മലയാളത്തിന്റെ പ്രിയ കവി ചെമ്മനം ചാക്കോ കടന്നു പോകുമ്പോൾ അദ്ദേഹത്തിന്റെ സ്നേഹമധുരമായ ഓർമ്മകൾ ബാക്കിയാവുന്നു..എന്നും എന്റെയും പ്രിയപ്പെട്ട കവിയായിരുന്നു ചെമ്മനം. പ്രീ ഡിഗ്രി ക്ളാസ്സിൽ അദ്ദേഹത്തിന്റെ ‘’രക്തദൂഷ്യം’’ എന്ന കവിത പഠിക്കുമ്പോൾ തുടങ്ങിയ ആ ആത്മബന്ധം അദ്ദേഹം മരിക്കുവോളം തുടർന്നു.’’ഡിസ്ചാർജ്ജു ചെയ്തിട്ടും ഹാ പോകുന്നതില്ല രോഗി,ബസ്ചാർജ്ജ് നൽകാമെന്ന് പറഞ്ഞിട്ടും കിടപ്പത്രേ’’. ആ കവിതയിലെ വരികൾ ഇപോഴും ഓർമ്മയുണ്ട്. അവസാനമാണ് മനസ്സിലാവുന്നത്,ആ രോഗിക്ക് കുത്തി വെച്ച രക്തം ഒരു മന്ത്രിയുടെതായിരുന്നുവത്രെ,അതു കൊണ്ടാണ് അദ്ദേഹത്തിന് കട്ടിൽ വിട്ടൊഴിയാൻ ഒരു മടി.
പിന്നീട് അദ്ധ്യാപക പരിശീലന സമയത്ത് പഠിപ്പിക്കാൻ തിരഞ്ഞെടുത്തത് അന്ന് എട്ടാം ക്ളാസ്സിൽ പഠിക്കാനുണ്ടായിരുന്ന അദ്ദേഹത്തിന്റെ ‘’മമ്മി’’ എന്ന കവിതയായിരുന്നു.മലയാള ഭാഷയുടെ പ്രസക്തിയും പ്രാധാന്യവും എടുത്തു കാണിക്കുന്ന ഒരു കവിതയായിരുന്നു അത്. മരിക്കാൻ സമയമായിട്ടും മരിക്കാതെ കിടക്കുകയാണ് മുത്തശ്ശി. ഒടുവിലാണ് കാര്യംമനസ്സിലായത്.കാണാൻ വരുന്ന മക്കളും ചെറുമക്കളുമൊക്കെ ‘’മമ്മീ ഡിയർ മമ്മീ.ഗ്രാൻ മമ്മീ..എന്നൊക്കെയാണ് മുത്തശ്ശിയെ വിളിക്കുന്നത്,ആരെങ്കിലും’’മുത്തശ്ശീ’’ എന്ന് മാതൃഭാഷയിൽ ഒന്ന് വിളിക്കുന്നത് കേട്ടിട്ട് മരിക്കാൻ വേണ്ടിയാണ് അവർ കാത്ത് കിടക്കുന്നത് ’’അമ്മയെന്നൊരു വാക്കു വിളിക്കുന്നതു കേട്ടു
ജൻമമൊന്നൊടുങ്ങുവാൻ മക്കളേ കൊതിപ്പു ഞാൻ..’’
‘’ആളില്ലാക്കസേരകൾ’’ എന്ന ചെമ്മനത്തിന്റെ കവിത ഏറെ പ്രശസ്തമാണല്ലോ?കാര്യങ്ങൾ നടത്തിക്കിട്ടാൻ വേണ്ടി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന സാധാരണക്കാർന്റെ ദുരിതങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടാൻ ആ കവിത അവസരമൊരുക്കി.ആ കവിതയുടെ കോപ്പി എല്ലാ സർക്കാർ ഓഫീസുകളിലേക്കും അന്നത്തെ ചീഫ് സെക്രട്ടറി അയച്ചു കൊടുത്തു എന്ന് പറയുമ്പോൾ സമൂഹത്തിൽ ആ കവിതയുണ്ടാക്കിയ അനുരണനങ്ങൾ എത്ര മാത്രമാണെന്ന് പറയേണ്ടതില്ലല്ലോ?’’മോളിലായ് കറങ്ങുന്നു പങ്കകൾ,താഴെയെങ്ങുമാളില്ലാ കസേരകൾ,പ്യൂണില്ലാക്കാവാടങ്ങൾ’’ എന്ന അവസ്ഥയിൽ നിന്നും ഒരു മാറ്റമുണ്ടാകാൻ ചെമ്മനത്തിന്റെ ആ കവിതയും ഒരു പങ്കു വഹിച്ചിട്ടുണ്ട്.
