ്റിയുള്ള കേട്ടറിവുകള്‍. ഇടവഴിയില്‍ പരിക്ക് പറ്റി കിടന്ന, വീട്ടില്‍ കൊണ്ട് പോയി ഞങ്ങള്‍ നല്‍കിയ പാലും പഴവും കഴിച്ച്, പരിക്ക് മാറി പറന്നു പോയ മറ്റൊരു തത്ത. അവിടെയങ്ങനെ ഒരോന്നോര്‍ത്ത് നില്‍ക്കുമ്പോള്‍ എനിക്കാകെ ഒരു വീര്‍പ്പുമുട്ടലനുഭവപ്പെട്ടു. ഓര്‍മ്മകളെന്നെ ദുര്‍ബലനാക്കുന്നു. അവിടെ നിന്നും നടന്നു മാറാന്‍ തോന്നിയെങ്കിലും കാലുകള്‍ അനങ്ങുന്നില്ല. മനസിന്റെ ഭാരം ശരീരത്തിലേക്കും പടര്‍ന്നത് പോലെ.

മൊബൈലില്‍ സംസാരിച്ചു കൊണ്ട് നടന്ന് വരുന്ന യുവതിയുടെ കൈയ്യില്‍ തൂങ്ങിയാണ് ആ മഞ്ഞ ഫ്രോക്കുകാരി അത് വഴി വന്നത്. തത്തയെ കണ്ടതും, കൈ വിടുവിച്ചു കൊണ്ട് ഓടിയെത്തിയ അവള്‍ അതിനടുത്തായി മുട്ട് കുത്തിയിരുന്നു.

“സീ മമ്മീ…. ഇറ്റ്സ് ഡെഡ്”

ആ കുഞ്ഞ് അവിടെയിരുന്ന് കരയുമോ എന്ന് ഞന് ഭയന്നു. അങ്ങനെയുണ്ടായാല്‍ താന്‍ കെട്ടി നിര്‍ത്തിയിരിക്കുന്ന ദു:ഖം അണ പൊട്ടിയൊഴുകുമെന്ന് തീര്‍ച്ചയാണ്.

“കം…” എന്ന് പറഞ്ഞു കൊണ്ട് മൊബൈലില്‍ സംസാരം തുടര്‍ന്ന് കൊണ്ട് യുവതി നടന്ന് തുടങ്ങി. എണീക്കാനൊരുങ്ങിയ കുട്ടി എന്തോ ഓര്‍ത്തിട്ടെന്ന പോലെ വെട്ടിത്തിരിഞ്ഞ്, തത്തയുടെ ഒരു തൂവല്‍ പറിച്ചെടുത്തു.

”ഫോര്‍ മൈ ആക്ടിവിറ്റി ബുക്ക്”

ആരോടെന്നില്ലാതെ അങ്ങനെ പറഞ്ഞ് കൊണ്ട് അവളോടിപ്പോയി യുവതിയുടെ കൈയ്യില്‍ തൂങ്ങി.

ആക്ടിവിറ്റി ബുക്ക് അലങ്കരിക്കാന്‍ കിട്ടിയ തൂവലുമായി തുള്ളിച്ചാടി പോകുന്ന കുട്ടിയെ ഞാന്‍ നോക്കി നില്‍ക്കെ, തന്റെ വിശപ്പടക്കാനുള്ള ഭക്ഷണവും കടിച്ചെടുത്ത് കൊണ്ട് ആ പൂച്ച എന്റെ കാലുകള്‍ക്കിടയിലൂടെ പാഞ്ഞു.

ചില മരണങ്ങള്‍ മരണത്തോടെ നിശ്ശബ്ദമൊടുങ്ങുന്നു. എന്നാല്‍ മറ്റു ചിലത് ദിവസങ്ങളോളം നമ്മുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളെ അലങ്കരിക്കുന്നു. അന്തിച്ചര്‍ച്ചയുടെ തീന്‍മേശയില്‍ വിളമ്പാനായി ചാനല്‍ പൂച്ചകള്‍ കടിച്ചെടുത്തോടുന്നു. അങ്ങനെ മരണശേഷവും പലകുറി മരണപ്പെടുന്ന ചില മരണങ്ങള്‍.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here