ചായ

ചായ സംസാരിക്കുന്ന ചൂടുള്ള
രാഷ്ട്രീയ വര്‍ത്തമാനങ്ങളുണ്ട്,
കറുപ്പിന്റെയും വെറുപ്പിന്റെയും.
തെല്ല് മതം തീണ്ടാത്തവ.
അരിപ്പയില്‍ വേര്‍പിരിഞ്ഞ തേയിലക്കൊന്നുമറിയാത്ത
ഒരുപാട് ശരിയുടെയും,
തെറ്റിന്റെയും സാക്ഷ്യങ്ങള്‍.
അടിയത്രയും കൊണ്ട് പതഞ്ഞ്,
തൊഴിയത്രയും കൊണ്ട് കരഞ്ഞ്,
മൂന്നാം നാളുയര്‍ത്തെഴുന്നേറ്റ്
മുഷ്ടിയില്‍ അവകാശത്തിന്റെ
സിന്ദാബാദ് മുറുകെപ്പിടിക്കുന്ന കീഴാളനും,
ആര്‍ത്തി മൂത്ത്, കൊന്നുതള്ളി
കൊള്ളയടിച്ച്, അധികാരി നടിക്കുന്ന മേലാളനും,
ചായ പറഞ്ഞ കഥകളില്‍
ഒരേ തരംഗദൈര്‍ഘ്യത്തിലുണരുന്ന
കലിജന്മത്തിലെ കണികകളാണ്.
അരിപ്പയില്‍ വേര്‍പിരിഞ്ഞ തേയിലക്കറിയില്ല,
ചായക്കോമരത്തിന്റെ രസതന്ത്രം
ഉത്പ്രേരകയാം പൊള്ളുന്ന നേര്‍കാഴ്ചയുടേതാണെന്ന്.

പ്രേമം തുടിക്കുന്ന ചുണ്ടുകളെ കോപ്പയുടെ
വക്കില്‍ കാണുമ്പോഴെല്ലാം
ചായ മൂളുന്ന പാട്ടുകളിലനുരാഗം വിടരും.
അങ്ങിങ്ങ് പാറുന്ന ശലഭങ്ങളെല്ലാം
പാടകളില്‍ താനേ വീണലിയും.
മധുരമേറുന്ന നേരങ്ങളില്‍ ചായ ലഹരിയാണ്.
അതിന്റെ മത്തിലാണ് പിന്നീട് ലോകമുരുളുന്നത്.
കാല്പനികമാം ആ നിമിഷങ്ങളില്‍
ആനന്ദോന്മാദങ്ങളുടെയറ്റത്ത്
ചിലര്‍ക്ക് വിരഹം ജനിക്കുന്നു.
അപ്പോഴും പുകഞ്ഞുതീരുന്ന
കുറ്റിക്കളവുചേര്‍ന്നു കാലിയായ ചായക്കോപ്പകളില്‍ ഓര്‍മ്മയുടെ
ചുരുളുകള്‍ വന്നു നിറയും.
ചായയിലലിഞ്ഞ സാക്ഷ്യങ്ങളെല്ലാം
ഇനിയും കഥയും പാട്ടുമാകും
പോര്‍വിളികളുടെയും,
സ്നേഹത്തിന്റെയും,
മാനവികതയുടെയും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English