ഓമനിക്കാൻ ഒരു പട്ടി കുട്ടിയെ വേണം എന്ന ആവശ്യം പല വിധേന ന്യായീകിരിക്കുന്ന പത്തു വയസുകാരിയോട് നമ്മളീ നാട്ടിൽ സ്ഥിര താമസക്കാരല്ല, തിരിച്ചു പോകുമ്പോൾ ഇവറ്റയെ കൂടെ കൂട്ടാൻ ഉള്ള നിയമത്തിന്റെ നൂലാമാലകളെ വിവരിക്കുമ്പോഴാണ് ഒരു വളർത്തു മൽസ്യമായാലും മതി എന്നവൾ പറഞ്ഞത് . മൽസ്യങ്ങൾ ചെറുതാണ്, അവക്ക് ആയുസു കുറവാണ്, ഉപേക്ഷിക്കാനോ, മറ്റാർക്കെങ്കിലും കൈമാറാനോ എളുപ്പമാണ് എന്നൊക്കെയാണ് അവളുടെ വാദം. അപ്പോഴാണ് കുട്ടിയുടെ അപ്പൻ പറഞ്ഞു തുടങ്ങിയത്.
കണ്ണാ. ശ്രദ്ധിക്കൂ. പട്ടിയും, പൂച്ചയും മാത്രം ഓമനകളായിരുന്ന ഒരു ഗ്രാമാന്തരീക്ഷത്തിലാണ് നിന്റെ അപ്പൻ വളർന്നത്. പറമ്പിലെ മുയൽ, ആട്, കോഴി, താറാവ് മുതലായ ജന്തുക്കളെ എല്ലാം തന്നെ കാത്തിരുന്നത് ഭക്ഷ്യശൃംഖലയുടെ ക്രൂര ന്യായീകരണമാണ്. അവിടെയും എന്റെ പെങ്ങൾ, അതായത് നീ തോമ എന്ന് വിളിക്കുന്ന നിന്റെ അമ്മായി, ഒരു അസാധാരണമായ നിലപാട് സ്വീകരിച്ചു. വീട്ടിലെ കോഴികൾക്കൊക്കെയും അവൾ പേരിട്ടു. പേര് വിളിച്ചാൽ അവളുടെ മടിയിൽ കയറി കുറുകി ഇരിക്കുന്ന കോഴികളെ കണ്ടു ഞങ്ങൾ അമ്പരന്നിട്ടുണ്ട്. പലപ്പോഴും, സ്വന്തം അധികാര പരിധിക്കുമപ്പുറം, രക്ഷിതാക്കൾ എടുത്ത തീരുമാനത്തിൽ മനംനൊന്ത് അവൾ തീൻ മേശയിൽ ഇരുന്നു വിങ്ങി കരഞ്ഞു. ഓമനയെ ഭക്ഷണമാക്കിയതിന് തനിക്കായി വിളമ്പി വെച്ച കോഴിക്കറിയും ചോറും തിരസ്കരിച്ചു. നിനക്ക് വേണ്ടങ്കിൽ ഞാൻ കഴിച്ചോളാം എന്ന് പറഞ്ഞ മൂത്ത ആങ്ങളയെ തുറിച്ചുനോക്കി പേടിപ്പിച്ചു. പിറ്റേന്ന് എണ്ണത്തില്‍ ഒന്ന് കുറഞ്ഞ അനിശ്ചിതത്വത്തിൽ നട്ടം തിരിഞ്ഞ കോഴിക്കൂട്ടത്തിനെ നിങ്ങള്‍ക്ക് ഒന്നും വരാതെ ഞാൻ നോക്കിക്കൊള്ളാം എന്ന് വെറും വാക്ക് പറഞ്ഞു ആശ്വസിപ്പിച്ചു. മകളെ, ആജ്ഞാനുവര്‍ത്തിയായ നായും, എലിയെ പിടിക്കുന്ന പൂച്ചയും മാത്രമല്ല ഓമനകളെന്നുള്ള ലോക സത്യം ഞങ്ങൾക്ക് വെളിവാക്കി തന്നവളുടെ അനന്തരവള്‍ കൂടി ആണ് നീ. വലിപ്പത്തിൽ ചെറിയ ജീവികളുടെ ജീവൻ ചെറുതാണ് എന്ന നിന്റെ ഈ തോന്നൽ പ്രകൃതിയുടെ ഒരു ഉപായം തന്നെ. ഒരു കഥ കൂടി പറഞ്ഞു കൊള്ളട്ടെ.
