കഥകളി ഗായകരിൽ ഗാനചക്രവർത്തി എന്ന പട്ടം ആസ്വാദകർ നൽകിയത് ചേർത്തല കുട്ടപ്പക്കുറുപ്പിനാണ്. കേരളത്തിൽ തെക്ക്-വടക്ക് കഥകളി സംഗീത ലോകത്ത് അറിയപ്പെട്ടിരുന്ന ഗായകന്റെ ശബ്ദം 80-കളുടെ തുടക്കം വരെ കഥകളി വേദികളിൽ സംഗീതത്തിന്റെ മാസ്മരികത നിറച്ചു. വേണ്ടിടത്ത് ഭാവം കൊടുത്ത്, പ്രത്യേക ശൈലിയിലെ ആലാപനവും കുട്ടപ്പക്കുറുപ്പിനെ ദൈവീകസിദ്ധിയുള്ള അപൂർവ്വഗായകനാക്കി. ഇന്നും അദ്ദേഹത്തിന്റെ നാദം കേൾക്കാൻ ആസ്വാദക ലോകം ആഗ്രഹിക്കുന്നു. എന്നാൽ അവ എവിടെയുണ്ടെന്ന് ആർക്കുമറിയില്ല. പ്രതീക്ഷിയുണ്ടായിരുന്ന ആകാശവാണിയിൽ നിന്നും അവ നഷ്ടപ്പെട്ടു. കുട്ടപ്പക്കുറുപ്പിന്റെ കുടുംബാംഗങ്ങൾക്ക് അവ ശേഖരിച്ച് അദ്ദേഹത്തിന് വേണ്ടി ഒരു ഡോക്യുമെന്ററി ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. കേരളത്തിലുള്ള ഏതെങ്കിലും ഒരു ആസ്വാദകന്റെ കൈയ്യിൽ ശബ്ദലേഖനം ചെയ്ത് സൂക്ഷിച്ചിട്ടുണ്ടാകുമെന്നതാണ് ഇനിയുള്ള ഏക പ്രതീക്ഷ. കുട്ടപ്പക്കുറുപ്പിന്റെ സംഗീതമില്ലെങ്കിൽ ഡോക്യുമെന്ററിയും അപൂർണമാകും.
1914 ചേർത്തല കാരോക്കര വീട്ടിൽ കല്യാണിയമ്മയുടെയും, കുഞ്ഞുണ്ണിക്കൈമളുടെയും മകനായാണ് കുട്ടപ്പക്കുറുപ്പ് ജനിച്ചത്. കലാപരമായി പാരമ്പര്യമുള്ള കുടുംബം. സ്‌ക്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കർണ്ണാടക സംഗീതത്തിലേക്ക്. അക്കാലത്ത് പ്രസിദ്ധനായിരുന്ന സ്വർണത്ത് മാണി എമ്പ്രാതിരിയുടെ പാട്ടുകളാണ് കുട്ടപ്പക്കുറുപ്പിനെ കഥകളിയിലേക്ക് ആകർഷിച്ചത്. അദ്ദേഹമായിരുന്നു പ്രധാന ഗുരുവും. കീർത്തനങ്ങളും, വർണ്ണങ്ങളും വശപ്പെട്ട ശേഷം പിതൃകുടുംബത്തിലെ അംഗമായ നാരായണക്കൈമളിൽ നിന്നും കഥകളിപ്പദങ്ങളുടെ ആദ്യ പാഠങ്ങൾ അഭ്യസിച്ചു. പിന്നീട് ആചാര്യന്മാരായിരുന്ന ചെമ്പിൽ പാച്ചുപിള്ള, ഇടപ്പള്ളി കൃഷ്ണപിള്ള എന്നിവരുടെ ശിഷ്യത്വത്തിലൂടെ ശിങ്കിടിയിൽ നിന്നും പൊന്നാനി ഭാഗവതരായി. കഥകളിയിൽ പ്രധാന ഗായകനെ പൊന്നാനിയെന്നും, രണ്ടാം പാട്ടുകാരനെ ശിങ്കിടിയെനുമാണ് പറയുന്നത്. കർണാടക സംഗീതത്തിലെ പ്രാഗത്ഭ്യവും, ജന്മവാസനയും, സ്വതന്ത്രവുമായ രീതികളും കൊണ്ട് സാധാരണ കഥകളി ഭാഗവതർമാരിൽ നിന്നും വ്യത്യസ്തനായി ആസ്വാദകർ കുട്ടപ്പക്കുറുപ്പിനെ കണ്ടിരുന്നു.
