“ ഞാനിന്നലെ ഒരുപാട് വിളിച്ചു.. നീ നല്ല ഉറക്കമായിരുന്നു..അത്രേം ദൂരം വണ്ടിയോടിച്ച് വന്ന ക്ഷീണം കാരണം ഞാനും നേരത്തെ ഉറങ്ങി.. സമയം പോയത് അറിഞ്ഞില്ല..ഇപ്പോ തുടങ്ങും ചീത്ത..! നീ നേരത്തെ എഴുന്നേറ്റിട്ടുണ്ടേൽ എന്നെ വിളിക്കായിരുന്നില്ലേ..”
ഇതെല്ലാം കേട്ട് കൊണ്ടിരുന്ന ഉമ്മ അവൻ ശ്രദ്ധിക്കാൻ വേണ്ടി കതകിൽ മുട്ടി..
“ ഹാ ഉമ്മാ..”
“നീ ആരോടാ സംസാരിക്കുന്നത്??”
“ഞാനോ.. ഏയ് അത് ഫോണിലായിരുന്നു..”
“ഫോൺ അവിടെ ചാർജ്ജ് ചെയുന്നുണ്ടല്ലോ..”
“ഹാ. അത്.. ബ്ലുട്ടൂത്ത് ആണു ഉമ്മാ..”
“ഹും.. ചായ കുടിക്കണ്ടേ നേരം ഒരുപാടായി.. താഴോട്ട് വാ”
എന്നും പറഞ്ഞ് ഉമ്മ താഴോട്ട് ഇറങ്ങി.. ഉമ്മാക്ക് അവൻ പറഞ്ഞത് അത്ര വിശ്വാസമായിട്ടില്ല എന്ന് മുഖത്ത് പ്രകടമായിരുന്നു..
താഴെ എത്തി പ്രഭാത ഭക്ഷണം ഒരുക്കി വെക്കുന്നതിനിടയിൽ ആണു അവന്റെ ഉപ്പയുടെ വരവ്..നേരെ വന്ന് കൈ കഴുകി ഭക്ഷണം കഴിക്കാനായി ഇരുന്നു..
“ അവൻ എഴുന്നേറ്റില്ലേ..?”
“ ഹാ വരുന്നുണ്ട് ..”
“ അവൻ ഇന്നലെ നേരം വൈകിയാണു വന്നത് അല്ലേ.. നീ ഒറ്റയൊരുത്തിയാണു അവനെ വെടക്കാക്കുന്നത്.. എത്രയത്ര നല്ല ഇന്റർവ്വ്യൂസ് വന്നതാ.. അവന്റെ പുന്നാരത്തിനൊത്ത് തുള്ളാൻ തളളയും..”
“ഒന്ന് പതുക്കെ പറ.. അവൻ കേൾക്കും..”
“ഹ്മ്മ്..”
“അതേയ്.. എനിക്ക് ഒരു കാര്യം പറയാനുണ്ട്..”
“എന്താ??”
“കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു.. അവനു എന്തൊക്കെയോ മാറ്റങ്ങൾ..ആകെ അലസമായ പോലെ..പലപ്പോഴും അവൻ മറ്റാരോടോ എന്തൊക്കെയോ പറഞ്ഞോണ്ടിരിക്കുന്നത് കാണാം പെട്ടെന്ന് കയറിചെന്നാൽ..ആ ബാൽക്കണിയിൽ ഉണ്ടാകും എപ്പോഴും..”
“ എന്താ വല്ല പ്രേമവും എങ്ങാനും ആണോ.. അവനോട് ആദ്യം ഒരു ജോലി തരപ്പെടുത്താൻ പറയ് എന്നിട്ടാവാം കിന്നരിക്കൽ..”
“ഇതങ്ങനെയല്ലാ.. അവൻ ഒറ്റക്ക് സംസാരിക്കുന്നതാ ഞാൻ എപ്പോഴും കാണാർ.. ചോദിക്കുമ്പോൾ എന്തേലും ഒക്കെ പറഞ്ഞ് ഒഴിഞ്ഞ് മാറും.. എനിക്ക് എന്തോ പേടിയാകുന്നു..”
“ഒറ്റക്കോ.??”
“അതേ.. ഒന്ന് രണ്ട് വട്ടം അല്ല.. പല ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്നു.. അന്നുണ്ടായ കാര്യങ്ങൾ ഒക്കെ അവൻ ആരോടോ പറഞ്ഞ് കൊണ്ടിരിക്കാ.. പള്ളിക്കാടിന്റെ അടുത്തൂടെയല്ലേ നമ്മുടെ വീട്ടിലേക്കുള്ള പോക്കും വരവും.. അവന്റെ റൂം ആണേൽ പള്ളിക്കാടിനു നേരെയാണു.. എനിക്കെന്തോ പേടിയാകുന്നു.. എന്റെ കുട്ടിക്ക് എന്ത് ബാധയാണാവോ പടച്ചോനേ കേറിയിരിക്കുന്നേ.”
“നീയൊന്ന് അടങ്ങ് ഞാൻ ഒന്ന് നോക്കട്ടെ.. കരയണ്ട.. ഒന്നും ഉണ്ടാകില്ല”
പെട്ടെന്നായിരുന്നു അവന്റെ വരവ്.. ഒരു സലാം പറഞ്ഞ് നേരെ വന്ന് ഇരുന്നു..