എനിക്ക് മൂന്നോ നാലോ വയസുള്ളപ്പോൾ എന്റെ മൂത്ത ജേഷ്ഠൻ, അതായത് നിന്റെ വല്യപ്പൻ, പനംകൈ മിനുക്കിയുണ്ടാക്കിയ ചൂണ്ടയും, പറമ്പിൽ നിന്ന് കുഴിച്ചെടുത്ത മണ്ണിരയും എടുത്ത് മാലത്തിപാടത്തിന്റെ നടുക്കുള്ള ചെന്താര കുളത്തിൽ ഗൗരവമായി മീൻ പിടിക്കാൻ ആരംഭിച്ചു. പത്തു വയസുകാരന്റെ ലോഹ കൊളുത്തിൽ സമൃദ്ധമായി കിടന്നു ആടിയ ഞാഞ്ഞൂലിൽ പ്രതിഫലിച്ച മഴവില്ല് വശീകരിച്ചത്, അമ്മയുടെ തണലിൽ നിന്ന് വിട്ടു സ്വതന്ത്രചിന്തകളുമായി ചുറ്റിത്തിരിഞ്ഞ, ഒരു കുഞ്ഞൻ വരാലിനയാണ്. മീൻ കൊളുത്തിയ പാടെ വളഞ്ഞ വരമ്പുകൾ അവഗണിച്ച് , കൊയ്തിട്ട പാടങ്ങളുടെ കുറുകെ വല്യപ്പൻ വീട്ടിലേക്കോടി. ഉമ്മറത്തിരുന്ന നിന്റെ അപ്പാപ്പൻ വിരലിനോളം വലിപ്പമുള്ള പിടക്കുന്ന വരാൽകുഞ്ഞിനെ കയ്യിലെടുത്തു പരിശോധിച്ചു. തുടക്കക്കാരന്റെ അത്യാഹ്ലാദം പങ്കിടുമ്പോൾ വരാലിന്റെ വാലറ്റത്തു കണ്ട ചുവന്ന വരകൾ അയാളെ ആശ്ചര്യപ്പെടുത്തി. മോനേ , ഇത് ചേറന്റെ കുഞ്ഞാണ്. ഇവൻ സാധാരണക്കാരനല്ല, വരാലിന്റെ കൂട്ടത്തിലെ രാജാവാണ് എന്ന് പറഞ്ഞ് ഒരു ബക്കറ്റിൽ വെള്ളമെടുത്തു അതിനെ ചൂണ്ടയിൽ നിന്ന് സ്വതന്ത്രമാക്കി. തൽക്ഷണ സംതൃപ്തിയിൽ കുടുങ്ങി ചെറുതായാലും ഉടനെ വറുത്തു കിട്ടണമെന്ന വല്യപ്പന്റെ മോഹത്തിന്, നമുക്കിതിനെ കിണറിലിട്ട് കുറച്ചു നാൾ വളർത്തി ഒരു പരുവമായിട്ടു പിടിച്ചു വറുക്കാമെന്ന്‌മുള്ള, അപ്പാപ്പന്റെ താല്പര്യം കുറച്ചു ഭംഗം വരുത്തി. പക്ഷെ കിണറിന്റെ ഒരറ്റത്ത് തലയും, മറ്റേ അറ്റത്തു വാലും മുട്ടി നിൽക്കുന്ന ഒരു കൂറ്റൻ മത്സ്യത്തെ സ്വപ്നം കണ്ട് വല്യപ്പൻ സമ്മതം മൂളി. അങ്ങനെയാണ് ചേറൻ കുടുംബ കിണറ്റിലെ രാജാവായത്.

മാലത്തിപ്പാടത്തിനു മുകളിലുള്ള നമ്മുടെ പറമ്പിന്റെ വടക്കുഭാഗം ചുറ്റി ഒഴുകുന്നത് പുഴയിലേക്ക് വെള്ളം വാർക്കുന്ന ഒരു ചെറുതോടാണ്. പറമ്പിന്റെ മൂലയിൽ തോടിന്റെ ഓരം ചേർന്നാണ് കിണറിന്റെ സ്ഥാനം. വീടിന്റെ മരപ്പണിക്ക് വാങ്ങിയ ഇരുമുള്ളിന്റെ ബാക്കി വന്ന ഒരു കഴുക്കോലിൽ ഒരു കപ്പി കൊളുത്തി അപ്പാപ്പൻ ഉയർത്തിവെച്ച ആ താത്കാലിക സജ്ജീകരണം വര്‍ഷങ്ങള്‍ക്കു ശേഷവും, പരിഷ്‌കാരങ്ങളെ ആശ്ലേഷിക്കാതെ, വെള്ളം കോരി കൊണ്ടിരുന്നു. കിണറിനു ചുറ്റും നട്ട ശീമക്കൊന്ന പത്തലിന്മേൽ കൊള്ളിച്ചു കെട്ടിയ ഓലമടൽ വേലി മറികടന്ന് പറമ്പില്‍ സ്ഥിരക്കാരായ ചെറു തവളകൾ, വിട്ടിൽ, ഒച്ച് മുതലായ ചെറുപ്രാണികൾ ആഴത്തിലേക്ക് കുതിച്ചിരിക്കാം. എന്തായാലും ചേറൻ വളർന്നു. എനിക്ക് പത്തു വയസുള്ളപ്പോൾ ചേറനു തീറ്റി കൊടുക്കുന്നത് എന്റെ പ്രധാന വിനോദമായി മാറി. തിന്നുന്നത് ചേറന്റെയും.
ചേറൻ പ്രദർശന മൂല്യമുള്ള ഒരു ജീവിയായിരുന്നു. അയലത്തെ എന്റെ സമപ്രായക്കാർ ഏപ്പോഴും അവനെ കാണാൻ കൂടെ കൂടും. പോരുന്ന വഴിക്കു ഒരു തവള കുഞ്ഞിനെയോ, പരലിനെയോ പാടത്തുനിന്നും തപ്പിപ്പിടിക്കും. കിണറ്റുകരയിൽ നിന്ന് ഞാൻ ചൂളമടിക്കുമ്പോൾ ചേറൻ ജലനിരപ്പിൽ വന്നു തലകാട്ടും. തലകുത്തി ചാടുന്ന ഇരയെ വെള്ളത്തിൽ മുട്ടുന്നതിനു തൊട്ടുമുൻപ് ഒരു വലിയ ശബ്ദത്തോട് കൂടി വെട്ടി വായിലാക്കും. പിന്നെ വാല് ചുഴറ്റി ഓളങ്ങൾ ഉണ്ടാക്കി നാടകീയമായി അടിത്തട്ടിലേക്ക് ഊളിയിടും. കാണികൾ നോക്കിനിൽക്കെ, ഏതാനും നിമിഷങ്ങൾക്കുള്ളിൽ വെള്ളത്തിനടിയിൽ നിന്ന് ഒരു കൂട്ടം ചെറു കുമിളകൾ പുറത്തു വരും. ഇരയെ വിഴുങ്ങിയതിന്റെ അടയാളമാണത്. വീണ്ടും കാണാനുള്ള ആവേശത്തിൽ കൂടുതൽ ഇരയെ പിടിക്കാൻ എന്റെ കൂട്ടുകാർ പാടത്തേക്ക് ഓടും. ചേറൻ തന്റെ പ്രദർശനം വിരസതയില്ലാതെ ആവർത്തിക്കും.
