മുത്തച്ഛനെ വായിക്കുന്ന പേരക്കുട്ടി: കോട്ടയം പുഷ്പനാഥിന്റെ നോവലിന് കൊച്ചുമകന്റെ വായന

 

 

കോട്ടയം പുഷ്പനാഥിന്റെ ഒന്നാം ചരമവാർഷികം ആചരിക്കുന്ന സാഹചര്യത്തിൽ കൊച്ചുമകൻ റയാൻ പുഷ്പനാഥ് പ്ലൂട്ടോയുടെ കൊട്ടാരം എന്ന നോവലിനെപ്പറ്റി എഴുതിയ കുറിപ്പ് വീണ്ടും വായിക്കാം:

ഹോമറിന്റെ ഇതിഹസങ്ങളും, അപ്പോളോ, ഏറിയസ്, പോസിഡോൺ, ക്യുപീഡ് മുതലായ ഗ്രീക്ക് ദേവന്മാരും, ട്രോയിയിലെ ഹെലെനെ പോലെയുള്ള ലോകൈക സുന്ദരികളും, അങ്ങനെ ഗ്രീസിന്റെ ചരിത്രാവശിഷ്ടങ്ങൾ മറഞ്ഞു കിടക്കുന്ന ഒളിമ്പസ് പർവ്വത നിരകൾ.
ഗ്രീക്ക് മിത്തോളജിയിൽ പ്രതിപാദിക്കുന്ന മരണത്തിന്റെ ദേവനാണ് പ്ലൂട്ടോ. ഒളിമ്പസ് പർവ്വതത്തിന്റെ താഴ്‌വാരത്തിൽ, ഹെബ്രൂസ്‌ നദിയുടെ തീരത്താണ് പ്ലൂട്ടോയുടെ സാമ്രാജ്യം സ്ഥിതി ചെയുന്നത്. മരണം പ്രാപിച്ച മനുഷ്യർക്ക്‌ മാത്രമേ ആ രാജ്യത്തിൽ പ്രവേശനം ഉണ്ടായിരുന്നുള്ളു. പ്ലൂട്ടോയെയും ഹേയ്ഡീസ് എന്ന നിഴൽ രാജ്യത്തെയും പ്രതിപാതിച്ചു സംഭവിച്ച ഒരു പ്രണയ കഥയാണ് സംഗീതജ്ഞൻ ആയിരുന്ന ഓർഫിയൂസിന്റെയും യൂറിഡസിന്റെയും കഥ.

അപ്പോളോ ദേവൻ നേരിട്ട് പ്രത്യക്ഷപെട്ടു നല്കിയതായിരുന്നു ഓർഫിയൂസിന്റെ കയ്യിൽ ഉണ്ടായിരുന്ന വീണ. (ചില പുരാണങ്ങളിൽ ഓർഫിയൂസ് അപ്പോളോ ദേവന്റെ പുത്രൻ ആണെന്നും എഴുതിയിട്ടുണ്ട്.) തന്റെ കയ്യിൽ ഇരിക്കുന്ന വീണമീട്ടി ഏതു മനുഷ്യനെയും പ്രണയത്തിൽ ആഴ്ത്തുന്ന, ഏതു മനുഷ്യനെയും നൃത്തം ചെയ്യിപ്പിക്കാൻ കഴിവുള്ള സംഗീതജ്ഞൻ ആയിരുന്നു ഓർഫിയൂസ്. ഓർഫിയൂസിന്റെ ഭാര്യ യൂറിഡസ്. ഒരിക്കൽ ആ യുവ മിഥുനങ്ങൾ ഹെബ്രൂസ്‌ നദിക്കരയിൽ എത്തിയപ്പോൾ യൂറിഡസിനെ ഒരു കൃഷ്ണ സർപ്പം ദംശിക്കുകയും അവൾ തൽക്ഷണം മരിക്കുകയും ചെയ്തു. തന്റെ പ്രിയതമയുടെ വേർപാട് ഓർഫിയൂസിനെ വളരെ ദുഃഖത്തിൽ ആഴ്ത്തി. പക്ഷെ ഈ സമയം അവൾ ഹെബ്രൂസ്‌ നദി കടന്നു ആത്മാക്കളുടെ ലോകമായ ഹേയ്ഡീസിൽ എത്തിയിരുന്നു.

