ചരിത്രവും ചില ശകുനങ്ങളും

2018 ഡിസംബര്‍ 2.. ശബരിമല ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ സ്ത്രീപ്രവേശനം ഔദ്യോഗികമായി രേഖപ്പെടുത്തിയ ദിവസം. അന്ന് രാവിലെ പത്തു മണിക്ക് വീടിന്റെ കിഴക്കേ തൊടിയില്‍ തെങ്ങിന്റെ തടം എടുത്തു കൊണ്ട് നില്‍ക്കെ കൂന്താലി എന്തോ ലോഹത്തില്‍ ചെന്ന് തട്ടുന്ന ഒരു ഒച്ച പവിത്രന്‍ കേട്ടു. ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഫിസിക്സ് അധ്യാപകനാണ് പവിത്രന്‍. സമയം കിട്ടുമ്പോഴേക്കെ വീട്ടിലെ തൊടിയില്‍ കൊത്തുകയും, കിളക്കുകയുമൊക്കെ ചെയ്യാറുണ്ട്. താഴത്തെ മണ്ണ് നന്നായി നീക്കി ആ ശബ്ദത്തിന്റെ ഹേതുവിനെ പുറത്തെടുത്തു. അതൊരു പകുതി മുറിഞ്ഞ വാള്‍ ആയിരുന്നു. വെള്ളത്തില്‍ നന്നായി കഴുകിയപ്പോള്‍ വാളിന്റെ പിടിയില്‍ എന്തൊക്കെയോ എഴുതിയിരിക്കുന്നത് തെളിഞ്ഞു വന്നു. പ്രാചീനമായ ഏതോ ലിപി. ഒന്നും മനസിലാകുന്നില്ല.

അച്ഛനും അമ്മയും ഇത് കണ്ടപ്പോള്‍ ചിത്രന്‍ നമ്പൂതിരിയെ ഒന്ന് കാണിക്കുന്നത് നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടു. നാട്ടില്‍ അത്യാവശ്യം പൂജ, ഹോമം തുടങ്ങീയ ആവശ്യങ്ങള്‍ക്കായി നാട്ടുകാര്‍ ആശ്രയിക്കുന്നത് ചിത്രന്‍ നമ്പൂതിരിയെ ആണ്.

പക്ഷേ ഇത് ആദ്യം സലിം സാറിനെ ഒന്ന് കാണിക്കാം. അത് കഴിഞ്ഞു ചിത്രന്‍ നമ്പൂതിരി. അതായിരുന്നു പവിത്രന്റെ നിലപാട്. എസ്‌ എന്‍ കോളേജിലെ ചരിത്ര അധ്യാപകന്‍ ആണ് സലിം സാര്‍. ഒടിഞ്ഞ വാളുമായി സലിം സാറിന്റെ വീട്ടിലേക്ക് നടക്കുമ്പോള്‍ സമീപത്തെ കടകളൊക്കെ അടച്ചു തുടങ്ങിയിരുന്നു. അശാന്തിയുടെ കറുത്ത മേഘങ്ങള്‍ അന്തരീക്ഷത്തില്‍ ആകമാനം വ്യാപിക്കുന്നതറിഞ്ഞു.

സലിം സാറിന്റെ വീടിന്റെ പടി കയാറുമ്പോഴേ അകത്തു ഉച്ചത്തില്‍ വച്ചിരിക്കുന്ന വാര്‍ത്ത കേള്‍ക്കാമായിരുന്നു. ചാനലുകാര്‍ ശബരിമല വിഷയത്തെ തുടര്‍ന്ന് രൂപപ്പെട്ടിട്ടുള്ള സംഘര്‍ഷാവസ്ഥകള്‍ കാണിക്കാന്‍ മത്സരിച്ചു കൊണ്ടിരുന്നു. സലിം സാര്‍ കുറെ നേരം ആ പിടിയിലെ എഴുത്തു നോക്കിയിരുന്നു. അവസാനം ഒന്നും മനസിലാകുന്നില്ല എന്ന ഭാവത്തില്‍ തലയാട്ടി

“ഒരു പിടിയും കിട്ടുന്നില്ല. പക്ഷെ ഇതിനു എന്തോ പ്രാധാന്യം ഉണ്ടെന്നു മനസ്സു പറയുന്നു. നമ്മുടെ ഈ നാടിനു ഇവിടുത്തുകാര്‍ക്ക് യാതൊരു വിലയും ഇല്ലല്ലോ. പണ്ട് കുറെ പടയോട്ടങ്ങള്‍ നടന്ന ഒരു മേഖലയാണിത്. ഞാന്‍ ഇതിനെ പറ്റി ഒന്ന് രണ്ടു ലേഖനങ്ങള്‍ ഒക്കെ എഴുതിയിട്ടുണ്ട്. പക്ഷേ ഇന്ന് ചരിത്രത്തിലൊക്കെ ആര്‍ക്കാ താല്പര്യമുള്ളത്. ഞാന്‍ ഒരു കാര്യം ചെയ്യാം. ഈ പ്രാചീന ലിപികളെ പറ്റി ഗവേഷണം നടത്തുന്ന എന്റെ ഒരു കൂട്ടുകാരന്‍ ഉണ്ട്. ഞാന്‍ അവനു ഇതിന്റെ ഫോട്ടോസ് ഒന്ന് വാട്സ് ആപ്പില്‍ അയച്ചു കൊടുക്കാം. അവനു നമ്മളെ സഹായിക്കാന്‍ പറ്റിയേക്കും.”

പവിത്രന്‍ തിരികെ എത്തിയപ്പോള്‍ വീട് പൂട്ടി ഇട്ടിരിക്കുകയായിരുന്നു. അച്ഛന്റെ ഫോണില്‍ വിളിച്ചപ്പോള്‍ അടുത്ത വീട്ടിലെ വിനോദ് ആണ് എടുത്തത്. അച്ഛന് പെട്ടെന്ന് ഒരു തല കറക്കം വന്നുവത്രെ. പവിത്രന്‍ ഓടിക്കിതച്ചു ആശുപത്രിയില്‍ എത്തി. പ്രഷര്‍ ഒന്ന് കുറഞ്ഞതായിരുന്നു. കുറച്ചു നേരം ട്രിപ്പ് ഇട്ട് കിടത്തിയതിനു ശേഷം ഡിസ്ചാര്‍ജ് ചെയ്തു. വിനോദിന്റെ കാറില്‍ തിരികെ വീട്ടിലേക്കു വരുമ്പോള്‍ അച്ഛനും അമ്മയും കാര്യമായി ഒന്നും സംസാരിച്ചില്ല. അവന്റെ ചില ചോദ്യങ്ങള്‍ക്ക് അവരുടെ മറുപടി ചില മൂളലുകള്‍ മാത്രമായിരുന്നു. അപ്പോള്‍ സലിം സാറിന്റെ ഫോണ്‍ വന്നു.

” ഡാ പവിത്രാ എന്റെ കൂട്ടുകാരന്‍ ഇപ്പോള്‍ തിരികെ വിളിച്ചിരുന്നു. ആ പിടിയിലെ ലിപി അവനു വായിച്ചെടുക്കാന്‍ കഴിഞ്ഞു . പഴയ ഏതോ ഒരു ചേര രാജാവിന്റെ വാല്‍ ആണെന്നാണ് അദ്ദേഹം പറയുന്നത്. ഇത്രയും ഉയര്‍ന്ന നിരപ്പില്‍ നിന്നും ഇത് കിട്ടിയതു അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ഇതിനെ പറ്റി വിശദമായ അന്വേഷണം വേണം. നാളെ തന്നെ ഇങ്ങോട്ട് വരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.”

പവിത്രന്‍ ഉടന്‍ തന്നെ ഈ വാര്‍ത്ത പങ്കു വച്ചു. അച്ഛനും, അമ്മയ്ക്കും ഇത് കേല്‍ക്കുമ്പോള്‍ സന്തോഷമാവും എന്നാണ് കരുതിയത്. പക്ഷെ അവരുടെ മുഖം കൂടുതല്‍ ഇരുളുകയാണ് ഉണ്ടായത്. പവിത്രന് ഒന്നും മനസ്സിലായില്ല.

