ചന്ദ്രിക ആഴ്‌ചപ്പതിപ്പ് പ്രസിദ്ധീകരണം നിർത്തുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം ചന്ദ്രിക ആഴ്‌ചപ്പതിപ്പും വനിതാ പ്രസിദ്ധീകരണമായ മഹിളാ ചന്ദ്രികയും ജൂലൈ ഒന്നുമുതൽ പ്രസിദ്ധീകരിക്കില്ലെന്നാണ് അറിയിപ്പ്.
പ്രസിദ്ധീകരണം നിർത്തുന്നതോടെ തൊഴിൽ നഷ്‌ടമാകുന്ന പ്രൊബേഷൻ പൂർത്തിയാക്കിയ ജീവനക്കാർക്ക് എക്‌സിറ്റ് സ്‌കീം ഏർപ്പെടുത്തിയതായും ഡയറക്‌ടർ ബോഡിനുവേണ്ടി ഫിനാൻസ് ഡയറക്‌ടർ പി എം എ സമീർ പുറത്തിറക്കിയ നോട്ടീസിലുണ്ട്.
1932-ൽ പ്രസിദ്ധീകരണം ആരംഭിച്ച ചന്ദ്രിക മലയാളത്തിലെ മുൻനിര സാഹിത്യ പ്രസിദ്ധീകരണങ്ങളിൽ ഒന്നാണ്. സി.എച്ച്. മുഹമ്മദ് കോയ ഉൾപ്പെടെയുള്ള പ്രമുഖർ പത്രാധിപരായിട്ടുണ്ട്. എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് അടുത്ത കാലത്താണ് വാരിക പത്രാധിപസ്ഥാനം ഒഴിഞ്ഞത്.
കോവിഡിന് ശേഷം ഡിജിറ്റൽ രൂപത്തിലാണ് ആഴ്‌ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നത്. ഇതുൾപ്പെടെ നിർത്തുകയാണ്. വർഷങ്ങളായി നഷ്ടത്തിൽ പ്രസിദ്ധീകരിക്കുന്നത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രസിദ്ധീകരണം നിർത്തുന്നുവെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം.