നടപ്പു നവമിക്കാലം കുഞ്ചൻ പറമ്പിന്റെ ഈശാനകോണിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചു ഒരു വട്ടമേശസമ്മേളനം നടന്നു. ചിഹ്നപ്പക്ഷികളുടെ വിചിത്രമായ റൌണ്ട് ടേബിൾ കോൺഫറൻസ്!
നവമാദ്ധ്യമങ്ങളിലെ ഇമോജികളുടെ വർധിച്ചു വരുന്ന ഉപയോഗം ഭാഷയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യും. ഇങ്ങനെ പോസ്റ്ററും ഇമോജികളും ഉപയോഗിക്കുന്നത് തുടർന്നാൽ താമസിയാതെ ചിന്ഹങ്ങളുടെ വംശനാശം തന്നെ സംഭവിച്ചേക്കാം. ഈ ഉത്കണ്ഠയുടെ പശ്ചാത്തലത്തിലാണ് കൃത്യമായ അകലം പാലിച്ചുകൊണ്ട് ഒരു വട്ടമേശയിൽ കൂടാമെന്നു ചിന്ഹസഖാക്കൾ ആലോചിക്കുന്നത്.
വുഹാൻ സർവകലാശാലയിലെ ഡോക്ടർ ഊയി-വേയി-ചൂങ്-ഛീ
ആയിരുന്നു ആദ്യം പ്രസംഗിച്ചത് . ചൈനീസ് ഭാഷ, കാണാൻ അതിസുന്ദരി. കേട്ടാൽ ചെവിക്കൊടയിൽ ഡെങ്കി കടിക്കുന്ന അനുഭവം. നേർത്ത ചൈനീസ് പട്ടു മാസ്കിലൂടെ കുറെ തുപ്പൽ സ്പ്രേ ചെയ്തതാണ് പ്രഭാഷണത്തിന്റെ രത്‌നച്ചുരുക്കം.
അടുത്ത ഊഴം ചോദ്യചിന്ഹത്തിന്റേതാണ്. സൂട്ടും ബൂട്ടും ധരിച്ച ചോ ചി അവർകൾ മൈക്രോഫോൺ കയ്യിലെടുത്തു. ഗൗരവമുള്ള ചില ചോദ്യങ്ങൾ അവതരിപ്പിക്കും മുമ്പ് ഒരു തമാശക്കഥയാകാമെന്നു അദ്ദേഹത്തിന് പൂതി. കൊറോണക്കാലത്തു ടെന്ഷനടി അസാരമുണ്ടല്ലോ.
ഒരു ദിവസം ഒരു നോട്ടീസും കൊടുക്കാതെ കരിക്കാശ്ശേരി ഇല്ലത്തു അതിഥിയായി ചെന്ന വെളുക്കാശ്ശേരി മനയിലെ നമ്പൂരിയോട് അവിടത്തെ ആതിഥേയൻ അഫൻ :
‘വെളുക്കാശ്ശേരി കേക്ക് ണണ്ടാ, വടെ മുറുക്കണോരാരൂല്ല്യ.’
‘അതോണ്ട് വിരോധല്ല്യ ന്റെ കരിക്കാശ്ശേരിയെ’
‘ബീഡി, സിഗരറ്റ് — ആ വകേം പതിവില്ല്യ’
‘അതോണ്ടും വെഷമല്ല്യ. സ്‌മോക്കിങ് ഈസ് ഇഞ്ചുറിസ് 2 ആരോഗ്യസേതു
എന്നല്ലേ പരസ്യമര്യാദാപുരുഷോത്തംരാം’
‘കാപ്പി, ചായ അങ്ങനേം – പതിവില്ല്യ. ഒക്ക്യൊരു പഴേ മട്ടാവട്ടെ. വെളുക്കാശ്ശേരി പേര് കേട്ട മനയല്ലേ അവട്യൊക്കെങ്ങനാ?’
‘അവടേം ഇതൊന്നും പതിവില്ല്യാത്തോര്ണ്ട്. പക്ഷേ, അവരൊക്കെ തൊഴ്‌ത്തിലാന്ന് മാത്രം!’
‘ഹ ഹ ഹ ഹി ഹി ഹി ഹോ ഹോ ഹോ !!’ വട്ടമേശയ്ക്കു ഒരു ഉണർവ് വന്നു. ചോദ്യചിഹ്നം തന്റെ തീപ്പൊരി പ്രസംഗം ആരംഭിച്ചു.
‘പ്രിയപ്പെട്ട കാമ്രഡ്സ്, അർത്ഥരഹിതമായ ബൂർഷ്വാ ഗുണപാഠങ്ങളാൽ വാറ്റിയ ചരിത്രത്തിലെ ചോദ്യത്തിന്, ലഹരി പകരുന്ന പ്രത്യുത്തരം പ്രതീക്ഷിക്കാമോ? ഞാൻ നിങ്ങളോടു ചോദിക്കയാണ്: ഭൂമിയിൽ പുതിയ ചോദ്യങ്ങളുണ്ടോ? റെഡിമേഡ് ഉത്തരങ്ങളുടെ മലവെള്ളപ്പാച്ചിലിൽ മുഴങ്ങുന്നത് കേട്ട്മടുത്ത ആക്രിചോദ്യങ്ങളല്ലെ : ഞാൻ ആരപ്പാ? എവിടുന്ന് വന്ന്? ഇനി പോണ്ടത് എങ്ങോട്ടാണപ്പാ? മേലെ ചൊവ്വയിലേക്കോ, അതോ അന്റാർട്ടിക്കയിലേക്കോ? വെളുപ്പല്ല, കറുപ്പാണ് മതമെന്നു മഹാനായ കാറൽ മാർക്സ് പറഞ്ഞിട്ടില്ലേ? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചോദിച്ചു ജീവിതം മടുത്തു. കഴിക്കാൻ ആരെങ്കിലും ഇത്തിരി സയനൈഡ് തന്നാൽ വലിയ ഉപകാരമായിരിക്കും.’
അടുത്ത ഊഴം ആശ്ചര്യത്തിന്റെ അഥവാ അദ്ഭുതത്തിന്റെ. വിളർത്തു മെലിഞ്ഞ ഒരു കവയിത്രിണിയെപ്പോലെ അവർ ഈണത്തിൽ പെട്ടെന്ന് ഉപസംഹരിച്ചു :
‘മതചിന്ഹങ്ങളുടെയും പാർട്ടിചിന്ഹങ്ങളുടെയും ബിംബാരാധനയ്ക്കിടയിൽ, പ്രിയനേ, നീ എന്നെ പ്രണയിക്കാൻ മറന്നതെന്തേ!’
അർദ്ധവിരാമത്തിനു പറയാനുള്ളത് അഞ്ചാറ് സെക്കന്റിനുള്ളിൽ കഴിഞ്ഞു:
‘നിരക്ഷരർക്കുപോലും എന്നെ അറിയാം. ഞാൻ ആർത്തവവിരാമമില്ലാത്ത പ്രകൃതിയുടെ നിത്യകന്യക. പോഷകാഹാരക്കുറവ് മൂലം പാതി
പ്രാണനേയുള്ളൂ. എന്നെ ബലാത്സംഗം ചെയ്യുന്നവർക്ക് പ്രകൃതി തന്നെ കൊടുക്കും തക്കതായ ശിക്ഷ : എയിഡ്സിനോടൊപ്പം മൂലക്കുരുവും കോവിഡും. ഈ ഫ്രീ ഓഫർ ഓണം മുതൽ വിഷു വരെ കാണും. അതിനപ്പുറം നീട്ടണമെങ്കിൽ മൊതലാളിയോട് തന്നെ നേരിട്ട് ചോദിക്കാം. വരിക വരിക കാമാർത്തരെ, സഹജരെ, ഉറയിടാതെ മാസ്ക്കിടാതെ വരിക ശുക്ളമുനികളെ!’
അഞ്ചാം ഊഴം ബഹുമാനപ്പെട്ട നമ്മുടെ ഉദ്ധരണി അവർകളുടെ.
അസ്തിത്വവാദിയുടെ ഉദീരണം ഇങ്ങനെ :
‘കാലമിട്ട അദൃശ്യമായ ജനിമൃതി ചിന്ഹങ്ങൾക്കിടയിലാണ് ശ്രോതാക്കളെ എന്റെ വാഴ്വ്. എനിക്കുള്ളിലാണ് ഇക്കാണുന്ന ആചന്ദ്രതാരം സർവതും: ക്വാർക്കുകൾ, ക്രോമസോമങ്ങൾ, സോമരസങ്ങൾ, വീടുകൾ, തീന്മേശകൾ, മുലക്കച്ചകൾ, കവിതകൾ,വിത്തുകൾ, പഴമൊഴികൾ, കുർബാനകൾ,ഹോമങ്ങൾ, നിസ്കാരങ്ങൾ, സിനിമകൾ, സീരിയലുകൾ, മഴവില്ലുകൾ, ന്യൂട്രോണുകൾ, എലെക്ട്രോണുകൾ, പ്രൊട്ടോണുകൾ, അണുബോംബുകൾ, കൊറോണകൾ, ശവപ്പെട്ടികൾ, സൗരയൂഥങ്ങൾ. ഇപ്പോഴും കീഴും മേലും ഒറിജിനലാണെന്ന് പറയാൻ, ആകാശം മാത്രല്ലേയുള്ളൂ. സഖാക്കളേ! ഞാൻ മാത്രം പുകഞ്ഞു ചിന്തിക്കുന്നു, അതിനാൽ എന്റെ കഴുത്തിന് മീതെ ഇപ്പോഴും തലയുണ്ട്. അതിൽ അനല്പമായ അഭിമാനമുണ്ട്. എനിക്ക് ഒരു നട്ടെല്ലിന്റെ കുറവുണ്ടെന്നു ഭാര്യ ചിലപ്പോൾ പറയാറുണ്ട്. അതൊന്നും അത്ര കാര്യമാക്കേണ്ട. നട്ടെല്ലില്ലെങ്കിൽ തല അവിടെ കാണുമോ? ഹോ ഹോ മൈ ഡിയർ പൂവാർ ഡൊമസ്റ്റിക് സർവന്റ്!! ബോത്ത് ഇഗ്നോറൻഡ് ആൻഡ് പ്രെഗ്നന്റ്!!’
