കുറച്ചു ദിവസങ്ങളിലായി പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ചാകരയാണ് . ദിലീപ് എന്ന നടന്റെ വീഴ്ച്ച ഒരു ഉത്സവം പോലെ ആഘോഷിക്കുകയാണ് എല്ലാവരും. ഒരു ജനപ്രിയ നായകന്‍, നമ്മുടെ അടുത്ത ഒരാള്‍ എന്ന ഇമേജ് ഒരു നിമിഷം കൊണ്ടു തകര്‍ന്നപ്പോള്‍ ജനങ്ങള്‍ എല്ലാവരും ഒന്നടങ്കം ദിലീപിനെ തള്ളിപ്പറയുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കാണുന്നത്. ദിലീപ് ചെല്ലുന്നിടത്തെല്ലാം സെല്‍ഫിയെടുക്കാന്‍ തടിച്ചു കൂടിയിരുന്ന യുവ തലമുറ ഇപ്പോള്‍ ദീലീപ് പോകുന്ന വഴിയില്‍ കൂക്കു വിളിയോടെ എതിരേല്‍ക്കുന്നു. മീഡിയയില്‍ നമ്മള്‍കാണുന്ന ഘോര ഘോര സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ഈ സംഭവത്തില്‍ ഇപ്പോള്‍ ഏതാനു ശരി ഏതാണു തെറ്റ് എന്ന് അറിയാതെ അമ്പരന്നു നില്‍ക്കുന്ന പ്രേക്ഷകരാണ്. നഴ്സുമാരുടെ സമരവും,കുസാറ്റ് റഡാര്‍ കേന്ദ്രം രാഷ്ട്രത്തിനു സമര്‍പ്പിച്ച പ്രധാനപ്പെട്ട, അവശ്യം ജനങ്ങള്‍ അറിയേണ്ട വാര്‍ത്തകളെല്ലാം ഈ കോലാഹലങ്ങളുടെ ഇടയില്‍ മങ്ങിപ്പോകുന്നു. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം സിനിമാ ലോകത്തെ അധോലോക ബന്ധങ്ങളും ക്വട്ടേഷന്‍ ബന്ധങ്ങളും കിടപ്പറ രഹസ്യങ്ങളും എല്ലാം പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഹരമായി മാറിയിരിക്കുന്നു. താമസിയാതെ ഇതെല്ലാം കെട്ടടങ്ങും പുതിയൊരു വാര്‍ത്ത വരുന്നതുവരെ. പക്ഷെ ഇവരെല്ലാം ഒന്നോര്‍ക്കണം ദിലീപ് ഒരു കുറ്റാരോപിതന്‍ മാത്രമാണ്. കോടതി ശിക്ഷിക്കുന്നിടം വരെ പ്രതിസ്ഥാനത്ത് ചേര്‍ത്ത് വിചാരണ ചെയ്യുന്നത് ശരിയല്ല. അങ്ങനെയാണെങ്കില്‍ പഴയ പാമോലിന്‍ കേസ് അന്വേഷണം അവസാനിപ്പിക്കണം എന്ന് വാദിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെപേക്ഷ തള്ളിയ സ്ഥിതിക്ക് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി പ്രതിസ്ഥാനത്തല്ലെ? സി ബി ഐ തള്ളിക്കളഞ്ഞ ലാവ് ലിന്‍ കേസ് അന്വേഷിക്കണം എന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതോടെ മുഖ്യ മന്ത്രി പിണറായി വിജയനും പ്രതി സ്ഥാനത്തല്ലേ? എന്തുകൊണ്ട് ദിലീപിനെ ക്രൂശിക്കാന്‍ നടക്കുന്നവരും ആഘോഷമാക്കുന്ന ചാനലുകാരും ഇതൊക്കെ ഓര്‍ക്കാതെ പോവുന്നു? സത്യം എന്തായാലും പുറത്തു വരും അതുവരെ ദിലീപ് കുറ്റക്കാരന്‍ എന്ന വിശേഷണം നില നില്‍ക്കുകയുംചെയ്യും.