കാട്ടുപൂച്ചകളുടെ രാജാവായ രാവണപ്പൂച്ച മഹാ അഹങ്കാരിയായിരുന്നു . കളിമണ്ണുകൊണ്ടുണ്ടാക്കിയ തന്റെ ഇരുനിലകൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്ന് മറ്റുള്ള മൃഗങ്ങളെ കളിയാക്കുകയാണ് അവന്റെ വിനോദം.
അണ്ണാറക്കണ്ണന്മാരുടെ രാജാവായ ചീരപ്പനാണ്, രാവണപ്പൂച്ചയുടെ കൊട്ടാരത്തിനടുത്ത് താമസിച്ചിരുന്നത്. പനയോലകൊണ്ട് നിർമിച്ചതാണ് ചീരപ്പന്റെ കൊട്ടാരം.
ഒരു ദിവസം ചീരപ്പന്റെ കൊട്ടാരത്തിനു മുമ്പിൽ കൂടി പോകുകയായിരുന്ന രാവണപൂച്ച ചീരനോട് ചോദിച്ചു .
” ചീരപ്പാ ഓലപ്പുരയിൽ താമസിച്ചാൽ നീയെങ്ങനെയാ രാജാവാകുന്നത്?”
ചീപ്പാൻ അണ്ണാൻ വിനയത്തോടെ പറഞ്ഞു.
” ഓലപ്പുരയിൽ താമസിച്ചാലും കൊട്ടാരത്തിൽ താമസിച്ചാലും നല്ല പ്രവൃത്തി ചെയ്യുന്നവർക്കേ നല്ല രാജാവാകാൻ കഴിയു”
ഇതുകേട്ട രാവണപ്പൂച്ച തന്റെ കൊട്ടാരത്തിനെ പറ്റി പൊങ്ങച്ചം പറഞ്ഞ ശേഷം തിരിച്ചു പോയി.
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഇടവപ്പാതി മഴ വന്നു. രാവണപ്പൂച്ചയുടെ കളിമൺ കൊട്ടാരം ‘ പോത്തോ’ എന്ന് നിലം പൊത്തി. രാവണപ്പൂച്ച വിറച്ച് തുള്ളി ‘ ങ്യാവു’ എന്ന് മോങ്ങിക്കൊണ്ട് ചീപ്പൻ അണ്ണാന്റെ പനയോലകൊട്ടാരത്തിന്റെ വാതിലിൽ മുട്ടി.
ചീരപ്പൻ അണ്ണാൻ വേഗം വാതിൽ തുറന്നു കൊടുത്തു രാവണപ്പൂച്ചയെ അകത്ത് കയറ്റി. പുള്ളിപ്പട്ടു കൊടുത്തു. കിടക്കാൻ പള്ളിക്കട്ടിലിൽ മെത്തപ്പായ വിരിച്ച് കൊടുത്തു . എന്നാൽ ദുഷ്ടനായ രാവണപ്പൂച്ച മൂലക്കിരുന്ന ചൂലെടുത്ത് ചീരപ്പൻ അണ്ണാനെ തള്ളിപ്പുറത്താക്കി വാതിലടച്ച് കളഞ്ഞു . പാവം ചീരപ്പൻ അണ്ണാൻ കരഞ്ഞു കൊണ്ട് പെരുമഴയത്ത് നടന്നു നീങ്ങി.
ചീരപ്പണ് അണ്ണാൻ പോകുന്നത് കോട്ടക്കലങ്ങാടിയിലെ വേട്ടപ്പട്ടി കണ്ടു . വേട്ടപ്പട്ടി ചോദിച്ചു.
”ചീരപ്പാ നിനക്കെന്തു പറ്റി?”
ചീരപ്പൻ അണ്ണാൻ നടന്നതെല്ലാം പറഞ്ഞു
” സാരമില്ല രാവണപ്പൂച്ചയെ ഞാൻ പമ്പ കടത്തും ‘ വേട്ടപ്പട്ടി ചീരപ്പൻ അണ്ണാനെയും വിളിച്ചുകൊണ്ട് പനയോലകൊട്ടാരത്തിലേക്കു നടന്നു.
കൊട്ടാരത്തിന്റെ പടിവാതിൽക്കൽ നിന്ന് ‘ ബൌ ബൌ’ എന്ന് കുരച്ചുകൊണ്ട് വേട്ടപ്പട്ടി പറഞ്ഞു
‘ അമ്പമ്പട രാഭണാ ! ചീരപ്പന്റെ കുഞ്ഞികൊട്ടാരത്തിൽ നിന്നും വേഗം വാലും ചുരുട്ടി ഓടിക്കോ!”
