ഒരാള്‍ മറ്റൊരാള്‍ക്ക് കാവലിരുന്നു.
അയാള്‍ക്ക് വേറൊരാള്‍ കാവലിരുന്നു.
പൂനാവയലില്‍ ആരും കഴിയുന്നത്ര ഉറങ്ങിയില്ല. ഉറങ്ങിയെങ്കെില്‍ത്തന്നെ രാത്രിയും പകലും ഉൂഴം വച്ച് മാത്രം. ഉണര്‍ന്നിരുന്നവര്‍ ഉറങ്ങിക്കിടന്നവരുടെ നാടിമിടിപ്പ് ഇടയ്ക്കിടെ പരിശോധിച്ചു. നെറ്റിയില്‍ കൈ വച്ച് ചുട്ടുപൊള്ളലിന്‍റെ സൂചനകളെങ്ങാനുമുണ്ടോ എന്ന് നോക്കി. അവര്‍ ഇടയ്ക്കിടയ്ക്ക് സ്വയവും പരസ്പരവും നാടിമിടിപ്പും താപനിലയും സ്പര്‍ശിച്ചളക്കാന്‍ ശ്രമിച്ചു.
ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട് ലോകമെമ്പാടും പടര്‍ന്ന പനി എപ്പോഴാണ് പ്രാണനെ തിളപ്പിച്ചാറ്റി തണുത്തുറയിക്കുന്നതെന്ന് അറിയില്ലല്ലോ.
പനി പകരുന്ന വഴി കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന പുകയ്ക്കാനിനി തലയൊന്നും ബാക്കിയില്ല.
വായുവിലൂടെയോ വെള്ളത്തിലൂടെയോ മഞ്ഞിലൂടെയോ പകരില്ല.
മനുഷ്യരിലൂടെയൊ മൃഗങ്ങളിലൂടെയൊ പക്ഷികളിലൂടെയോ കൃമികീടങ്ങളിലൂടെയോ പകരില്ല.
പക്ഷേ ലോകമെമ്പാടും ചൈനാപ്പനി പടരുന്നുണ്ട്.
ഇനി വെയിലിലൂടെയും ഇരുളിലൂടെയുമാണോ പകരുന്നത്?
അറിയാവുന്നവരായി ഈ ഭൂമുഖത്ത് ആരുമില്ല.
മുന്‍കരുതലുകളില്ല.
പ്രകടമായ ലക്ഷണങ്ങളില്ല.
പ്രതിരോധവാക്സിനോ മറുമരുന്നോ ഇല്ല.
നിന്ന നില്‍പ്പില്‍ കുഴഞ്ഞു വീഴും. ചുട്ടുപൊള്ളുന്ന പനിയുടെ മിന്നലാട്ടമുണ്ടാകും.
കഴിഞ്ഞു.
വീഴ്ച്ചയുടെ ആഘാതമെങ്കിലും ഒഴിവാക്കാനായി ആളുകള്‍ കഴിവതും ഇരിക്കാനോ കിടക്കാനോ ശ്രമിച്ചു. ചെറുപ്പക്കാര്‍ പോലും ഊന്നുവടി ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിച്ചു.
ചൈനാപ്പനിയെ പേടിച്ച് കഴിവതും ആരും എങ്ങും പോകാതായി.
ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കാനുണ്ടായിരുന്ന ഉപദേശം ഒന്നു മാത്രമായിരുന്നു:
ആവശ്യമായ ഇടങ്ങളിലെല്ലാം വളരെ പെട്ടെന്ന് ഫര്‍ണസുകള്‍ സ്ഥാപിക്കുക.
എന്തെന്നാല്‍ മൃതദേഹങ്ങള്‍ മറവ് ചെയ്യാനോ ഒഴുക്കിക്കളയാനോ തുറസ്സായ സ്ഥലത്ത് ഉപേക്ഷിക്കാനോ പാടില്ല.
വാര്‍ത്താമാദ്ധ്യമങ്ങളിലെയും സമൂഹമാദ്ധ്യമങ്ങളിലെയും ചര്‍ച്ച ഫര്‍ണ്ണസ്സുകളെ കുറിച്ചായി.
ആളുകള്‍ പരസ്പരം സംസാരിക്കാന്‍ തുനിഞ്ഞത് അധികവും ഫര്‍ണ്ണസ്സുകളെ കുറിച്ചായിരുന്നു.
നിനവിലും കനവിലും പുകവമിക്കുന്നതും ചുട്ടുപഴുത്തതുമായ കൂറ്റന്‍ ഫര്‍ണ്ണസ്സുകള്‍ പലപ്പോഴും ഭയാനകമായി വന്നു പോയി.