“ എന്താ ഉമ്മാ ഇങ്ങൾ എന്നെ ആദ്യായിട്ട് കാണുന്ന പോലെ നോകുന്നേ..”
“ഏയ്..ഒന്നുല്ല്യ.”
ശേഷം ഉപ്പ തുടർന്നു..
” ജോലിയുടെ കാര്യം പിന്നെ എന്തേലും ആയോ..??”
“ഇല്ല.”
“ഹ്മ്മ്..”
“എന്താ മോനേ അന്റെ മുറിയുടെ കോലം..ഒന്ന് വൃത്തിയാക്കിക്കൂടെ..എന്നെക്കൊണ്ട് എന്തായാലും നീ അത് ചെയ്യിക്കുന്നില്ല..എന്നാൽ നിനക്കെങ്കിലും അത് ചെയ്തൂടെ..നീയെന്തിനാ ആ ചെമ്പകപൂവ് ഇങ്ങനെ പെറുക്കി കൊണ്ട് വന്ന് മുറിയിൽ വെക്കുന്നെ..ഒന്നാകെ ചീഞ്ഞ് മുറിയിലേക്ക് കടക്കാനെ കഴിയുന്നില്ല..ഇപ്പോഴും ആ പഴയ ശീലം മാറ്റിയിട്ടില്ല..ചെറിയ കുട്ടിയാണെന്നാ വിചാരം..”
“ഭക്ഷണം കഴിക്കുമ്പോ എങ്കിലും ഒരു സമാധാനം താ ഉമ്മാ..”
എന്നും പറഞ്ഞ് ദേഷ്യത്തോടെ ഭക്ഷണപാത്രം നീക്കി വെച്ച് അവൻ എഴുന്നേറ്റ് പോയി. ഉമ്മ പറഞ്ഞതൊക്കെ ശരിയാണു എന്ന മട്ടിൽ ഉപ്പ ഉമ്മയുടെ മുഖത്തേക്ക് നോക്കി..ഉപ്പയുടെ മുഖത്ത് പരിഭ്രാന്തിയുടെ നിഴൽ വീണു..
വെള്ളിയാഴ്ച്ച പള്ളിയിൽ നിന്ന് ഇറങ്ങി ചെരുപ്പ് ഇട്ടോണ്ടിരിക്കുമ്പോൽ ഒരാൾ വന്ന് ഉപ്പയോട് സംസാരിച്ചു
“അസ്സലാമു അലൈക്കും”
“വ അലൈകുമുസ്സലാം.”
“ഇങ്ങളെ മകൻ അല്ലേ ആ പള്ളിക്കാട്ടിലേക്ക് പോകുന്നത്..ഞാൻ കുറേ ദിവസമായി ശ്രദ്ധിക്കുന്നു..നിങ്ങളെ ആരെങ്കിലും ഇവടെ അടക്കിയിട്ടുണ്ടോ..? നിങ്ങൾ ഈ മഹല്ല് കാരല്ലല്ലോ അതോണ്ട് ചോദിച്ചതാ..”അവൻ പള്ളിക്കാടിന്റെ അറ്റത്തേക്ക് നടന്ന് നീങ്ങുന്നത് പരിഭ്രാന്തിയോടെ നോക്കിയ ഉപ്പ അയാളോട് എന്ത് മറുപടി പറയും എന്ന് അറിയാതെ പകച്ച് നിന്നു..
“അത്..അത് അവിടെ ഒരു ചെമ്പകമരം ഇല്ലേ..അതിന്റെ പൂവ് അവനു ഭയങ്കര ഇഷ്ടാ..അത് പെറുക്കാൻ ആവും..”
” ഓഹ്..ഇത്രയും വല്ലിപ്പം വെച്ചിട്ട് ഇപ്പോഴും പൂവ് പറിച്ചോണ്ട് നടക്കുകയാണോ..ആളും മനുഷ്യനും ഇല്ലാത്ത ഏരിയ ആണു..ശ്രദ്ധിക്കാൻ പറഞ്ഞേക്ക്..കാട് വെട്ടാനും ആൾക്കാരെ കിട്ടാനില്ല..”
“എന്നാ ശെരി..”
ഇത് പറഞ്ഞ് ഉപ്പ വീട്ടിലോട്ട് നടന്നു..പള്ളിയോട് ചേർന്ന് തന്നെയാണു അവരുടെ വീടും..വീടെത്തും വരെ ഉപ്പയുടെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ആയിരുന്നു..അവൻ എന്തോ കണ്ട് പേടിച്ച് കാണും..എന്തോ ബാധ കയറിയതാവും..അതുമല്ലെങ്കിൽ ആ പൂവുകൾ അവനിഷ്ടപ്പെടുന്ന എതോ പെൺക്കുട്ടിക്ക് നൽകാൻ ആവും..അങ്ങനെ പല പല ചിന്തകൾ മനസ്സിൽ കേറാൻ തുടങ്ങി..
“ഉപ്പാ..അവനെവിടെ..”
പെട്ടെന്നാണു അവന്റെ ഉറ്റ കൂട്ടുകാരൻ വന്നത്..
“മുകളിലുണ്ട്..”
“ഒന്ന് വിളിക്കുമോ.”