സ്കൂൾ അവധിക്കു കൂട്ടുകാരുടെ എണ്ണം കൂടും. ഈർക്കിലി കുടുക്കുമായി തവള പിടുത്തം, തോട് അടച്ചു പരൽ, ചെമ്മീൻ, പള്ളത്തി, മുത്തി,പൂളോൻ മുതലായ ചെറുമീൻ പിടുത്തം, പുഴയിൽ കുളിക്കാൻ പോകുമ്പോൾ ഈരിഴ തോർത്ത് കൊണ്ട് പൊടിമീൻ തേവൽ. ഈ അദ്ധ്വാനഫലങ്ങൾ എല്ലാം തന്നെ ചെന്നു ചേർന്നത് കുടുംബ കിണറിലാണ് . ഒരു പരിധി കഴിയുമ്പോൾ ചേറൻ ചൂളംവിളികൾ അവഗണിക്കും. കുമിളകൾ വരാതാകും. ചേറനു അന്നത്തേക്കു വയറു നിറഞ്ഞു എന്നർത്ഥം. നാൽപ്പതു വരെ വെട്ടുന്ന ശബ്ദം ഞങ്ങൾ എണ്ണിയിട്ടുണ്ട്.
കിണറിലേക്കെറിഞ്ഞ തളർന്ന മീനുകൾ മിക്കവാറും സൂര്യനെ കാണാറില്ല. അതിരാവിലെ വെള്ളം കൊരാനെത്തുന്ന അമ്മാമ്മ ചത്ത് പൊങ്ങിയ ചെറു മീനുകളെ എടുത്തു കളയുന്നതിനിടക്ക് എന്നെ നോക്കി പേടിപ്പിക്കും. “കുരീലുകളെ ഇനി വീട്ടിൽ കേറ്റില്ല” എന്ന് ഭീഷണി മുഴക്കും. ചിലപ്പോൾ കോരിയ വെള്ളത്തിന് ചീഞ്ഞ മീനിന്റെ നാറ്റമുണ്ട് എന്ന് പറഞ്ഞു ഓക്കാനിക്കും.അമ്മാമ്മയെ ആശ്വസിപ്പിക്കാൻ ഉത്തരത്തിൽ ഭദ്രമായി പൊതിഞ്ഞു വച്ചിട്ടുള്ള പൊട്ടാസ്യം പെർമാംഗനേറ്റ് എടുത്ത് അപ്പാപ്പൻ ഒരു ബക്കറ്റ് വെള്ളത്തിൽ കലക്കി കിണറിലേക്കൊഴിക്കും. ഊതനിറമുള്ള ഈ ലായനി കുടിവെള്ളത്തിലെ എല്ലാ അണുക്കളെയും കൊല്ലുമെന്നാണ് വിശ്വാസം. പതുക്കെ ഇങ്ങനെ ഒരു സംഭവം നടന്നത് എല്ലാവരും മറക്കും. കുട്ടികൾ വീണ്ടും ചേറനെ തിരഞ്ഞു വരും.
ചേറന്റെ വലിപ്പത്തിനോടൊപ്പം, അവനെ വറുത്തു തിന്നാനുള്ള ഒരു തയ്യാറെടുപ്പും പിന്നണിയിൽ പുരോഗമിച്ചിരുന്നു. വർഷത്തിലൊരിക്കൽ കിണറ് വെടിപ്പാക്കുമ്പോൾ ചേറനെ പുറത്തെടുത്ത് വെള്ളം നിറച്ച ഒരു കുട്ടകത്തിലേക്കു മാറ്റും. പേടിച്ചരണ്ട്, കുട്ടകത്തിൽ മുട്ടി കിടക്കുന്ന, അവന്റെ തൂക്കം ഞങ്ങൾ വീട്ടുകാർ മനസ്സിൽ അളക്കും. ഇത്രയും വലിയ ഒരു വരാലിനെ അടുത്തയിടെ കണ്ടിട്ടില്ലെന്നു ഏറ്റുപറയും. അവനെ ഭക്ഷണമാക്കാം എന്ന ദുർബലനിർദ്ദേശങ്ങൾ പതിവ് പോലെ തോമ നഖശിഖാന്തം എതിർക്കും. തീരുമാനം അടുത്ത കൊല്ലത്തേക്ക് മാറ്റും. ഉടമസ്ഥാവകാശം വഴി അവസാനവാക്കായ വല്യപ്പന്റെ അയഞ്ഞ നിലപാടും,കുടുംബത്തിന്റെ വാത്സല്യാധിക്യവും പിന്നീട് ചേറന്റെ ആയുസു കൂട്ടി എന്നും പറയാം. എങ്കിലും വേനലിലെ ഈ ചടങ്ങു അടുത്ത പതിനഞ്ചു കൊല്ലം പല രീതിയിൽ തുടർന്നു.
