ചേര്‍ത്തല ചങ്ക്സ്

 

 

 

 

 

നമുക്ക് മുന്‍പ് നമ്മെ വിട്ടു പിരിഞ്ഞു പോയവരുടെ കാലം വരെ എവിടേക്കെങ്കിലും യാത്ര പോകാന്‍ പ്രധാന കവലയിലോ ബസ്റ്റോപ്പിലോ മറ്റോ ചെന്നെത്തിപ്പെട്ടാല്‍ ബസ് സമയം അന്വേഷിച്ച് തേരാ പാരാ നടക്കേണ്ട ആവശ്യമില്ലായിരുന്നു.

വലിയ ബോര്‍ഡില്‍ ബസുകളുടെ സമയ വിവരംഎഴുതി വച്ചിട്ടുണ്ടാകും വായിക്കാന്‍ പറ്റുന്ന വിധത്തില്‍.

അക്കാലത്ത് ഒത്തിരിയേറെ നേരത്തെ ബസ്സ്റ്റോപ്പില്‍ വന്ന് കാത്തുകെട്ടി സമയം വെറുതെ കളഞ്ഞു നില്ക്കേണ്ട ആവശ്യമില്ലായിരുന്നു. പലചരക്കു കടയിലും എന്തിനു സ്വര്‍ണ്ണക്കടയില്‍ വരെ ഇതൊക്കെ ഇപ്പഴും തുടരുന്നു.

അത്യാവശ്യ സര്‍വീസുകളായ ബസ്സ്റ്റാന്‍ഡുകളിലും ഇതൊക്കെ പുനരാരംഭിക്കാന്‍ കാലം അതിക്രമിച്ചില്ലേ?

പഴയകാലത്ത് നല്ല ശീലങ്ങളൊക്കെ തിരിച്ചറിഞ്ഞ് അതൊക്കെ ജീവിതത്തോടെ ചേര്ത്തു വയ്ക്കാന്‍ വെമ്പുന്ന കാലമാണല്ലോ ഇത്!

നാട്ടിന്‍ പുറത്ത് പണ്ടൊക്കെ ചെറുപ്പക്കാരുടെ കൂട്ടായ്മകള്‍ക്ക് ഒന്നിച്ചു കൂടി ചേര്‍ന്നിരിക്കാന്‍ ഒരു ഇടമൊക്കെയായിക്കഴിഞ്ഞാല്‍ അതിന് ക്ലബ്ബ് എന്നൊരു ഓമനപ്പേരായി. പിന്നെ അവര്‍ ചെയ്യുന്നത് അതിലെ കടന്നു പോകുന്ന ബസുകളുടെ സമയവിവരപ്പട്ടിക വലിയൊരു ബോര്‍ഡില്‍ ക്ലബ്ബിന്റെ സ്പോണ്‍സര്‍ഷിപ്പോടെ എഴുതി വയ്ക്കും. അന്നതൊക്കെ ഏതു നാട്ടിലും സുലഭമായിരുന്നതുകൊണ്ട് അതൊരു പുതുമയായിരുന്നില്ല നാട്ടു നടപ്പാണല്ലോ. പിന്നെ അത്തരം കലാപരിപാടികള്‍ള് ഇല്ലാതായിക്കഴിഞ്ഞപ്പോഴാണ് അക്കാലത്തെ ചെറുപ്പക്കാര്‍ ചെയ്തു പോന്നതിന്റെ മഹിമ മനസിലായത്. കാത്തു നിന്നു വിഷമിക്കുമ്പോള്‍ അതൊക്കെ നഷ്ടബോധത്തോടെ ഓര്‍ക്കാം.
ഇന്ന് ഇത്തരം ജനോപകാരപ്രദമമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തു പോരുന്ന കൂട്ടായ്മകള്‍ നാമമാത്രമായിക്കഴിഞ്ഞിരിക്കുന്നു.