“ആഹ്…പിന്നെ മോനേ..ഒരു കാര്യം ചോദിക്കാനുണ്ട്..ഇങ്ങ് കേറി വാ..”
“എന്താ ഉപ്പാ..”
“അവനു ഏതേലും പ്രേമവും മറ്റോ ഉണ്ടോ..ഉണ്ടേൽ നമുക്ക് അത് നടത്തി കൊടുക്കാലോ..”അവൻ സംസാരിക്കുന്നതും പൂക്കൾ കൊടുക്കുന്നതും ആരോടാണു എന്നറിയാൻ അവന്റെ ഉപ്പ കൂട്ടുകാരനോട് ചോദിച്ചു..
പൊട്ടിച്ചിരിച്ച് കൊണ്ട് കൂട്ടുകാരൻ മറുപടി നൽകി..
” ഹ ഹാ എന്താ ഉപ്പാ ഇങ്ങക്ക്..അവനു പ്രേമമോ..പത്ത് പതിനഞ്ചു കൊല്ലം ആയി അവന്റെ കൂടെ ഞാൻ..പ്രേമം പോയിട്ട് ഒരു പെണ്ണിന്റെ മുഖത്തേക്ക് നോക്കാൻ പോലും ഇങ്ങളെ മോനു പേടിയാണു..ഇങ്ങൾ ബ്രോക്കറോട് പറഞ്ഞ് വേറെ പെണ്ണു നോക്കിക്കോളീം..”
ഉപ്പയുടെ മനസ്സിൽ വീണ്ടും പരിഭ്രാന്തിയുടെ തീചൂള ആഞ്ഞടിച്ചു..അത്മസുഹൃത്ത് ഇത്രയും തറപ്പിച്ച് പറയണം എങ്കിൽ അങ്ങനെ ഒരു പെണ്ണോ പ്രേമമോ ഇല്ലാ എന്ന് ഉറപ്പിക്കാം..എങ്കിൽ പിന്നെ ഇത് മറ്റെന്തോ ആണെന്ന് ഉറപ്പിച്ചു ഉപ്പ നിശബ്ദനായി..
പെട്ടെന്നാണു അവന്റെ മുറിയിൽ നിന്ന് ഒരു ശബ്ദം കേട്ടത്..
പേടിച്ച് വിരണ്ട ഉപ്പയും കൂട്ടുകാരനും അവിടേക്ക് ഓടി.
എന്തോ സംഭവിച്ചു എന്ന ഭീതിയിൽ അവന്റെ മുറി ലക്ഷ്യമാക്കി അവർ ഓടി..അവിടെ എത്തിയപ്പോഴാണു അവന്റെ ഉമ്മ അവിടെ നിന്ന് കരയുന്നത് കണ്ടത്..
“എന്താ..എന്താ പറ്റിയെ..”
അവന്റെ ഉമ്മ നിർത്താതെ കരയുക തന്നെ..
“എന്താണെന്ന് പറ..”
ആ സമയം അവന്റെ കൂട്ടുകാരൻ അവന്റെ ഡോർ മുട്ടുന്നുണ്ട്..
“ഡാ തുറക്ക് ഞാനാണു…വാതിൽ തുറക്ക്..”
മറുപടിയൊന്നുമില്ല..
“എന്താ പറ്റിയതെന്ന് പറ ആളെ പേടിപ്പിക്കാതെ..”
” ഇങ്ങളൊക്കെ പള്ളിയിൽ പോയ സമയം ഞാൻ അവന്റെ മുറിയിൽ കേറി..അലങ്കോലമായതൊക്കെ അടുക്കി വെച്ചു..ഒരുപാട് ഡ്രസ്സ് അലക്കാനുണ്ടായിരുന്നു..ആ കൂട്ടത്തിൽ അവൻ ആ പൂവൊക്കെ ഇട്ടിരുന്ന കൊട്ട ഞാൻ എടുത്ത് കളഞ്ഞു..അത് അവൻ അറിഞ്ഞപ്പോൾ എന്റെ നേരേക്ക് വന്നു..ഒരു ഭ്രാന്തനെ പോലെ..അടുക്കളയിലെ പാത്രങ്ങൾ ഒക്കെ എടുത്ത് എറിഞ്ഞു…എനിക്ക് പേടിയാകുന്നു ഇക്കാ..”എന്നും പറഞ്ഞ് അവന്റെ ഉമ്മ ഉറക്കെ കരയാൻ തുടങ്ങി..മകന്റെ അവസ്ഥ കണ്ട് ഉപ്പയുടെ കണ്ണിൽ നിന്നും കണ്ണീരിറ്റി..
“ഡാ ഇത് ഞാനാടാ..വാതിൽ തുറക്ക്…”
കൂട്ടുകാരൻ ഇപ്പോഴും വാതിൽ മുട്ടുന്നുണ്ട്..
“ഒരെണ്ണത്തിനെ എനിക്ക് കാണണ്ട..എന്റെ സാധനങ്ങൾ എടുത്ത് കളിക്കാൻ ആർക്കാ അധികാരം തന്നെ..എല്ലാം പോയ്ക്കോണം ഇപ്പോ ഇവിടെ നിന്ന്..”
രോഷത്തോടെ തന്നെ അവന്റെ മറുപടിയും വാതിലിനപ്പുറത്ത് നിന്ന് എത്തി..
