പതിനൊന്നിനു മുപ്പതു മിനിറ്റുള്ളപ്പോള്‍ പഴം പൊരിയും സ്പെഷ്യല്‍ ചായയുമായി സ്റ്റാഫ് റൂമിനു മുന്നില്‍ മുപ്പത്തിരണ്ടു പല്ലും പ്രദര്‍ശിപ്പിച്ചു വന്നു നില്‍ക്കാറുള്ള തമിള്‍മണി ഇന്ന് ആ പതിവു തെറ്റിച്ചിരിക്കുകയാണ്. പതിനൊന്നേമുക്കാലായിട്ടും പയ്യന്റെ പൊടി പോലുമില്ല. തൊടുത്തു വിട്ട ശരം കണക്കെ തൊണ്ട നനക്കാനായി സ്റ്റാഫ് റൂമിലെത്തിയ ദണ്ഡപാണി മാഷ് ചുണ്ടത്തു തിരുകിയ പത്താം നമ്പര്‍ ആഞ്ഞു വലിച്ച് അരിശം തീര്‍ക്കുകയാണ്. അപ്പു മാഷ് പെരു വിരലിലെ നഖം ഒട്ടു മുക്കാലും കടിച്ചു തുപ്പി കഴിഞ്ഞിരുന്നു. പ്രകൃതി ചികിത്സയുടെ പേരില്‍ ചായ കുടി നിര്‍ത്തിയ പാറുക്കുട്ടി ടീച്ചറുടെ മുഖത്തു മാത്രം പതിവില്ലാത്ത ഒരു പ്രസന്നത പരന്നൊഴുകി.
” ആ മണികണ്ഠനെ ഒന്നു പറഞ്ഞു വിട്” ക്ലാസില്‍ കയറാനുള്ള സമയമായപ്പോള്‍ ഹെഡ്മാസ്റ്റര്‍ വിളിച്ചു പറഞ്ഞു .
” പൊങ്കലല്ലേ ആ പയ്യന്‍ ചിലപ്പോള്‍ പൊള്ളാച്ചിക്കു പോയിക്കാണും” ഞാന്‍ എന്റെ ഊഹം പറഞ്ഞു.
” അങ്ങനെയാണെങ്കില്‍ അയാള്‍ക്കു കൊണ്ടു വന്നു കൂടേ ? ഒരു വാട്ടച്ചായക്കു വേണ്ടി എത്ര സമയം കാത്തിരിക്കണം?”
പിള്ള മാഷ് വാച്ചില്‍ നോക്കി അമര്‍ഷത്തോടെ പറഞ്ഞു.
ഞാന്‍ നാലിലെ മണികണ്ഠനെ വിളിച്ച് വേലുമണിയുടെ ചായക്കടയിലേക്കു പറഞ്ഞു വിട്ടു.
” സാര്‍ ചായ വേണേല്‍ കടേലേക്കു ചെല്ലാന്‍ പറഞ്ഞു ” ഓടിക്കിതച്ചെത്തിയ മണീകണ്ഠന്‍ പറഞ്ഞു.
ആ മറുപടിയില്‍ സ്റ്റാഫ് റൂം ഒരു നിമിഷം സ്തംഭിച്ചു പോയി.
” ആ ചെക്കന്‍ അവിടെയില്ലേ?”
അമ്പരപ്പില്‍ നിന്നുണര്‍ന്ന ഞാന്‍ ചോദിച്ചു. ഉണ്ടെന്നര്‍ത്ഥത്തില്‍ മണീകണ്ഠന്‍ തല കുലുക്കി.
” എങ്കില്‍ ഞാന്‍ തന്നെ ഒന്നു പോയിട്ടു വരാം കാര്യമെന്താണന്നറിയണമല്ലോ”
ഞാന്‍ ചെല്ലുമ്പോള്‍ വേലുമണി പത്രം വായിച്ചുകൊണ്ട് വരാന്തയിലെ ബെഞ്ചിലിരിക്കുകയാണ്. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടാവം തമിള്‍മണീ സിനിമാപോസ്റ്ററിലെ ശിവാജി ഗണേശന്റെ മീശക്കു കരിക്കട്ടകൊണ്ടു കട്ടി കൂട്ടുകയാണ്.
എന്നെ കണ്ടതും വേലുമണി പത്രം മടക്കി എഴുന്നേറ്റു.
”അതു പിന്നെ മാഷേ ഈ മൂന്നാലു പേര്‍ക്കായി ഇത്രേം ദൂരം ചായ കൊടുത്തു വിടുന്നതു ഒരു അണ്‍ എക്കണോമിക് ഏര്‍പ്പാടാണ്. അതുകൊണ്ട് സാറന്മാര്‍ ഇത്രത്തോളം വന്നു പോകുന്നതാണ് എല്ലാം കൊണ്ട് ആദായം എന്താ ശരിയല്ലേ?”
വേലുമണി വളച്ചു കെട്ടാതെ കാര്യം പറഞ്ഞു. തൊണ്ട വരണ്ടു പോയ എന്റെ നേരെ വേലുമണീ ഒരു ഗ്ലാസ് വെള്ളം വെച്ചു നീട്ടി. അടുത്തൊന്നും മറ്റു ചായക്കടകളില്ലാത്തതിനാലും വേലുമണീയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നറിയാവുന്നതുകൊണ്ടൂം ഞാന്‍ ആ വെള്ളം വാങ്ങി കുടിച്ചു.