നീണ്ട പതിനഞ്ചു വർഷക്കാലം ഒരുപിടി സംഭവങ്ങൾക്കു ചേറൻ സാക്ഷിയായി. പഠിക്കാനും പിന്നെ ജോലിയും ഒക്കെയായി വല്യപ്പൻ മറ്റു നഗരങ്ങളിലേക്ക് കുടിയേറി. തോമയുടെ കല്യാണം കഴിഞ്ഞു കുറച്ചകലെ വേറെ വീട്ടിലേക്കു പോയി.കോളേജിൽ പോയിത്തുടങ്ങിയ എനിക്ക് ചെറുമീൻ പിടിത്തത്തിൽ താല്പര്യം കുറഞ്ഞു. എന്റെ മുതിർന്ന ശീലങ്ങൾ ഒന്നും തന്നെ ചേറന് ഉപകാരപ്പെട്ടുമില്ല. കിണറിനു ചുറ്റും കല്ല് ഉയർത്തികെട്ടി മുകളിൽ ഇലകൾ വീഴാതിരിക്കാൻ ഒരു വലയും വിരിച്ചപ്പോൾ വല്ലപ്പോഴും വഴിതെറ്റി വീണ ചെറുജീവികൾ ആണ് ചേറന് നഷ്ടപ്പെട്ടത്. വെള്ളം കോരുന്ന കയറിന്റെ വാലറ്റം വെട്ടി വിശപ്പറിയിച്ച ചേറൻ പലപ്പോഴും മുന്‍ഗണന നഷ്ടപ്പെട്ടവനായി.
ചേറന്റെ ക്ഷേമം ഒരു വിഷമപ്രശ്‍നം ആയപ്പോൾ പിടിച്ച കുളത്തിൽ തന്നെ അവനെ തിരിച്ചു വിടാം എന്ന ഒരു ആലോചന ഉണ്ടായി. പക്ഷെ ചെറിയ കുളമായതുകൊണ്ടും, മനുഷ്യരോട് നന്നേ ഇണങ്ങിയത് കൊണ്ടും, മീൻ പിടിക്കാൻ നടക്കുന്ന ആരെങ്കിലും എളുപ്പത്തിൽ അവനെ കൈക്കലാക്കും. പുഴയിൽ വിടാം എന്നതായിരുന്നു വേറൊരു മാർഗ്ഗം. ആഴമുള്ള ,തീറ്റക്കും കുറവില്ലാത്ത പുഴയാണ്. പക്ഷെ ആ വേനലിൽ കിണറു തേവാൻ ആളെ കിട്ടിയില്ല.ചേറനെ കിണറിനു പുറത്തെടുത്തതുമില്ല. അടുത്ത വേനലിനു മുൻപ് ഞാൻ പോണ്ടിച്ചേരിക്കു പഠിക്കാൻ യാത്രയായി. ചേരന്റെ മോചനം വീണ്ടും മുൻഗണനാ പട്ടികയിൽ നിന്നും അപ്രത്യക്ഷമായി.