ഒന്നും മിണ്ടാനാകാതെ ഉമ്മയും ഉപ്പയും കൂട്ടുകാരനും സങ്കടപ്പെട്ട് താഴോട്ടിറങ്ങി..
“എന്താണുപ്പാ ഇതൊക്കെ..എന്താണീ പൂവും കാര്യങ്ങൾ ഒക്കെ..എനിക്കൊന്നും മനസ്സിലാകുന്നില്ല..നാലഞ്ചു ദിവസമായി അവന്റെ ഒരു വിവരവുമില്ല..അതാ ഞാൻ ഇങ്ങോട്ട് വന്നത്
എന്താ സംഭവിച്ചേ..??”
“അറിയില്ല മോനേ..എന്റെ മോനു എന്തോ സംഭവിച്ച്ക്ക്ണു..പേടിയാകുന്നു..കുറച്ച് ദിവസമായി ഒറ്റക്ക് സംസാരിക്കാ..പൂവ് പെറുക്കി കൊണ്ട് വന്ന് മുറിയിൽ വെക്കുക..ആകെ അടിമുടി മാറിയ പോലെ..പള്ളിക്കാടിന്റെ അടുത്തൂടെയല്ലേ നമ്മുടെ പോക്കും വരവും എല്ലാം…ഇനി എന്തേലും കണ്ട് പേടിച്ചതാണൊ..ഒന്നും അറിയില്ല.”
കണ്ണീർ ഒഴുക്കികൊണ്ട് അവന്റെ ഉപ്പ പറഞ്ഞു..
” ഏയ്..കാലം ഇത്രയായ് ഇവിടെയല്ലേ അവൻ കളിച്ച് വളർന്നേ..നട്ടപാതിരാത്രിക്ക് അല്ലേ അവൻ അതിലൂടെ നടന്ന് വരാറും..ഇത് അതൊന്നുമല്ല ഉപ്പ..പിന്നെ പൂവ്…അവനു പണ്ടേ ഉള്ള ശീലമല്ലേ പൂവ് പെറുക്കി ക്ലാസിൽ കൊണ്ട് വരും..ക്ലാസിലെ കുട്ടികൾക്കും ടീച്ചർമ്മാർക്കും വരെ അവൻ അത് നൽക്കും..ടീച്ചർ ഒക്കെ പ്രത്യേകം കൊണ്ട് വരാനും പറയാറുണ്ട്..ഇത് അതൊന്നുമല്ല ഉപ്പാ..”
” പിന്നെ എന്താ..അവന്റെന്തിനാ ആ പൂവ് കളഞ്ഞതിനു ഇങ്ങനെ ചൂടാവുന്നെ..അവനിപ്പോ ആ സ്കൂൾ കുട്ടിയല്ല..ഒറ്റക്ക് സംസാരിക്കാൻ മാത്രം കൊച്ച് കുട്ടിയല്ല…എന്നും നടന്ന സംഭവങ്ങൾ അവൻ ആരോടാണിങ്ങനെ ഒറ്റക്ക് സംസാരിക്കുന്നത്…”
കൂട്ടുകാരൻ നിശബ്ദനായി..എന്താണു അവനു സംഭവിച്ചത് എന്നറിയാതെ അവനും പേടിച്ച് നിൽക്കാൻ തുടങ്ങി..
” അവനെ ഇനി ഇവിടെ നിർത്തിയാൽ ശെരിയാവില്ല..അനിയന്റെ അടുത്തേക്ക് ഗൾഫിലേക്ക് ഒരു വിസ നോക്കണം..ഇങ്ങനെ പോയാൽ എനിക്കറിയില്ല മോനേ..ഈ രണ്ട് വയസ്സായവർ എന്ത് ചെയ്യാനാണു..മകനു പ്രാന്താണെന്ന് നാട്ടുക്കാർ പറയാൻ തുടങ്ങിയാൽ ഞങ്ങൾ എന്ന് ചെയ്യും..”
” ഏയ് അങ്ങനെ ഒന്നുണ്ടാവില്ല ഉപ്പ..ഞനൊന്ന് സംസാരിക്കട്ടെ…ഈ ചൂടൊക്കെ മാറി അവൻ തണുക്കുമ്പോൾ ഞാൻ വന്ന് അവനുമായ് സംസാരിച്ചോളാം..ഇങ്ങൾ സമാധാനമായ് ഇരിക്ക്..”എന്നും പറഞ്ഞ് അവന്റെ കൂട്ടുകാരൻ ഇറങ്ങി നടന്നു..എന്ത് ചെയ്യണം എന്നറിയാതെ അവന്റെ ഉപ്പ ആ കസേരയിൽ ഇരുന്നു..സാരിതുമ്പ് കൊണ്ട് കണ്ണീർ തുടച്ച് അരികിൽ നിൽക്കുന്ന അവന്റെ ഉമ്മയും..
******************************************
” ഡോക്ടർ..”
” വരൂ..”
നഗരത്തിലെ പേരുകേട്ട മനശാസ്ത്രജ്ഞന്റെ അടുത്തേക്ക് അവന്റെ ഉപ്പയെത്തി..കാര്യങ്ങൾ എല്ലാം പറഞ്ഞു..