കലാമണ്ഡലം ഹൈദരലി ചേർത്തല കുട്ടപ്പക്കുറുപ്പാശാനെപ്പറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നു :
കലാമണ്ഡലത്തിൽ അവസാന കൊല്ലത്തെ പരീക്ഷയായി. ചേർത്തല കുട്ടപ്പക്കുറുപ്പാണ് പരീക്ഷകനായി വരുന്നതെന്ന് അറിയുവാൻ കഴിഞ്ഞു. നമ്പീശനാശാന് അദ്ദേഹത്തെ വലിയ ബഹുമാനമായിരുന്നു. അദ്ദേഹത്തിൻറെ അടുത്തേക്കൊന്നും താനെത്തുകയില്ല എന്ന് കലാപരമായ കഴിവിനെ മതിപ്പായി പറയുന്നത് കേട്ടിട്ടുണ്ട്. പരീക്ഷ ദിവസം വന്നു. ചേർത്തല കുട്ടപ്പക്കുറുപ്പ് ആശാന്റെ വലിയ കണ്ണുകളുമായുള്ള ഇരിപ്പ് എപ്പോഴും മനസ്സിലുണ്ട്. ‘ഭൈരവി കേൾക്കട്ടെയെന്ന്’ അദ്ദേഹം പറഞ്ഞു. പരീക്ഷയുടെ ദൈർഘ്യം ഒന്നേകാൽ മണിക്കൂർ ആയിരുന്നു. പല പദങ്ങളും പാടിപ്പിച്ചു. ഇരട്ടി എടുപ്പിച്ചു. പരീക്ഷാഫലം വന്നപ്പോൾ മാടമ്പിക്കും തിരൂർ നമ്പീശനും എനിക്കും ഫസ്റ്റ്ക്ലാസ്സ് കിട്ടി. കെ.എൻ. പിഷാരടി കലാമണ്ഡലം ചെയർമാനായിരുന്ന കാലം. അദ്ദേഹമാണ് സർട്ടിഫിക്കറ്റ് ഒപ്പിട്ടത്. കുട്ടപ്പക്കുറുപ്പ് ആശാന് എന്നെ വലിയ മതിപ്പായിരുന്നെന്ന് അദ്ദേഹം ചിലരോട് എന്നെ പറ്റി പറഞ്ഞത് കേട്ടപ്പോൾ മനസ്സിലായി : ‘ ആ മുസ്ലീം കുട്ടിയില്ലേ, അവൻ മിടുക്കനാണ്. ഭാവിയുള്ളോനാ.’
1984 ഏപ്രിൽ 11-നാണ് കുട്ടപ്പക്കുറുപ്പ് അന്തരിച്ചത്. ആ വർഷം ആലപ്പുഴ നടന്ന കഥകളിയിലാണ് കുറുപ്പാശാൻ അവസാനമായി പാടിയത്. അന്ന് അദ്ദേഹത്തിന്റെ ശിങ്കിടിയായത് സാക്ഷാൽ ഹൈദരലിയും.
അംഗീകാരങ്ങൾ നിരവധി
കുട്ടപ്പക്കുറുപ്പിന് 1977ൽ കേരള സംഗീത നാടക അക്കാദമി അവാർഡും, 78-ൽ കേരള കലാമണ്ഡലം അവാർഡും ലഭിച്ചു. ലോകപ്രശസ്ത നർത്തകി മൃണാളിനി സാരാഭായുടെ ദർപ്പണ അക്കാദമിയിൽ ഒരു വർഷത്തോളം അധ്യാപകനായും സേവനം അനുഷ്ടിച്ചു. സീതാദേവി കുഞ്ഞമ്മയാണ് കുട്ടപ്പക്കുറുപ്പിന്റെ ഭാര്യ. മക്കൾ : ദിലീപ് കുമാർ, അമ്പിളി, മഞ്ജുള, പി.കെ. ലവകുമാർ.
ഗാനചക്രവർത്തിയുടെ പാട്ടിനെ വാക്കുകൾ കൊണ്ട് പറഞ്ഞു ഫലിപ്പിക്കുവാൻ കഴിയില്ല. അത് കേട്ടനുഭവിക്കുവാനുള്ളതാണ്. ‘വിജനേ ബത’ അദ്ദേഹം പാടിയപ്പോൾ തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിന്റെ ഊട്ടുപുര വിറച്ചു എന്നാണ് കാണികൾ സാക്ഷ്യപ്പെടുത്തിയത്. ഈ വ്യത്യസ്ത സംഗീതം തേടുകയാണ് അദ്ദേഹത്തിന്റെ ആസ്വാദകരും, കുടുംബവും. നമുക്കും സഹായിക്കാം.എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കുക.
ഫോൺ: 9895885602