ഗാന്ധര്‍വ്വം

അവൻ.? അവളെന്ന വസന്തത്തെ കണ്ടുമോഹിച്ചിട്ടെന്നോണം മണ്ണിലേക്കിറങ്ങിവന്ന ഗഗനചാരി..പ്രതീക്ഷകളറ്റ് പ്രാണൻ വെടിയാൻ വെമ്പൽകൊണ്ട നിമിഷങ്ങളിലൊന്നിൽ എങ്ങുനിന്നോ വന്ന് അവളുടെ കാതിൽ സാന്ത്വനത്തിന്‍റെ അലകൾ ചൊരിഞ്ഞവൻ.

രാവിന്‍റെ മൂന്നാം യാമത്തിൽ അരൂപിയായ്, അദൃശ്യനായ് അവൻ അവൾക്കരികിലെത്തും. അവളിലെ പെണ്ണഴകിന്‍റെ സമസ്ത ബിംബങ്ങളും അവന്‍റെ സാമീപ്യത്തിൽ ത്രസിച്ചുണരും. അവൻ തിരികൊളുത്തുന്ന പ്രണയാഗ്നിയുടെ മാന്ത്രിക സ്പർശത്തിൽ വെന്തുരുകി കിതപ്പടക്കാൻ കഴിയാതെ അവൾ കിടക്കയിൽ അമരും.

കഥകളിലും, പത്മരാജൻ സിനിമയിലും മാത്രം വായിച്ചും കണ്ടും അറിഞ്ഞിട്ടുള്ള പ്രണയത്തിന്‍റെ, രതിയുടെ ഗന്ധർവ്വ സാനിധ്യം അവനിലൂടെ പല രാത്രികളിൽ അവൾക്ക് ചുറ്റിനും നക്ഷത്രങ്ങളായി മിന്നിത്തെളിയും.

കാറ്റാവണം നിന്‍റെ മുടിയിഴകളെ തഴുകി കവിളിൽ തലോടിമറയുന്ന കാറ്റ്..രാത്രിമഴയായ് പെയ്തിറങ്ങി നിന്‍റെയുള്ളം കുളിരണിയിക്കണം. ഒരു സ്വപ്നാടനത്തില്‍ എന്നപോലെ അധരങ്ങൾ മെല്ലെ അവളുടെ കാതിൽ അമർന്നു.

എന്‍റെയുള്ളിലെ പ്രണയം മുഴുവൻ കൈക്കുമ്പിളിൽ കോരിയെടുത്തു നിന്നിലേക്ക്‌ പകരാൻ കഴിഞ്ഞെങ്കിൽ.

ഓ..അപ്പൊ അത്രേ ഉള്ളൂ? ഞാൻ കരുതി നിനക്കെന്നോട് ഒരു കടലോളമെങ്കിലും സ്നേഹമുണ്ടാകുമെന്ന്..അവളിൽ പരിഭവം നിറഞ്ഞു.

അല്ലല്ല സ്നേഹക്കുറവ് കൊണ്ടല്ല..അല്ലേലും കടലോളം സ്‌നേഹമൊന്നും ആർക്കും കൊടുക്കാൻ പാടില്ല..മുങ്ങിമരിച്ചുപോകും. അവന്‍റെ വാക്കുകള്‍ അവളില്‍ ചിരിപടര്‍ത്തി.

നമുക്കിടയില്‍ ഉടയാടകള്‍ തീര്‍ക്കുന്ന നേര്‍ത്ത വേലിക്കെട്ട് പോലും ഇല്ലാതെയാകണം..

പ്രതിബന്ധങ്ങള്‍ ഒന്നുമില്ലാതെ യുഗങ്ങളോളം നിന്നോട് പറ്റിച്ചേര്‍ന്ന്‍ കിടക്കണം. അവന്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

അവരുടെ പ്രണയത്തിനുമുന്നില്‍ അവന്‍ കണ്ടെത്തിയ അവസാന പ്രതിബന്ധവും അവള്‍ മാറ്റിക്കൊടുത്തു..അവള്‍ക്കതില്‍ ഒട്ടും മടിതോന്നിയില്ല. ലജ്ജയില്ല..മറിച്ച് അവന്‍റെ പ്രണയത്തിനു മുന്നില്‍ അവളിലെ സ്ത്രീത്വം തലയെടുപ്പോടെ നിന്നു. അവനപ്പോഴും അവളെ തന്‍റെ ശബ്ദ വലയത്തില്‍ ഒതുക്കി അരൂപിയായി അദൃശ്യനായി നിലകൊണ്ടു.

ഒടുവിൽ പുലർമഞ്ഞിൽ അലിഞ്ഞവൻ വിടപറഞ്ഞ് അകന്നപ്പോള്‍, രാവുമുഴുവൻ ആളിക്കത്തിയിട്ടൊടുവിൽ എണ്ണവറ്റി തിരികെട്ടുപോയ നിലവിളക്കുപോലെ അവൾ അവന്‍റെ സാമീപ്യം നിറഞ്ഞ മറ്റൊരു രാവിനായ് കാത്തിരിപ്പ് തുടര്‍ന്നു.

***********************************

പ്രണയത്തിന്‍റെ, നിദ്രയുടെ ആലസ്യം വിട്ടൊഴിഞ്ഞിട്ടെന്നപോലെ അവൾ മെല്ലെ കണ്ണുകൾ തുറന്നു. സമയം ഏഴുമണി.

ഈശ്വരാ..സമയം ഏഴായോ.? ഇന്നും അലാറം ചതിച്ചോ.? ആ നശിച്ച ഫോണെവിടെ.?

കിടക്കയിൽ അവളുടെ ദേഹത്തോട്ചേർന്ന്, ഞെരിഞ്ഞമർന്ന് മൃതപ്രായനായി കിടന്ന ഫോണ്‍ അവൾ കയ്യിലെടുത്തു. നാശം ബാറ്ററി ചത്തു.

ഫോൺ ചാർജിൽ ഇടാനായി എഴുന്നേൽക്കാൻ തുടങ്ങിയപ്പോള്‍ കാലിൽ എന്തോ ഉടക്കി.നോക്കുമ്പോൾ ഫോണിന്‍റെ ഹെഡ്സെറ്റ് കാലിൽ കുരുങ്ങിമറിഞ്ഞു കിടക്കുന്നു. പലപ്പോഴും ഒരു ഹെഡ്‍ഫോണിന്‍റെ കുരുക്കഴിക്കുന്നതിനേക്കാൾ വലിയ പ്രതിസന്ധിയൊന്നും പലരുടെയും ജീവിതത്തിൽ ഉണ്ടാവില്ല. അവൾ മസ്സിൽ ഓർത്ത് ചിരിച്ചു.

ലോകത്തിലെ ഏറ്റവും സമാധാനം നിറഞ്ഞ സ്ഥലം സ്വന്തം വീട്ടിലെ കക്കൂസാണ് എന്ന്പതിവ് ധ്യാനത്തിന്‍റെ ഏതോ മുഹൂർത്തത്തിൽ അവള്‍ക്ക് കുസൃതി നിറഞ്ഞൊരു വെളിപാടുണ്ടായി.

പിന്നീടങ്ങോട്ട് പല്ലുതേപ്പ്, കുളി, ആഹാരം പാകംചെയ്യൽ, അത് കഴിക്കൽ, ചുട്ടികുത്തൽ, പുട്ടിയിടല്‍, വച്ചുകെട്ട്, കച്ചകെട്ടൽ തുടങ്ങി പ്രഭാതത്തിലെ കടമ്പകൾ ഓരോന്നായി ചാടിക്കടന്ന് ഒരു ധീര യോദ്ധാവിനെ പോലെ അവൾ റെയിൽവേ സ്റ്റേഷനിലേക്ക് മാലോകരോടൊപ്പം മാർച്ച്‌ ചെയ്തു പോയി.

കൃത്യസമയത്തു എത്തിക്കാനുള്ള റെയിൽവേയുടെ ആത്മാർത്ഥത കാരണം ഉണ്ടായിരുന്ന ജോലിക്കാര്യത്തിൽ ഏതാണ്ടൊരു തീരുമാനം ആയിട്ടുണ്ട്. ട്രെയിനിൽ നിന്നിറങ്ങി ഓഫീസിലേക്കുള്ള വൈകിയോട്ടത്തിനിടയിൽ മനസ്സ് അവളോടായി പിറുപിറുത്തു.

***********************************
പതിവ് ചവിട്ടുനാടകങ്ങൾക്ക് ശേഷം ഓഫീസ് വിട്ട് തിരികെ സ്റ്റേഷനിൽ എത്തുമ്പോൾ രണ്ടുമിനിറ്റ് വൈകിപ്പോയി. വീണുകിട്ടിയ അവസരം മുതലെടുത്ത് കൃത്യസമയത്തു തന്നെ ട്രെയിൻ സ്ഥലം വിട്ടിരിക്കുന്നു.

അതല്ലേലും അതങ്ങനെയാണ്. കൃത്യസമയത്ത് സ്റ്റേഷനിൽ എത്തിയാൽ ട്രെയിൻ മണിക്കൂറുകൾ വൈകിയോടും. ഇനി എന്നെങ്കിലും അവൾ സ്റ്റേഷനിൽ എത്താൻ രണ്ടുമിനിറ്റ് വൈകിയാൽ ട്രെയിൻ ദേ ഇതുപോലെ കൃത്യസമയം പാലിച്ചുകൊണ്ട് ഓടിപ്പോയ്ക്കളയും.

അത്രയ്ക്കുണ്ട് അവളും ട്രെയിനും തമ്മിലുള്ള മനപ്പൊരുത്തം.

പിന്നെയൊന്നും നോക്കിയല്ല നേരേ ബസ്സ്‌ സ്റ്റാന്‍ഡിലേക്ക് ഓടി. അന്‍പത്തിയഞ്ചു രൂപയുടെ ടിക്കറ്റ്‌ എടുക്കാന്‍ കൈയ്യിലുണ്ടായിരുന്നത് നൂറുരൂപയുടെ നോട്ട്.

അഞ്ച് രൂപ ചില്ലറ തരണം. നൂറിന്‍റെ ചെവിക്ക് പിടിച്ചുകൊണ്ട് കണ്ടക്ടര്‍ അവളെ നോക്കി പറഞ്ഞു.

ഇല്ല ചേട്ടാ..ചില്ലറ ഇല്ല..

നിങ്ങളെല്ലാം ഇങ്ങനെ പറഞ്ഞാൽ ചില്ലറയ്ക്ക് ഞാനെവിടെപോകും..അയാള്‍ പറഞ്ഞത് അവളോടാണെങ്കിലും കൊണ്ടത് അവൾക്ക് മാത്രമായിരുന്നില്ല.

കണ്ടക്ടർ വിടാൻ ഭാവമില്ലെന്ന് കണ്ടപ്പോൾ അവൾ പറഞ്ഞു..ചേട്ടാ..ബാക്കി ഇപ്പോൾ വേണ്ട..ഞാൻ ഇറങ്ങുമ്പോൾ തന്നാൽ മതി.

അവളുടെ മറുപടിയില്‍ തൃപ്തനായില്ലെങ്കിലും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അയാൾ അടുത്ത യാത്രക്കാരിലേക്ക് നീങ്ങി.

അങ്ങേരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..അല്ലെങ്കിലും ബസ്സിനുള്ളിൽ അഞ്ച് രൂപയ്ക്കൊക്കെ അഞ്ഞൂറിനേക്കാൾ പവറാണ് അവൾ സ്വയം സമാധാനിച്ചു.

പതിവില്ലാത്തതെങ്കിലും ട്രെയിന്‍റെ കൃത്യനിഷ്ഠക്ക് ഇരയായി രണ്ട് ബസ്സുകൾ മാറിക്കയറി വീടെത്തിയപ്പോഴേക്കും സമയം ഒന്‍പത് കഴിഞ്ഞു.

വന്നപാടെ കുളികഴിഞ്ഞ് എന്തെങ്കിലും കഴിച്ചെന്നു വരുത്തി. റൂമിൽ വന്ന് അലാറം സെറ്റ് ചെയ്തു.

ഫേസ്ബുക്ക്‌ എടുത്ത് വെറുതെ നേരം കൊല്ലുന്നതിനിടയിൽക്കുന്നതിനിടയില്‍ ആരോ ഷെയര്‍ ചെയ്തൊരു പത്രവാര്‍ത്ത കണ്ണില്‍പെട്ടു.

സമൂഹമാധ്യമങ്ങൾ വഴി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച്, പ്രണയക്കുരുക്കില്‍ പെടുത്തി, ഒടുവില്‍ വീഡിയോ ചാറ്റ് വഴി അവരുടെ നഗ്ന ദൃശ്യങ്ങൾ പകര്‍ത്തി ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

എത്രയൊക്കെ ചതിക്കഥകള്‍ കേട്ടാലും അതില്‍നിന്നൊന്നും പാഠം ഉള്‍ക്കൊള്ളാതെ വീണ്ടും ഓരോരോ കെണികളില്‍ ചെന്ന്‍ ചാടുന്ന പെണ്‍കുട്ടികളുടെ ദുരവസ്ഥയോര്‍ത്ത് അവള്‍ നെടുവീര്‍പ്പിട്ടു.

ഫേസ്ബുക്ക് മടുത്തപ്പോള്‍ അവള്‍ ഇറങ്ങി വാട്ട്‌സാപ്പില്‍ കയറി…പിന്നെയും ഏറെ നേരം ഉറങ്ങാതെ അവനുവേണ്ടി കാത്തുകിടന്നെങ്കിലും…അന്നെന്തോ ഗന്ധർവ്വൻ വന്നില്ല.!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here