കേട്ടു മറന്ന കഥകളിലെ ദുർമന്ത്രവാദികളിലൊരാളെ കണ്ടുപിടിക്കണം. ആളുകളെ പക്ഷികളും മൃഗങ്ങളുമാക്കി മാറ്റുന്ന ഒരാളെ. എന്നിട്ടൊരു പൂച്ചയായി മാറണം. വീടുകളിലും തൊടികളിലും വെറുതെ അലഞ്ഞു തിരിഞ്ഞു നടക്കണം. നിഴൽ വീണ ഇടവഴികളിലെ കരിയിലകളിൽ പതിയെ കാലമർത്തി നടക്കണം. പൊന്തക്കാടുകളിൽ പതുങ്ങിയിരുന്ന് ചെറുജീവികളെ ചാടിപ്പിടിക്കണം.
മതിലിൽ കയറിയിരുന്ന് ലോകത്തെ നോക്കിക്കൊണ്ടങ്ങനിരിക്കണം. മനുഷ്യരെയും വണ്ടികളെയും പക്ഷികളെയും മൃഗങ്ങളെയും. സന്തോഷമുള്ളവരെയും ഇല്ലാത്തവരെയും. ബഹളക്കാരെയും മിണ്ടാപ്രാണികളെയും. തിരക്കിട്ടോടുന്നവരെയും തിരക്കൊട്ടുമില്ലാത്തവരെയും ഏറ്റവും ശാന്തമായി ഇരുന്നു കാണണം.എലിയെ കണ്ടാൽ മാത്രം മുഖം തിരിച്ചിരിക്കണം. കള്ളയുറക്കം ഉറങ്ങണം. എന്നിട്ട് മീൻകാരന്റെ ശബ്ദം ദൂരെ നിന്ന് കേൾക്കുമ്പോൾ തന്നെ ബഹളം വെച്ച് നാട്ടുകാരെ അറിയിക്കണം. അയാളുടെ കാലിലും സൈക്കിളിലും പറ്റിപ്പിടിച്ചു നിന്ന് കിട്ടാവുന്ന മീനൊക്കെ മേടിച്ചെടുക്കണം. മീൻ വാങ്ങിയ വീടുകളുടെ പിന്നാമ്പുറങ്ങളിൽ ചെന്നുകൂടണം. ഒത്താൽ ജനൽ വഴി അടുക്കളകളിൽ കയറി മീൻ കട്ടെടുക്കണം. ഇല്ലെങ്കിൽ മീൻ വൃത്തിയാക്കുന്നവരുടെ അടുത്ത് പമ്മിയിരിക്കണം. അവർ ഇട്ടു തരുന്ന അറ്റവും മുറിയുമൊക്കെ അകത്താക്കണം. അടുത്ത് വരുന്ന കാക്കകൾക്ക് ഒരു കഷ്ണം പോലും കൊടുക്കരുത്. അല്ലെങ്കിൽ വേണ്ട, മീൻ കഴുകിയ വെള്ളത്തിൽ നിന്ന് വല്ലതും എടുത്തു പൊയ്ക്കോട്ടെ. എന്നിട്ട് കളിസ്ഥലങ്ങളിൽ പോയി പന്തു തട്ടുന്നവരെ
വെറുതെ നോക്കിയിരിക്കണം.
അതിർത്തി തെറ്റിച്ചു കയറി വരുന്ന ശത്രുപ്പൂച്ചകളെ വീടുകൾക്ക് ചുറ്റുമിട്ട് ഓടിക്കണം. വെറുതെ ഏതെങ്കിലും മരത്തിൽ അള്ളിപ്പിടിച്ചു കയറണം. വണ്ടികളുടെ മുകളിലോ അടിയിലോ പതുങ്ങിയിരിക്കണം. രാത്രി വെള്ളാരങ്കണ്ണുകളും തിളക്കി ഇരുട്ടിൽ പതുങ്ങിയിരിക്കണം. വീടുകളിലെ ബഹളങ്ങളങ്ങളും ടീവിയിലെ അനക്കങ്ങളും ശ്രദ്ധിക്കണം. ആകാശത്തു മിന്നിത്തിളങ്ങുന്നതെല്ലാം കണ്ണു മിഴിച്ചു നോക്കിനോക്കിയിരിക്കണം. പതിയെ പറന്നു പോകുന്ന പഞ്ഞിമേഘങ്ങളെ കണ്ണെത്തുന്ന ദൂരത്തോളം കാണണം. തോന്നുമ്പോൾ തോന്നുന്നിടത്ത് കിടന്നുറങ്ങണം. ക്രിസ്തുമസ് കാലമാണെങ്കിൽ വീട്ടുകാർ കാണാതെ പുൽക്കൂട്ടിൽ കയറി ഉണങ്ങിയ പുല്ലിന്റെ ഇളംച്ചൂടിൽ വേണമുറക്കം.
ഒരിക്കലും മന്ത്രവാദികളുടെ കണ്ണിൽപ്പെടാതെ നടക്കണം. എങ്ങാനും അവർ പിടിച്ചു തിരിച്ചു മനുഷ്യനാക്കിയാലോ?