പോണ്ടിച്ചേരിയിൽ വച്ച് ആഴ്ചയിൽ ഒരിക്കൽ വീട്ടിലേക്കു വിളിക്കുന്ന ഒരു പതിവുണ്ട്. അങ്ങനെ ഒരു ശനിയാഴ്ച ബീച്ചിനടുത്തുള്ള ഹോട്ടൽ മാസ്സിൽ നിന്ന് വിളിച്ചപ്പോഴാണ് സങ്കടത്തോടെ അമ്മാമ്മ ആ വാർത്ത അറിയിച്ചത്. ” മോനെ കഴിഞ്ഞ ആഴ്ച ചേറൻ കിണറിൽ ചത്ത് പൊങ്ങി. ഒരു തൊട്ടിയിറക്കി അപ്പൻ അവനെ പുറത്തെടുത്തു. കണ്ടാൽ കഷ്ടം തോന്നും. ഉടൽ നന്നേ മെലിഞ്ഞിരുന്നു. ബാക്കി നിന്നത് ഒരു വലിയ തലയും നീണ്ട വാലും മാത്രം.” ആരെങ്കിലും തീറ്റ കൊടുത്തിരുന്നോ എന്ന് തിരക്കാനുള്ള ധൈര്യം വന്നില്ല. ഇരുപത്തഞ്ചോളം വയസായ ചേറൻ ഒരു പക്ഷെ വയസു വന്നു ചത്തതായിരിക്കാം.
തിരിച്ചു ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ ഇരുണ്ട ചാരനിറത്തിൽ, ചുവന്ന വലിയ കണ്ണുകളും, പുള്ളിയുള്ള ചിറകുകളും ഇളക്കി, മൂന്നടി നീളത്തിൽ നിന്ന് ഉച്ചവെയിൽ കായുന്ന ചേറൻ ആയിരുന്നു മനസ്സിൽ. കിണറിന്റെ നടുക്ക്, ചുവപ്പുവരകളാൽ അലംകൃതമായ വാലിളക്കി അവൻ സൗഹൃദം നടിക്കുമായിരുന്നു. ഒരു പക്ഷെ പുഴയിൽ വിട്ടിരുന്നെകിൽ അവൻ കുറച്ചു നാൾ കൂടി ജീവിച്ചേനെ. വന്യതയുടെ സ്വാതന്ത്രത്തിൽ ആദ്യം കണ്ടെത്തുന്ന സുഹൃത്തിനോട്, കൂട്ടിലകപ്പെട്ട ഒരു മൽസ്യായുസിന്റെ കഥകൾ നിരത്തിയേനെ. ജലനിരപ്പിൽ ശത്രു സന്ദേഹമില്ലാതെ ഒഴുകുന്ന തവളകളെ രുചിച്ചേനെ. പുഴയുടെ ആഴത്തിൽ ചേറടിഞ്ഞു കിടക്കുന്ന ഭാഗങ്ങളിൽ പ്രകൃതിയെ പുതഞ്ഞു സുഖമായി ഉറങ്ങിയേനെ.
അപ്പൻ കഥ നിറുത്തി കുട്ടിയെ നോക്കി വീണ്ടും പറഞ്ഞു.
കണ്ണാ. നൊമ്പരങ്ങള്‍ ബാക്കി വച്ചാണ് വെറും മൽസ്യമായ ചേറൻ പോയത്. ഉളവാക്കുന്ന വേദന തുല്യമെങ്കിൽ ജീവന്റെ വലിപ്പ ചെറുപ്പം അളക്കുന്നതിൽ എന്ത് ഔചിത്യം?.
പരിതാപം നിറഞ്ഞ മുഖവുമായി കുട്ടി എഴുന്നേറ്റു നടന്നു. ഓമന മത്സ്യത്തെ വേണ്ട എന്ന് പ്രഖ്യാപിച്ച് സ്വന്തം മുറിയിൽ കയറി വാതിലടച്ച് കരഞ്ഞു.
സൂപ്പർ !!!
നല്ല ഓർമ്മക്കുറിപ്പ് .വളരെ നന്നായി എഴുതി. വെരി ടച്ചിങ് . വീണ്ടും ezhuthuka.
ഗൃഹാതുരത്വം തൊട്ടുണർത്തുന്ന ശൈലി.ചേർത്തിരിക്കുന്ന ചിത്രവും വേറിട്ടത് തന്നെ. കാഥികൻ തന്റെ മാത്രമല്ല പുഴ മാഗസീന്റെയും യശസ്സ് ഉയർത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ!