അമ്മു വരാൻ ഇനിയും പത്തു മിനിറ്റ് എടുക്കും. ശനിയാഴ്ച സാധരണ ക്ലാസ് ഉണ്ടാകാറില്ല. പക്ഷെ ജല്ലിക്കെട്ടു സമരം കാരണം കുറെ ക്ലാസ് മുടങ്ങിയതിനാൽ ഈ ശനിയാഴ്ച സ്പെഷ്യൽ ക്ലാസ്. എന്നോടൊത്തുള്ള സമയം പിങ്കിക്ക് സന്തോഷം കൊടുക്കുന്ന ഒന്നാണെന്ന് അറിയുന്നതുകാരണം മുൻപേ തീരുമാനിച്ചിരുന്ന ഉച്ച ഭക്ഷണ പരിപാടി മുടക്കുവാൻ എനിക്ക് മനസ് വന്നില്ല. ഞങ്ങളുടേ പതിവുള്ള ലഞ്ച് കൂടൽ അതുകൊണ്ടു രാത്രി ഭക്ഷണം ആക്കി മാറ്റി.
അമ്മു എൻെറ വീട്ടിൽ ഇരുപതു വര്ഷം മുൻപേ ജോലി ചെയ്തിരുന്ന അമുദയുടെ മകളാണ്. പഠിക്കാൻ മിടുക്കി ആയിരുന്ന അമ്മുവേ എൻെറ നിർബന്ധത്തിലാണ് അമുദ ചെന്നൈയിലെ പ്രശസ്തമായ പെൺ കലാലയത്തിൽ ചേർത്ത് ഹോസ്റ്റലിൽ നിർത്തി പഠിക്കാൻ അയച്ചത്. എൻെറ ഉത്തരവാദിതലായതുകൊണ്ടു ഇടയ്ക്കിടയ്ക്കു ഞാൻ അവളെ കാണുകയും, പുറത്തു കൊണ്ടുപോകുകയും, നല്ല ബുദ്ധി ഉപദേശിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ബി എ കഴിഞ്ഞു ഐ എ സ് ആണ് അവളുടെ ലക്ഷ്യം. അതിനുവേണ്ട കോച്ചിങ്ങും ട്രെയിനിങ്ങും അവൾ വളരെ ഗൗവരവമായി തുടങ്ങി കഴിഞ്ഞിരുന്നു.
അമ്മുവേ കാത്തു അവളുടെ കോളേജിൻറെ കോമ്പൗണ്ടിൽ കാർ പാർക്ക് ചെയ്തു. പടർന്നു പന്തലിച്ചു നിൽക്കുന്ന വൃക്ഷങ്ങൾ നിറഞ്ഞ പരിസരം. ഒരു മരത്തിന്റെ താഴെ ഉള്ള ബെഞ്ചിൽ ഇരുന്നു. വിരസത ഒഴിവാക്കാൻ ഫേസ് ബുക്ക് വെറുതെ ബ്രൗസ് ചെയ്തപ്പോഴാണ് എവിടെനിന്നോ അവളുടെ പ്രൊഫൈൽ പിക്ചർ എൻെറ ടൈംലൈനിയിൽ പൊങ്ങി വന്നത്. രണ്ടു ഇരട്ടക്കുട്ടികളുടെ പടം. നീല ഡ്രെസ്സിട്ട രണ്ടു സുന്ദരികുട്ടികൾ! എത്ര പെട്ടെന്നാണ് സമയം ഓടിപോകുന്നത്? ഇന്ന് അവൾ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും. ചക്കി ഞാൻ ജോലിസ്ഥലത്ത് പരിചയപ്പെട്ട ഒരു സ്ത്രീയുടെ മകളാണ്. ബിസിനസ്സുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾക്കായി ആ സ്ത്രീ ഇടയ്ക്കു ഇടയ്ക്കു എൻെറ ഓഫീസിൽ വരുമായിരുന്നു. വലിയ അടുപ്പം ഒന്നും ഇല്ലെങ്കിലും ഭർത്താവ് മയക്കുമരുന്നിന് അടിമ ആണെന്നും ഈരണ്ടു വയസ്സ് വ്യത്യാസത്തിന് മൂന്ന് പെണ്മക്കൾ ഉണ്ടെന്നും മനസിലാക്കി. ഭർത്താവു കൂടെ താമസമില്ലെന്നും പട്ടണത്തിന്റെ ചില മുക്കുകളിൽ മയക്കു മരുന്ന് ലഹരിയിൽ മുങ്ങി കിടക്കുന്ന അയാളെ ഇടയ്ക്കു കാണാറുണ്ടെന്നും പറഞ്ഞു. മൂന്നു കുട്ടികളെ ബുദ്ധിമുട്ടി വളർത്തുന്ന അവരോടു എനിക്ക് സഹതാപവും സ്നേഹവും തോന്നി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇടയ്ക്കു ഇടയ്ക്കു എൻെറ അടുത്ത് നിന്നും കാശു കടം വാങ്ങുന്നത് പതിവായിരുന്നു. തിരിച്ചു തരുന്ന സ്വഭാവം ഇല്ലെങ്കിലും എനിക്ക് അത് ഒരു വിഷമമായി തോന്നിയില്ല.
