ചാലിമാഷും കണക്കുജപവും

essay

“നിങ്ങള് കാലത്ത് കണ്ണു തൊറന്നയുടന്‍, കിടക്കപ്പായിലിരുന്നോണ്ടു ജപിയ്ക്കണം. കര്‍ത്താവേ, ഈശ്വരാ, അള്ളാഹൂന്നൊന്ന്വല്ല ജപിയ്ക്കേണ്ടത്. പിന്നെന്നതാ ജപിയ്ക്കേണ്ടത്? പറഞ്ഞുതരാം. സ്‌ഫിയറിന്റെ വ്യാപ്തം മൂന്നില്‍ നാലു പൈയ്യര് ക്യൂബ്‌ഡ്, സിലിണ്ടറിന്റെ വ്യാപ്തം പൈ ആര്‍ സ്ക്വയേഡ് എച്ച്, കോണിന്റെ വ്യാപ്തം മൂന്നിലൊന്ന് പൈ ആര്‍ സ്ക്വയേഡ് എച്ച്, പലിശ കാണാന്‍ പീയെന്നാണ് അപ്പോള്‍ ഹണ്ട്രഡ്, കൂട്ടുപലിശയടക്കമുള്ള മുതല്‍ ഏ കാണാന്‍ പീ ഇന്റു വണ്‍ പ്ലസ് ആര്‍ ബൈ ദ ഹോള്‍ റെയ്സ്‌ഡ് ടു എന്‍ ടൈംസ്, ഏ പ്ലസ് ബീ സ്ക്വയേഡ് ഈസീക്ക്വല്‍ ടു ഏ സ്ക്വയേഡ് പ്ലസ് ബീ സ്ക്വയേഡ് പ്ലസ് ടൂ ഏ ബി, ഏ മൈനസ് ബീ സ്ക്വയേഡ് ഈസീക്ക്വല്‍ ടു…ഇതൊക്കെയാണു ജപിയ്ക്കേണ്ടത്…”

പത്താം ക്ലാസ്സില്‍ ഞങ്ങളെ കണക്കു പഠിപ്പിച്ചിരുന്ന ചാലിമാഷുടെ വാക്കുകളായിരുന്നു, അവ. “യേസ്” എന്ന വാക്ക് ഇടയ്ക്കിടെ മാഷുപയോഗിയ്ക്കുമായിരുന്നു. മാഷിനു നേരിയ വിക്കുണ്ടായിരുന്നതുകൊണ്ട് “യേസ്” മിക്കപ്പോഴും “ഖേസ്” ആയിപ്പോകുമായിരുന്നു. മാഷു തുടരും:

“ഖേസ്…നിങ്ങക്കു പഠിയ്ക്കാനുള്ള ഫോര്‍മുലകളു മുഴോനും ആദ്യം തന്നെ ചൊല്ലണം. അതുകഴിഞ്ഞ് പെരുക്കപ്പട്ടിക. പത്തും പന്ത്രണ്ടും വരെയൊന്നും പോരാ. പതിനാറുവരെ.”

പത്താം ക്ലാസ്സിന്റെ തുടക്കത്തിലൊരിയ്ക്കല്‍ മാഷു കല്പിച്ചിരുന്നു, “പതിനാറിന്റെ പെരുക്കപ്പട്ടിക അറിയാവുന്നോര് എഴുന്നേക്ക്.”

ആരും എഴുന്നേല്‍ക്കാനുണ്ടായിരുന്നില്ല. ഞാനുള്‍പ്പെടെ എല്ലാവരും പരുങ്ങി, പതുങ്ങിയിരുന്നു. പന്ത്രണ്ടിനപ്പുറത്തുള്ള പെരുക്കപ്പട്ടികയിലേയ്ക്ക് ആരും എത്തിനോക്കുക പോലും ചെയ്തിരുന്നില്ല.

