ചക്രവാളം

സങ്കട തിരമാലയിൽ ചുറ്റി

ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു കടലെന്നെ വിഴുങ്ങുന്നു

ആഴങ്ങളിൽ ഒരു വർണ്ണകൊട്ടാരം

കളഞ്ഞു പോയ വളപ്പൊട്ടും

കടം കൊടുത്ത പച്ചക്കല്ലും

ഒരുപാട് മോഹിച്ച മണിമുത്തും

ഓർമകളുടെ പവിഴപുറ്റുകൾക്കുള്ളിൽ ഭദ്രം.

വാലാട്ടി വന്ന മഞ്ഞവരയുള്ള വാളനമീനുകൾ എന്റെ ചിത്രപുസ്തകത്തിലേതാണ്

തല നീട്ടി തുഴയുന്ന ആമകൾ

മഞ്ഞവെയിൽ പരക്കുമ്പോൾ മുറ്റത്തേക്ക് പണ്ട് കേറിവന്നിരുന്നവ

മത്സ്യ കന്യക എവിടെ?

അവളുടെ തിളങ്ങുന്ന ചെതുമ്പലുകളിൽ എന്റെ സ്വപ്നങ്ങൾ തുന്നി ചേർത്തിട്ടുണ്ടോ?

ദ്രംഷ്ഠ കാട്ടി ചിരിച്ച്

അപ്പപ്പോൾ വന്നു പോകുന്ന

അഴുക്കുപിടിച്ച ഈ ജീവി

അവളുടെ കിങ്കരനാവുമോ?

നീരാളി കൈകൾക്കെന്തു ഭംഗി,

ഒഴുകി നടക്കുന്ന ഈ സ്വർണമീനുകൾ ആരുടെ പ്രണയമാണ്?

തിരിച്ചു കിട്ടാത്ത സ്നേഹത്തെക്കാൾ വലിയ വേദന വേറൊന്നുമില്ലെന്നു നെടുവീർപ്പിട്ട്

കണ്ണടഞ്ഞു പോയ ഒരു കല്ലിന്റെ ഉള്ളിലേക്ക് അവ എന്തിനാണ് പിന്നെയും പിന്നെയും എത്തി നോക്കുന്നത്?

കടലിൽ മുങ്ങി മരിച്ചവർ എവിടെ?

തിരിച്ചു പോകുമ്പോൾ അവർ എന്നോടൊപ്പം വന്നോട്ടെ?

കരയിൽ അവരുടെ പ്രിയപ്പെട്ടവർ മെഴുകുതിരി കത്തിച്ചിട്ടുണ്ടാവും

പ്രതീക്ഷയേക്കാൾ വലിയ തപസ്സുണ്ടോ!

കടൽ ഒരു ഗുഹയാണോ?

വാതിലും ജനലുകളും ഇല്ലാത്ത

ചാര നിറത്തിലുള്ള പായൽ പിടിച്ച ഒരു അറ?

ഉടലറ്റ ഒരു ഉയിർ?

അതോ യുഗങ്ങൾ താണ്ടി ഒരു കാത്തിരിപ്പ് പരന്നൊഴുകിയതാവുമോ?

കണ്ണീര് നിശ്ച്ലമായ കണ്ണുകളും

വരണ്ട ചുണ്ടുകളും

സ്നേഹം വിങ്ങിയ നെഞ്ചും

വാരി പുണരാത്ത കൈകളും സ്വയം മറന്നാടാത്ത കാലുകളും

എല്ലാം

എല്ലാം ഉരുണ്ടുകൂടി ഒന്നായി

ഒരു കടലായതാണോ

ഇന്നോളം അറിയാത്ത ഒരു മൗനം എന്നെ വിഴുങ്ങുന്നു

അതിന്റെ താക്കോൽ വലിച്ചെറിഞ്ഞ് ആകാശം എന്നെ നോക്കി ചിരിക്കുന്നു

ചക്രവാളം എന്നൊന്നില്ലത്രേ…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleതണൽ
Next articleകുടതുന്നുന്ന പയ്യൻ
(Dr. P.V.Sangeetha) തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയാണ് സ്വദേശം.  മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും  എം ഫിലും , ചെന്നൈ അണ്ണാ സർവകലാശാലയിൽ നിന്ന് മീഡിയ സ്റ്റഡീസിൽ ഡോക്ടറേറ്റും നേടി. ചെന്നൈയിലെ എത്തിരാജ് കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അദ്ധ്യാപികയാണ്. നവ മാധ്യമങ്ങളെ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. വായനയും എഴുത്തും ചിത്രംവരയും ഇഷ്ടവിനോദങ്ങൾ. 

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here