‘ ഭിക്ഷാടകരും ഭക്ഷണ ദൗര്‍ലഭ്യവും’ എന്ന വിഷയം ചോദ്യകടലാസിലെ പൊതു ഉപന്യാസ രചനക്കുള്ള വിഷയങ്ങളില്‍ നിന്ന്, അവന്‍ ഉത്തരമെഴുതാനായി തെരെഞ്ഞെടുത്തു. അവന്‍ അതിനെ കുറിച്ച് ഏറെ എഴുതാനുണ്ടായിരുന്നു.
അവന്‍ ഉത്തരമെഴുതി….
നെഞ്ചില്‍ നിന്നൊഴുകുന്ന മൗനത്തിന്റെ നീര്‍ പ്രവാഹങ്ങള്‍ ഒഴുകിയലഞ്ഞ് അവന്‍ കുറിച്ച അക്ഷരങ്ങള്‍ വന്ന് ഉമ്മ വച്ചു …കളം കളം ചിരിച്ചു.
വിശ്വസിക്കുക പ്രയാസമായിരുന്നു അത് …
പ്രതീക്ഷിച്ചതായിരുന്നില്ല ഒട്ടുമേ തന്നെ.
‘ വെളിച്ചം മഷികൊണ്ട് മിഴികള്‍ കറുപിച്ച അവന്റെ ഉത്തരത്തിലെ ഭാഗങ്ങള്‍
”… ഭക്ഷണത്തിനു വഴി ഒന്നും ഇല്ലാതെ ഉഴലുന്ന ഭിക്ഷാടകരുടെ ദയനീയാവസ്ഥക്കു പരിഹാരമുണ്ട്. അത് നടപ്പാകുക എന്നതാകട്ടെ അത്ര പ്രയാസമുള്ള കാര്യവുമല്ല. ലോകത്താകമാനമുള്ള ഭിക്ഷാടകരെ മുഴുവന്‍ അതിനെ കുറിച്ച് ബോധവത്ക്കരിക്കാന്‍ ഭരണ കേന്ദ്രങ്ങളൊ സാമൂഹ്യ സേവന സംഘടനകളൊ വേണ്ട വിധത്തില്‍ തയാറാവുകയാണെങ്കില്‍ പട്ടിണീ അനുഭവിക്കുന്ന മറ്റ് വിഭാഗങ്ങളേയും കൂട്ടത്തില്‍ പെടുത്തണം. അങ്ങനെ സംഭവിച്ചാല്‍ പട്ടിണീ എന്ന പ്രതിഭാസത്തെ തന്നെ ലോകത്തില്‍ പിന്നെ കണി കാണാന്‍ സാധിക്കുകയില്ല. ഭൂമുഖത്തു നിന്നേ അതു തുടച്ചു മാറ്റപ്പെട്ടിട്ടുണ്ടാകും.
അതിനാവശ്യമുള്ള പ്രവര്‍ത്തനത്തെ കുറിച്ച് ചുവടെ വിവരിക്കുന്നു.
നമുക്കു ചുറ്റും തികച്ചും സാധാരണയായി എല്ലായിടത്തും കണ്ടു വരുന്ന പുല്ല് ഭക്ഷ്യ വസ്തുവായി അംഗീകരിക്കണം. അതിനു വേണ്ടി ആദ്യമായി കഴുകി വൃത്തിയാക്കിയ പുല്ല് സാവകാശം ചവച്ചരച്ചു കഴിക്കുകയാണെങ്കില്‍ മറ്റ് ഭക്ഷണ വിഭവങ്ങളില്‍ നിന്ന് അതിനു വ്യത്യാസം തന്നെ കണ്ടെത്താന്‍ ആര്‍ക്കും കഴിയില്ല.
ഭക്ഷണത്തിനു വഴി ഇല്ലാത്തവര്‍ അനുഭവിക്കുന്ന കടുത്ത ദു:സ്ഥിതികളുടെ പശ്ചാത്തലത്തില്‍ അതിനുള്ള ഈ പുതിയ മാര്‍ഗം നൂറു ശതമാനം സ്വീകാര്യമായിട്ടുള്ളതാണെന്നു ആര്‍ക്കും സമ്മതിക്കേണ്ടി വരും.
സാധാരണ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ കഴിച്ചാല്‍ വിശപ്പ് അടങ്ങുന്നതു പോലെ പുല്ല് ഭക്ഷിച്ചാലും വിശപ്പ് അടങ്ങുന്നു. യാതൊരു വ്യത്യാസവുമില്ല. നമ്മളൊക്കെ അങ്ങനെ ചിന്തിച്ച് പുല്ല് ഭക്ഷണമാക്കാതിരുന്നതല്ലേ സത്യത്തില്‍ അത്ഭുതം? ‘നമ്മളെല്ലാം ഭിക്ഷക്കാര്‍ , പുല്ല് നമ്മുടെ ഭക്ഷണം’ എന്ന കാഴ്ചപ്പാട്. അതുകൊണ്ട് നമ്മളുടേയും ജീവിതത്തിന്റെ ഭാഗമാക്കാവുന്നതാണ് . നമ്മുടെ ഇടയിലും ഭിക്ഷക്കാരുടെ എണ്ണം കുറവല്ലല്ലോ?
വൃക്ഷലതാദികളുടെ ഇലകള്‍ക്കും ഇതര സസ്യജാലങ്ങള്‍ക്കും സമാനമായ പങ്ക് ഇക്കാര്യത്തില്‍ വഹിക്കാന്‍ കഴിയും എന്നുള്ള വസ്തുത പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ലല്ലോ.