വിമർശനങ്ങൾക്ക് മറുപടിയുമായി കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണൻ

 

 

കഴിഞ്ഞ ഞായറാഴ്ച മാത‍ൃഭൂമി വാരാന്തപതിപ്പിൽ പ്രസിദ്ധീകരിച്ച കെ.ആർ .​ഗോപീകൃഷ്ണന്റെ കാർട്ടൂൺ വിവാദമായിരുന്നു. ബലാകോട്ട് വ്യോമാക്രമണത്തോടുള്ള പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻെറ സമീപനവും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻെറ സമീപനവും ഒന്നാണെന്ന് പരിഹസിക്കുന്ന കാർട്ടൂൺ സൺഡേ സ്ട്രോക്ക്ര് എന്ന കോളത്തിലാണ് അച്ചടിച്ച് വന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിലും മറ്റും നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. വിമർശനങ്ങൾക്ക് മറുപടിയുമായി ഗോപീകൃഷ്ണൻ ഫേസ്‍ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം:

“സൺഡേ സ്ട്രോക്കിന്റെ പേരിൽ എന്തു വരയ്ക്കണമെന്ന ഉപദേശവും ശകാരവും നിൽക്കുന്നില്ല. പണ്ട് ദേശാഭിമാനിയിൽ ജോലി നൽകാത്തതിന്റെ പകയാണെന്ന് വി.എസിന്റെ സെക്രട്ടറിയായിരുന്ന സുരേഷും കൊയിലാണ്ടിയിലെ എൻ.വി.ബാലകൃഷ്ണനും. പുരോഗമന ഗ്രൂപ്പിൽ നീ ഉണ്ടാവില്ല എന്ന് പഴയ സഹപാഠി ഇൻബോക്സിൽ. ബാലകൃഷ്ണൻ (കോടിയേരിയല്ല )ഒരു പടി കൂടി കടന്ന് “ഈയുള്ളവനൊപ്പമാണ് ഗോപീകൃഷ്ണൻ പണ്ട് ദേശാഭിമാനിയുടെ പടികേറിയതെന്ന്“ പച്ചക്കള്ളം തട്ടിവിടുന്നു . കാർട്ടൂണുമായി ഒറ്റയ്ക്കാണ് സാർ ഞാൻ പോയത്. നിങ്ങൾ പറയുന്ന പോലെ അന്ന് അവിടെ ആരും എന്നെ അപമാനിച്ചിട്ടില്ല. കാർട്ടൂൺ കൊടുത്തില്ല എന്നത് നേരാണ് .അത് അന്നു തന്നെ എനിക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഏത് കാർട്ടൂണിസ്റ്റിനുമുണ്ടാകും അതുപോലുള്ള അനുഭവങ്ങൾ. ആദ്യകാലത്ത് കേരളകൗമുദിയിൽ എൻ. പി .മുഹമ്മദ് റസിഡണ്ട് എഡിറ്റർ ആയിരുന്ന കാലം .അന്ന് പ ത്ത് കാർട്ടൂൺ തള്ളിയാൽ ഒന്നാണ് പ്രസിദ്ധീകരിക്കുക.. ദേശാഭിമാനിയിലെ ഒരു സബ് എഡിറ്റർ അന്ന് യേശുദാസനെ പോലെ ഗഫൂറിനെ പോലെ ഒക്കെ വരയ്ക്കണമെന്ന് ഉപദേശിച്ചതോർക്കുന്നു. അതൊക്കെ സ്വാഭാവികം. പക്ഷെ അന്ന് അവരെ പോലെ ഞാൻ വരച്ചില്ല. എൻറെ ശൈലിയിൽ മാത്രം വരച്ചു.ഇന്ന് ദേശാഭിമാനിയിലെ കാർട്ടൂണിസ്റ്റിന്റെ വര കണ്ടാൽ ഞാനാണോ വരച്ചതെന്ന് എനിക്കു തന്നെ തോന്നാറുണ്ട്.
പഴയ വി എസ് പക്ഷക്കാരായ സുരേഷിനും എൻ വി ബാലകൃഷ്ണനുമൊക്കെ ഇതുകൊണ്ടൊരു മെച്ചമുണ്ടാകുമെന്നാണ് ഞാൻ വിചാരിക്കുന്നത്. എന്റെ കാർട്ടൂൺ ഉപ്പുമാങ്ങ പരുവമായി എന്ന് പണ്ട് പാർടി പത്രത്തിൽ എഴുതിയിരുന്നു അശോകൻ ചെരിവിൽ. ഇപ്പോ ചെരിവിൽ ആരായി! അപ്പോൾ പറഞ്ഞു വന്നത്. വിമർശനങ്ങൾനടക്കട്ടെ ….തെറി വിളി വേണ്ട. ഞാൻ വര നിർത്താനും പോകുന്നില്ല. ഒരു കാര്യം കൂടി പറഞ്ഞു നിർത്തുന്നു..
കഴിഞ്ഞ മാസം തലശ്ശേരി ടൗൺ ഹാളിൽ ഒരു കല്യാണത്തിന് പോയി. എന്റെ അച്ഛന്റെ അനന്തരവന്റെ മകളാണ് വധു.വധുവിന്റെ അമ്മയുടെ അമ്മാവനെ നിങ്ങളറിയും.ശ്രീ .കോടിയേരി ബാലകൃഷ്ണൻ. നിന്നെ കോടിയേരി അന്വേഷിച്ചെന്ന് എന്റെ ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ അടുത്തു പോയി. ചിരിച്ചു കൊണ്ട് കൈ തന്നിട്ട് കോടിയേരി പറഞ്ഞു ” കാർട്ടൂണൊക്കെ കാണുന്നുണ്ട്. പക്ഷെ എനിക്കൊരു കാര്യം പറയാനുണ്ട് എന്നെ വരയ്ക്കുമ്പോൾ.. “
എന്താ സാർ? ഞാൻ ചോദിച്ചു.
എനിക്ക് അത്ര വയറില്ല കേട്ടോ ഇനി വരക്കുമ്പോൾ ശ്രദ്ധിക്കണം.” “അതെ. അത്ര വയറില്ല ” അദ്ദേഹത്തിന്റെ ഭാര്യയും ശരിവെച്ചു. ഞാൻ വാക്കു പറഞ്ഞിട്ടുണ്ട്. ഒറ്റ സ്ട്രെച്ചിന് വയറു കുറയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…. പറ്റുമായിരിക്കും….”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English