അവരുടെ ബിസിനസ് അത്ര നല്ല നിലയിൽ പോകുന്നില്ല എന്ന് എനിക്കറിയാമായിരുന്നു. പെട്ടെന്ന് ഒരു ദിവസം വളരെ അവശയായി ആ സ്ത്രീ എൻെറ ഓഫീസിലേക്ക് കയറിവന്നു. വളരെ ഇളകിമറിയുന്ന ഒരു മാനസികാവസ്ഥയിൽ ആയിരുന്നു അവർ എന്ന് എനിക്ക് മനസിലായി . എന്ത് പറ്റി എന്ന് ചോദിക്കാൻ തുടങ്ങിയതും അവർ വാവിട്ടു കരയാൻ തുടങ്ങി. കുട്ടികൾക്ക് കൊടുക്കാൻ ഭക്ഷണം കൂടെ ഇല്ലെന്നും വീട്ടു വാടകയിൽ മൂന്ന് മാസം കുടിശിക ഉണ്ടെന്നും വീട്ടുടമസ്ഥൻ വീട് ഒഴിയാൻ നിർബന്ധിക്കുന്നു എന്നും പറഞ്ഞു കരഞ്ഞു. സഹായിക്കണം എന്ന അപേക്ഷയുമായി വന്നതാണ്! എന്ത് ചെയ്യണം എന്നറിയാതെ ഞാനും ഇരിന്നു. എൻെറ സാമ്പത്തിക സ്ഥിതിയും അത്ര ആരോഗ്യകരമായ അവസ്ഥയിൽ അല്ല . ദൈന്യദിന ജീവിതം ബുധിമുട്ടില്ലാതെ പോകുന്നുണ്ടെകിലും കൈയിൽ അധികമായി ചിലവാക്കാൻ പണം ഒന്നും ഇല്ല. കുട്ടികൾക്ക് ആദ്യം എന്തെങ്കിലും കഴിക്കാൻ കൊടുക്കാം എന്ന് പറഞ്ഞു അവരെയും കൊണ്ട് ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി. നേരെ പോയി അത്യാവശ്യ പലചരക്കു സാധനങ്ങൾ വാങ്ങി അവരുടെ വീട്ടിലേക്കു അവരുടെ കൂടെ പോയി. ആദ്യമായാണ് അവരുടെ കുട്ടികളെ കാണുന്നത്. മൂത്ത ആൾ ചക്കി. പതിനേഴു വയസ്സ്. പ്ലസ് ടു വിദ്യാർത്ഥിനി. നല്ല ഓമനത്തമുള്ള പെൺകുട്ടി. ചക്കിക്ക് താഴെ ഒരു പതിനഞ്ചു വയസുകാരിയും പതിമൂന്നു വയസുകാരിയും. ഒരു വലിയ ബംഗ്ലാവിന്റെ ഔറ്റ്ഹൗസ് ആയിരുന്നു ഇവരുടെ താമസ സ്ഥലം. ഒരു മുറി, ഒരു അടുക്കള. ഒരുകക്കുസും കുളിമുറിയും പുറത്ത്. മദിരാശിയിലെ നല്ല പോഷ് ഏരിയ ആയ അണ്ണാ നഗറിൽ. ഏതോ ഒരു ബിസിനസ് പരിചയം കാരണം കിട്ടിയ വീടാണ്. മൂന്നു പെണ്കുട്ടികളായതിനാൽ താമസ പ്രദേശം അന്തസുള്ളതായിരിക്കണം എന്ന് അവർ വിചാരിച്ചു കാണും എന്ന് തോന്നുന്നു. ബംഗ്ളാവ് ഒരു നടത്തിപ്പുകാരന്റെ നിയന്ത്രണത്തിലാണ്. അവർ അടുക്കളയിൽ ചപ്പാത്തിയും പരിപ്പും ഉണ്ടാക്കുന്ന സമയം ഞാൻ കുട്ടികളുമായി പരിചയപെട്ടു. മൂന്നും മിടുക്കികൾ.