ഫര്‍ണ്ണസുകള്‍ സ്ഥാപിക്കാനും ബഹുരാഷ്ട്ര കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കാമെന്നൊരു തമാശ ഇടയ്ക്ക് വന്നെങ്കിലും ആരും ഗൗനിച്ചില്ല.
ജില്ലാ ആസ്ഥാനങ്ങളില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഫര്‍ണ്ണസുകളുടെ വിശദാംശങ്ങള്‍ വന്നു തുടങ്ങിയതോടെ ഭയം അതിനും ഉപരിയായ ഏതോ തലത്തിലേക്ക് സംക്രമിച്ചു.
സ്ഥലം കണ്ടെത്താനാകാത്ത സ്ഥലങ്ങളില്‍ ഉപയോഗശൂന്യമായിക്കഴിഞ്ഞിരുന്ന സ്റ്റേഡിയങ്ങളിലാണ് ഫര്‍ണ്ണസുകള്‍ സ്ഥാപിക്കുക.
ഒരേ സമയം ഒന്നും രണ്ടുമല്ല നൂറു കണക്കിന് മൃതദേഹങ്ങള്‍ ദഹിപ്പിക്കാനാകുന്ന ഫര്‍ണ്ണസുകള്‍.
ഫര്‍ണ്ണസ്സിന്‍റെ മലയാളം അറിയാത്തവരുടെ സംശയം ചുട്ടു പൊള്ളുന്ന വാക്കായി നിവര്‍ത്തിക്കപ്പെട്ടു : ചൂള.
സമൂഹമാധ്യമങ്ങളില്‍ പൊള്ളിപ്പഴുക്കുന്ന കനല്‍ച്ചുരുളുകളുമായി വന്ന ചൂളയുടെ ഉള്‍ച്ചിത്രവും വീഡിയോയും വൈറല്‍പ്പനി പോലെ പടര്‍ന്നു.
മൃതദേഹങ്ങള്‍ കൂട്ടത്തോടെ ദഹിപ്പിക്കുമ്പോള്‍ പരക്കുന്ന പുകപടലങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതികപ്രശ്ങ്ങളെ കുറിച്ച് ആരും പക്ഷേ വേവലാതിപ്പെട്ടില്ല.
എല്ലാം വെറും കരുതല്‍ മാത്രമെന്ന് ആശ്വസിക്കുന്നവരുടെ എണ്ണം കുറഞ്ഞു വന്നു.
കാലവും കാലാവസ്ഥയും നോക്കാതെ ചൈനാപ്പനി പല നാടുകളില്‍ പടര്‍ന്നപ്പോഴേക്കും പൊതുവേ കുറവായിരുന്ന ചൈനയിലെ വ്യാപനത്തിന്‍റെ തോത് കുത്തനെ കുറഞ്ഞിരുന്നു.
ലോകമെമ്പാടും നിന്ന് രോഗപ്പെരുക്കത്തിന്‍റെയും മരണത്തിന്‍റെയും കണക്കുകള്‍ വന്നപ്പോഴും അതിങ്ങോട്ട് നീളില്ലെന്ന് മൂഢമായി വിശസിച്ചവരുടെ എണ്ണം ചെറുതായിരുന്നില്ല.
ചൈനാപ്പനിയുടെ കടിഞ്ഞാണ്‍ ഇപ്പോഴും ചൈനയുടെ കൈയില്‍ ഭദ്രമാണെന്നും പൂനാവയല്‍ പ്രദേശത്ത് അനുഭാവികളുടെ ചതുരശ്ര കിലോ മീറ്ററിലെ സാന്ദ്രത കൂടുതലായതിനാല്‍ വ്യാപനത്തോത് കുറച്ച് നിറുത്തേണ്ട സ്ഥലങ്ങളുടെ ബെയ്ജിങ്ങിലെ പട്ടികയില്‍ പെട്ടിട്ടുണ്ടെന്നും ആകയാല്‍ പ്രതീക്ഷയുടെ ചുവന്ന കിരണങ്ങള്‍ ബെയ്ജിങ്ങില്‍ നിന്ന് പുറപ്പെട്ടിണ്ടുണ്ടെന്നുമുള്ള രഹസ്യവിവരം ചാനല്‍ ചര്‍ച്ചക്കാരനായ യുവനേതാവ് രഹസ്യസന്ദേശമായി വേണ്ടപ്പെട്ടവരെ അറിയിച്ചതായി ഒരു പല്ലില്ലാത്ത കിംവദന്തി നാട്ടിലിറങ്ങിയിരുന്നു.
പൂനാവയലിന്‍റെ അക്ഷാംശം രേഖാംശം എന്നിവയില്‍ ചൈനയ്ക്കുണ്ടായിരുന്ന നേരിയ അവ്യക്തത യുവനേതാവ് നേരിട്ട് പരിഹരിച്ചുവത്രേ.
എങ്കിലും ക്രയവിക്രയങ്ങളുടെ വിലനിലവാര സൂചിക വിറങ്ങലിച്ചു തന്നെ നിന്നു.
മരണക്കണക്കുകള്‍ രാജ്യത്തിന്‍റെ പല ഭാഗത്തും കൂടിയപ്പോഴും ശുഭാപ്തി വിശ്വാസത്തിന്‍റെ മൗഢ്യത്തിലായിരുന്നു പൂനാവയൽ .
പക്ഷേ നിറയെ ആളെയും കുത്തിനിറച്ച് വയനാട് ചുരമിറങ്ങുകയായിരുന്ന ഒരു ബസ്സ് സുഖമൗഢ്യത്തിന്‍റെ ചില്ലുമേലാപ്പ് തകര്‍ത്തു.
കൊക്കയിലേക്ക് മറിഞ്ഞ ബസ്സിലുണ്ടായിരുന്നവരില്‍ മുക്കാല്‍ പങ്കും മരിച്ചെങ്കിലും ബസ്സിന്‍റെ ഇടത് വശത്ത് മുന്‍നിരയിലുണ്ടായിരുന്ന ആള്‍ സാക്ഷ്യം പറയാനെന്നോണം ബാക്കിയായി.
“ഡ്രൈവറുടെ വായ് നിറയെ മുറുക്കാനുണ്ടായിരുന്നു.തൊട്ടുമുമ്പിലത്തെ സ്റേറാപ്പില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ആളുകളോട് “മുന്നോട്ട് കടന്ന് നിക്കോ, മുന്നോട്ട് കടന്ന് നിക്കോ” എന്ന് ചിരിച്ചോണ്ട് തെക്കന്‍ ചേലില്‍ പറഞ്ഞതുമാണ്. വണ്ടി വിട്ടിട്ട് കഷ്ടിച്ച് നൂറ് മീറ്റര്‍. അയാള്‍ വളയത്തിന് മേലേക്ക് കമഴ്ന്ന് വീണു.നിയന്ത്രണം വിട്ട വണ്ടി വലതു വശത്തെ കൊക്കയിലേക്ക് മറിഞ്ഞു.”
ബസ്സ് സര്‍വ്വീസുകളെല്ലാം നിലച്ചു.
ട്രെയിനുകള്‍ മാളങ്ങളില്‍ ചുരുണ്ടു.
വിമാനങ്ങള്‍ നേരത്തെതന്നെ ചിറകൊതുക്കിയിരുന്നു.
ഇതെല്ലാം സംഭവിച്ചത് ആരും ഉത്തരവ് പുറപ്പെടുവിച്ചിട്ടല്ല.
ആളുകള്‍ ഉപേക്ഷിച്ചത് കൊണ്ട് താനെ നിന്നുപോയതാണ്.
ചന്തയിലും സൂപ്പര്‍മാര്‍ക്കറ്റിലും ചെന്നവര്‍ കണ്ണില്‍ക്കണ്ടതെല്ലാം വാങ്ങിക്കൂട്ടാന്‍ തുടങ്ങി.
പെരുമഴക്കാലത്ത് വിറ്റു പോയ ഫാമിലിപായ്ക്ക് ഐസ്ക്രീമുകളുടെ എണ്ണത്തിൻെറ ആധിക്യം കണ്ട് അമ്പരന്ന് സന്തോഷിക്കുന്നതിനിടെ ഉല്‍പ്പാദകന്‍ ലാഭത്തിനിടയിലേക്ക് വീണൊടുങ്ങി.
എന്തോ ശബ്ദം കേട്ട് ക്യാബിനിലേക്ക് വന്ന അക്കൗണ്ടന്‍റ് നിലവിളിയോടെ പിന്തിരിഞ്ഞോടി.വിവരമറിഞ്ഞ മറ്റ് ജീവനക്കാരും തൊഴിലാളികളും മുതലാളി മരണപ്പെട്ടു കിടന്ന ക്യാബിനിലേക്ക് എത്തിനോക്കുക പോലും ചെയ്യാതെ ഇറങ്ങിയോടി.
പാഞ്ഞെത്തിയ ആരോഗ്യവകുപ്പും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഫാക്ടറിയും പരിസരവും സീല്‍ ചെയ്തു.ഏതെന്നറിയാത്ത അണുവിനെ നശിപ്പിക്കാനുള്ള നടപടികള്‍ ഏര്‍പ്പാടാക്കി.
ബന്ധുക്കള്‍ക്ക് പോലും പ്രവേശനം സ്നേഹോപദേശത്തോടെ നിരസിച്ചിട്ട് പകരം പിപിഇ കിറ്റിട്ടവര്‍ പകര്‍ത്തിയ വിശദമായ ദൃശ്യങ്ങള്‍ മെയില്‍ ചെയ്തു.
ചൂളകള്‍ വേണ്ടത്ര സ്ഥാപിതമായിട്ടില്ലാത്തത് കാരണം മൃതദേഹം ഏറ്റവും സമീപസ്ഥമെങ്കിലും അതിവിദൂരമായ ചൂളയിലേക്ക് കൊണ്ട് പോയി.
ഇക്കാലയളവില്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ പെരുമഴക്കാലത്തെ ഐസ്ക്രീം ഉപഭോഗത്തിന്‍റെ വര്‍ധനയെ സാധൂകരിക്കുന്ന നേരിയ ഒരു സൂചന കണ്ടെത്തി.
കമ്പോളങ്ങളില്‍ നേരിയ ഉണര്‍വ്വ്.
സമ്പാദ്യ അക്കൗണ്ടുകളില്‍ നേരിയ ഇടിവ്.
രണ്ടു മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഈ സൂചനകള്‍ പ്രകടമാം വിധം വലുതായി.
തേടലും നേടലും കരുതലും വ്യര്‍ത്ഥമെന്ന പരിവ്രാജകബോധത്തിന്‍റെ സംക്രമണം.
“എന്‍റെ മോനും മോള്‍ക്കും ഓരോ ബി എം ഡബ്ള്യൂ. പക്ഷേങ്കി ഡെലിവറി പെട്ടെന്ന് വേണം.”
ഷോറൂമിലെത്തിയ മുന്‍ പ്രവാസി “രണ്ട് ചായ എടുക്ക്” എന്ന് പറയുന്ന ലാഘവത്തോടെ പറഞ്ഞു.
ഡിസ്ക്കൗണ്ടും കാറിന്‍റെ തരങ്ങളും വിവരിക്കാനൊരുങ്ങിയ എക്സിക്യൂട്ടീവിനൊട് “ങ്ങള് മുന്തിയ തരം തന്നെ എടുത്തോളീ”എന്ന് പറഞ്ഞ് വില കേട്ട പാടെ ചെക്ക് എഴുതിക്കൊടുത്തു.
പേടിച്ചിരുന്നാല്‍ വിശപ്പൊടുങ്ങാത്തത് കൊണ്ട് ആരാന്‍റെ പറമ്പിലെ പണിക്ക് പോയിട്ട് സന്ധ്യയ്ക്ക് മടങ്ങുകയായിരുന്ന മൂന്ന് പിള്ളേരുടെ അപ്പനും റോസിലിയുടെ കെട്ടിയോനുമായ കുഞ്ചെറിയാ ചാക്കോ എന്ന കുഞ്ഞച്ചന്‍ പതിവു പോലെ കപ്പലണ്ടിക്കാരന്‍റെ ഉന്തുവണ്ടിക്ക് മുന്നില്‍ നിന്നു.
പതിവു പോലെ അയാള്‍ ഒരു പൊതിയെടുത്ത് നീട്ടിയപ്പോള്‍ കുഞ്ഞച്ചന്‍ ശങ്കിച്ചു നിന്നു. പിന്നെ മെല്ലെ തലയൊന്ന് തടവിയിട്ട് പറഞ്ഞു:
“ഒന്നു പോരാ “ഒന്നു നിര്‍ത്തിയിട്ട് എന്തോ കടുപ്പപ്പെട്ട അപരാധം ചെയ്യുന്നതു പോലെ തുടര്‍ന്നു “അഞ്ചു പൊതിയെടുത്തോ “
“കൂലി കൂട്ടിയോ കുഞ്ഞച്ചാ?”
“കൂലി കൂട്ടിയോന്നോ? ഒണ്ടാരുന്നത് കൊറച്ചു. എണ്ണൂറുണ്ടായിരുന്നത് ഇന്ന് അറുനൂറ്റമ്പതായി. പറഞ്ഞിട്ടെന്നാ കാര്യം? പിള്ളേര് തിന്നട്ടെന്ന്.” കപ്പലണ്ടിക്കാരന്‍ എല്ലാ പൊതിയിലും കുറശ്ശേ കപ്പലണ്ടി കൂടുതലിട്ട് പൊതിയഞ്ചും ഒരു ഒരു വലിയ കവറിലിട്ട് കൊടുക്കാന്നേരം പറഞ്ഞു:
“നമ്മള് കാണാന്‍ തുടങ്ങിയിട്ട് കാലം കൊറേ ആയില്ലേ? കൂലി അഞ്ഞൂറായാലും എണ്ണൂറായാലും ഒരു പൊതിയല്ലാതെ കുഞ്ഞച്ചന്‍ ഇതേവരെ വാങ്ങിയിട്ടില്ല.”
