എഴുത്തുകാരൻ ഒരു ബസ് യാത്രയിലാണ് തൻ്റെ കഥയിലെ പ്രധാന കഥാപാത്രത്തെ കണ്ടുമുട്ടിയത്.
“നമസ്കാരം. കണ്ടത് നന്നായി. ടിക്കറ്റെടുക്കാൻ പൈസയില്ല. സാറ് സഹായിക്കണം.” കഥാപാത്രം അടുത്തുചെന്ന് ആവശ്യപ്പെട്ടു. അയാൾ നന്നായി മദ്യപിച്ചിട്ടുമുണ്ട്.”ഒരു പാലക്കാട്. ” മറിച്ചൊന്നും പറയാതെ എഴുത്തുകാരൻ കഥാപാത്രത്തിനു വേണ്ടി ടിക്കറ്റെടുത്തു.
“സാറ്, എണീറ്റാൽ ഈ പാവത്തിന് ഒന്നിരിക്കാമായിരുന്നു.”
കഥാപാത്രം അവശത ഭാവിച്ചുകൊണ്ട് പറഞ്ഞു. എഴുത്തുകാരൻ ഒരു നിമിഷത്തെ ആലോചനയ്ക്കൊടുവിൽ സീറ്റൊഴിഞ്ഞു കൊടുത്തു. കഥാപാത്രം സീറ്റിൽ അമർന്നിരുന്നു. “ഞാൻ കുടിയൻ.ആഭാസൻ….” കഥാപാത്രം തെല്ലുറക്കെ പറഞ്ഞു. എഴുത്തുകാരൻ ഒന്നും മിണ്ടിയില്ല. “ഓ, നിങ്ങൾക്ക് എന്തും എഴുതാമല്ലോ. ആവിഷ്കാര സ്വാതന്ത്ര്യം…… ” കഥാപാത്രം കരയാൻ തുടങ്ങി. എഴുത്തുകാരൻ നിന്നു വിയർത്തു. “ഇന്നു മുതൽ നിങ്ങൾ എനിക്കു ചെലവുതരണം. മനസ്സിലായോ?” കരച്ചിൽ നിർത്തിയ ശേഷം കഥാപാത്രം പറഞ്ഞു. എഴുത്തുകാരൻ അപ്പോഴും ഒന്നും മിണ്ടിയില്ല.
അപ്പോഴതാ, മറ്റൊരു കഥാപാത്രം ഒക്കത്തൊരു കുട്ടിയുമായി കയറി വരുന്നു. എഴുത്തുകാരൻ വീഴാതിരിക്കാൻ കമ്പിയിൽ മുറുകെ പിടിച്ചു. പിന്നെ, പോക്കറ്റിൽ പരതി നോക്കി ഒരു ടിക്കറ്റിനു കൂടി പൈസയുണ്ടെന്ന് ഉറപ്പുവരുത്തി.