“കണ്ണൻചിരട്ട പാറക്കിട്ടുരക്കുന്ന ഖരത്തില്‍
റോക്ക് ചെയ്യാം, പാട്ടുശിരോമണെ!”
“മ്മള് തൊണ്ടപൊട്ടിക്കണത് കേട്ടാല്‍
മച്ചിപ്പയ്യും……… പാലളന്നെന്നു ബെരും. സൂപ്പികളുടെ ജാതി ക്വാവാലി!
ഒറങ്ങുന്ന ബലാലുകളുടെ ഒറക്കം കെടുത്താം ആശാനേ!!.”
“ഇവിടെ തിരുനാളിനെയും തോല്‍പ്പിക്കുന്ന
ലല്ലബിയുണ്ട്. ഒരെണ്ണം എടുക്കട്ടേ, സർ?”
“പോപ്മ്യുസിക്കില്‍ അത്ര പോര.എങ്കിലെന്താ, എന്റെ ഫാൻസിനു എന്നും
ഞാനൊരു ക്ലാസ്സിക്കാ ! കർണാടിക് ക്ലാസിക്കൽ……
ഗുട്ടര്ഗൂ… ഗുട്ടര്‍ഗൂ…”
“ഉസ്താദേ, ഉസ്താദേ, മഴ പെയ്യിക്കുന്ന മാന്ത്രികപ്പക്ഷിയാണിത് .
ശ്ര്‍.. …ശ്ര്‍…ചർ ….പിർ ,,, തൊണ്ടയില്‍ മാത്രമല്ല ഹാർട്ടിലും അത് തന്നെ: മേഘമൽഹാർ !”
“ശിശിരത്തിൽ ഭൈരവം, ഹേമന്തത്തിൽ മൽകോൺസ്….
ഒരു ചാന്‍സ് തന്നാലുണ്ടല്ലോ ഈ വസന്തത്തിലും അടിച്ചു പൊളിക്കാം, ഗുരോ!”
കിളിമൊഴികൾ കേട്ട്
വിഷാദവിമൂകനായിപ്പോയ ചെമ്പൈ,
ഖയാലിൽ വിളംബിത ഖയാലിൽ,
മൂവാണ്ടൻമാവിലെ
കരിംകുയിലിനോട് ചൊല്ലിയത്രെ :
“നീ….നീ മാത്രമെന്തേ……. ഒന്നും …..!”