“ഓ, എന്നാ പറയാനാ…”
പത്തിന്‍റെ അഞ്ച് നോട്ടുകള്‍ എണ്ണിക്കൊടുത്തതിന്‍റെ കൈവിറ കുഞ്ഞച്ചന്‍റെ ദേഹത്ത് കുറച്ച് നേരം നിന്നു.
”ചാവുന്നത് വരെ ആശയടക്കം പാലിച്ചിട്ടെന്നാത്തിനാന്ന്” റോസിലി രാവിലെ ചോദിച്ചത് കൊണ്ടാ അച്ചടക്കവും ദൈവഭയവും അല്ലറചില്ലറ മറ്റു ഭയങ്ങളുമുള്ള കുഞ്ഞച്ചന്‍ ഇത് ചെയ്തത്.
ഇന്ന് കൊച്ചുങ്ങക്ക് ഒക്കെ ഓരോ പൊതി. റോസിലിക്ക് ഒന്ന്. തനിക്കൊന്ന്.
സാധാരണ പ്രാര്‍ത്ഥനയ്ക്കും അത്താഴത്തിനും ഇടയ്ക്കുള്ള സമയത്താണ് കുഞ്ഞച്ചന്‍ പൊതി പുറത്തെടുക്കുന്നത്.
റോസിലി പൊതിയിലെ കടല എണ്ണി തിട്ടപ്പെടുത്തി അഞ്ചായിട്ട് പകുക്കും. ആര്‍ക്കും ഒരു തരി കൂടുതലില്ല.അമ്മ പറ്റിക്കുന്നുണ്ടോന്ന് എല്ലാരും നോക്കിയിരിക്കും.അതുകൊണ്ടെന്താ, പിള്ളേര്‍ക്ക് ഗുണിക്കാനും ഭാഗിക്കാനും തെറ്റത്തില്ല. സ്കൂളിലെ കണക്ക് സാറിന് ഇതൊരു അത്ഭുതമായിരുന്നു.
ജീവിതത്തിലാദ്യമായി എല്ലാവര്‍ക്കും ഓരോ പൊതി കടല. താനുമൊരു ധാരാളി ആയിരിക്കുന്നു. ധാരാളിത്തം പൊറുക്കണേന്ന് ഒടയതമ്പുരാനോട് പ്രാര്‍ത്ഥിക്കാന്‍ ആകാശത്തേക്ക് നോക്കിയ കുഞ്ഞച്ചന്‍ പ്രാര്‍ത്ഥിച്ച് തീരും മുമ്പേ കമഴ്ന്നടിച്ചു വീണു.
ബസ്സ് സ്റ്റോപ്പില്‍ നിന്നവരൊക്കെ കുഞ്ഞച്ചനെ താങ്ങിയെടുക്കാന്‍ നില്‍ക്കാതെ താഴെ വീണ കടല പോലെ ചിതറിയോടി.
ശിക്ഷാനിയമാവലിയില്‍ മാലോകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്തെങ്കിലും ചെയ്യാതെ നന്നായി ഉറങ്ങാന്‍ കഴിയാത്ത ഒരു പൂനാവയലുകാരനുണ്ടായിരുന്നു.നാടിന് വിശാലത പോരെന്ന തോന്നല്‍ പരിഹരിക്കാന്‍ ഒരു ഏലയും പേരിന്‍റെ കൂടെ ചേര്‍ത്ത് ”മജീദ് പൂനാവയലേല” എന്ന പേരില്‍ പൊടിക്കഥയും ഖണ്ഡകാവ്യവും എഴുതിയിരുന്ന പുതിനപ്പറമ്പിലെ മജീദ്. കൊടും മഞ്ഞുണ്ടായിരുന്ന ഒരു വെളുപ്പാന്‍ കാലത്ത് വെള്ളമുണ്ടും വെള്ള അരക്കയ്യന്‍ ഷര്‍ട്ടും തലയിലൊരു കെട്ടും തോളിലൊരു പുള്ളിപ്പുതപ്പും കൈയ്യിലൊരു പൊതിയുമായി സര്‍ക്കാര്‍ ബസ്സില്‍ കയറി ഹൈറേഞ്ചിറങ്ങിയ മജീദ് ഇളം വെയിലിന് ചൂടേറിയപ്പോള്‍ ഊരും പേരും അറിയാത്ത നാട്ടില്‍ ബസ്സിറങ്ങിയത് ഉശിരനൊരു ലാടവൈദ്യനായിട്ടായിരുന്നു.