“ഡോക്ടർ…ഞങ്ങൾക്ക് ആകെയുള്ള മകനാണു..എന്നെ രക്ഷിക്കണം..എന്റെ മോനെ എനിക്ക് തിരികെ തരണം..എന്താണെന്ന് അവനു സംഭവിച്ചതെന്ന് അറിയില്ല..”
കൈകൂപ്പിക്കൊണ്ട് കരഞ്ഞ് സംസാരിക്കുന്ന ഉപ്പയെ ചേർത്ത് പിടിച്ച് ഡോക്ടർ തുടർന്നു..
“നമുക്ക് നോക്കാം…അവനെ ഇങ്ങോട്ട് കൊണ്ട് വന്നാൽ അവനു സംശയം ആവും..കൂടുതൽ കോപക്കാരനാവും..ഞാൻ വീട്ടിലോട്ട് വരാം..ഡോക്ടർ ആയിട്ട് പരിചയപ്പേടുത്തണ്ട..ഞാൻ വന്നോളാം..നിങ്ങളുടെ മതത്തിന്റെ ആചാരങ്ങൾ ഒക്കെ അനുസരിച്ച് ആ വഴിയും നിങ്ങൾ ശ്രമിച്ചോളൂ..അവന്റെ ശരീരത്ത് എന്താണു സംഭവിച്ചതെന്നറിയാൻ നമുക്ക് ഏത് വഴിയും പോകാം..ധൈര്യമായിട്ട് പൊയ്ക്കോളൂ..ഞാൻ വന്നോളാം..”
അവന്റെ ഉപ്പ അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങി..ബസിൽ ഇരിക്കുമ്പോൾ മകന്റെ ചിത്രമായിരുന്നു മനസ്സ് മുഴുവൻ..ഭീകരരൂപിയായി തന്റെ മകന്റെ ചിത്രം മനസ്സിലേക്ക് ഇടക്കിടക്ക് വരുന്നത് ഉപ്പയെ മാനസികമായി വല്ലാതെ തളർത്തി..
*********************************************
“ഇന്നിപ്പോൾ ഡോക്ടർ വന്നു…ഇന്നലെ ഉസ്താദ് വന്നു..എന്താണിവിടെ..എനിക്ക് ഒന്നും മനസ്സിലാകുന്നില്ല എന്ന് കരുതിയോ..കൂട്ടുകാരൻ ആണു ദർസ്സെടുത്ത ഉസ്താദ് ആണു എന്ന് പറഞ്ഞ് ഓരൊരുത്തരെ കൊണ്ട് വന്ന് എന്നെ പരിചയപ്പെടുത്തുന്നത് എന്തിനാണ്? ..എനിക്കെന്താ പ്രാന്താണെന്ന് കരുതിയോ..നിങ്ങളെയൊക്കെ കടിച്ച് കീറുന്ന ജിന്ന് എന്റെ ശരീരത്തിൽ ഉണ്ടെന്ന് കരുതിയോ..
ആരോട് ചോദിച്ചാ എനിക്കുള്ള വിസ ശെരിയാക്കിയത്..ടിക്കറ്റ് എടുത്തത്..അതെ എനിക്ക് ഭ്രാന്ത് തന്നെയാ…ഇനി ആരെങ്കിലും എന്നെ കാണാനോ എന്റെ കാര്യത്തിൽ ഇടപെടാനോ വന്നാൽ പച്ചക്ക് കത്തിച്ച് കളയും എല്ലാത്തിനേയും..”
ഡോക്ടറും ഉസ്താദും ഒക്കെ വന്നതിൽ സംശയം തോന്നിയതിൽ അവൻ വീട്ടുകാരോട് പൊട്ടിത്തെറിച്ചു…ഒരു ഭ്രാന്തനെ പോലെ രോക്ഷാകുലനായ് സംസരിക്കുന്ന അവന്റെ മുന്നിൽ പേടിച്ച് വിറച്ച് കൊണ്ട് ആ രണ്ട് മനുഷ്യൻ മിണ്ടാതെ നിന്നു…ഇതൊന്നും അവനല്ല…അവന്റെ ഉള്ളിൽ കേറിയ എന്തോ ചെയ്തതെന്ന് വിശ്വസിക്കാനും വയ്യ..കാരണം ഡോക്ടറും ഉസ്താദുമൊക്കെ പറഞ്ഞത്..കണ്ടിട്ട് കുഴപ്പം ഒന്നുമില്ല എല്ലാം നിങ്ങളുടെ തോന്നൽ എന്നാണു..
ദേഷ്യത്തിന്റെ അങ്ങേ അറ്റത്ത് എത്തിയ അവൻ അവന്റെ മുറിയുടെ വാതിൽ ഉറക്കെയടച്ചു..
ആ വീട്ടിൽ നിശബ്ദത നിറഞ്ഞു..
വാതിലിനപ്പുറത്തേക്ക് അവന്റെ ശബ്ദം കേൾക്കാൻ തുടങ്ങി..
“നീയിത് കാണുന്നില്ലേ..എനിക്ക് ഭ്രാന്താണത്രേ..നിന്നോട് സംസാരിച്ചതൊക്കെ അവർ കേട്ടുകാണും..ഡോക്ടറും ഉസ്താദും ഒക്കെ വന്നു…ഇനി വരിക എന്നെ കൊണ്ട് പോകാൻ ചങ്ങലക്കിടാൻ
വരുന്നവരായിരിക്കും..എനിക്ക് ഭ്രാന്താണെന്ന് എന്റെ വീട്ടുകാര്‍ പറയാൻ തുടങ്ങി..എന്നെ ഇവിടുന്ന് മാറ്റാൻ എനിക്കുള്ള വിസയും ശെരിയാക്കി..നിന്നെ ഒറ്റക്കാക്കി പോകാൻ വയ്യ!..
നിന്നെ ഞാൻ ഒരിക്കലും ഒറ്റക്കാക്കില്ല..വേണം എന്ന് വിചാരിച്ചല്ല ഞാൻ അവരോട് ദേഷ്യപ്പെടുന്നത് ..നിന്നെ പോലെതത്തന്നെ എനിക്ക് അവരും പ്രിയപെട്ടതാണു..പക്ഷേ..എന്തിനാണവർ എന്നെ ഭ്രാന്തനാക്കുന്നത്.. എന്തിനാണെന്നെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നത്…
ഇനിയും ഇങ്ങനെ നിന്നാൽ എനിക്ക് നിന്നെ വിട്ട് ഗൾഫിലേക്ക് പോകേണ്ടി വരും..
അതുമല്ലെങ്കിൽ ഇല്ലാത്ത ഭ്രാന്തില്‍ ഞാൻ തേീരേണ്ടി വരും..
അതുകൊണ്ട് നീയാരാണെന്ന് അവരറിയണം..എനിക്ക് നിന്നെ നഷ്ടപ്പെടാതിരിക്കാൻ..നീ ഒറ്റക്കാവാതിരിക്കാൻ മൂന്നാമതൊരാൾ നീയാരാണെന്നറിയണം…
നീ എന്റെ ജീവിതത്തിൽ വന്നത് മുതൽ ഇന്നേവരെ നടന്നതെല്ലാം എനിക്ക് ആരുടെയെങ്കിലും മുന്നിൽ നിരത്തണം..
ഭ്രാന്തനെന്ന വിളി കേൾക്കും മുന്നേ എനിക്കത് മാറ്റണം..
എന്നെ നിന്നിൽ നിന്ന് പറിച്ച് നടും മുന്നേ നിന്നേ അവരെ മനസ്സിൽ എനിക്ക് നടണം..
പിരിയാതിരിക്കാൻ, ഒറ്റക്കാവാതിരിക്കാൻ നിന്റെ സമ്മതം വാങ്ങി ഞാനത് ചെയ്യാൻ പോകുന്നു…”
” ഹലോ..”
“ആടാ പറയ്..”
“നീയൊന്ന് വീട്ടിലേക്ക് വായോ..എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്..”
എന്ന് കൂട്ടുകാരനോട് ഫോൺ വിളിച്ച് പറഞ്ഞ് അവൻ അവിടെ ഇരുന്നു..ആദ്യമായ് മൂന്നാമതൊരാൾ
അറിയാൻ പോകുന്നു..ചങ്ങലക്കിടും മുമ്പേ..മരുന്നിന്റേയും ഹോമങ്ങളുടേയും ദിക്‌റിന്റേയും മുന്നിൽ ബന്ധിപ്പിക്കപ്പെടുന്നതിനു മുൻപേ മോചിതനാകണം..മനസ്സിലുള്ളതെല്ലാം ഇറക്കി വെക്കണം..
ചെമ്പകപൂവിന്റെ ഗന്ധം നിറഞ്ഞ ആ മുറിക്കുള്ളിൽ പിന്നീടങ്ങോട്ട് നിശബ്ദതയുടെ ഗന്ധമായിരുന്നു..
പുറത്ത് ഇതെല്ലാം കേട്ടോണ്ടിരിക്കുന്ന രണ്ട് മനുഷ്യർ..
“ഹാ ഉപ്പാ.”
” ഹാ നീ വന്നോ..മുറിയിലേക്ക് കയറിക്കോ..അവൻ നിന്നെ കാണണം പറഞ്ഞിരുന്നു..”
” ആഹ് അവൻ വിളിച്ചിരുന്നു..ഞാൻ സംസാരിച്ച് വരാം..പേടിക്കണ്ട.!”
“മ്മ്..”
കതക് തട്ടിയപ്പോൾ അവൻ മുറി തുറന്നു..പരസ്പരം ഒന്നും മിണ്ടാതെ അവൻ ബാൽകണിയിലേക്ക് നടന്നു..കയറി നിന്ന അതേ നിൽപ്പിൽ ഡോറിനോട് ചാരി കൂട്ടുകാരനും..
“എന്താ നീയിങ്ങനെ പേടിച്ച് നിൽക്കുന്നത്..??”
“ഏയ് ഒന്നുല്ല്യ”
“പേടിക്കേണ്ടടോ എന്റെ മേലിൽ ജിന്ന് ഒന്നും ഇല്ല..എനിക്ക് ഭ്രാന്തും ഇല്ല..നിന്നെ ഒന്നും ചെയില്ല..”
” പോടാ…എന്താ ഇതൊക്കെ..എന്താ ഈ കേൾക്കുന്നതും കാണുന്നതും ഒക്കെ.. നിനക്ക് എന്താ പറ്റിയേ..”