‘’ഒടിഞ്ഞ വില്ല്’’ എന്ന കവിതയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ട്തില്ല,നമ്മുടെ വിദ്യാഭ്യാസ രംഗത്തെ നിലവാരമില്ലായ്മ എത്ര ഭംഗിയായി ചെമ്മനം ആ കവിതയിലൂടെ വരച്ചു കാട്ടി. ത്രയ്യംബകം വില്ലൊടിച്ചതാരെന്ന ചർച്ചയിലൂടെ രസകരമായി ആ ചിത്രം അദ്ദേഹം വരച്ചിടുന്നു.ആരാണ് വില്ലൊടിച്ചതെന്ന് സ്ക്കൂളിൽ പരിശോധനയ്ക്ക് വന്ന എ.ഇ.ഒ.യുടെ ചോദ്യത്തിന് ‘’ഞാനല്ല സാർ’’ എന്ന് കുട്ടിയുടെ മറുപടി.അവനങ്ങനെയൊന്നും ഒടിക്കുന്ന ആളല്ല എന്ന് അധ്യാപകൻ,താൻ വന്നിട്ട് വിദ്യാലയത്തിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പ്രധാനാദ്ധ്യാപകൻ.ഒടുവിൽ സർക്കാരിലേക്ക് റിപ്പോർട്ട് പോയി.ബീ കെയർഫുൾ,വില്ല് ആരുടെതെന്ന് അറിയും വരെ സ്റ്റോറിൽ തന്നെ സൂക്ഷിക്കുവാൻ അവിടെ നിന്ന് മറുപടി..അങ്ങനെ എത്രയെത്ര കവിതകൾ ആ തൂലികത്തുമ്പിൽ നിന്നും ഉതിർന്നു വീണു മലയാളത്തെ സമ്പന്നമാക്കി.
എന്റെ രണ്ടാമത്തെ നർമ്മകഥാസമാഹാരമായ ‘’പങ്കൻസ് ഓൺ കൺട്രി’’യുടെ അവതാരിക എഴുതാൻ വേണ്ടിയാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ സമീപിക്കുന്നത്.വിമർശഹാസ്യത്തിലെ അതികായനായ അദ്ദേഹത്തോട് ഒരു തുടക്കക്കാരനായ എനിക്ക് അവതാരിക ചോദിക്കാൻ എങ്ങനെ ധൈര്യം വന്നുവെന്ന് ഇന്നുമെനിക്കറിയില്ല. ആഗ്രഹങ്ങളണല്ലോ മനുഷ്യനെക്കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നത്.ആദ്യമൊക്കെ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലുംഞാൻ വിടാതെ പിടികൂടി..കാരണം എനിക്ക് അവതാരിക എഴുതി തന്നില്ലെങ്കിൽ അദ്ദേഹത്തിന് ഒന്നും നഷ്ടപ്പെടാനില്ല. പക്ഷേ എനിക്ക് അത് കിട്ടിയാൽ എന്തൊക്കെ നേടാനുണ്ട്. ഞാനയച്ചു കൊടുത്ത കഥകൾ വായിച്ചു നോക്കിയ ശേഷം വീട്ടിൽ ചെല്ലാൻ പറഞ്ഞു. എന്റെ മനസ്സിലുണ്ടായ സന്തോഷം വാക്കുകൾ കൊണ്ടൊന്നും വർണ്ണിച്ചു തീർക്കാൻ കഴിയില്ല.