പുള്ളിപ്പുതപ്പ് കൊണ്ട് തലേക്കെട്ടും പാളത്താറും തോളത്ത് ഭാണ്ഡവും നെറ്റിയില്‍ പലതരം കുറികളും കപ്പടാമീശയും വായില്‍ മുറുക്കാനില്‍ കുതിര്‍ന്ന ലാടഭാഷയും കഴുത്തില്‍ പലനിറത്തിലുള്ള വലിയ മുത്തുകള്‍ കൊരുത്ത മാലയും പത്തുവിരലുകളിലും മോതിരങ്ങളുമായി നാട്ടുവഴികളിലേക്കിറങ്ങിയ മജീദിനെ പക്ഷേ നിരാശയായിരുന്നു കാത്തിരുന്നത്.
എങ്കിലും ഒന്നും ഫലിച്ചിലെങ്കില്‍ എന്തും പ്രയോഗിക്കാമെന്ന തന്‍റെ ന്യായം മറ്റുള്ളവരും അംഗീകരിച്ചതില്‍ മജീദ് അതിയായി സന്തോഷിച്ചു.
പഞ്ചസാര വറുത്ത് മൂപ്പെത്തുന്നതിന് മുമ്പെ ഇറക്കി പൊടിച്ച് ചുക്ക് പൊടിയുമായി മിശ്രിതം ചെയ്തത് ചാണകം ചുട്ട ഭസ്മത്തില്‍ ചേര്‍ത്ത് പ്ലാസ്റ്റിക്ക് കുപ്പികളിലാക്കി പൊക്കണത്തിലിട്ട് വീടുവീടാന്തരം മജീദ് കയറിയിറങ്ങുന്നതിനിടയില്‍ മിഠായി മരുന്നുമായൊരു ഹോമിയോ വണ്ടി വന്നു. വഴിയില്‍ കിടന്ന് സിദ്ധവൈദ്യത്തിന്‍റെ ഒരു നോട്ടീസ് കിട്ടി. മറ്റൊരു വീട്ടിലെത്തിയപ്പോള്‍ അവര്‍ സൗജന്യമായി കിട്ടിയ കഷായക്കിറ്റ് തുറക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
കാര്യങ്ങളുടെ വിശാല സാദ്ധ്യത കണ്ടെത്തിയ മജീദ് പൂനാവയലേല തിരികെ പൂനാവയലിലേക്ക് പോയില്ല.
അയാള്‍ രാത്രി കാലങ്ങളില്‍ പണി തീരാത്ത കെട്ടിടങ്ങളില്‍ കയറിക്കൂടി പഞ്ചസാര വറുത്ത് പൊടിച്ച് ചുക്ക് പൊടിയും ഭസ്മവും ചേര്‍ത്ത് ഡപ്പികളിലാക്കി ആളുകള്‍ മരിച്ചു വീഴുന്ന ഇടങ്ങള്‍ തേടി ദേശാന്തരഗമനം തുടങ്ങി.
സ്ഥിതിവിവരക്കണക്കുകാരനായ ജോണ്‍ അംബ്രോസ് സര്‍ക്കാരിന് വേണ്ടി ദേശാന്തര പരതല്‍ നടത്തുകയായിരുന്നു അന്നത്തെ ചൈനാപ്പനി മരണങ്ങളുടെ രാജ്യാന്തര ക്രോഡീകരണത്തിന് വേണ്ടി.
പരതിപ്പരതി ചെന്നപ്പോള്‍ ചൈനാപ്പനി മൂലം അതു വരെ ആരും മരിച്ചിട്ടില്ലാത്ത ഒരു രാജ്യത്തെ ഞെട്ടലോടെ കണ്ടെത്തി.
പേര് ഛഡ്.
പ്രദേശം മദ്ധ്യ ആഫ്രിക്ക.
ജനസംഖ്യ പതിനാറ് ദശലക്ഷത്തോളം.
ലോക രാജ്യങ്ങളുടെ സന്തോഷസൂചികയില്‍ ഏറ്റവും താഴെയുള്ള ദുഖിതമായ രാഷ്ട്രം.
സീറ്റില്‍ നിന്നെഴുന്നേറ്റ് ടോയിലറ്റില്‍ പോയി മടങ്ങിയ സ്ഥിതിവിവരക്കണക്കുകാരന്‍ പതിവില്ലാതെ ഗോവണിയിറങ്ങി താഴെ വന്ന് കാന്‍റീനി ല്‍ പോയി ചായകുടിച്ചു. ഒരു സിഗരറ്റിന് തീപ്പിടിപ്പിച്ചു.പകുതി വലിച്ച സിഗരറ്റ് നിലത്തിട്ട് ചവുട്ടിയരച്ചു. എന്തൊക്കെയോ പൊടുന്നനെ അപൂരിതമായി മാറുന്നു എന്ന തോന്നലില്‍ ഗേറ്റിന് പുറത്തിറങ്ങി വഴിവക്കിലെ പാന്‍ തട്ടില്‍ നിന്ന് ചാര്‍ സോ ബീസ് പാന്‍ വാങ്ങി അണയില്‍ തിരുകിയിട്ട് പതിനൊന്നേമുക്കാലിന്‍റെ വേനല്‍ വെയിലും കൊണ്ട് ചൈനാപ്പനിയുടെ ഭയം വിഭ്രമിപ്പിച്ച റോഡിലൂടെ അലഞ്ഞു.