” മ്മ്..ഇവിടെ വാ..”
അവനെ ബാൽക്കണിയിലേക്ക് ക്ഷണിച്ചു..അവന്റെ തോളിൽ കൈ വെച്ച് പള്ളിക്കാട്ടിലേക്ക് വിരൽ ചൂണ്ടികൊണ്ട് അവൻ പറഞ്ഞു..
“നീയാ ഖബർ കണ്ടോ..ആ ചെമ്പകമരത്തിന്റെ താഴെ.പുതിയ ഖബറാ..”
“ഏത് നിന്റെ വീടിന്റെ മതിലിനു ചാരെയുള്ളതോ..അവിടെ ഒരുപാട് ഖബറുണ്ടല്ലോ..”
“മ്മ്..ആ പൂക്കൾ വീണു കിടക്കുന്ന ഖബർ.”
“ആരുടേയാ..?”
“നിനക്ക് ഓർമ്മയുണ്ടോ..നമ്മുടെ ക്ലാസിലെ ആരോടും മിണ്ടാത്തൊരു
പെൺകുട്ടിയുണ്ടായിരുന്നില്ലേ..എല്ലാരും മിണ്ടാപ്പൂച്ചയെന്ന് പറഞ്ഞ് കളിയാക്കിയിരുന്ന..”
“അവൾ…അവൾ മരിച്ചോ.?”
“മ്മ്.. ഒരാഴ്ച്ചയെ ആയിട്ടുള്ളു..ആത്മഹത്യ ആയിരുന്നു..ഭർത്താവിന്റെ വീട്ടിൽ വെച്ച്..”
“ഇന്നാ ലിലാഹ്..എടാ അതിനു നീയെന്തിനാ ഇങ്ങനെ ആർക്കോ വേണ്ടി ഒരു പ്രാന്തനായി മാറുന്നേ…”
“ആർക്കോ വേണ്ടിയോ..നിനക്ക് ഓർമ്മയുണ്ടോ ക്ലാസിൽ ഈ പള്ളിക്കാട്ടിലുള്ള ചെമ്പകപൂക്കൾ ഞാൻ എന്നും കൊണ്ട് വരുമായിരുന്നു…നമ്മുടെ ടീച്ചർ പോലും ആദ്യം ചോദിക്കാർ പൂവ് ഉണ്ടോ എന്നാ..അവളെന്നോട് ആകെ ഒരു തവണ മാത്രമേ സംസാരിച്ചിട്ടുള്ളൂ..”എനിക്ക് പൂവ് കൊണ്ടുവന്ന് തരുമോ എന്ന്..അവൾ എന്നോട് സംസാരിച്ചത് അത്രമാത്രമായിരുന്നു…എനിക്ക് ഒരുപാട് ഇഷ്ടാ..ഇതുവരെ ഇഷ്ടം പറഞ്ഞിട്ടില്ല…സംസാരിച്ചിട്ടില്ല..ആരോടും ഒന്നും പറഞ്ഞിട്ടില്ല..എന്നും രാവിലെ ഞാൻ അവൾക്ക് പൂവ് കൊടുക്കും..കൂട്ടത്തിൽ ഏറ്റവും മണമുള്ളതിനെ ഞാൻ അവൾക്കായി മാറ്റി വെക്കും .. അന്ന് ഇഷ്ടം തുറന്ന് പറയാത്തതിന്റെ പേരിൽ എനിക്കവളെ നഷ്ടമായി… നോക്ക്..ഞാൻ കൊടുക്കാറുള്ള ചെമ്പകപൂവിന്റെ മരത്തിന്റെ ചോട്ടിൽ തന്നെയാടാ അവൾ കിടക്കുന്നേ..പൂക്കൾ അവളുടെ ശരീരത്താടാ വീഴുന്നേ..
എന്റെ അടുത്താടാ അവൾ ഉറങ്ങുന്നേ..അവൾ എനിക്കുള്ളതാണെന്ന് എനിക്ക് വിശ്വസിക്കാൻ എനിക്ക് അത് പോരെ..”
“ടാ.അതിനു അവളിപ്പോൾ ഇല്ലല്ലോ..നീയെന്തിനാ അവളോട് സംസാരിക്കുന്നത്…അവൾ കേൾക്കുമോ..ഈ പൂക്കൾ ഒക്കെ അവൾ വാങ്ങിക്കുമോ..നിനക്ക് ശെരിക്ക് പ്രാന്ത് തന്നെയാടാ..”
