“എന്റെ അഭിപ്രായത്തില് ആർക്കും ആരേയും തോൽപ്പിക്കാൻ പറ്റില്ല , ആരും തോൽക്കുന്നതല്ല അറിഞ്ഞുകൊണ്ട് പലയിടത്തും തോറ്റുകൊടുക്കുന്നതാണ്. നിങ്ങള് ജയിക്കാനായി ദൃഢനിശ്ചയമെടുത്തു കഴിഞ്ഞാൽ പിന്നെ നിങ്ങളെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല.” വിമൻസ്കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് , വിദ്യാർത്ഥിനികൾക്കായി മോട്ടിവേഷൻ ക്ലാസ് എടുക്കുന്നതിനിടെ അങ്ങനെ പറയുമ്പോൾ ജീവിതത്തിലെ തോൽവിയും ജയവും എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് സത്യത്തിൽ എനിക്കറിഞ്ഞുകൂടായിരുന്നു. വിമൻസ്കോളേജ് യൂണിയൻ ഭാരവാഹികൾ ഇങ്ങനൊരു മോട്ടിവേഷൻ ക്ലാസിനായി വന്ന് ക്ഷണിച്ചപ്പോൾ ആവുമ്പോലെയൊക്കെ ആ ക്ഷണം നിരസിച്ചതാണ്. അപ്പോൾ കൂട്ടത്തിൽ പ്രധാനിയെന്ന് തോന്നിക്കുന്ന വെളുത്തുമെലിഞ്ഞ ഒരു പെൺകുട്ടി പറഞ്ഞു. ” മാഡം, മാഡത്തെപ്പോലെ ജീവിതത്തിൽ അസൂയാവഹമായ വിജയം കൈവരിച്ചയാളെയാണ് ഞങ്ങൾ തേടികൊണ്ടിരുന്നത്. പ്ലീസ് മാഡം ഞങ്ങളുടെ ക്ഷണം നിരസിക്കരുത്. ”
എനിക്കപ്പോൾ പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. പൊടിപിടിച്ചു മങ്ങിയ ഓർമ്മകളിൽ നിന്നും ഒരു സുന്ദരനിമിഷം പോലും ചികഞ്ഞെടുക്കാനില്ലാത്ത , എന്റേതെന്നു പറയാൻ കുറെ ഒപ്പുകൾ മാത്രം അവശേഷിപ്പിച്ചുകൊണ്ട് വിരസമായി ദിവസങ്ങൾ തളളിനീക്കുന്ന ഞാനാണോ അസൂയാവഹമായ ജീവിതവിജയം കൈവരിച്ചത്. അല്ലേലും പുറമേ നിന്ന് നോക്കി കാണുന്നവർക്ക് ഒരാളുടെ ജീവിതം വിജയമാണോ പരാജയമാണോ എന്നെങ്ങനെ പറയാൻകഴിയും. ഒരു വ്യക്തി തന്റെ നല്ല പ്രായം മുഴുവൻ ചെലവഴിച്ച് നേടിയെടുക്കുന്ന പണവും പദവികളുമാണോ ഒടുക്കം വിജയമായിനിർണ്ണയിക്കപ്പടുന്നത്.അങ്ങനെയാണെങ്കിൽ ഞാൻ ജീവിതവിജയം കൈവരിച്ചൂന്ന് പറയാം. എന്റെ രസമുകുളങ്ങൾ കയ്പ്പുളളതേറെ രുചിച്ചൊടുക്കം നേടിയെടുത്ത ഇത്തിരി മധുരം. അതാണീ കറങ്ങുന്ന കസേരയും തിളങ്ങുന്ന സ്ഥാനമാനങ്ങളും