ഇതുകേട്ട് രാവണപ്പൂച്ച തിരിച്ചടിച്ചു
” വേട്ടപ്പട്ടി വന്നാലും കോട്ടപ്പട്ടി വന്നാലും ഞാനീ കൊട്ടാരം വിട്ടു പോകില്ല നിന്ന് കുരക്കാതെ വേഗം കടന്നോളു”
രാവണപ്പൂച്ച ജനലിലൂടെ മീശ ചുരുട്ടി കാണിച്ചു .
ചീരപ്പൻ അണ്ണാൻ പിന്നെയും കരഞ്ഞുകൊണ്ട് യാത്രയായി .ഇത് തുഞ്ചൻ പറമ്പിലെ കുഞ്ചാതി ക്കുറുക്കൻ കണ്ടു കുഞ്ചാതിക്കുറുക്കൻ ചോദിച്ചു
” അയ്യോ ! ചീരപ്പാ നീയെന്താ കരയുന്നത് ? ”
ചീരപ്പൻ അണ്ണാൻ നടന്നതെല്ലാം, പറഞ്ഞു കേൾപ്പിച്ചു
” സാരമില്ല ഞാൻ രാവണപ്പൂച്ചയുടെ കഥ കഴിക്കാം ” കുഞ്ചാതിക്കുറുക്കൻ പറഞ്ഞു .
ചീരപ്പനെയും കൂട്ടി കുഞ്ചാതിക്കുറുക്കൻ പനയോലകൊട്ടാരത്തിലേക്കു നടന്നു . കൊട്ടാരത്തിന്റെ വാതിലിൽ മുട്ടിയിട്ടു കുഞ്ചാതിക്കുറുക്കൻ പറഞ്ഞു .
” രാവണപ്പൂച്ചെ വേഗം പൊയ്ക്കോ അല്ലെങ്കിൽ നിന്റെ കഥ കഴിക്കും”
ഇതുകേട്ട് രാവണപ്പൂച്ച കുലുങ്ങിയില്ല . അവൻ തിരിച്ചടിച്ചു.
” നിന്ന് ചിലക്കാതെ വേഗം പൊയ്‌ക്കോളൂ അല്ലെങ്കിൽ നിന്റെ കുടവയർ ഞാൻ മാന്തിക്കീറും ”
രാവണപ്പൂച്ച ജനകളിലൂടെ കണ്ണുരുട്ടിക്കാണിച്ചു . പേടിച്ച് പോയ കുഞ്ചാതിക്കുറുക്കൻ വേഗം കാട്ടിൽ മറഞ്ഞു.
ചീരപ്പൻ അണ്ണാൻ പിന്നെയും കരഞ്ഞു കൊണ്ട് യാത്രയായി. ഇത് അങ്കത്തിനു പോയി മടങ്ങുന്ന ചങ്കരൻ പൂങ്കോഴി കണ്ടു . പൂങ്കോഴി ചോദിച്ചു.
” ചീരപ്പാ നീയെന്തിനാ കരയുന്നത് ?” ചീരപ്പൻ അണ്ണാൻ നടന്നതെല്ലാം പറഞ്ഞു.
” സാരമില്ല ഞാനവനെ കെട്ടുകെട്ടിക്കാം പൂങ്കോഴി പറഞ്ഞു . എന്നിട്ട് ചീരപ്പൻ അണ്ണാനെയും കൂട്ടിക്കൊണ്ട് പനയോലകൊട്ടാരത്തിലേക്കു നടന്നു. . കൊട്ടാരമുറ്റത്തെത്തിയ ചങ്കരൻ പൂങ്കോഴി വിളിച്ച് പറഞ്ഞു
” പോക്കിരിപ്പൂച്ച നിന്നെ ഞാൻ വെട്ടി നുറുക്കും എന്റെ മുതുകത്ത് പൊന്നരിവാളുണ്ട് ”
അരിവാളുണ്ടെന്നു കേട്ട് രാവണപ്പൂച്ച ഒന്ന് ഞെട്ടി. അവൻ പറഞ്ഞു.
” അയ്യോ ചങ്കരാച്ചാരെ നീയെന്നെ വെട്ടല്ലേ! ഞാനെന്റെ കെട്ടും ഭാണ്ഡവും ഒന്ന് കയ്യിലെടുത്തോട്ടെ !”
പേടിച്ച് വിറച്ച് രാവണപ്പൂച്ച കെട്ടും ഭാണ്ഡവും ആയി മേൽക്കൂര പൊളിച്ച് പുറത്ത് ചാടി ഓടി മറഞ്ഞു.
ചങ്കരൻ പൂങ്കോഴിയും ചീരപ്പൻ അണ്ണാനും അത് കണ്ട് പൊട്ടിച്ചിരിച്ചു.