പിന്നീട് പൂർണ്ണവിരാമമാണ് മൈക്രോഫോൺ കയ്യിലെടുത്തത് :
‘ഒന്നിനുമില്ല ഒരു പൂർണ്ണവിരാമമെന്നു നന്നായി അറിയുന്ന
ആളായിരുന്നിട്ടും നീ എന്നെ എന്തേ പടച്ചേനു! ഒരു പ്രവാഹമാകാൻ വിട്ടിരുന്നുവെങ്കിൽ അവിച്ഛിന്നമായ ആ ചലനത്തിലൂടെ ഏതോ ചലച്ചിത്ര ഗാനത്തിൽ പറഞ്ഞ പോലെ ഒരു നേർരേഖയായി ഞാൻ ചമഞ്ഞേനു. ആ രേഖ തലങ്ങും വിലങ്ങും മുറിച്ചു ഞാൻ നിനക്കായി പണിഞ്ഞേനു…….എന്തേനു …..ഒരു രണ്ടാം കുരിശേനു!’
അന്തരംഗത്തിൽ നിന്ന് വന്ന ഒരാത്മാവിന്റെ പുകച്ചിൽ….. ഗദ്ഗദം. പലരുടെയും കണ്ണുകൾ ബറാബറായി ഈറനായിരുന്നു.
വട്ട മേശ സമ്മേളനം അവസാനിക്കും മുമ്പ് ഒരു സൈറൺ മുഴങ്ങി.
ഇരച്ചു വന്ന ആംബുലൻസ് സഡൻ ബ്രേക്കിട്ടു. അതിൽ നിന്ന് ഉരുൾ ചക്രം ഘടിപ്പിച്ച സ്‌ട്രെച്ചറിൽ, സ്പേസിലേക്ക് നാസാ വിക്ഷേപിക്കാറുള്ള മോഡലിൽ, ഒരു സാധനം ഇറങ്ങി. അത് അഭിവന്ദനീയനായ ശ്രീമാൻ കോമൻ നമ്പ്യാരാണെന്നു ചുരുക്കം പേർക്കേ പിടി കിട്ടിയുള്ളൂ :
സിനിമയിൽ നായികമാർക്ക് വേണ്ടി മാത്രം ഡബ് ചെയ്യുന്ന ഒരു മെയിൽ ആര്ടിസ്റ്റിന്റെ സ്വരത്തിൽ കോമ സംസാരിച്ചു തുടങ്ങി:
‘ഈ മീറ്റിംഗിൽ എന്നെ ക്ഷണിക്കാത്തത്തിൽ അതീവ ദുഖമുണ്ട്.
ഞാൻ ഒരു ഇന്റെൻസീവ് കെയർ യൂണിറ്റിൽ ആയിപ്പോയത് എന്റെ കുറ്റമാണോ?. അപ്പുറം കരുണയുടെ ഒരു വാക്കോ ഇപ്പുറം അനുകമ്പയുടെ ഒരു സ്‌പെയ്‌സോ ഇല്ലാത്തിടത്ത് എന്നെ ജീവച്ചവമാക്കി വെച്ചതല്ലേ. ഈ സത്യം അറിഞ്ഞിട്ടു കൂടി നിങ്ങൾ എന്നെ കാണാൻ വന്നില്ല. നിങ്ങക്ക് മീറ്റിംഗ് ആണല്ലോ പ്രധാനം. വാട്ട് ഈസ് മീറ്റിംഗ്? ഡ്രിങ്കിംഗ് ടി വിത്ത് നട്ട് ആൻഡ് ഈറ്റിംഗ് റെഡ് മീറ്റ് വിത്ത് വൈറ്റ് വൈൻ!’
