പ്രശസ്ത കഥകളി കലാകാരി ചവറ പാറുക്കുട്ടി അന്തരിച്ചു.
പുരുഷ കലാകാരന്മാര്‍ക്ക് മേൽക്കൈയുള്ള കഥകളി കലാരംഗത്തെ ആദ്യ സ്ത്രീസാന്നിദ്ധ്യമായിരുന്നു ചവറ പാറുക്കുട്ടി. സ്ത്രീവേഷങ്ങളും പുരുഷവേഷങ്ങളും കൈകാര്യം ചെയ്തിരുന്ന പാറുക്കുട്ടി കഥകളിയിലെ ചുവന്ന താടി ഒഴികെയുള്ള എല്ലാ വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്
അന്‍പതുവര്‍ഷത്തിലധികമായി കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലുള്ള കഥകളിയരങ്ങുകളിലെ സജീവസാന്നിധ്യമായിരുന്നു. കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ചവറ ചെക്കാട്ടു കിഴക്കേതില്‍ പരേതരായ ചെക്കാട്ടുകിഴക്കതില്‍ എന്‍. ശങ്കരന്‍ ആചാരിയുടെയും നാണിയമ്മയുടേയും മകളായി 1943 ഫെബ്രുവരി 21ന് ജനിച്ചു.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനോടൊപ്പം നൃത്തവും പഠിച്ചിരുന്ന പാറുക്കുട്ടി കോളേജിലെത്തിയതോടെ കഥകളി പഠനത്തിലേക്കു തിരിഞ്ഞു. മുതുപ്പിലക്കാട് ഗോപാലപ്പണിക്കരാശാന്റെ കീഴില്‍ തുടങ്ങിവെച്ച പഠനത്തിനിടെ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തില്‍ പൂതനാമോക്ഷത്തിലെ ലളിതപൂതനയായി ആദ്യമായി അരങ്ങേറ്റം നടത്തി. പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തില്‍ ചേര്‍ന്ന് വിവിധ സ്ത്രീവേഷങ്ങള്‍ ചെയ്തു. ഒപ്പം പോരുവഴി ഗോപാലപ്പിള്ളയാശാനില്‍ നിന്ന് കൂടുതല്‍ വേഷങ്ങള്‍ പരിശീലിച്ചു.
സ്ത്രീവേഷങ്ങള്‍ കൂടാതെ പുരുഷ വേഷങ്ങളും പാറുക്കുട്ടി അവതരിപ്പിച്ചിട്ടുണ്ട്. 2008-ലെ മാതൃഭൂമി ഗൃഹലക്ഷ്മി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. അരങ്ങില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ പാറുക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി ‘ചവറ പാറുക്കുട്ടി: കഥകളിയിലെ സ്ത്രീപര്‍വം’ എന്ന ഡോക്യൂമെന്ററി നിര്‍മ്മിച്ചിട്ടുണ്ട്