ഓർഫിയൂസ് തന്റെ പത്നിയെ പിരിയാൻ ഒരുക്കമല്ലായിരുന്നു. അദ്ദേഹം പത്നിയെ തേടി നിഴൽ ലോകത്തിലേക്കു പോകുവാൻ തയ്യാറായി. അവിടം ഭരിക്കുന്ന രാജാവ് പ്ലൂട്ടോയും. അങ്ങനെ ഓർഫിയൂസ് യൂറിഡസിനെ അന്വേഷിച്ചു ആത്മാക്കളുടെ ലോകത്ത് പോകുവാൻ ഹെബ്രൂസ്‌ നദിക്കരയിൽ എത്തി. നദി കടക്കുവാൻ സഹായിക്കുന്നത് ക്യാനൻ എന്ന കടത്തുകാരൻ ആയിരുന്നു. ക്യാനൻ തന്റെ തോണിയിൽ ആത്മാക്കളെ മാത്രമേ കയറ്റുകയുള്ളൂ. എന്നാൽ ക്യാനാൻ ഓർഫിയൂസിന്റെ സംഗീതത്തിൽ മതി മറന്നു ഓർഫിയൂസിനെ അക്കരെ കടക്കുവാൻ സഹായിച്ചു. നദിയുടെ അക്കരെ ഹേയ്ഡീസ് എന്ന രാജ്യത്തിനു കാവൽ നിന്നിരുന്നത് സിറിയസ് എന്ന മൂന്നു തലയുള്ള ഭീകരൻ ആയിട്ടുള്ള നായ എന്ന കടമ്പയും ആ ഗാനഗന്ധർവൻ മറികടന്നു.

പ്ലൂട്ടോയുടെ കൊട്ടാരത്തിൽ രാജ സന്നിധിയിൽ പ്‌ളൂട്ടോയും അദ്ദേഹത്തിന്റെ ഭാര്യ പേഴ്സിഫോണും സന്നിഹിതരായിരുന്നു. ഓർഫിയൂസ്, പ്ലൂട്ടോയോടു തന്റെ ഭാര്യയെ തിരികെ നൽകണമെന്ന ആവിശ്യം ഉന്നയിച്ചു. അതിനു ശേഷം അപ്പോളോ ദേവൻ സമ്മാനിച്ച തന്റെ വീണമീട്ടി ദേവ രാഗങ്ങൾ ആലപിച്ചു. ആ സംഗീതത്തിൽ പ്ലൂട്ടോയും അദ്ദേഹത്തിന്റെ ഭാര്യ പേഴ്സിഫോണും, കൊട്ടാരത്തിൽ ഉള്ള എല്ലാവരും മതിമറന്നു ഓർഫിയൂസിന്റെ ആവിശ്യം അംഗീകരിച്ചു കൊടുക്കാൻ തയ്യാറായി. അങ്ങനെ ആ ഗാനഗന്ധർവനു തന്റെ പ്രിയതമയായ ഭാര്യയെ തിരികെ ലഭിച്ചു. എന്നാൽ യൂറിഡസിനെ നൽകിയപ്പോൾ പ്ലൂട്ടോ ഒരു നിബന്ധന വെച്ചു. നിഴലുകളുടെ ലോകം കഴിയുന്നത് വരെ തിരിഞ്ഞു നോക്കരുത്. ഓർഫിയൂസ് ആ നിബന്ധന അംഗീകരിച്ചു തന്റെ സഖിയുമായി മനുഷ്യരുടെ ലോകത്തിലേക്കു പുറപ്പെട്ടു. ഓർഫിയൂസ് മുൻപിലും യൂറിഡസ് പുറകിലുമായി നടന്നു. അങ്ങനെ അവർ നടന്നു നിഴലുകളുടെ രാജ്യത്തിന്റെ അതിർത്തിയിൽ എത്തി. എന്നാൽ യൂറിഡസ് നടക്കുന്ന കാൽപ്പെരുമാറ്റം ഓർഫിയൂസിനു കേൾക്കുവാൻ സാധിച്ചില്ല.

ഒടുവിൽ ആകാംഷ സഹിക്കാൻ വയ്യാതെ ഓർഫിയൂസ് തിരിഞ്ഞു നോക്കി. യൂറിഡസ് പുറകിൽ തന്നെ ഉണ്ടായിരുന്നു. ഓർഫിയൂസിനെ പരീക്ഷിക്കാൻ വേണ്ടി പ്ലൂട്ടോ ചെയ്ത ഒരു കെണിയായിരുന്നു അത്. വാക്കു തെറ്റിച്ചതിനാൽ യൂറീഡസ് ആത്മാക്കളുടെ ലോകത്തിലേക്കു മടങ്ങി പോയി. ഓർഫിയൂസിനു തന്റെ പ്രിയതമയെ എന്നന്നേക്കുമായി നഷ്ടപ്പെട്ടു. അങ്ങനെ ആ ഗാനഗന്ധർവൻ നിരാശനായി തിരികെ മടങ്ങേണ്ടി വന്നു. പിന്നീട് ഒരിക്കലും അദ്ദേഹം വീണമീട്ടിയിട്ടില്ല. ഓർഫിയൂസ് തന്റെ ഭാര്യ നഷ്ടപെട്ട ദുഃഖത്തിൽ ഒരു മാനസിക രോഗിയായി മാറി, പിന്നീട് ഒരിക്കലും അദ്ദേഹം വീണമീട്ടിയിട്ടില്ല അതിൽ കുപിതരായ ആ നാട്ടിലെ ജനങ്ങൾ അദ്ദേഹത്തെ ദാരുണമായി കൊലപ്പെടുത്തി ഹെബ്‌റൂസ് നദിയിൽ ഉപേക്ഷിച്ചു. ഓർഫിയൂസിന്റെ മൃതശരീരം ഹെബ്രൂസ്‌ നദിയിലൂടെ അലഞ്ഞു നടന്നു. അപ്പോഴും ആ മൃതശരീരത്തിൽ നിന്നും “യൂറിഡസ്” “യൂറിഡസ്” എന്ന വിളി ഉയർന്നുകൊണ്ടിരുന്നത്രെ!

വർഷങ്ങൾക്കു ശേഷം, ഗ്രീക്കു മിത്തോളജിയിൽ പ്രതിപാദിച്ചിട്ടുള്ള പ്ലൂട്ടോയുടെ കൊട്ടാരത്തിലേക്ക് ഓർഫിയൂസിന്റെയും യുറിഡസിന്റെയും പ്രണയ കഥയിൽ ആകൃഷ്ടരായി ഒരു യുവതിയും യുവാവും എത്തിച്ചേരുന്നതും, ഭീതിയുടെ നിഴലിൽ സഞ്ചരിക്കുന്ന അവർ നേരിടുന്ന വിചിത്രമായ സംഭവങ്ങളിലൂടെയുമാണ് കോട്ടയം പുഷ്പനാഥിന്റെ പ്ലൂട്ടോയുടെ കൊട്ടാരം എന്ന നോവൽ പുരോഗമിക്കുന്നത്. പ്ലൂട്ടോയുടെ കൊട്ടാരത്തിൽ നിലനിൽക്കുന്ന നിഗൂഢതകളുടെയും രഹസ്യങ്ങളുടെയും ചുരുളഴിയിക്കുവാൻ ഡിറ്റക്റ്റീവ് മാർക്ക്സിൻ എത്തുന്നതും പിന്നീട് നടക്കുന്ന ഉദ്വെഗഭരിതമായ മുഹൂർത്തങ്ങളും നാല്പത്തഞ്ചു വർഷങ്ങൾക്കു ശേഷം നോവൽ വീണ്ടും പുനഃ പ്രസിദ്ധികരിക്കുമ്പോൾ വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു. ബുദ്ധിയെ ഉണർത്തും വിധം കണിശവും ചടുലവുമായ കുറ്റാന്വേഷണ ശൈലി ഈ കാലഘട്ടത്തിലും വായനക്കാരെ ഹരം കൊള്ളിപ്പിക്കും എന്നത് തീർച്ചയാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English