അങ്ങിനെയൊക്കെയുള്ള കാര്യങ്ങളില്‍ പുതു തലമുറ പിന്നോട്ടടി വയ്ക്കുന്നതിന്റെ പ്രധാന കാരണം അവര്‍ എഴുതി വച്ച സമയത്ത് ബസ് വരാതായാല്‍ അത് അതിലേറെ പ്രശ്നമല്ലേ?
അപ്പോള്‍ കാശു കൊടുത്ത് യാത്ര ചെയ്യാന്‍ വരുന്നവര്‍ക്ക് കൃത്യമായ സമയത്ത് ബസ് കിട്ടിയിരിക്കണം എന്നതും പ്രധാനമാണ്.

ശിവരാത്രിക്കാലത്ത് പറവൂര്‍ ആലുവ റൂട്ടില്‍ യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ ഒരു ഓട്ടോ സ്റ്റാന്‍ഡില്‍ ഓരോ തൊഴിലാളിയുടെ പേരും ഫോണ്‍ നമ്പറും ബോര്‍ഡില്‍ എഴുതി വച്ചിരിക്കുന്നതു കാണാനിടയായി വളരെ അത്യാവശ്യ ഘട്ടങ്ങള്‍ക്ക് ഉപകാരപ്പെട്ട സംവിധാനം. അര്‍ഹിക്കാത്തവരുടെ കയ്യില്‍ നവമാധ്യമങ്ങളുടെ നടപ്പു കാലത്തെ നായകനായ ‘ സ്മാര്‍ട്ട് ഫോണ്‍’ എത്തപ്പെടുമ്പോള്‍ അതിന്റെ ഉപയോഗം ചില നെഗറ്റീവുകളിലേക്കൊക്കെ പോയേക്കാം. അതിന്റെയൊക്കെ സാദ്ധ്യതകള്‍ നല്ല കാര്യങ്ങള്‍ക്കായി മാത്രം പ്രയോജനപ്പെടുത്തുന്നവരും കാലത്തിന്റെ ആവശ്യങ്ങളല്ലേ? അത്തരം ചില കൂട്ടര്‍ യാത്രക്കാര്‍ക്ക് പ്രയോജനകരമായ ചില കാര്യങ്ങള്‍ ചെയ്തു പോരുന്നുണ്ട്.

സര്‍ക്കാര്‍ ബസിലെ യാത്രക്കാര്‍ വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ച് പരസ്പരമൊന്നു സംവേദിച്ച് ഓരോരോ സമയത്തും ബസ് ഏതു സ്റ്റോപ്പില്‍ എത്തി അല്ലെങ്കില്‍ ലേറ്റാണോ എന്നൊക്കെ അറിയാന്‍ സാധിക്കുന്നു. അതിനനുസരിച്ച് സമയം കണക്കു കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ മതിയല്ലോ. സമയവും ലാഭം.

രാവിലെ 7 30 നു പറവൂര്‍ സ്റ്റാന്‍ഡില്‍ നിന്നും ഗോശ്രീ വഴി പുറപ്പെടുന്ന ചേര്‍ത്തല ബസില്‍ അത്തരമൊരു കൂട്ടായ്മയുണ്ട്.
‘ചേര്‍ത്തല ചങ്ക്സ്’ എന്ന് പേര് ചൊല്ലി വിളീക്കുന്ന വാട്സാപ് കൂട്ടായ്മ.

പണ്ടത്തെ വൈപ്പിന്‍ ബോട്ട് യാത്ര കൂട്ടായ്മയുടെ പുതുവേര്‍ഷന്‍
അക്കാലത്തെ യാത്രക്കാര്‍ തമ്മിലുണ്ടായിരുന്ന യോജിപ്പും ഒരുമയും കരുതലും ഒന്ന് വേറെ തന്നെയായിരുന്നു.

ഗോശ്രീ പാലത്തിലൂടെ നടാടെ ബസ് റൂട്ട് തുടങ്ങിയ കാലത്ത് അതിലൂടെ ഓടിയ വിരലിലെണ്ണാവുന്ന ബസുകളില്‍ ഒന്നായിരുന്നു ചേര്‍ത്തല ബസ്.