ചാര്‍ സോ ബീസ് സിരകളെ തളര്‍ത്തി. ചിന്തകളെ ത്രസിപ്പിച്ചു. വല്ലാതെ വിയര്‍ത്തു. രണ്ടു കിലോമീറ്ററോളം വെയിലുകൊണ്ട് നടന്നെത്തിയത് ഷട്ടര്‍ കാല്‍ ഭാഗം മാത്രം ഉയര്‍ത്തിയ ഒരു കടയുടെ മുന്നില്‍.
ഷര്‍ട്ടും പാന്‍റും അഴുക്കായേക്കാമെന്നത് നോക്കാതെ ജോണ്‍ അംബ്രോസ് നിലത്ത് മുട്ടുകുത്തി തലയും തോളും കടയ്ക്ക് അകത്തേക്ക് നീട്ടി അരണ്ടവെളിച്ചത്തിലേക്ക് നോക്കി വിളിച്ച് ചോദിച്ചു:
“ഒരു സോഡാ തരാമോ?”
ജോണ്‍ അംബ്രോസിന്‍റെ വിരലുകള്‍ക്കിടയില്‍ തിരുകിയിരുന്ന പത്തു രൂപാ നോട്ട് വലിച്ചെടുക്കപ്പെടുകയും പകരം മരണത്തണുപ്പുള്ള ഒരു കുപ്പി സോഡാ വയ്ക്കപ്പെടുകയും ചെയ്തു.
സ്വത്വത്തിലെ വിഭ്രമങ്ങളിലേക്ക് തണുതണുത്ത സോഡാ കമഴ്ത്തിയൊഴിച്ചിട്ട് കുപ്പി ഷട്ടറിനടിയിലൂടെ അകത്തേക്ക് നിരക്കി ഇട്ട് ജോണ്‍ അംബ്രോസ് വേച്ചു വേച്ചു തിരികെ നടന്നു.
വീണ്ടും രണ്ടു കിലോമീറ്റര്‍.
തിളയ്ക്കുന്ന വെയില്‍.
തലയ്ക്കൊരു ഭാരം.
തിരികെ ഓഫീസിലെത്തിയത് ഉച്ച ഊണിന്‍റെ നേരത്തായിരുന്നെങ്കിലും ജോണ്‍ അംബ്രോസ് നേരേ കമ്പ്യൂട്ടറിന് മുന്നില്‍ പോയി ഇരുന്നു.
ലോക സന്തോഷസൂചികയും ചൈനാപ്പനിയുടെ വ്യാപനവും തമ്മിലെന്തെന്ന് തിരഞ്ഞ ജോണ്‍ സ്ഥിതിവിവരക്കണക്കിനെ അറിയാവുന്ന സിദ്ധാന്തങ്ങളുടെ ഉലയിലിട്ട് ഉലത്തി.
മഷിനോട്ടവും നടത്തി.
കണ്ടതൊരു വിപരീത പൊരുത്തം.
സന്തോഷസൂചിക പ്രകാരം ഏറ്റവും സന്തുഷ്ടമായ രാജ്യങ്ങളില്‍ ചൈനാപ്പനിയുടെ വ്യാപനവും മരണവും വളരെ കൂടുതല്‍!
അവിടുന്ന് കുറഞ്ഞ് കുറഞ്ഞ് വന്ന് ഏറ്റവും അസന്തുഷ്ട രാഷ്ട്രമായ ഛഢിലെത്തുമ്പോള്‍ പൂജ്യം.
അന്നത്തെ സ്ഥിതിവിവരക്കണക്ക് അയക്കാനുള്ളിടത്തേക്കെല്ലാം മെയില്‍ ചെയ്തിട്ട് തന്‍റെ കണ്ടു പിടുത്തം മനസ്സിലമര്‍ത്തി ഓഫീസില്‍ നിന്ന് റോഡിലേക്കിറങ്ങിയ ജോണ്‍ അംബ്രോസ് തലയും മുഖവും ആകെ കറുത്ത തുണി കൊണ്ട് മൂടിയ ആരോ നീട്ടിയ നോട്ടീസ് അലക്ഷ്യമായി വാങ്ങി മുന്നോട്ട് നടന്നു.
അഞ്ചാറു ചുവടു വെച്ചാറെ കയ്യിലിരുന്ന നോട്ടീസിലെ കട്ടിയുള്ള ഏതാനും വരികളിലേക്ക് കണ്ണോടിച്ചു:
”സന്തോഷിപ്പിന്‍!സന്തോഷിപ്പിന്‍!
സുഖമരണത്താല്‍ മാനവരാശി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
നന്ദിയൊടെ,നന്ദിയൊടെ പ്രാര്‍ത്ഥിപ്പിന്‍!
പ്രാര്‍ത്ഥിപ്പിന്‍! ഉച്ചത്തിലുച്ചത്തില്‍ പ്രാര്‍ത്ഥിപ്പിന്‍!
ഗര്‍വ്വവം ത്യജിച്ച് പ്രാര്‍ത്ഥിപ്പിന്‍!”
മനസ്സില്‍ പൊടുന്നനെ പൊട്ടി മുളച്ച ചോദ്യവുമായി ജോണ്‍ അംബ്രോസ് തിരിഞ്ഞ് നിന്നെങ്കിലും നോട്ടീസ് നല്‍കിയ ആളെ അവിടെങ്ങും കാണാനുണ്ടായിരുന്നില്ല.
മുന്നോട്ട് നടന്ന ജോണ്‍ അംബ്രോസ് പിന്നില്‍ വളരെ ദൂരെ നിന്നും ഉച്ചഭാഷിണിയുടെ ആര്‍ത്തിരമ്പം കേട്ടു.
ഉച്ചഭാഷിണിയും ചുമന്ന് വാഹനം അടുത്തു വരുമ്പോഴേക്ക് ആര്‍ത്തിരമ്പം വ്യക്തമായി.
നോട്ടീസിലെ അതേ വരികള്‍.
കൂടുതല്‍ കൂടുതല്‍ സ്ഫുടമായും ശക്തമായും.
റോഡിന്‍റെ മദ്ധ്യഭാഗത്തോളം കടന്ന് നിന്ന് നിര്‍ത്താന്‍ ആംഗ്യം കാണിച്ച ജോണ്‍ അംബ്രോസിനെ വകവയ്ക്കാതെ വാഹനം വേഗതയൊട്ടും കുറയ്ക്കാതെ അമിത വേഗതയില്‍ പാഞ്ഞു പോയി.
കാറിന് പിന്നാലെ ഏതാനും വാര ഓടിയ ജോണ്‍ അംബ്രോസ് കിതച്ച് നിന്നു.
റോഡിൻെറ വശത്ത് മുട്ടില്‍ കൈ കുത്തി കുനിഞ്ഞ് നിന്ന് കിതയ്ക്കുന്നതിനിടയില്‍ ജോണിന്‍റെ ഉള്ളില്‍ മുളച്ച് പൊന്തിയ ചോദ്യം ആരോടെന്നില്ലാതെ പുറത്തേക്ക് വമിച്ചു.
“മനുഷ്യര്‍ക്ക് സുഖമരണത്തിനുള്ള ആരുടെ അര്‍ത്ഥനയാണ് സ്വീകരിക്കപ്പെട്ടത്? ആരെല്ലാമാണ് അവകാശവാദികള്‍?”
ചൈനാപ്പനി ബസ്സ് സര്‍വ്വീസുകള്‍ മുടക്കിയതു കാരണം രണ്ടു മണിക്കൂറിലേറെ നടന്നലച്ച് ജോണ്‍ അംബ്രോസ് പൂനാവയലിലെ വീട്ടിലെത്തുമ്പോഴേക്കും ടിവിയില്‍ നഗരങ്ങള്‍ കത്തിയെരിഞ്ഞു തുടങ്ങിയിരുന്നു.
കത്തിയെരിയുന്ന വീടുകള്‍ക്കും കെട്ടിടങ്ങൾക്കും ചന്തകൾക്കും ഉള്ളില്‍ നിന്ന് മാനവരാശിക്ക് സുഖമരണം നേടിയെടുത്തതിന്‍റെ വീമ്പുകള്‍ ശവദാഹഗന്ധത്തിന്‍റെ കൂറ്റന്‍ പുകച്ചുരുളുകളായി ഉയര്‍ന്നു.
നാളേറെ ചെന്നാറെ തീയും പുകയും കെട്ടെങ്കിലും വിദ്വേഷം തിളച്ച് തിളച്ച് നിന്നു.
പരസ്പരം കരുതലിന് പകരം പക കാത്തു വച്ചു.
ഏതോ കാരണത്താല്‍ ചൈനയിലെന്ന പോലെ ഇവിടെയും ചൈനാപ്പനിയുടെ മരണനിരക്ക് കുത്തനെ ഇടിഞ്ഞു.