നല്ല ആത്മവിശ്വാസവും, തന്റേടവും ഉള്ള ചക്കി എൻെറ മനസ്സിൽ ഇടം പിടിക്കാൻ അധികം സമയം എടുത്തില്ല. അവരുടെ ‘അമ്മ പറഞ്ഞു അവർക്കെങ്ങനെ അറിയാമെന്നു തോന്നി. ആ സമയത്തു ബംഗ്ളാവ് നടത്തിപ്പുകാരൻ അവിടെ വന്നു ബഹളം വയ്ക്കാൻ തുടങ്ങി. ചീത്ത വാക്കുകൾ ഉപയോഗിച്ച് വളരെ ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ ഇടപെടാതിരിക്കാൻ എൻെറ സ്വഭാവം അനുവദിച്ചില്ല. എന്തിനു പറയുന്നു മുന്ന് മാസം കുടിശിക വാടകയും മുന്ന് മാസ മുൻകൂർ വാടകയും ഒരാഴ്ച്ചക്കുള്ളിൽ ഞാൻ കൊടുക്കാം എന്ന് ചുമതല ഏറ്റു. അടുത്ത മൂന്ന് മാസത്തേക്ക് ഈ കുടുംബത്തെ അയാൾ ശല്യം ചെയ്യില്ല എന്നതായിരുന്നു എൻെറ പ്രേരണ. കൈയിൽ സമ്പാദ്യം ഒന്നും ഇല്ല. ഭർത്താവിൻറെ സ്ഥിതിയും വ്യത്യസ്തമല്ല. ഭർത്താവിൻറെ ബിസിനസ് ആവശ്യങ്ങൾക്ക് അധിക പലിശക്ക് പണം കടം കൊടുക്കുന്ന അസ്രാണി എന്ന സിന്ദിക്കാരൻ തന്നെ ശരണം. കൃത്യമായി പണം തിരിച്ചടയ്ക്കുന്ന എനിക്ക് കാശു കടം തരാൻ അയാൾക്ക് സന്തോഷമായിരുന്നു. അമ്പതിനായിരം രൂപയ്ക്കു വാഗ്ദാന പത്രത്തിൽ കൈയെഴുത്തു ഇട്ടു കൊടുത്തു, പത്തു മാസത്തേക്ക് അയ്യായിരം രൂപ വെച്ചുള്ള ചേഖുക്കും കൊടുത്തു. മുൻകൂർ പലിശ കഴിച്ചു നാല്പതിനായിരം രൂപ കൈയിൽ കിട്ടി. വാടക കണക്കു തീർത്തു പതിനായിരം രൂപ അവരുടെ കൈയിൽ കൊടുത്തു. അവർ എൻെറ രണ്ടു കൈകളും കൂട്ടി പിടിച്ചു വളരെ വികാരവിവശയായി പറഞ്ഞു ” ഞാൻ ഈ ഉപകാരം ഒരിക്കലും മറക്കില്ല”.