“എന്നാ ഇതെഴുതിയെടുത്തോ.” മാഷ് പതിമൂന്നു മുതല്‍ പതിനാറു വരെയുള്ള പെരുക്കപ്പട്ടിക മുഴുവന്‍ ബോര്‍ഡിലെഴുതി. ഞങ്ങളതു പകര്‍ത്തുമ്പോള്‍ മാഷു പ്രഖ്യാപിച്ചു, “നാളെ മൊതല് ഞാന്‍ ചോദിയ്ക്കും. പതിനാറു വരേള്ള പെരുക്കപ്പട്ടിക പറയാത്തോര്‍ക്ക് ഖേസ്…ഇത്!” മാഷ് കൈയ്യിലിരിയ്ക്കുന്ന, വീതി കൂടിയ സ്കെയില്‍ ഉയര്‍ത്തിക്കാണിയ്ക്കും, തോക്കു ചൂണ്ടുന്നതു പോലെ.

മാഷ് ഭീഷണിപ്പെടുത്തുക മാത്രമല്ല, സ്‌കെയില്‍ പ്രയോഗിയ്ക്കുകയും ചെയ്തിരുന്നു. അക്കാലത്ത് ഓള്‍ പ്രൊമോഷന്‍ എന്ന പരിപാടി ഉണ്ടായിരുന്നില്ല. കൊല്ലാവസാനപ്പരീക്ഷയെന്ന കടമ്പ കടക്കാനാവാത്തതു മൂലം പലരും രണ്ടും മൂന്നും വര്‍ഷം ഒരേ ക്ലാസ്സില്‍ തുടര്‍ന്നിരുന്നു. അതുകൊണ്ടു പത്താം ക്ലാസ്സിലെത്തിയ പല വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും വിവാഹപ്രായം തികഞ്ഞവരായിരുന്നു. പലര്‍ക്കും മാഷിനോളം തന്നെ പൊക്കവും. പക്ഷേ, അവരുടെ ഉയരവും തടിമിടുക്കുമൊന്നും മാഷിനു പ്രശ്നമായിരുന്നില്ല. കണക്കു പഠിപ്പിച്ചുകൊണ്ടിരിയ്ക്കുന്നതിനിടയില്‍ മാഷു പെട്ടെന്നൊരു ചോദ്യമെറിയും, “പതിനാറൊമ്പത് എത്രേടീ, ജാനമ്മേ?” മാഷു ഭീഷണഭാവത്തില്‍ തോക്കിനു പകരം സ്കെയില്‍ ചൂണ്ടിയിട്ടുമുണ്ടാകും.

ജാനമ്മയ്ക്ക് അന്ന് ഒരിരുപത്തിരണ്ടു വയസ്സെങ്കിലും ഉണ്ടായിരുന്നിരിയ്ക്കണം. പതിനഞ്ചു തികയാത്ത ഞാനും മറ്റും അവരെ ജാനമ്മച്ചേച്ചീ എന്നാണു വിളിച്ചിരുന്നത്. ചാലിമാഷു ചൂണ്ടിയ “തോക്കിനു” മുന്‍പില്‍ ജാനമ്മച്ചേച്ചി പതറും. ചോദിച്ചയുടന്‍ മാഷിന് ഉത്തരം കിട്ടണം. കിട്ടിയില്ലെങ്കില്‍ മാഷിനു ശുണ്ഠി കയറും. മാഷു ചോദിയ്ക്കും: “പഴമൊന്നുക്ക് ഒമ്പതു പൈസ വച്ച് പതിനാറു പഴം വിറ്റാല്‍ എത്രയാകും ന്ന് ഖേസ്…നിന്റെ അമ്മയ്ക്കറിയാം. നീ അമ്മോടു ചോദിച്ചു പഠിയ്ക്ക്!”

“പഠിയ്ക്ക്” എന്ന വാക്കിനോടൊപ്പം ജാനമ്മയുടെ തോളത്തു വീതിയുള്ള സ്‌കെയില്‍ ‘പഠേ’ എന്നു പതിച്ചിട്ടുമുണ്ടാകും. ജാനമ്മച്ചേച്ചിയുടെ അമ്മയോടുള്ള ആദരക്കുറവു കൊണ്ടല്ല, മാഷ് അമ്മയോടു ചോദിച്ചു പഠിയ്ക്കാന്‍ പറഞ്ഞത്. ജാനമ്മച്ചേച്ചിയുടെ അമ്മയ്ക്കു പച്ചക്കറിക്കടയുണ്ടായിരുന്നു. മാഷും അവിടന്നു പച്ചക്കറി വാങ്ങാറുണ്ടായിരുന്നിരിയ്ക്കണം. കണക്കു കൂട്ടുന്നതില്‍ അവര്‍ക്കുണ്ടായിരുന്ന വൈദഗ്ദ്ധ്യം മാഷു നേരില്‍ക്കണ്ടു ബോദ്ധ്യപ്പെട്ടിരിയ്ക്കണം.

വനിതകളുടെ വശത്തു ജാനമ്മച്ചേച്ചിയും അതുപോലുള്ള ഏതാനും സീനിയേഴ്‌സുമുണ്ടായിരുന്നെങ്കില്‍, അവര്‍ക്കു സമാനരായ ചില “ജ്യേഷ്ഠന്മാര്‍” പുരുഷന്മാരുടെ വശത്തുമുണ്ടായിരുന്നു. അവരിലൊരു പീറ്ററു ചേട്ടനെ ഞാന്‍ വ്യക്തമായോര്‍ക്കുന്നു. ഒരു ദിവസം മാഷു പീറ്ററുചേട്ടന്റെ നേരേ ഒരു വെടിയുണ്ടയുതിര്‍ത്തു: “പതിനഞ്ചൊമ്പത് എത്രേടാ, പീറ്ററേ?”

പതിനഞ്ചൊന്ന് പതിനഞ്ച്, പതിനഞ്ചു രണ്ടു മുപ്പത്, പതിനഞ്ചു മൂന്നു നാല്പത്തഞ്ച്…അങ്ങനെ പതിനഞ്ചിന്റെ പെരുക്കപ്പട്ടിക തുടക്കം മുതല്‍ ചൊല്ലാതെ പതിനഞ്ചൊമ്പതെത്രയെന്ന് ഒറ്റയടിയ്ക്കു പറയാന്‍ മിക്കവരും ബുദ്ധിമുട്ടും. മാഷിനാണെങ്കില്‍ ക്ഷമ തീരെയില്ല താനും. പീറ്ററുചേട്ടന്‍ പരുങ്ങി. പരുങ്ങി നില്‍ക്കുന്നതിനിടയില്‍ അടുത്തിരുന്നവരോടു സ്വകാര്യമായി “എത്രേടാ, എത്രേടാ, ഒന്നു പറഞ്ഞുതാടാ” എന്ന് ഉല്‍ക്കണ്ഠയോടെ അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തിരുന്നു. മറ്റാരെങ്കിലും പറഞ്ഞുകൊടുത്തെന്നു മാഷിനു മനസ്സിലായാല്‍ പറഞ്ഞുകൊടുത്തവര്‍ക്കും സ്കെയിലു കൊണ്ടുള്ള താഡനം ഉറപ്പ്. പതിനഞ്ചൊമ്പത് എത്രയെന്നു പറയാന്‍ പീറ്ററു ചേട്ടന്നായില്ല.

“പതിനഞ്ചൊമ്പത് എത്രേന്ന് നിന്റപ്പനറിയാം. ഖേസ്…നീ അപ്പനോടു ചോദിച്ചു പഠിയ്ക്ക്.” തുടര്‍ന്ന് ‘പഠേ’യും!

പീറ്ററുചേട്ടന്റെ അപ്പന്‍ പൗലോസുചേട്ടന്‍ ടാക്സി ഡ്രൈവറായിരുന്നു. അക്കാലത്തവിടെ ആകെ ഒന്നു രണ്ടു ടാക്സികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാഷും പൗലോസു ചേട്ടന്റെ കാറു വിളിച്ചിരുന്നിരിയ്ക്കണം. വാടക കിലോമീറ്ററടിസ്ഥാനത്തില്‍ എത്രയായെന്നു പൗലോസു ചേട്ടന്‍ എളുപ്പം കണക്കുകൂട്ടിപ്പറയുകയും ചെയ്തുകാണണം.