ചിന്തകൾ കാടുകയറികൊണ്ടിരിക്കേ പൊടുന്നനെ എന്റെ ഓർമ്മകളിൽ നിന്നും ഒരു എട്ടു വയസ്സുകാരി മഞ്ഞ ഞൊറിയുളള ഉടുപ്പുമിട്ട് അമ്മയുടെ കൈക്കുപിടിച്ച് തുളളിച്ചാടി വന്നു. അമ്മ അവൾ കണ്ടതിൽ വച്ചേറ്റവും വലിയ നന്മ. മൂക്കറ്റം കുടിച്ച് വെളിവില്ലാതെ വരുന്ന അച്ഛന്‍ പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ അവളേയും അനിയത്തിമാരേയും തല്ലിച്ചതയ്ക്കുമ്പോൾ പരിചയായി നിന്ന് രക്ഷിക്കുന്നവൾ. അച്ഛൻ ദുഷ്ടതയുടെ ഒരു പര്യായമായത് കൊണ്ടായിരിക്കാം ആ കുഞ്ഞു മനസ്സിൽ അമ്മയുടെ നന്മയ്ക്ക് മാറ്റുകൂടിയത് . ആ പത്തരമാറ്റ്സ്നേഹസാമീപ്യത്തിൽ മാത്രമേ അവളുടെയും അനിയത്തിമാരുടെയും കണ്ണുകൾ തിളങ്ങിയുളളൂ. ചുണ്ടിൽ മന്ദഹാസം വിരിഞ്ഞുളളൂ. പക്ഷേ ആ സ്നേഹസാമിപ്യം അധികകാലം നീണ്ടു നിന്നില്ല.
അവൾക്ക് പതിമൂന്ന് വയസ്സുളളപ്പോഴായിരുന്നു അത്. അവളുടെ ശരീരത്തിൽ ഒരു സ്ത്രീക്ക് അനിവാര്യമായി വേണ്ടതും എന്നാൽ പലപ്പോഴും അനാവശ്യമാണെന്ന് അവൾക്ക് തോന്നിയിട്ടുളളതുമായ പരിവർത്തനങ്ങൾ നടക്കുന്ന കാലം. അന്ന് പതിവുപോലെ മൂക്കറ്റം കുടിച്ച് തല്ലുണ്ടാക്കാൻ കണക്കാക്കി വന്ന അച്ഛൻ ഇനിയും കുടിക്കാൻ കാശു കൊടുക്കാത്തതിന്റെ പേരിൽ അമ്മയെ അതിക്രൂരമായി തല്ലിച്ചതച്ചു. തടുക്കാൻ ചെന്ന അവളെയും അനിയത്തിമാരേയും മുടിക്കുത്തിനു പിടിച്ച് നിലത്തൂടെ വലിച്ചിഴച്ച് ഒരു മുറിയിൽ കൊണ്ടു പോയി പൂട്ടിയിട്ടു. അപ്പോൾ അച്ഛന്റെ കണ്ണിൽ കത്തി നിന്ന രൗദ്രഭാവം കണ്ട് അവൾ വല്ലാതെ ഞെട്ടി. ആ രൗദ്രത്തിന്റെ തീവ്രതയോടെ തന്നെ ആ ദുഷ്ടൻ അവളുടെ പാവം അമ്മയുടെ വയറ്റിൽ ആഞ്ഞുചവിട്ടി. അവളുടെ കരള്പിളർത്ത അമ്മയുടെ ദീനരോദനം ഒരു നൂൽപോലെ നേർക്കുന്നത് അവളറിഞ്ഞു. കണ്ണു തുറിച്ച് വാ പൊളച്ച ആ ചേതനയറ്റ ശരീരത്തെ പശ്ചാത്താപത്തിന്റെ ഒരു ലാഞ്ചന പോലുമില്ലാതെ ആ ദുഷ്ടൻ കെട്ടിതൂക്കുന്നത് ജനാലപ്പഴുതിലൂടെ നിസ്സഹായതയോടെ അവൾക്ക് നോക്കി നിൽക്കേണ്ടി വന്നു. അവളുടെ ജീവിതത്തിലെ ആദ്യത്തെ തോൽവിയായിരുന്നു അത്. അവൾക്ക് അവളുടെ നിസ്സഹായതയോടും പ്രായത്തിന്റെ പക്വതക്കുറവിനോടും തോറ്റുകൊടുക്കേണ്ടി വന്നു.
അവളുടെ അമ്മയുടെ മരണം മാനസികവിഭ്രാന്തി മൂലമുളള ആത്മഹത്യയാണെന്ന് വരുത്തി തീർക്കുവാൻ അച്ഛന് നിഷ്പ്രയാസം സാധിച്ചു. അതിന് അച്ഛനെ സഹായിച്ചത് , കോലിന്മേൽ ചേല ചുറ്റിയാലും പിന്നാലെ മണത്തു പോകുന്ന സ്ത്രീലമ്പടനായ മേലെപാടത്തെ കർണൻമുതലാളിയായിരുന്നു. മുതലാളി കാശ് വാരിയെറിഞ്ഞ് അവള്ടെ അച്ഛനെ കേസിൽ നിന്നും ഊരിയെടുത്തത് അവളുടെ മേനിയഴകിൽ ആകൃഷ്ടനായിട്ടാണെന്ന ഒരു ശ്രുതി ആ നാട്ടിലെങ്ങും പരന്നിരുന്നു. അവളുടെ അമ്മ മരിച്ച് തൊണ്ണൂറു ദിവസം തികയുന്നതിനു മുമ്പേ നാട്ടുനടപ്പു പോലും മാനിക്കാതെ, കള്ള്കച്ചവടക്കാരി ചിന്നമ്മയുടെ മകൾ തങ്കത്തെ അച്ഛൻ വീണ്ടും കല്യാണം കഴിച്ചു ആ പൂതനയുടെ പേരിൽ മാത്രമേ തങ്കമുണ്ടായിരുന്നുളളൂ. അകം ശരിക്കുമൊരു കരിക്കട്ടയാണ്. രണ്ടാനമ്മയുടെ വരവോടെ അവളുടെയും അനിയത്തിമാരുടെയും ജീവിതം കൂടുതൽ ദുസ്സഹമായി. വന്നു കയറി അധികനാൾ കഴിയുന്നതിനു മുമ്പേ വീടിന്റെ ഓരത്തോടു ചേർന്നൊരു ഷെഡ് കെട്ടി തങ്കമ്മ കുലത്തൊഴിലായ ചാരായ കച്ചവടം തുടങ്ങി. അതോടെ അവളുടെ അമ്മയുടെ മനസ്സ് പോലെ പരിശുദ്ധമായ ആ വീടൊരു കള്ള്ഷാപ്പായിമാറി. സന്ധ്യ തന്റെ വരവറിയിച്ചു കഴിഞ്ഞാൽ പിന്നെ തങ്കമ്മയുടെ പുതിയ കളള്ഷാപ്പിൽ കുടിയന്മാരുടെ പ്രവാഹമായി. അതിൽ പ്രധാനി മേലെപ്പാടത്തെ കർണൻ മുതലാളിയായിരുന്നു .തെറിപ്പാട്ടും അശ്ലീലച്ചുവയുളള ഫലിതങ്ങളും തമ്മിത്തല്ലും വഴക്കുമൊക്കെയായി ആകെ ബഹളമയമായ തന്റെ വീടിന്റെ ദുരവസ്ഥയിൽ മനംനൊന്ത് പൊട്ടി കരയാനേ അവൾക്കായുളളൂ. തന്റെ മാത്രമല്ല തന്റെ അനിയത്തിമാരുടെയും നിഴലുപോലും കളള്ഷാപ്പിലെ കുടിയന്മാരുടെ കൺവെട്ടതകപ്പെടാതെ അവൾ ശ്രദ്ധിച്ചിരുന്നുവെങ്കിലും അന്നു രാത്രി അവളും അനിയത്തിമാരും അവരുടെ മുറിയിൽ ഗാഢനിദ്രയിലായിരിക്കേ തങ്കമ്മ ബോധപൂർവ്വം അനിയത്തിമാരെ മറ്റൊരു മുറിയിലേക്ക് മാറ്റി കിടത്തി കുടിച്ചുന്മത്തനായ കർണൻ മുതലാളിയെ അവളുടെ മുറിയിലേക്ക് പറഞ്ഞു വിട്ട് മുറിയുടെ മുൻവാതിൽ പുറമേ നിന്നും താഴിട്ടു പൂട്ടി. ഉറക്കത്തിൽ തന്റെ ശരീരത്തിലൂടെ ഒരു വിഷപാമ്പ് ഇഴയുന്നതു പോലെ തോന്നി ഞെട്ടിയുണർന്ന അവൾ അസമയത്ത് തന്റെ മുറിയിൽ കുടിച്ച് ലക്ക് കെട്ട മുതലാളിയെ കണ്ട് നടുങ്ങി വിറച്ചു . ആ സാഹചര്യം എങ്ങനെ നേരിടണമെന്നറിയാതെ നിമിഷനേരത്തേക്ക് പകച്ച അവൾ തനിക്കു ആകാവുന്നത്രയും ഉച്ചത്തിൽ അലറിവിളിച്ചു. അതുകൊണ്ട് ഒരു പ്രയോജനവുമില്ലാതായപ്പോൾ തന്നെ കടന്നു പിടിക്കാൻ ശ്രമിച്ച കർണൻ മുതലാളിയെ സർവ്വശക്തിയുമെടുത്ത് ആഞ്ഞുതളളി. ആ തളളലിന്റെ ആഘാതത്തിൽ വേച്ചുപോയ മുതലാളിയുടെ തല ഒരലർച്ചയുടെ അകമ്പടിയോടെ ചുമരിൽ ശക്തിയായി അടിച്ചു. ചുമരിൽ ചോരഛായം പൂശി ആ തല നിലത്തേക്ക് ഊർന്നിറങ്ങി. അലർച്ച കേട്ടിട്ടാകണം പുറത്തു കാവൽ നിന്ന തങ്കമ്മയുടെ കൈകളാൽ മുൻവാതിലിന്റെ ഓടാമ്പലൊന്നു ഞരങ്ങി. ആ ഞരക്കം കഴിയുന്നതും തങ്കമ്മ അകത്തേക്ക് പ്രവേശിക്കുമെന്ന് തിരിച്ചറിഞ്ഞ അവൾ ഞെട്ടലിൽ നിന്നുണർന്ന് പിൻവാതിലിലൂടെ നട്ടപ്പാതിരായ്ക്ക് എങ്ങോട്ടെന്നില്ലാതെ ഇറങ്ങിയോടി. പുറകീന്ന് ഏതു വാഹനം വരുമ്പോഴും പോലീസ് ജീപ്പാണെന്ന് തെറ്റിദ്ധരിച്ച് ഞെട്ടി വിറച്ച് അവൾ ഓടികൊണ്ടിരിക്കയാണ്. വല്ലാതെ തളരുമ്പോൾ നടന്നും വിലങ്ങുമായി ആരോ പിൻതുടരുന്നുണ്ടെന്ന് തോന്നുമ്പോൾ ഭയന്നോടിയും അവൾ എങ്ങനെയല്ലോ ബസ് സ്റ്റാന്റിലെത്തിച്ചേർന്ന് അവിടെ പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ബസ്സിൽ അത് എങ്ങോട്ടേക്കാണെന്നുപോലും നോക്കാതെ ഓടിക്കയറി . ബസ്സിലെ കമ്പിയിൽ തൂങ്ങി നില്ക്കുമ്പോഴാണ് സംഭവിച്ചതൊന്നുമറിയാതെ അപ്പുറത്തെ മുറിയിൽ ഉറങ്ങി കിടക്കുകയായിരുന്ന അനിയത്തിമാരെക്കുറിച്ച് അവളോർത്തത് . അവരെ ആ നരകത്തിൽ തനിച്ചാക്കി ഇറങ്ങിപോന്നതിൽ അവൾക്ക് കുറ്റബോധം തോന്നിയെങ്കിലും അവരെക്കൂടി രക്ഷിക്കാൻ ശ്രമിച്ചെങ്കിൽ തന്റെ വിധി കൂടുതൽ ദുസ്സഹമായിരുന്നേനെ എന്ന തിരിച്ചറിവ് ആ ഉത്തരവാദിത്വത്തെ ബോധപൂർവ്വം വിസ്മരിച്ചു കളയാൻ അവളെ പ്രേരിപ്പിച്ചു. ഒരവസരം വന്നപ്പോൾ അവിടുന്ന് രക്ഷപ്പെടാൻ ഈശ്വരൻ തനിക്ക് ശക്തി നൽകിയതുപോലെ അവർക്കും ശക്തി കൊടുക്കും എന്നുള്ള പ്രത്യാശ കൊണ്ട് അവളാ പ്രേരണയെ ന്യായീകരിക്കുകയും ചെയ്തു.
“ജോലി ആവശ്യമുളളവരും ജോലിക്കാരെ ആവശ്യമുളളവരും ബന്ധപ്പെടുക” എന്നെഴുതിയ ഒരു ബോര്‍ഡിനു മുന്നിലാണ് അവളുടെ അന്നത്തെയാ ബസ് യാത്ര അവസാനിച്ചത് . അതൊരു ഹോം നഴ്സിങ്ങ് ഏജൻസിയായിരുന്നു . തിരക്കുകളും അസൗകര്യങ്ങളും കാരണം വൃദ്ധരായ മാതാപിതാക്കളോടും പറക്കമുറ്റാത്ത കുഞ്ഞുങ്ങളോടുമുളള തങ്ങളുടെ ഉത്തരവാദിത്വം പണമടച്ച് ഹോംനഴ്സിനെ ഏൽപ്പിക്കാൻ വന്നവരുടെ കൂടെ അവളും ഹോം നഴ്സായി പോയി തുടങ്ങി. ഓരോ മാസവും ഓരോ വീടുകൾ വ്യത്യസ്ത തരക്കാരുടെ കൂടെ, വ്യത്യസ്ത മതസ്ഥരുടെ കൂടെ മാറി മാറി താമസിച്ച് അവൾ ജോലി ചെയ്തു. അങ്ങനെ യാത്ര തുടരവേ രണ്ടു കൊല്ലം കഴിഞ്ഞാണ് റിട്ടയർഡ് ഹെഡ്മിസ്ട്രസ്സ് കാർത്ത്യാനിടീച്ചർക്ക് വാർദ്ധക്യത്തിലെയിരുട്ടിലൊരു കൂട്ടായി അവൾ എത്തിച്ചേർന്നത്. അതവളുടെ ജീവിതയാത്രയ്ക്ക് ഒരു പുതിയ വഴിവെട്ടലായിരുന്നു . ടീച്ചറുടെ പ്രേരണയാൽ പാതിവഴിയിൽ മുടങ്ങിപ്പോയ പഠനം പുനരാരംഭിക്കാൻ തന്നെ അവൾ തീരുമാനിച്ചു . അങ്ങനെ ജോലിയിൽ തുടർന്നു കൊണ്ടു തന്നെ പ്രൈവറ്റായി പഠിച്ച് S.S.L.C മുതൽ L.L.B. വരെയുളള പരീക്ഷകൾ അവൾ ഉന്നതനിലയിൽ പാസായി. ആ കാലയളവിൽ നിരവധി പ്ര ണയാഭ്യർത്ഥനകളും വിവാഹാഭ്യർത്ഥനകളും അവളെ തേടിയെത്തിയെങ്കിലും അതുപോലുളള മൃദുലവികാരങ്ങൾക്കൊന്നും അവളെ കീഴ്പ്പെടുത്താനായില്ല. അതിന് രണ്ടുണ്ട് കാരണം. ജീവിതത്തിൽ അന്നേവരെ അനുഭവിച്ചിട്ടുളള കയ്പേറിയ അനുഭവങ്ങൾ അവളിലെ മൃദുലമുകുളങ്ങളെ നുളളികളഞ്ഞ് അവളുടെ അകവും പുറവും പരുപരുത്തതാക്കി തീർത്തിരുന്നു. അവളെ പരിചയപ്പെട്ട എല്ലാ പുരുഷന്മാരിലും തന്റെ അച്ഛന്റെയും മുതലാളിയുടെയും മുഖം മാത്രമേ അവൾക്ക് കാണാൻ കഴിഞ്ഞുളളൂ. അതൊരു പക്ഷേ അവളുടെ പരാജയമായിരിക്കാം അല്ലെങ്കിൽ വിജയമായിരിക്കാം അതു മാത്രമല്ല അപ്രതീക്ഷിതമായി ജീവിതത്തിൽ നേട്ടങ്ങൾ കൊയ്തെടുക്കാൻ തുടങ്ങിയപ്പോൾ അതിന്റെ ലഹരി അവളെ മത്തുപിടിപ്പിക്കാൻ തുടങ്ങിയിരുന്നു . ആ ലഹരി അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ അവൾ സിവിൽസർവീസ് പരീക്ഷയും എഴുതി വിജയിച്ചു .
