ചെപ്പ്

തിരയാറുണ്ട് ഞാനിപ്പോളും
കൗമാരത്തിന്റെ പടികളേറവെ
അറിയാതെ കളഞ്ഞുപോയ
ബാല്യത്തിന്റെ ചെപ്പ്.
അതിലുണ്ടായിരുന്നെന്റെ
അടങ്ങാത്ത കൗതുകങ്ങള്‍.
ഒടുങ്ങാത്ത കളിചിരികള്‍
കുസൃതിയും കുറുമ്പും ,
അപ്പുപ്പന്‍താടിയുടെ വെണ്മപോലെ
കറപുരളാത്ത ചേതന ,
കുന്നിക്കുരുവിന്റെ ചുവപ്പുപോലെ
നിര്‍മ്മലമായ സ്നേഹം ,
ജാതിഭേദങ്ങളറിയാത്ത
സൗഹൃദഭാവങ്ങള്‍,
പിണക്കങ്ങളെ എളുപ്പത്തില്‍
മായ്ക്കുമൊരു മായാമഷിത്തണ്ട് ,
കൊച്ചുസ്വപ്നങ്ങള്‍ ചാലിച്ച
ചായങ്ങള്‍ ,
അവധിക്കാലങ്ങള്‍ കൊഴിച്ച
മാമ്പഴങ്ങളുടെ ഗന്ധം.
കുടയെ മറന്നു നനഞ്ഞ
മഴയുടെ കുളിര്.
തൊടിയിലെ തുമ്പികള്‍
തമ്മില്‍ പറഞ്ഞ സ്വകാര്യങ്ങള്‍.

തോട്ടിലെ പൊടിമീനുകള്‍
കാല്‍പാദങ്ങളില്‍
ഇക്കിളിചുംബനങ്ങളേകിയ അനുഭൂതി,
കൂവി തോല്‍പ്പിച്ചതിന്
കുയിലമ്മ സമ്മാനിച്ച ശ്രുതിപ്പെട്ടി ,
അങ്ങനെയങ്ങനെ എന്തെല്ലാം.
ഇനിയൊരിക്കലും തിരികെ
കിട്ടില്ലെനിക്കാ അരുമയാം
ചെപ്പെന്നറിയാമെങ്കിലും ഇന്നുമുണ്ടെന്റെയുള്ളില്‍
കൈമോശം വന്നവന്റെ
നിരാശയെ തിരഞ്ഞ്, കണ്ടുകിട്ടിയൊരാള്‍
എത്തുമെന്ന വ്യര്‍ത്ഥ പ്രതീക്ഷ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

3 COMMENTS

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here