“ച് ച് ച് ഛാള വിക്കാന്‍ പോടീ…” ഒരിയ്ക്കല്‍ മാഷു ക്ലാസിലെ ഏതോ ഒരു വനിതയോട് അട്ടഹസിച്ചതു ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. മാഷതു പറഞ്ഞതു മീന്‍വില്പന ഒരു മോശം പ്രവൃത്തിയാണെന്ന അര്‍ത്ഥത്തിലല്ല. മീന്‍വില്പനക്കാര്‍ക്കു പെരുക്കപ്പട്ടിക അസ്സലായറിയാം. പെരുക്കപ്പട്ടികയുടെ പഠനത്തില്‍ അവരെ മാതൃകയാക്കണം എന്നാണു മാഷുദ്ദേശിച്ചതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

മീന്‍വില്പനക്കാര്‍ക്കു കണക്കു നന്നായറിയാമെന്ന കാര്യത്തില്‍ എനിയ്ക്കു യാതൊരു സംശയവുമില്ല. ഈയിടെ ഞാന്‍ അയില വാങ്ങി. അറുനൂറ്ററുപതു ഗ്രാം. ചാലിമാഷിന്റെ നിര്‍ദ്ദേശമനുസരിച്ചുള്ള ജപം ഞാന്‍ കുറച്ചുകാലമെങ്കിലും നടത്തിയിരുന്നതുകൊണ്ട് കിലോയ്ക്കു നൂറ്ററുപതു രൂപ നിരക്കില്‍ അറുനൂറ്ററുപതു ഗ്രാം അയിലയുടെ വില കണക്കുകൂട്ടിയെടുക്കാന്‍ എനിയ്ക്കു വലിയ ബുദ്ധിമുട്ടുണ്ടായില്ല. ഞാന്‍ മനക്കണക്കു ചെയ്തു: പതിനാറാറ് തൊണ്ണൂറ്റാറിനാറ്. ശിഷ്ടം ഒമ്പത്. പതിനാറാറു തൊണ്ണൂറ്റാറും ഒമ്പതും നൂറ്റഞ്ച്. ആകെ നൂറ്റഞ്ചേ അറുപത്. അതു ഞാന്‍ കൂട്ടിയെടുത്തപ്പോഴേയ്ക്ക് മീന്‍വില്പനക്കാരന്‍ വര്‍ഗീസും ‘കൂളായി’ പറഞ്ഞുകഴിഞ്ഞു, “നൂറ്റഞ്ചു രൂപ”. അറുപതു പൈസ പോട്ടേ എന്നു വച്ചിട്ടുമുണ്ടാകും.

“ചോദ്യക്കടലാസില് നൂറു കണക്ക് ണ്ടെങ്കില്‍ അതു നൂറും ശരിയാക്കാന്‍ ഒരെളുപ്പവഴീണ്ട്,” ചാലിമാഷ് ഒരിയ്ക്കല്‍ പറഞ്ഞു. കുട്ടികളതുകേട്ട് ആകാംക്ഷയോടെ കാത്തിരുന്നപ്പോള്‍ നൂറു കണക്കും ശരിയാക്കി നൂറില്‍ നൂറും വാങ്ങാനുള്ള ‘എളുപ്പവഴി’ മാഷു വിവരിച്ചു: “പതിനായിരം കണക്ക് ചെയ്തു പഠിയ്ക്കുക.”

‘എളുപ്പവഴി’യുടെ കാഠിന്യം കണ്ടു കുട്ടികള്‍ നിരാശരായിരിയ്ക്കെ മാഷു പരിഹാസച്ഛവി കലര്‍ന്ന സ്വരത്തില്‍ തുടരും: “നിങ്ങള് ആയിരം കണക്കേ ചെയ്തു പഠിച്ചിട്ടുള്ളെങ്കി പരീക്ഷയ്ക്കു നിങ്ങക്കൊരു പത്തെണ്ണം ശരിയാക്കാന്‍ പറ്റും, പത്തു മാര്‍ക്കും കിട്ടും. ഖേസ്…കണക്കു പഠിയ്ക്കാന്‍ നൂറെരട്ടി ചെയ്യുകേല്ലാണ്ട് ഒരെളുപ്പവഴീമില്ല, മക്കളേ…”

ചാലിമാഷിന്റെ വീതി കൂടിയ സ്കെയിലുകൊണ്ടുള്ള പ്രഹരത്തിനു ശബ്ദമേറെയുണ്ടായിരുന്നെങ്കിലും, ശാരീരികവേദനയേക്കാള്‍ മാനഹാനിയായിരുന്നു അതു കൂടുതലുണ്ടാക്കിയിരുന്നത്. പെണ്‍കുട്ടികളുടെ മുന്നില്‍ വച്ചു തല്ലുകൊള്ളുന്നതിലും വിഡ്ഢിയെന്നും മറ്റും വിശേഷിപ്പിയ്ക്കപ്പെടുന്നതിലും വലിയ അപമാനം വേറെയില്ലല്ലോ! മിക്സഡ് സ്കൂളുകളിലെ ആണ്‍കുട്ടികള്‍ ബോയ്സ് സ്കൂളുകളിലെ കുട്ടികളേക്കാള്‍ അല്പം കൂടിയെങ്കിലും നന്നായി പഠിയ്ക്കുന്നുണ്ടാകണം, തീര്‍ച്ച.

ചാലിമാഷ് ഇടയ്ക്കിടെ ഓര്‍മ്മിപ്പിയ്ക്കും: “നിങ്ങളു കാലത്തേ ചൊല്ലേണ്ടത് ഫോര്‍മുലേം പെരുക്കപ്പട്ടികേമാ.” ഇടയ്ക്കിടെ, തീരെ അപ്രതീക്ഷിതമായി ചോദ്യമെറിയും: “സ്‌ഫിയറിന്റെ വ്യാപ്തത്തിന്റെ ഫോര്‍മുല?” ഒളിയ്ക്കാന്‍ ശ്രമിയ്ക്കുന്നവരെ കൃത്യമായി കണ്ടെത്തി, അവരുടെ നേരേ സ്കെയില്‍ ചൂണ്ടി മാഷു പറയും, “നീ പറ.”

നിനച്ചിരിയ്ക്കാതെ വരുന്ന അത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയണമെങ്കില്‍ ഫോര്‍മുലകളും പെരുക്കപ്പട്ടികകളും ഉപയോഗിച്ചുള്ള ജപം രാവിലേ പല തവണ നടത്തിയിരിയ്ക്കണം.

ഒമ്പതാം ക്ലാസ്സു വരെ എനിയ്ക്കു കണക്കിനോടൊരു ഭയമുണ്ടായിരുന്നു. ചാലിമാഷു കണക്കുപഠിപ്പിയ്ക്കുന്ന പത്താം ക്ലാസ്സിലെത്തിയപ്പോള്‍ പേടി കണക്കിനെയല്ല, ചാലിമാഷിന്റെ വീതിയുള്ള സ്കെയിലുകൊണ്ടുള്ള അടിയില്‍ നിന്നുണ്ടാകാനിടയുള്ള മാനഹാനിയെയായി. അതുകൊണ്ട്, ഒരു നോട്ടുപുസ്തകത്തിന്റെ പുറകിലെ പേജുകളില്‍ ഫോര്‍മുലകളും പെരുക്കപ്പട്ടികയും എഴുതിവച്ചു. രാവിലെ കിടക്കയില്‍ എഴുന്നേറ്റിരുന്ന് അവ വായിച്ചുപഠിച്ചു, കാണാതെ ചൊല്ലി. സ്‌ഫിയറിന്റെ വ്യാപ്തം, കോണിന്റെ വ്യാപ്തം, കൂട്ടുപലിശ, ഏ പ്ലസ് ബീ ദ ഹോള്‍ സ്ക്വയേഡ്…

അതിനു ഫലമുണ്ടായി. കണക്കിനു നൂറില്‍ തൊണ്ണൂറ്റെട്ടു മാര്‍ക്ക്. ആ സ്കൂളില്‍ അതുവരെ ആര്‍ക്കും കണക്കില്‍ അത്രയും മാര്‍ക്കു കിട്ടിയിരുന്നില്ല. എല്ലാ വിഷയത്തിനും ഫുള്‍ വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ വിരളമല്ലാത്ത ഇക്കാലത്തു കണക്കിനു നൂറില്‍ തൊണ്ണൂറ്റെട്ടു വാങ്ങുന്നത് ഒരു സംഭവമേയല്ല. പക്ഷേ, പണ്ട്, അതായത് അര ശതാബ്ദത്തിനു മുന്‍പ്, അതു വലിയൊരു നേട്ടമായാണു കണക്കാക്കപ്പെട്ടത്, സ്കൂളിനുള്ളിലെങ്കിലും.

റില്‍ തൊണ്ണൂറ്റെട്ടു കിട്ടിയിട്ടും ചെറുതല്ലാത്തൊരു ഇച്ഛാഭംഗമാണുണ്ടായത്. നൂറിനു പകരം, നൂറ്റൊന്നു മാര്‍ക്കിനുള്ള കണക്കുകള്‍ ചെയ്തിരുന്നു, അവയൊന്നടങ്കം ശരിയുമായിരുന്നു. എന്നിട്ടും എന്തുകൊണ്ടു നൂറു മാര്‍ക്കു തികച്ചു കിട്ടിയില്ല?

കാരണം അന്വേഷിച്ചുകണ്ടെത്തി. കണക്കിന്റെ ചോദ്യപ്പേപ്പറില്‍ വിവിധ പാര്‍ട്ടുകളുണ്ടായിരുന്നു. ഓരോ പാര്‍ട്ടിനും കിട്ടാവുന്ന മാര്‍ക്കിനു പരിധിയുമുണ്ടായിരുന്നു. ആ പരിധികള്‍ ശ്രദ്ധിയ്ക്കാതെയാണു നൂറ്റൊന്നു മാര്‍ക്കിനുള്ള കണക്കുകള്‍ ചെയ്തുവച്ചിരുന്നത്. ഒരു പാര്‍ട്ടില്‍ ചെയ്തതു പരിധി കവിഞ്ഞുപോകുകയും മറ്റൊരു പാര്‍ട്ടില്‍ പരിധിയിലെത്താതിരിയ്ക്കുകയും ചെയ്തിരുന്നു. അശ്രദ്ധയുടെ ഫലം, നൂറിനു പകരം തൊണ്ണൂറ്റെട്ട്.

മാര്‍ക്ക് ലിസ്റ്റു വാങ്ങിയ ശേഷം ടീച്ചേഴ്‌സ് റൂമിൽച്ചെന്ന് അദ്ധ്യാപകരെക്കണ്ടു. തോളില്‍ കൈവച്ചുകൊണ്ടു ചാലിമാഷു പറഞ്ഞു, “ഖേസ്…നീ ഫസ്റ്റ് ഗ്രൂപ്പെടുക്കണം.”

മാഷിന്റെ ഉപദേശം അവഗണിച്ചു. പ്രീഡിഗ്രിയ്ക്ക് അഡ്‌മിഷന്‍ തേടുമ്പോള്‍ ഇഷ്ടപ്പെട്ട മാത്ത്‌സുള്ള ഫസ്റ്റ് ഗ്രൂപ്പെടുത്തില്ല. പകരം, ഇഷ്ടക്കുറവുള്ള ബയോളജിയുള്ള സെക്കന്റ് ഗ്രൂപ്പെടുത്തു.

അതിലുള്ള കുണ്ഠിതം ഇന്നും തീര്‍ന്നിട്ടില്ല.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here