അരമണിക്കൂറോളം ബസ് കാത്ത് നില്ക്കേണ്ടി വന്നാലും സര്‍ക്കാര്‍ ബസ് കണ്ടാല്‍ ജനം ഒഴിഞ്ഞു മാറിയിരുന്ന കാലം. ആ കാലത്തില്‍ നിന്നും സര്‍ക്കാര്‍ ബസുകളോടു യാത്രക്കാര്‍ക്ക് ഒത്തിരി പ്രേമം തോന്നിപ്പിക്കാന്‍ അക്കാലത്തെ കണ്ടക്ടറും ഡ്രൈവറും ക്ഷമാശീലത്തോടെ പ്രതികരിച്ച് റൂട്ടിനെ തെളിയിച്ചെടുത്തു.

യാത്രക്കാരുടെ നിഴലാട്ടം കണ്ടാല്‍ ഡ്രൈവറുടെ കാല്‍ ബ്രേക്കിലേക്ക് അറിയാതെ തന്നെയെത്തുന്നു. കണ്ടക്ടര്‍ ടിക്കറ്റ് കൊടുക്കുന്നതിനിടക്കും സ്റ്റോപ്പില്‍ സ്ഥിരം യാത്രക്കാരാരെങ്കിലും കൈയ്യൊന്നു കാണിക്കാന്‍ മറന്നങ്ങനെ നില്ക്കുന്നുണ്ടോ എന്നു നോക്കുന്നു.

കണ്ടക്ടറോടു ചില്ലറയുടെ പേരിലൊന്നു കലഹിക്കാന്‍ യാത്രക്കാരന്‍ മറന്നു.

സന്തോഷത്തിന്റെ സഹവര്‍ത്തിത്വത്തിന്റെ ഇഴയടുപ്പം ബസില്‍ രൂപമാര്‍ന്നു. രാവിലെ കലിപ്പില്ലാതൊരു യാത്ര. ഫലമോ ചില യാത്രക്കാര്‍ പലചരക്കു കടയില്‍ നിന്നൊക്കെ സൊരുക്കൂട്ടി വച്ചിരിക്കുന്ന ചില്ലറകള്‍ കണ്ടക്ടര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ തയാറാകുന്നു, അറിഞ്ഞു ചെയ്യുന്ന ഉപകാരം പരസ്പരം കല്യാണാവശ്യങ്ങള്‍വരെയുള്ള അടുപ്പം ജീവനക്കാരും യാത്രക്കാരുമായി രൂപപ്പെടുന്നു.

എല്ലാവരും കെ. എസ്. ആര്‍. ടി. സി എന്ന ചരടില്‍ കോര്‍ക്കപ്പെട്ട മുത്തുമാലയായി തീര്‍ന്നിരിക്കുന്നു.

എന്തും ഏതും കൊടുത്താലല്ലേ തിരിച്ചു കിട്ടു. സ്നേഹവും.

വര്‍ഷങ്ങള്‍ ഒത്തിരിയെടുത്തു യാത്രക്കാരെ പെര്‍മനെന്റ് ആക്കിയെടുക്കാന്‍ ‍ അക്കാലത്തെ സര്‍ക്കാര്‍‍ വിലാസം പണികാര്‍ക്ക്.

എന്തിനു പറയുന്നു എല്ലാമങ്ങ് കഴിഞ്ഞപ്പോഴേക്കും ഏറ്റവും കൂടുതല്‍ കളക്ഷനുള്ള രണ്ടാമത്തേയോ മൂന്നാമത്തേയോ ബസ് സര്‍ വീസായിത്തീര്‍ന്നു ‘ ചേര്‍ത്തല ബസ്’ എന്നത് അത്ര ചെറിയ കാര്യമല്ല. യാത്രക്കാരും ബസ് ജീവനക്കാരും തമിലുള്ള അടുപ്പത്തിന്റെ പ്രതിഫലനം.

‘ പീക്ക് ടൈമില്‍’ മിനിറ്റുകളുടെ ഇടവേള പോലുമെടുക്കാതെ പ്രൈവറ്റു ബസുകള്‍ ഓടുന്ന റൂട്ടാണല്ലോ വൈപ്പിന്‍ എറണാകുളം പറവൂര്‍ റൂട്ട്. അത്രക്കു യാത്രാസൗകര്യമുള്ള നാട്ടില്‍ യാത്രക്കാരുടെ ഹൃദയത്തില്‍ കയറിപ്പറ്റാന്‍ കെ. എസ്. ആര്‍. ടിക്കു കഴിഞ്ഞു.
ആദ്യകാലത്തെ ചേര്‍ത്തല ബസ് നല്ല നീളമുള്ള വലുപ്പം കുറഞ്ഞ പഴയ കാലത്തെ തനതായ കളറിലുള്ള ബസായിരുന്നു സിംഗിള്‍ ഡോര്‍ ബസ്. പിന്നിലൂടെ കയറുന്ന യാത്രക്കാര്‍ ഫുട്ബോള്‍ ഗ്രൗണ്ടിനെ കൂട്ടിപ്പിടിച്ചുള്ള കണ്ടക്ടറുടെ വായ്ത്താരിയൊന്നും കൂടാതെ നേരെ ഏറ്റവും മുന്നില്‍ ചെന്ന് ഡ്രൈവറുടെ ക്യാബിനോടു ചേര്‍ന്നങ്ങണെ നില്‍ക്കും. അങ്ങേ അറ്റത്ത് എത്തിക്കഴിയുമ്പോള്‍ മുകളിലൊന്നു പിടിക്കാന്‍ കമ്പിയൊന്നും കണ്ടെന്നു വരില്ല. മഴക്കാലത്ത് അവിടിവിടേ ചോര്‍ന്നൊലിക്കുന്നുണ്ടാകും. ബസിന്റെ മുകളില്‍ കിടന്നിരുന്ന അഴുക്കുകളും ഒലീച്ചിറങ്ങും. അത് ചിലപ്പോള്‍‍ അശ്രദ്ധയുടെ വിരലടയാളമായി ഷര്‍ട്ടില്‍ കറയായങ്ങനെ കിടക്കും.

ഡ്രൈവര്‍ മഴക്കാലത്ത് സീറ്റ് തുടക്കാന്‍ ഉപകരിക്കും വിധത്തില്‍ പഴയ ടര്‍ക്കിയോ തോര്‍ത്തോ ബോണറ്റിന്റെ മേല്‍ ഇട്ടിരിക്കും അത് കൈമറിഞ്ഞ് പിറകിലെ സീറ്റിലേക്കു വരെ എത്തും.

വാട്ടര്‍ ട്രാന്സ്‍പോര്‍ട്ടിന്റെ കോമളകുമാരിയിലും ഗംഗയിലും കാവേരിയിലുമൊക്കെ കാറ്റും മഴയത്തുകൊക്കെ യാത്ര ചെയ്തു ശീലിച്ചിട്ടുള്ള യാത്രക്കാര്‍ക്ക് ഇതിലൊക്കെ എന്തു പുതുമ?

ആദ്യകാലത്ത് ചേര്‍ത്തല എല്‍. എസ്. ആയാണ് സര്‍വീസ് നടത്തിപ്പോന്നത്. ചില സ്റ്റോപ്പുകളില്‍ നിര്‍ത്താതെ പോകുമ്പോള്‍ അതേ ചൊല്ലി യാത്രക്കാരും കണ്ടക്ടറുമായി അല്ലറ ചില്ല കശപിശകള്‍ ഉണ്ടാകും.

പിന്നീടെപ്പോഴോ പറവൂര്‍ മുതല്‍ തോപ്പും പടി വരെ ഓര്‍ഡിനറിയായി ഓടാന്‍ തുടങ്ങി. യാത്രക്കാര്‍ മിനിറ്റുകളോളം കാത്തു നില്‍ക്കാനും തയാറായി.

വൈകാതെ ‘തിരുക്കൊച്ചി’ ബസുകളുടെ കാലമായി. ബസുകള്‍ക്കൊത്തിരി വലിപ്പം വച്ച് നിറവും മാറി. എരമല്ലൂര്‍, ചോറ്റാനിക്കര, വൈറ്റില, പൂത്തോട്ട, കരിമുകള്‍ എന്നിങ്ങനെ ഒരു പാടു ബസുകള്‍ പല സമയക്രമത്തില്‍ എത്തിക്കഴിഞ്ഞപ്പോള്‍ സൗകര്യാര്‍ത്ഥം ചേര്‍ത്തലയിലെ യാത്രക്കാര്‍ അതിലൊക്കെ പതുക്കെ ചേക്കേറി. വല്ലപ്പോഴും ഓര്‍മ്മ പുതുക്കാന്‍ ചേര്‍ത്തല ബസില്‍ ഒന്നു തല കാണിക്കാന്‍‍ അവരാരും മറക്കാറുമില്ല. ഓരോ മൂന്നു വര്‍ഷം കൂടുമ്പോള്‍ ഡ്യൂട്ടിചെയ്യാനെത്തുന്ന ജീവനക്കാരോട് പൊരുത്തപ്പെട്ടു പോകാന്‍ യാത്രക്കാര്‍ക്ക് പെട്ടന്ന് കഴിയുന്നു.

ചേര്‍ത്തല ബസ് അത്യപൂര്‍വമായേ കേടായോ പഞ്ചറായോ വഴിയില്‍ കിടക്കു. കാരണം രാത്രി ഡ്യൂട്ടികഴിഞ്ഞ് പോകുമ്പോഴും രാവിലെ ഡ്യൂട്ടിക്ക് എത്തുമ്പോഴും ബസിന്റെ ടയറൊക്കെ തട്ടി നോക്കി റേഡിയേറ്റര്‍ തുറന്നു നോക്കി തട്ടിമുട്ടിയൊന്നോമനിക്കും. ഇന്നത്തെ യാത്രക്കാര്‍ കുറെക്കാലം കഴിയുമ്പോള്‍ പരസ്പരം കാണൂമ്പോള്‍ പേരൊന്നും ഓര്‍മ്മ വന്നില്ലെങ്കിലും നാലാമത്തെ സീറ്റില്‍ അറ്റത്തിരിക്കാറുള്ള ആളല്ലേ ഡ്രൈവറുടെ സീറ്റിനു പുറകില്‍ ഇരിക്കാറുള്ള ചേച്ചിയല്ലേ എന്നൊക്കെ പറഞ്ഞ് അഞ്ച് അമ്പതിന്റെ ഗംഗ ഫെറിയുടേ എഞ്ചിന്‍ ക്യാബിനു മുകളില്‍ പത്രവും വായിച്ചിരിക്കുന്ന നീല ഷര്‍ട്ടുകാരന്‍ തുടങ്ങി ഒത്തിരി ഓര്‍മ്മപ്പെടുത്തലുകള്‍. മഹാപ്രളയ കാലത്തും ചേര്‍ത്തല ചങ്ക്സിലെ യാത്രക്കാര്‍ ദുരിതാശ്വാസ സഹായം സ്വരൂപിക്കാനും മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു.

കുറഞ്ഞ വരുമാനക്കാര്‍ക്ക് കൈതാങ്ങായി യാത്രകാര്‍ക്ക് സുരക്ഷിതത്വം ഏകിക്കൊണ്ടൊക്കെ കോവിഡ് പ്രോട്ടോക്കോള്‍ അണുവിട തെറ്റിക്കാതെ ചേര്‍ത്തല ചങ്ക്സ് അങ്ങിനെ ഓടിക്കൊണ്ടിരിക്കുന്നു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English