വീട്ടില്‍ എത്തിയപ്പോഴാണ് കാര്യം മനസിലാത്. ആ വാളിന്റെ കഷ്ണം പുറത്തു എടുത്തത് ദുശ്ശകുനം ആണെന്നാണ് അവര്‍ കരുതുന്നത്. അത് ഇവിടെ വച്ചോണ്ടു ഇരുന്നാല്‍ അപകടം കൂടും എന്നാണ് അവര്‍ പറഞ്ഞത്. വൈകുന്നേരമായപ്പോള്‍ വിശേഷങ്ങള്‍ അറിയാന്‍ വേണ്ടി ചിത്രന്‍ നമ്പൂതിരി വന്നിരുന്നു. രാവിലെ മുതല്‍ നടന്ന സംഭവങ്ങള്‍ അച്ഛന്‍ വിശദീകരിച്ചു കൊടുത്തു. എല്ലാം കേട്ടതോടെ നമ്പൂതിരിയുടെ മറുപടി പെട്ടെന്ന് ആയിരുന്നു.

“പറമ്പൊക്കെ കുത്തുകേം കിളക്കുകേം ചെയ്യുമ്പോ അങ്ങനെ പലതും കിട്ടി എന്നൊക്കെ ഇരിക്കും. പക്ഷേ അതൊക്കെ എടുത്തു ഇങ്ങനെ വക്കുന്നത് അത്ര നല്ലതല്ല. എത്ര പേരുടെ ചോര കണ്ടിട്ടുള്ള വാള്‍ ആയിരിക്കും. ആ ശാപമൊക്കെ അതില്‍ കാണാതെ ഇരിക്കുമോ. കുഴിച്ചെടുത്ത ദിവസം തന്നെ അനര്‍ത്ഥം ഉണ്ടായതു കണ്ടില്ലേ. ഇതിവിടെ വീണ്ടും വച്ച് കൊണ്ടിരുന്നാല്‍ അനര്‍ത്ഥങ്ങള്‍ വീണ്ടും ഉണ്ടാവും. എത്രയും പെട്ടെന്ന് കൊണ്ട് പോയി കളയാന്‍ നോക്ക്.

“ഇത് വാങ്ങാന്‍ സലിം സാറിന്റെ കൂട്ടുകാരന്‍ നാളെ വരുമെന്ന് പറഞ്ഞിരുന്നു. ” പവിത്രന്‍ പറഞ്ഞു.

” അപകടം, അപകടം ഇത് ആര്‍ക്കും കൊടുക്കരുത് എവിടെ നിന്നാണാവോ കിട്ടിയത് അവിടെ തന്നെ കൊണ്ട് കുഴിച്ചിട്ടേക്കുക. അവിടെ ശാന്തമായി കിടന്നോട്ടെ…”

പവിത്രന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഭൗതിക ശാസ്ത്രത്തില്‍ പീ എച്ച് ഡി നേടിയ പവിത്രന്റെ യുക്തിചിന്ത പൂജാരിയുടെ വാക്കുകള്‍ക്ക് മുന്നില്‍ നിഷ്പ്രഭമായിപ്പോയി.

ഒടുവില്‍ ഇരുളിന്റെ മറവില്‍ ആ വാളിന്റെ പിടിയും കയ്യില്‍ എടുത്തു കൊണ്ട് പവിത്രന്‍ പുറത്തേക്കിറങ്ങി. കിഴക്കേ തൊടിയില്‍ കിട്ടിയിടത്തു തന്നെ അത് കുഴിച്ചിട്ടു. ആ സമയത്തു വീടിന്റെ മുന്നില്‍ കൂടി ഒരു ജാഥ പോകുന്നുണ്ടായിരുന്നു. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ ലംഘിക്കുന്നതിനു എതിരെ യുവജനങ്ങള്‍ ചേര്‍ന്ന് നടത്തുന്ന ജാഥ….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English