വസന്തം കളമെഴുതും മധുമാസത്തിൽ
മാമ്പൂ മണമൊഴുകുകയായ്…
പൂവിടും താമ്രവർണ്ണങ്ങൾ
കതിർവരമ്പിന് കുങ്കുമം തൊട്ടു…
പുഷ്പശോഭ ചൂടും ഗന്ധമാദനത്തിൽ
അലസിസൂനങ്ങൾ കേകിനടനം ചെയ്യുകയായ്…
ശാരിക പൈങ്കിളികൾ തൻ ഭാവഗാനത്തിൽ
ശൃംഗാര പദമാടി ക്രൗഞ്ച യുഗളങ്ങൾ…
കോകിലങ്ങൾ പൊൻമുരളിയൂതും കർപ്പൂരക്കുളിർക്കാറ്റിൽ
ഹരിവല്ലഭങ്ങൾ ഊഞ്ഞാലാടുകയായ്…
മകരന്ദ പുഴയൊഴുകും ഇന്ദീവരങ്ങളിൽ
മധുപങ്ങൾ നീന്തിത്തുടിക്കുന്നു…
കനക മണിക്കച്ച ഞൊറിയുന്ന
ഫുല്ലകുസുമങ്ങളെ നിങ്ങൾ
ശംഭുവിന് മാല ചാർത്തുന്ന കർണികാരങ്ങൾ…
അർക്കൻ തൻ പ്രകാശതൂലികയാൽ
ചാരു ഛായാച്ചിത്രങ്ങൾ വരയ്ക്കുന്നു…
ഹൃദയകമലത്തിന് കളഭമണിയിച്ച പൂന്തിങ്കളെ
നിൻ ധവളാംബരത്തിന് മുത്ത് പതിക്കുന്നു താരങ്ങള്‍…
രത്നാകരന്‍ തന്നുടെ തായമ്പകയ്ക്ക്
തരിവളക്കൈകളാൽ നിള മീട്ടുന്നു ജലതരംഗം…
ആലിൻക്കൊമ്പിൽ വിപഞ്ചി മൂളുന്നു
ഒരു പ്രണയാർദ്ര ഗന്ധർവ്വരാഗം…
ചൈത്ര സുഗന്ധം പൂശും
കദംബ വനത്തില്‍ പൗർണമിയായ്…
സഹസ്രദള പദ്മത്തിൽ ശിവ പാർവതീ പരിണയമായ്…