വി എം ദേവദാസിന്റെ ചെപ്പും പന്തും എന്ന പുതിയ നോവൽ ഡി സി ബുക്ക്സ് പുറത്തിറക്കുന്നു.പന്നിവേട്ട എന്ന ഒറ്റ നോവലിലൂടെ തന്നെ വായനക്കരുടെ ഇടയിൽ സ്വന്തം ഇടം കണ്ടെത്തിയ കഥാകൃത്ത് ചെപ്പും പന്തും എന്ന പുതിയ നോവലിനെപ്പറ്റിയുള്ള വിചാരങ്ങൾ പങ്കുവെക്കുന്നു,
അചേതനവും പരസ്പര ബന്ധമില്ലാത്തതുമായ രണ്ട് വസ്തുക്കളാണ് ചെപ്പും പന്തും. എന്നാൽ അവ കൂടിച്ചേരുമ്പോൾ, ചരിത്രത്തിലെ തന്നെ ഏറ്റവും പഴയതും, എന്നാൽ ഇപ്പോഴും ഏവരെയും ആകർഷിക്കുന്നതുമായ ജാലവിദ്യ സംഭവിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിലെ മദ്രാസിൽ താമസിച്ചിരുന്ന ഉബൈദിന്റെയും, രണ്ടായിരത്തി പത്തുകളിലെ ചെന്നൈയിൽ താമസിക്കുന്ന മുകുന്ദന്റെയും ജീവിതമാണ് ചെപ്പും പന്തുമെന്ന നോവലെന്ന് ചുരുക്കി പറയാം. ചെപ്പും പന്തും എന്റെ മൂന്നാമത്തെ നോവലാണ്. ആദ്യ രണ്ട് നോവലുകൾക്കിടയിൽ വലിയ കാലയകലമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെപ്പും പന്തും എഴുതി പൂർത്തിയാകുന്നത്. ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായ വർഷങ്ങളായിരുന്നു ആ വിധം കടന്നു പോയത്. അതിനിടെ പലപ്പോഴായി കുറിച്ചു വച്ചതും ഉപേക്ഷിക്കപ്പെട്ടതും ആയവയിൽ നിന്ന് തനിയെ ഉയർന്നു വന്ന കഥാപാത്രങ്ങളെയും ഇടങ്ങളെയും രേഖപ്പെടുത്താനുള്ള ആ ശ്രമം വിഫലമായില്ലെന്ന് കരുതുന്നു. അങ്ങനെയൊടുക്കം ചെപ്പും പന്തും പൂർണ്ണരൂപത്തിൽ ഒരുക്കപ്പെട്ടു.
അത്ഭുതങ്ങളേതുമില്ലാത്ത വിധം സാധാരണമായ നിത്യകര്‍മ്മങ്ങളാൽ ചുറ്റിലുമുള്ളവരെയും തന്നെയും തിരിച്ചറിയപ്പെടാതെ അപരജീവിതം നയിച്ച് ലോകമെമ്പാടുമുള്ള മഹാനഗരങ്ങളിൽ ഉപജീവനം നടത്തവേ ആയുസ്സൊടുങ്ങുകയോ അപ്രത്യക്ഷരാകുകയോ ചെയ്യുന്ന മനുഷ്യർക്കാണ് നോവലിസ്റ്റ് കൃതി സമർപ്പിച്ചിരിക്കുന്നത്.