പിന്നീടങ്ങോട്ടുളള ഇരുപത് വർഷങ്ങൾ, ജീവിതത്തിനകവും പുറവും ഒരുപോലെ കാർക്കശ്യം പുരട്ടികൊണ്ട് , നിർവികാരിതയെ കൂട്ടുപിടിച്ച് വെറുമൊരു വാശിക്കുവേണ്ടിയാണോ , അതല്ല അവൾക്ക് തന്നെ തിരിച്ചറിയാൻ പറ്റാത്ത ഒരു സംതൃപ്തിക്ക് വേണ്ടിയാണോ എന്നറിയില്ല. എവിടെയൊക്കെയോ എത്തിപ്പെടാനുളള ഒരു നെട്ടോട്ടമായിരുന്നു .
അതുകഴിഞ്ഞ് ഇന്നിപ്പോൾ പ്രായം അൻപത് പിന്നിട്ടപ്പോൾ ജീവിതസന്ധ്യയിലെ ഒരനിവാര്യതയെന്നപോലെ അവൾ കാർക്കശ്യകുപ്പായം അഴിച്ചുവെച്ച ഞാനായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കയാണ് . മരം കയറി തുടങ്ങിയ ഏതൊരു ജീവിക്കും അതിന്റെ തലപ്പത്തെത്താനുളള ഒരുൾത്വര ഉണ്ടായിരിക്കാം അതു സ്വാഭാവികം . തലപ്പത്തെത്തി കഴിഞ്ഞാൽ അതിന്റെ ആവശ്യകത എന്തായിരുന്നുവെന്ന ഉൾചോദ്യവും ഉയർന്നേക്കാം. എന്നിരുന്നാലും ജീവിതത്തിൽ അസൂയാവഹമായ വിജയം കൈവരിച്ചവൾ എന്ന ലേബലിൽ തന്നെ മുന്നിലിരിക്കുന്ന വിദ്യാർത്ഥിനികളിൽ ഉയരങ്ങൾ കീഴടക്കാനുളള ത്വര വാക്കുകൾ കൊണ്ട് ഊതിവീർപ്പിച്ചെടുക്കുമ്പോഴും ജീവിതപാതയിൽ മനപൂർവ്വം കളഞ്ഞേച്ചു പോയ കർത്തവ്യബിന്ദുക്കൾ കുറ്റബോധത്തിൻ മുളളുകളായി ഉളളിൽ തറഞ്ഞു കയറുന്നു. പടവുകൾ തിരക്കിട്ട് കയറുമ്പോൾ അറിയാതെ കക്ഷത്തിൽ നിന്നൂർന്നുപോയ ഇനിയൊരിക്കലും വീണ്ടെടുക്കാൻ പറ്റാത്ത , പരാതിയും പരിഭവവും ഇണക്കവും പിണക്കവും പോലുളള മൃദുലഭാവങ്ങളും രസങ്ങളും ജീവിതാസ്വാദനകലകളും വല്ലാതെ നൊമ്പരപ്പെടുത്തുന്നു .