ഇന്നലെയാണ് കുറുക്കൻ കുമാരൻ്റെ ഗ്രന്ഥപ്പുര സന്ദർശിച്ചത് .പല വിഭാഗങ്ങളിലായി ആയിരത്തി ഇരുന്നൂറോളം പുസ്തകങ്ങളുണ്ട്. ബാലസാഹിത്യ കൃതികളാണ് കൂടുതലും.
പുസ്തകങ്ങൾ ഒരു ക്രമവുമില്ലാതെ തോന്നിയപോലെ അടുക്കി വച്ചിരിക്കുകയാണ്. ഇത്രയും പുസ്തകങ്ങൾ ശേഖരിക്കണമെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വരുമെന്നതിൽ തർക്കമില്ല.പക്ഷേ, കുമാരൻ പറയുന്നത് പത്തു പൈസ പോലും മുടക്കേണ്ടി വന്നിട്ടില്ലെന്നാണ്!
അയാൾ ആ രഹസ്യം എൻ്റെ മുന്നിൽ തുറന്നു വച്ചു.മൂന്നാലു വർഷങ്ങൾക്കു മുമ്പ് വേനലവധിക്ക് കുമാരൻ്റെ പേരക്കുട്ടികൾ വീട്ടിലെത്തുകയുണ്ടായി.അവർ പുസ്തകങ്ങൾ ആവശ്യപ്പെട്ടു.പിശുക്കൻമാരുടെ രാജാവായ കുമാരനുണ്ടോ വില കൊടുത്ത് പുസ്തകം വാങ്ങുന്നു. വില നൽകാതെ പുസ്തകങ്ങൾ ലഭിക്കാൻ അയാൾ ഒരു മാർഗം കണ്ടെത്തി.അതാണ് ‘മൂക്കൻ ചാത്തൻ പുരസ്കാരം!’
അതേ, അയാൾ പ്രധാന പത്രങ്ങളിലെല്ലാം ഒരു വാർത്ത നൽകി. മൂക്കൻ ചാത്തൻ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചുക്കൊണ്ടുള്ളതായിരുന്നു വാർത്ത.കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുള്ള എല്ലാ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളും മൂക്കൻ ചാത്തൻ പുരസ്കാരത്തിനായി പരിഗണിക്കുന്നതായും മൂന്നു കോപ്പികൾ വീതം അയക്കണമെന്നുമായിരുന്നു വാർത്ത.ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരമായി നൽകുക.
അഞ്ഞൂറോളം പുസ്തകങ്ങളാണ് ആവർഷം കിട്ടിയത്. ആർക്കും പുരസ്കാരം നൽകിയതുമില്ല. ആരുംഅന്വേഷിച്ചതുമില്ല. ഓരോരുത്തരും അവർക്കല്ലെന്നു കരുതി മിണ്ടാതിിരുന്നു കാണും.
ഈ ഏർപ്പാട് മൂന്നാലു വർഷം നടന്നു. പേരക്കുട്ടികൾ കുറച്ചു പുസ്തകങ്ങൾ കൊണ്ടുപോയി. ചിലതെല്ലാം ചിതലു തിന്നു. പകുതിയോളം ആക്രിക്കച്ചവടക്കാർക്ക് തൂക്കി വിറ്റു. ബാക്കിയുള്ളത് ദാനം ചെയ്ത് പാപമുക്തി നേടാനാണ് മൂപ്പരുടെ ശ്രമം. അതിനായിട്ടാണ് എന്നെ ക്ഷണിച്ചിരിക്കുന്നത് .
പിന്നെ, വരാം എന്നറിയിച്ച് ഞാൻ സ്ഥലം വിട്ടു.
ഇക്കാര്യം ഞാൻ സുഹൃത്തും എഴുത്തുകാരനുമായ സഹപ്രവർത്തകനോടു പറഞ്ഞപ്പോൾ മൂപ്പർ ഏറെനേരം മിഴിച്ചിരുന്നു പോയി. മറ്റൊന്നും കൊണ്ടല്ല, മൂക്കൻ ചാത്തൻ പുരസ്കാരത്തിന് മൂപ്പരും പുസ്തകങ്ങൾ അയച്ചിരുന്നു!
*
കെ.കെ.പല്ലശ്ശന
.