അംഗങ്ങൾ പോയിന്റ് ഓഫ് ഓർഡർ ഉയർത്തിയെങ്കിലും കോമ
മാസ്ക് പൊക്കി കറുത്ത പ്രഭാഷണം തുടർന്നു :
‘എന്റെ വാ മൂടി കെട്ടാമെന്നു ആരും വ്യാമോഹിക്കേണ്ട. സ്ഥാനം തെറ്റിയാൽ
ഞാൻ ആളെ കൊല്ലുമെന്ന് പ്രചരിപ്പിച്ച ആ സായ്‌വിനെ കയ്യിൽ കിട്ടട്ടെ. അതൊക്കെ ചരിത്രത്തിലെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പച്ച നുണ! ഗോഡ്‌സെ ഗാന്ധിയെ കൊല്ലാൻ ഉപയോഗിച്ച ആ ഇറ്റാലിയൻ ഓട്ടോമാറ്റിക് പിസ്റ്റൊളൊന്നും എന്റെ കയ്യിലില്ല. എന്റെ ഓര്മ ശരിയാണെങ്കിൽ, പതിനെട്ടാം നൂറ്റാണ്ടിൽ ആണെന്ന് തോന്നുന്നു ,ആശ്ചര്യ ചിന്ഹവും ചോദ്യചിന്ഹവും പൂർണ്ണവിരാമചിന്ഹവും തമ്മിൽ ഒരു ഊക്കനടി നടന്നു. ആ വാർത്ത ജനം ടി വി കേട്ടിട്ടില്ലേ? വാക്യത്തിന്റെ അന്ത്യത്തിൽ കിട്ടേണ്ട, സ്ഥാനമാനത്തെച്ചൊല്ലിയാണ്, ഇബിലീസുകളുടെ കലഹം. ഇടയ്ക്കു കയറി ഞാൻ ഇടപെട്ടതുകൊണ്ടു അന്ന് മർഡർ ഒന്നും ഉണ്ടായില്ല. സത്യത്തിൽ സമാധാനത്തിനുള്ള നോബൽ പ്രൈസ് കിട്ടേണ്ടിയിരുന്നത് എനിക്കാ. അതെങ്ങനെ, മഹാത്മാ ഗാന്ധിയെപ്പോലും തഴഞ്ഞ ഉത്സവ കമ്മിറ്റി അല്ലെ. വെടിക്കെട്ട് ബഫൂൺസ്! ഒരു കാര്യം ഞാൻ ആണയിട്ടു പറയാം : വാക്യത്തിന്റെ അന്ത്യത്തിലെ സ്ഥാനം കിട്ടേണ്ടത്, എനിക്കാ! എഭ്യന്മാരായ നിങ്ങൾക്കൊന്നുമല്ല. എന്നോട് അധികം കളിക്കാൻ വരണ്ട. പൂർണ വിരാമത്തിന്റെ മഹത്തായ ആ സ്ഥാനത്തിനപ്പുറം കൊതിക്കാൻ ജീവിതത്തിൽ എന്ത് ചുക്കാണുള്ളത്! എന്നോട് കളിക്കാൻ വരല്ലേ !! വന്നാൽ കൊറോണയെക്കൊണ്ട് കടിപ്പിക്കാനും എനിക്കറിയാം.’
പരിപാടിയുടെ തിരക്കിനിടയിൽ ആദ്യം ചൊല്ലാൻ മറന്നു പോയ പ്രാർത്ഥന ഒരു മതേതരചടങ്ങെന്ന നിലയ്ക് സഹകാരികൾക്ക് നിർവഹിക്കാൻ മനസ്സ് വന്നത്ക ലാപരിപാടിയുടെ അന്ത്യകൂദാശനേരത്താണെന്ന് പ്രസ്താവിച്ചുകൊണ്ട് ഈ പ്രഹസനം നിർവ്യാജം ഇവിടെ നിർത്തുകയാണ് . നന്ദി. നമസ്കാരം.
അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിൽ കോവിഡ്ഢിൻ ദീപം കൊളുത്തി
പരമാണുപ്പൊരുളിലും മിന്നിക്കിടക്കും
കൊറോണക്കുട്ടാ, വിഷമൊരു തുള്ളി തരാം ഞങ്ങൾ!
ഭള്ളിൽ തുള്ളേണ്ട നീ ചെള്ളേ, യധികം
വെളച്ചിലുമായ് വിളങ്ങേണ്ട ചെറ്റേ നീ,യധികം !
പരിപാടിയുടെ തിരക്കിനിടയിൽ ആദ്യം ചൊല്ലാൻ മറന്നു പോയ പ്രാർത്ഥന ഒരു മതേതരചടങ്ങെന്ന നിലയ്ക്ക് സഹകാരികൾക്ക് നിർവഹിക്കാൻ മനസ്സ് വന്നത് കലാപരിപാടിയുടെ അന്ത്യകൂദാശ
നേരത്താണെന്ന് പ്രസ്താവിച്ചുകൊണ്ട് ഇവിടെ നിർത്തുകയാണ് . നന്ദി.