” അറിയാഞ്ഞിട്ടല്ല…ജീവിച്ചിരിക്കുമ്പോൾ അവളോട് സംസാരിക്കാൻ.അവളെ വിഷമം ഒന്ന് കേൾക്കാൻ ഒരാള്‍ ഉണ്ടായിരുന്നു എങ്കിൽ അവളിത് ചെയ്യുമായിരുന്നോ..കൂടെയുണ്ടെന്ന് ആരെങ്കിലും ഒരാൾ പറഞ്ഞിരുന്നു എങ്കിൽ അവളിത് ചെയ്യുമായിരുന്നോ…ഞാനിനി എത്ര എന്തൊക്കെ പറഞ്ഞാലും നിങ്ങളെ കണ്ണിൽ ഇതൊക്കെ പ്രാന്താവും..എനിക്ക് മാനസിക വൈകല്യം ഉള്ളപോലെ തോന്നും..അറിയാം…ഒരാൾക്ക് ഒരാളോടുള്ള ഇഷ്ടം അതേ പടി മറ്റേ ആളോട് വിവരിക്കാൻ ഇന്നേവരെ ആർക്കും സാധിച്ചിട്ടില്ല..എനിക്ക് ഒരുപാട് ഇഷ്ടമാണവളെ..ഒരുപക്ഷേ അവൾ
മരിച്ചതിനു ശേഷമായിരിക്കാം എന്റെ പ്രണയം തീവ്രമായത്..ഞാനൊന്ന് തുറന്ന് പറഞ്ഞിരുന്നെങ്കിൽ അവളിന്നവിടെ കിടക്കില്ലായിരുന്നു..
അവളുടെ ഖബറിന്റെ മുകളിൽ വീണ പൂക്കളിൽ നിന്ന് ഏറ്റവും മണമുള്ളതിനെ,ഭംഗിയുള്ളതിനെ ഞാൻ ഇങ്ങോട്ട് കൊണ്ട് വരും..ഞാൻ അവളോട് സംസാരിക്കുന്നതിനോടൊപ്പം ഈ ചെമ്പകപൂ മണം അവളുടെ ഖബറിനുള്ളിലേക്ക് പടരും.. നിങ്ങൾ പറയുന്ന പോലെ ഞാൻ ഇങ്ങനെ ഒറ്റക്ക് സംസാരിക്കുന്നതല്ലടോ..എനിക്കേറ്റവും വിഷമം
തോന്നുന്ന നേരത്ത് ഞാൻ അവളെ നോക്കി എന്റെ വിഷമം പറയും..കേൾക്കാൻ ഒരാളില്ലാത്ത വിഷമം അവളേക്കാൾ വേറെയാർക്കും അറിയില്ല.. അത് കൊണ്ട് തന്നെ എന്റെ വിഷമം അവൾക്ക് പെട്ടെന്ന് മനസിലാകും..
അവൾ മരിച്ചെന്ന് എനിക്കറിയാം..ഞാൻ ചെയ്യുന്നതൊക്കെ പ്രാന്താണെന്ന് എനിക്ക് നന്നായ് അറിയാം..
എനിക്ക് അവളെ അത്രക്ക് ഇഷ്ടമായിരുന്നെടോ..ഇടക്ക് ഇതൊരു ചതിയായ് എനിക്ക് തോന്നും..
ജീവിച്ചിരിക്കുമ്പോൾ കൊടുക്കാത്ത സ്നേഹം മരിക്കുമ്പോൾ കൊടുക്കുന്നത് അവളോട് ചെയ്ത ചതിയായിരിക്കാം…ഈ പൂവ് കാണുമ്പോഴും ഇതിന്റെ മണം വരുമ്പോഴും അവളുടെ മുഖം ആണു മനസ്സിൽ മുഴുവനും..
എത്ര മറക്കാൻ ശ്രമിച്ചാലും നഷ്ടപ്പെട്ടത് മറക്കാൻ കഴിയില്ല…അതിനു കഴിയാഞ്ഞിട്ടാടോ..
പ്രാന്തിന്റെ മരുന്ന് കുത്തി വെക്കുന്നതിനു മുമ്പേ മറവി വരാനുള്ള മരുന്ന് തരാൻ പറയ്..
ആ മരം കാണാതിരിക്കാൻ..ഖബർ കാണാതിരിക്കാൻ കണ്ണില്ലാതാകുന്ന മരുന്ന് തരാൻ പറയ്…ചെമ്പകപൂവിന്റെ മണം അറിയാതിരിക്കാനുള്ള മരുന്ന് തരാൻ പറയ്…
ആ നിമിഷം തൊട്ട് അവളെ ഞാൻ മറന്ന് തുടങ്ങിക്കോളാം..
മറന്നോളും..മരിച്ച് കഴിഞ്ഞാൽ എന്നെയും നിന്നെയും ഒക്കെ എല്ലാരും മറക്കും…അത് വരെ എങ്കിലും ഞാനവളെ സ്നേഹിക്കട്ടെ..
ഇനിയെന്നെ ചങ്ങലക്കിട്ടോളൂ. .എന്ത് മരുന്ന് വേണമെങ്കിലും തന്നോളൂ…
അവളോട് ഞാൻ ചെയ്ത് ചതിക്കുള്ള ശിക്ഷയായ് ഞാൻ കണ്ടോളാം..
പിന്നെ ഒരു കാര്യം..ഉപ്പാ ഉമ്മാ..മാനസിക നില തെറ്റിയ മകൻ പറയുന്ന വാക്കുകൾ അല്ല..
ഞാൻ മരിച്ചാൽ എന്റെ മീസാൻ കല്ലിന്റെ അടുക്കൽ ഒരു ചെമ്പക പൂവിന്റെ തൈ കുത്തി വെച്ചോണ്ടു..പൂവിട്ട് കഴിഞ്ഞാൽ അവൾ എന്റെ അടുക്കലേക്ക് വരും…എന്നേക്കാൾ ഇഷ്ടം ചിലപ്പോൾ അവൾക്ക് ആ പൂവുകൾ ആയിരിക്കും..”
Nice