തിരിച്ചു നടക്കുന്നതിനിടയില്‍ പൊടുന്നനെ ഞാന്‍ വാസുവിനെക്കുറിച്ചോര്‍ത്തു. രണ്ടു ദിവസമായി അവന് വീട്ടില്‍ പത്രമിട്ടിട്ടില്ല. ഒരു പക്ഷെ അണ്‍ എക്കണോമിക് പ്രതിഭാസമായിരിക്കുമോ അതിന്റെയും പിന്നില്‍? ആയിക്കൂടെന്നില്ല. വയല്‍ വരമ്പു വഴി ഒരു കിലോമീറ്ററോളം സൈക്കിളുരുട്ടണം വീട്ടിലെത്താന്‍. പാടത്തു വീട്ടില്‍ പത്രമിടുന്നതു തീര്‍ത്തും അണ്‍ എക്കണോമിക് ആണെന്ന് വാസുവിനും തോന്നിയിരിക്കണം.
” ഇതൊരു നഷ്ടക്കച്ചവടമാണു മാഷേ. മാഷുടെ വീട്ടിലേക്കു വരുന്ന നേരം കൊണ്ട് ചുരുങ്ങിയത് പത്തു പന്ത്രണ്ടൂ വീടുകളിലെങ്കിലും പത്രമെത്തിക്കാം ” ഈയിടെ അവന്‍ സൂചിപ്പിക്കുകയുണ്ടായി. ഞാനപ്പോള്‍ അതത്ര കാര്യമാക്കിയില്ല .
സ്ക്കൂളിലെത്തുമ്പോള്‍ ഹെഡ്മാസ്റ്റര്‍ എന്നെയും പ്രതീക്ഷിച്ച് ഓഫീസ് മുറിയുടെ പുറത്തിറങ്ങി നില്‍ക്കുകയാണ്.
” ആകെ കുഴപ്പമായല്ലോ മാഷേ കോളനിയിലെ രണ്ടു കുട്ടികളുടെ രക്ഷിതാക്കള്‍ ടീ സി ചോദിച്ചു വന്നിരിക്കുകയാണ്. അവര്‍ ഇവിടുത്തെ പൊറുതി മതിയാക്കി പൊള്ളാച്ചിക്കോ പോത്തന്നൂരിലേക്കോ പോവുകയാണു പോലും. ഇനിയിപ്പോളെന്താ ചെയ്ക? രണ്ടു കുട്ടികള്‍ കുറഞ്ഞാ സ്കൂള്‍ അണ്‍ എക്കണോമിക് ആകുമല്ലോ”. ഹെഡ്മാസ്റ്റര്‍ വിയര്‍ത്തൊഴുകയാണ്.
നൂറു കുട്ടികളെ തികക്കാന്‍ ഏപ്രില്‍ മെയ് മാസങ്ങളിലെ വെയിലത്രയും കൊള്ളേണ്ടീ വന്ന എനിക്ക് അതു കേട്ടപ്പോള്‍ തല കറങ്ങുന്ന പോലെ തോന്നി.
ബോധം വീഴുമ്പോള്‍ ഞാന്‍ ഏതോ ഹോസ്പിറ്റലിലാണ്.
”ബ്ലഡും യൂറിനും ടെസ്റ്റ് ചെയ്യണം എക്സറേ എടുക്കണം ബോഡി മൊത്തത്തില്‍ ഒന്നു സ്കാന്‍ ചെയ്യണം വരൂ”
അടുത്തു നിന്ന നേഴ്സ് തിരക്കു കൂട്ടി. ”സിസ്റ്ററേ ഇതൊരു അണ്‍ എക്കണോമിക് പ്രതിസന്ധിയുടേ ബോധക്കേടാണ്. അതുകൊണ്ട് ദയവായി ഇതെല്ലാം ഒഴിവാക്കി എന്നെ പോകാന്‍ അനുവദിച്ചാലും” ഞാന്‍ കൈകൂപ്പിക്കൊണ്ടു പറഞ്ഞു.
” അതു തന്നെയാണ് ഞങ്ങള്‍ക്കും പറയാനുള്ളത് ഈ ടെസ്റ്റെല്ലാം ഒഴിവാക്കികൊണ്ടുള്ള ഒരു ട്രീറ്റ്മെന്റ് തീര്‍ത്തും അണ്‍ എക്കണോമിക് ആണ്. നിങ്ങളെ ഇവിടെ കൊണ്ടു വന്നവരോട് ഞങ്ങളിത് സൂചിപ്പിച്ചതുമാണ്”
” എന്നിട്ട് അവരെവിടെ? ചുറ്റും കണ്ണോടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.
” രണ്ടു പേര്‍ നാലുമണീവരെ ഇവിടെ ഉണ്ടായിരുന്നു. ഇനിയും നില്‍ക്കുന്നത് അണ്‍ എക്കണോമിക് ആണെന്നെതിനാല്‍ അവര്‍ വീട്ടിലേക്കു പോവുകയാണെന്നു പറഞ്ഞിട്ടു പോയി ”
ചിരിക്കണോ കരയണോ എന്നറിയാതെ ഞാന്‍ തലയില്‍ കൈ വച്ചിരുന്നു പോയി.