നെടുവീർപ്പുകൾ

“എടിയേ..എലിയേ…? …നീ ഒറങ്ങിയോ..?”
കറിയാച്ചന്‍ അടുത്ത് കിടക്കുന്ന   ഏലിക്കുട്ടിയെ വിളിക്കുകയാണ്‌.
“…ഇല്ലിച്ചായാ..ഞാനുറങ്ങീട്ടില്ല..ഉറക്കം തീരെ വരണില്ല….ഞാനോരോന്ന് ആലോചിച്ച് കിടക്കുവാരുന്നു…”
“എന്താടീ ഇത്ര ആലോചിക്കാന്‍..?”
“അത്…നമ്മുടെ മക്കളൊക്കെ… ഇപ്പൊ എന്തെടുക്കുവാന്ന്…. ആലോചിക്കുവാരുന്നു…”
“ഓ..അതാന്നോ..? ഞാനും ഇപ്പൊ അവരെപ്പറ്റി ആലോചിച്ചതേയുള്ളൂ……മൂത്തവന്‍ജോയി…അവന്‍ വല്യ ബിസ്സിനസ്സുകാരനല്യോ..? സ്വര്‍ണ്ണക്കട, ജവുളിക്കട, പലചരക്ക് മൊത്തക്കട…പിന്നെ ഏക്കര് കണക്കിന് റബ്ബര്‍ തോട്ടവും…പോരേ..? അവന്‍ കെട്ട്യോളും രണ്ട് മക്കളുമായി സുഖമായി കഴിയുന്നു…
രണ്ടാമന്‍ റജി. അവന്‍ കള്ളരാഷ്ട്രീയക്കാരനല്യോ..? രാഷ്ട്രീയത്തിന്‍റെ മറവില്‍ അവന്‍ നടത്തുന്നത് കള്ളക്കടത്തും കഞ്ചാവ് ബിസിനസ്സുമാ…കോടിക്കണക്കിന് ആസ്തിയുണ്ട് അവനിപ്പോ..!? അവന്‍റെ കെട്ടിയോള് കോട്ടയത്തെ ഒരു പണച്ചാക്കിന്‍റെ ഒറ്റ മകളല്യോ..? അനുസരണ തീരെയില്ലാത്ത ധിക്കാരി..? ഒരു മോനുള്ളത് തലതെറിച്ചവന്‍..!!…
പിന്നെ ഇളയവള്‍ രാജി…അവള് പഞ്ചപാവം..പക്ഷേങ്കില് അവടെ കെട്ടിയോന്‍ മഹാതെമ്മാടിയാ….അവന് ടൌണില് നാലഞ്ച് ബാറുകളുണ്ട്. പിന്നെ കാറ്, ലോറി, ടിപ്പര്‍ അങ്ങനെ പലതും… ക്വട്ടേഷന്‍ പണീം ഉണ്ടെന്നു കേക്കണ്…?”
“…അവരെയൊക്കെ കണ്ടിട്ട് എത്ര കാലമായി അച്ചായാ..? കാണാന്‍ കൊതിയാവുന്നു എനിക്ക്…”
“എനിക്കും ആഗ്രഹമുണ്ട് അവരെയൊക്കെ കണ്കുളിര്‍ക്കെ ഒന്ന് കാണാന്‍..? പക്ഷേങ്കില് യാത്ര ചെയ്യാന്‍ പറ്റുന്ന ഒരവസ്ഥയിലല്ലല്ലോ നമ്മളിപ്പോ…?”
“…ശരിയാ…ഈ സെമിത്തേരിയില്….അടുത്തടുത്ത രണ്ട് കല്ലറകളില്‍…കിടക്കുന്ന…നമ്മക്കെങ്ങനാ അനങ്ങാന്‍ പറ്റുക…? അല്ല്യോ അച്ചായാ…?”

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English