കാക്കനാട് പടമുകളിൽ ചെമ്മനം ജംഗ്ഷനിൽ{അദ്ദേഹം അവിടെ താമസിക്കാൻ എത്തിയപ്പോൾ തൃക്കാക്കര മുനിസിപ്പാലിറ്റി ആ റോഡിന് ‘’ ചെമ്മനം ജംഗ്ഷനെ’ന്ന് പേരിട്ടു} ‘’ചെമ്മനം’’ വീട്ടിൽ എത്തുമ്പോൾ അദ്ദേഹവും പ്രിയതമയും അവിടെയുണ്ട്.അമൃത ആശുപത്രിയിൽ ഡോക്ടറായ മകൾ അടുത്ത വീടിൽ താമസിക്കുന്നു.ഒരു മകൾ ഇംഗ്ളണ്ടിലാണ്. കുറച്ചു നാൾ അവിടെ താമസിക്കാൻ പോയ കാലത്ത് മകളും മരുമകനുമൊക്കെ ജോലിക്ക് പോകുമ്പോൾ ഒറ്റയ്ക്കായ വിരസത മാറ്റാൻ വേണ്ടിയാണ് തന്റെ കവിതകളിലെ ആശയങ്ങൾ ലേഖന രൂപത്തിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഇത് പിന്നീട് നാലു വിമർശ ഹാസ്യ സമാഹാരങ്ങളായി പ്രസിദ്ധീകരിച്ചു.
അദ്ദേഹം എഴുതി വെച്ചിരുന്ന അവതാരിക എന്നോട് വായിക്കാൻ പറഞ്ഞു.പിന്നെ ആവശ്യമായ തിരുത്തലുകൾക്ക് ശേഷം അതിന്റെ തലക്കെട്ടും അദ്ദേഹം തന്നെ പറഞ്ഞുതന്നു..’’മണ്ണഞ്ചേരിക്കുമുണ്ട് നാഴിയിടങ്ങഴി മണ്ണ്..’’. ഏതായാലും അത് ഐശ്വര്യമായ ഒരു അവതാരികയായിരുന്നു.പിന്നീട് എന്തെങ്കിലും നർമ്മം എഴുതാനും കുറച്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും സാഹിത്യത്തിൽ അദ്ദേഹം പറഞ്ഞതു പോലെ നാഴിയിടങ്ങഴി മണ്ണെങ്കിലും സ്വന്തമാക്കാനും കഴുഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും ആ പ്രോൽസാഹനം അതിനൊരു കാരണമായെന്നതിൽ ഒരു സംശയവുമില്ല.
പുസ്തകപ്രകാശനത്തിന് അദ്ദേഹത്തെ വിളിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.പ്രകാശനത്തിന് ശേഷം പുസ്തകം നൽകാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ പുസ്തകപ്രകാശനത്തിന് വരാൻ താൽപര്യമുണ്ടായിരുന്നെന്ന തരത്തിൽ അദ്ദേഹം സംസാരിച്ചപ്പോൾ എനിക്ക് പ്രയാസമായി’’സാറിനെ മനപ്പൂർവ്വം അറിയിക്കാതിരുന്നതല്ല..’’..ഞാൻ പറഞ്ഞു തീരും മുമ്പ് തന്നെ സാറിന്റെ മറുപടി വന്നു..’’മനപ്പൂർവ്വം എന്നെ അറിയിക്കേണ്ടായിരുന്നു..’’
അന്ന് ഞാൻ മനസ്സിൽ കുറിച്ചു .ഇനി എന്റെ പുസ്തകം പ്രകാശനം ചെയ്യുന്നെങ്കിൽ അത് ചെമ്മനം ചേട്ടനായിരിക്കും[സാറെന്ന് വിളിക്കേണ്ട,ചേട്ടൻ എന്ന് വിളിച്ചാൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്,കത്തെഴുതുമ്പോഴും അവസാനം ഒപ്പിട്ട ശേഷം ചെമ്മനം ചേട്ടൻ എന്നാണ് എഴുതാറുണ്ടായിരുന്നത്.}പിന്നീട് എന്റെ നാട്ടിലെ ഞാൻ ഏറെ നാൾ ലൈബ്റേറിയനായി പ്രവർത്തിച്ച മണ്ണഞ്ചേരി വൈ.എം.എ. ഗ്രന്ഥശാല സംഘടിപ്പിച്ച ചടങ്ങിൽ വന്ന് എന്റെ രണ്ട് പുസ്തകങ്ങൾ അദ്ദേഹം പ്രകാശനം ചെയ്തു.അത് പ്രൗഡഗംഭീരമായ ഒരു ചടങ്ങായിരുന്നു. ഞങ്ങളുടെ മണ്ഡലത്തിലെ എം.എൽ.എ.കൂടിയായ മന്ത്രി തോമസ് ഐസക്കിന് നൽകിയാണ് അദ്ദേഹം പ്രകാശനം ചെയ്തത്.
അതിനിടയിൽ എന്റെ ഒരു ബാലസാഹിത്യ നോവലിന് പാലാ കെ.എം.മാത്യൂ അവാർഡ് ലഭിച്ചു.’’സ്നേഹതീരങ്ങളിൽ’’എന്ന ആ നോവൽ ‘’സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ’ എന്ന പേരിൽ കുട്ടികളുടെ സിനിമയായപ്പോൾ അതിൽ ചെമ്മനത്തെക്കൂടി അഭിനയിപ്പിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.മടിച്ചു മടിച്ചാണ് ഞാൻ അത് പറഞ്ഞത്,എങ്കിലും സ്നേഹത്തോടെ അതും അദ്ദേഹം സമ്മതിച്ചു. എറണാകുളത്തു നിന്ന് അമ്പലപ്പുഴയിൽ വന്ന് ഒരു ദിവസം മുഴുവൻ ക്ഷമാപൂർവ്വം ഷൂട്ടിംഗിൽ പങ്കെടുത്തു,അതും അദ്ദേഹത്തിന്റെ തൊണ്ണൂറാമത്തെ വയസ്സിൽ..
പിന്നീട് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത് എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ആ ചിത്രത്തിന്റെ ആഡിയോ കാസറ്റ് റിലീസ് വന്നത്.ഒടുവിൽ ചെമ്മനം സാറിനെ തന്നെ അതിനും വിളിക്കാൻ തീരുമാനിച്ചു.ഇത്തവണയും അദ്ദേഹം വന്നു,അമ്പലപ്പുഴ കുഞ്ചൻ സ്മാരകത്തിൽ നടന്ന ആ ചടങ്ങ് അവിസ്മരണീയമാക്കി.താൻ സിനിമയിൽ അഭിനയിക്കുന്നു എന്ന് പത്രവാർത്തകൾ വന്നതിനെ തുടർന്നുണ്ടായ രസകരമായ അനുഭവങ്ങൾ പങ്കുവെച്ചു.ഒരു മുടി പോലും തൊണ്ണൂറാം വയസ്സിലും നരക്കാത്തതിനെപ്പറ്റി അദ്ദേഹം പറഞ്ഞു,’’അതിനെപ്പറ്റി എന്നോടല്ല നിങ്ങൾ ചോദിക്കേണ്ടത്,ഗോദ്റേജ് കമ്പനിയോടാണ്!’’
മലയാളത്തോടുള്ള സ്നേഹം ചെമ്മനത്തിന്റ പല കവിതകളിലും കാണാം.കവിതയിൽ മാത്രമല്ല ജീവിതത്തിലും അക്കാര്യത്തിൽ വളരെ ശ്രദ്ധാലുവായിരുന്നു അദ്ദേഹം.ഭരണഭാഷാ വാരാചരണത്തോട് അനുബന്ധിച്ചുള്ള ഒരു ചടങ്ങിൽ ചെമ്മനം പറഞ്ഞത് മലയാളത്തിൽ എഴുതാത്ത ഉദ്യോഗസ്ഥരുടെ തല മൊട്ടയടിക്കണം എന്നാണ്.സമൂഹത്തിലെ അനീതികൾക്കെതിരെയും അധർമ്മങ്ങൾക്കെതിരെയും പൊരുതിയപ്പോൾ ചെമ്മനം കക്ഷി രാഷ്ട്രീയം നോക്കിയില്ല.അതു കൊണ്ട് തന്നെ ചിലരൊക്കെ അദ്ദേഹത്തെ തെറ്റിദ്ധരിച്ചിട്ടുമുണ്ട്.പിന്നീട് പലരും തെറ്റിദ്ധാരണ മാറ്റി സുഹൃത്തുക്കളായിട്ടുമുണ്ട്.കുഞ്ചൻനമ്പ്യാർക്കു ശേഷം മലയാളത്തിൽ ആക്ഷേപഹാസ്യത്തെ[ചെമ്മനത്തിന്റെ ഭാഷയിൽ വിമർശഹാസ്യം] ഇത്ര ഫലപ്രദമായി വിനിയോഗിച്ച മറ്റൊരു കവിയില്ല.അതു കൊണ്ടു തന്നെ അദ്ദേഹത്തെ ആധുനിക കുഞ്ചൻനമ്പ്യാരെന്ന് വിളിക്കുന്നത് അക്ഷരാർത്ഥത്തിൽ തന്നെ ശരിയാണ്. ആ വിയോഗം അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും മലയാളസാഹിത്യത്തിനും തീരാനഷ്ടം തന്നെയാണ്..