രണ്ടാഴ്ച കഴിഞ്ഞു ചക്കി എന്നെ വിളിച്ചു. പ്ലസ് ടു എക്സാം ഒരു മാസത്തിൽ കഴിയുമെന്നും ഒരു ജോലി ശരിയാക്കി കൊടുക്കണമെന്നുമായിരുന്നു അവളുടെ ആവശ്യം. സ്വകാര്യമായി ബി ബി എ എടുക്കാനാണ് പ്ലാൻ. അമ്മയെ കഷ്ടപെടുത്താൻ വിഷമാണെന്നും സഹായിക്കണമെന്നും എന്നോട് അപേക്ഷിച്ചു. വളരെ സന്തോഷത്തോടെ ഞാൻ ഒരു ജോലി കണ്ടുപിടിച്ചുകൊടുക്കാം എന്ന് വാഗ്ദാനം ചെയ്തു.
ചക്കിക്ക് ഒരു ജോലി കണ്ടുപിടിക്കാൻ എനിക്ക് അധികം പ്രയത്നിക്കേടി വന്നില്ല. എൻെറ ഓഫീസ് കോംപ്ലക്സിൽ തന്നെ എനിക്ക് നന്നായി അറിയാവുന്ന ഒരു കമ്പനിയുടെ എം.,ഡി ഒരു റിസെപ്ഷനിസ്റ് കം അഡ്മിൻ വേണം എന്ന് പറഞ്ഞു. ഉടനെ തന്നെ ഞാൻ ചക്കിയുടെ കാര്യം അവതരിപ്പിച്ചു. പിറ്റേന്ന് തന്നെ അഭിമുഖം കൂടെ ഇല്ലാതെ അയ്യായിരം രൂപ ശമ്പളത്തിൽ ചക്കി ജോലിക്കു ചേർന്നു. അവൾ ഇടയ്ക്കു ഇടയ്ക്കു എന്നെ കാണാൻ വരുമായിരുന്നു. ഓഫീസ് കാര്യങ്ങളും, വീട്ടിലെ കാര്യങ്ങളും പങ്കു വയ്ക്കും. അധികം താമസിയാതെ അവൾ എനിക്ക് ഒരു മകളെ പോലെ ആയി. മാസത്തിൽ ഒരിക്കൽ ഞങ്ങൾ ഷോപ്പിങ്ങിനും ഉച്ചഭക്ഷണത്തിനും പോകുന്നത് പതിവായി. ഒരു മകളില്ലാത്ത കുറവ് അവൾ പരിഹരിച്ചു. അവൾക്കു വേണ്ട ഡ്രസ്സും മറ്റു സാധനങ്ങളും വാങ്ങുന്നതും ഞാൻ ഒരു പതിവാക്കി. പഠനത്തിന്റെ പ്രാധ്യാനത്തെ കുറിച്ചും, സ്വന്തം കാലിൽ നിൽക്കുന്നതിന്റെ ആവശ്യകതയെ പറ്റിയും ഞാൻ ചക്കിയെ എപ്പൊഴും ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. ബി. ബി എ കഴിഞ്ഞു എം. ബി. എ നല്ല ഒരു ഇൻസ്റ്റിട്യൂട്ടിൽ ചെയ്യാനാണ് ആഗ്രഹം എന്നും ബാങ്കിങ് മേഖലയിൽ ജോലി ചെയ്യണം എന്നും അവൾ ഉറപ്പിച്ച മാതിരി ആയിരുന്നു. എപ്പോഴും എനിക്ക് ആന്റിയെ പോലെ ആകണം എന്ന് അവൾ പറയുമ്പാൾ ഞാൻ വളരെ സന്തോഷിച്ചിരുന്നു. രണ്ടു വര്ഷം വളരെ വേഗം കടന്നു പോയി. എൻെറ ഓഫീസ് ആ കോംപ്ലക്സിൽ നിന്നും മാറി. അതിനിടെ ചക്കിയുടെ അമ്മ ഒരു ബിസിനസ് കാരനുമായി സ്നേഹത്തിലാകുകയും അയാളെ കല്യാണം കഴിക്കുകയും ചെയ്തു. എനിക്കും അയാളെ അറിയാമായിരുന്നു. അയാളെപ്പറ്റി വലിയ അഭിപ്രായം ഇല്ലാത്തതിനാൽ ഞാനും അവരുമായുള്ള സൗഹൃദത്തിന് ഒരു പരിധി വെച്ചു. എന്തായാലും അവരുടെ സാമ്പത്തിക പ്രശ്നങ്ങള്ക്കും ഈ വിവാഹം ഒരു പരിഹാരമായി. ചക്കി ജോലി വിട്ടു. രണ്ടാനച്ഛൻറെ വീട്ടിലേക്കു താമസം മാറ്റിയ ചക്കിയുമായുള്ള എൻെറ ബന്ധം വല്ലപ്പോഴും വരുന്ന സീസൺസ് ഗ്രീറ്റിംഗ്‌സിൽ ഒതുങ്ങി. ഒരു വര്ഷം കഴിഞ്ഞു ചക്കിയുടെ രണ്ടാനച്ഛനിൽ നിന്നും ഒരു വാട്ട്’സ് ആപ്പ് സന്ദേശം വന്നു. കാർത്തിക വിത്ത് ഗണേഷ്. ചക്കിയുടെ ഔദ്യോഗിക പേരാണ് കാർത്തിക. കല്യാണ ക്ഷണനം. അവളുടെ ബി. ബി. എ പഠനം കഴിഞ്ഞതേ ഉള്ളു. ഇനി രണ്ടാനച്ഛൻ അവളെ നിർബന്ധിച്ചു കല്യാണം കഴിപ്പിക്കുക ആണോ? അധികം ആലോചിച്ചില്ല. വേഗം തന്നെ ചക്കിയെ ഫോണിൽ വിളിച്ചു. ഹലോ ആന്റി! മറ്റേ സൈഡിൽ നിന്നും ഒരു തണുപ്പൻ പ്രതികരണം. അധികം മുഖവരയില്ലാതെ ഞാൻ കാര്യത്തിലേക്കു കടന്നു. അവളുടെ ഇഷ്ട്ടത്തോടും സമ്മതത്തോടും ആണ് വിവാഹം എന്നും ഗണേഷ് കാണാൻ സുമുഖനായ ചെറുപ്പക്കാരനാന്നെനും രണ്ടാനച്ഛന്റെ ബിസിനസ് പാർട്ണറുടെ മകൻ ആണെന്നും അവൾ പറഞ്ഞപ്പോൾ കാര്യങ്ങളുടെ കിടപ്പു എനിക്ക് മനസിലായി. അപ്പോൾ നിൻെറ എം. ബി. എ പഠനം, ജോലി എന്ന ചോദ്യങ്ങൾക്കു “അത് നോക്കാം” എന്ന് ഒരു ഒഴുക്കൻ മറുപടിയും കിട്ടി. എല്ലാ ആശംസകളും നേർന്നു ഞാൻ ഫോൺ വെച്ചു. കല്യാണത്തിന് ചക്കിയിൽ നിന്നോ അവളുടെ അമ്മയിൽ നിന്നോ ക്ഷണം ഇല്ലാത്തതിനാൽ ഞാൻ കല്യാണത്തിൽ പങ്കെടുത്തില്ല. ചക്കിയെ പറ്റി ഓർക്കുമ്പോൾ ഇടയ്ക്കു ഒരു നഷ്ടബോധം തോന്നിയിരുന്നെങ്കിലും സാവധാനം ചക്കിയും എൻെറ ഓർമയിൽ നിന്നും മറഞ്ഞു.
“സോറി ആൻറ്റി, സോസിയോളൊജി മാഡം ക്ലാസ് കുറച്ചു അധികം നേരം എടുത്തു” എന്ന് പറഞ്ഞു അമ്മു പിന്നിൽ നിന്ന് വന്നു പതിവുപോലെ എൻെറ കഴുത്തിൽ കൈകൾ ചുറ്റി. ഞാൻ ചക്കിയിൽ നിന്നും എൻെറ ഓർമകളെ ഞാൻ അടർത്തി… അമ്മുവിൻറെ കഴുത്തിൽ ചുറ്റിയുള്ള കെട്ടിപ്പിടുത്തം സാധരണ എന്നെ അലോസരപ്പെടുത്തുമെങ്കിലും ഇന്ന് അത് എനിക്ക് ഒരു സ്വാന്തനം ആകുക ആയിരുന്നു.