കാപ്പിറ്റോൾ കലാപത്തിന്റെ രാഷ്ട്രീയം

This post is part of the series വായനയും നിരീക്ഷണങ്ങളും

Other posts in this series:

  1. മൂന്നാം ലോകമഹായുദ്ധം തുടങ്ങുന്നത്
  2. കാപ്പിറ്റോൾ കലാപത്തിന്റെ രാഷ്ട്രീയം (Current)
  3. ട്രമ്പോ ബൈഡനോ?
(ചിത്രത്തിന് അവലംബം: ദ അറ്റ്ലാന്റിക് മാസിക )
അടുത്ത അമേരിക്കൻ പ്രസിഡന്റായി ജോസഫ് ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട കുറച്ച് വാസ്തവങ്ങള്‍ താഴെ പറയുന്നത് കാര്യങ്ങൾ കുറച്ചുകൂടി ആഴത്തിൽ മനസ്സിലാക്കാൻ വായനക്കാരെ സഹായിക്കുമെന്ന് കരുതുന്നു:
  • ജനസംഖ്യാടിസ്ഥാനത്തിൽ ഓരോ സംസ്ഥാനങ്ങളെ പ്രതിധാനം ചെയ്യുന്ന അംഗങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ള ഇലക്ട്രറൽ കോളജ് എന്ന സംവിധാനം വഴിയാണ് അമേരിക്കയിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. മൊത്തം 538 വോട്ടുകൾ ആണ് അതിന്റെ അംഗസംഖ്യ. അതിൽ 270 എണ്ണം നേടിയാൽ കേവല ഭൂരിപക്ഷത്തോടെ ജയിക്കാം. ഔദ്യോഗിക കണക്കുകൾ പ്രകാരം ബൈഡൻ 306 വോട്ടുകൾ നേടിയാണ് ഇത്തവണ ജയിച്ചത്. അടുത്തയിടെ നടന്ന തിരഞ്ഞെടുപ്പുകളുമായി തട്ടിച്ചുനോക്കിയാൽ നല്ല ഭൂരിപക്ഷമാണത്. ഏകദേശം ഇത്രയും ഭൂരിപക്ഷത്തിലാണ് ട്രമ്പ് ഹിലരിയെ 2016-ൽ തോൽപ്പിച്ചത്.
  • തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനങ്ങൾ ആണ്. ഓരോ സംസ്ഥാനങ്ങളിലെ പ്രതിനിധികളെ അവർ തിരഞ്ഞെടുത്ത് ഇലക്രറൽ കോളജിലേക്ക് അയക്കും. അതായത് പ്രസിഡന്റിനോ ഫെഡറൽ അധികാരികൾക്കോ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൈയിട്ട് വാരാൻ കഴിയില്ല.
  • അമേരിക്കക്കാർ പ്രസിഡന്റിനെ നേരിട്ടാണ് തിരഞ്ഞെടുക്കുന്നതെങ്കിലും ഇലക്ട്രറൽ കോളജ് ഇടയ്ക്കുള്ളതുകൊണ്ട് രാജ്യത്തൊട്ടാകെ ഏറ്റവും കൂടുതൽ വോട്ടു കിട്ടുന്ന സ്ഥാനാർഥി തന്നെ വിജയിക്കണമെന്ന് നിർബന്ധമില്ല. സമീപകാലത്ത് ജയിച്ചിട്ടുള്ള മിക്കവാറും റിപ്പബ്ളിക്കൻ പ്രസിഡന്റുമാർക്ക് ഡമോക്രാറ്റിക് എതിരാളികളെക്കാൾ കുറവ് വോട്ട് നേടാനേ കഴിഞ്ഞിട്ടുള്ളൂ. 2016-ലും ഹിലരിക്കായിരുന്നു ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടിയത്. അതായത് റിപ്പബ്ളിക്കൻ പ്രസിഡന്റുമാർ പലരും ന്യൂനപക്ഷ പ്രസിഡന്റുമാർ ആയിരുന്നു.
  • മൊത്തം 51.4% പൊതുജനവോട്ടുകൾ നേടിയാണ് ബൈഡൻ വിജയിച്ചത്. അതായത് ട്രമ്പിനേക്കാൾ ഏകദേശം 70 ലക്ഷം വോട്ടർമാർ രാജ്യത്തൊട്ടാകെ ബൈഡനെ പിന്തുണക്കുന്നുണ്ട്. ഇത് ചില്ലറ ഭൂരിപക്ഷമൊന്നുമല്ല.

മുകളിൽ പറഞ്ഞതൊക്കെ ഔദ്യോഗിക പ്രക്രിയകളും തിരഞ്ഞെടുപ്പ് ഫലങ്ങളുമാണ്. ആർക്കും ഗൂഗിൾ ചെയ്ത് പരിശോധിക്കാവുന്നതേയുള്ളൂ.

അതൊന്നും ശരിയല്ല, തിരഞ്ഞെടുപ്പിൽ ധാരാളം ക്രമക്കേടുകൾ നടന്നു, ഞാനാണ് തിരഞ്ഞെടുപ്പിൽ ജയിച്ചത്, അതുകൊണ്ട് ബൈഡനു പകരം എന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നൊക്കെ വിളിച്ചുകൂവിയാണ് ട്രമ്പ് നടന്നിരുന്നത്. അതിന്റെയൊരു പര്യാവസാനമാണ് നമ്മൾ ക്യാപ്പിറ്റോൾ ഹില്ലിലെ കലാപത്തിൽ കണ്ടത്. അതിന്ന് മുമ്പ് എന്താണ് നടന്നതെന്നുകൂടി നോക്കാം.

തിരഞ്ഞെടുപ്പ് ഫലത്തെ അമേരിക്കയിൽ രണ്ടുതരത്തിൽ പര്യാലോചനക്ക് വിധേയമാക്കാനുള്ള അവകാശം ഒരു സ്ഥാനാർഥിക്കുണ്ട് – ഭൂരിപക്ഷം വളരെ നേരിയതാണെങ്കിൽ വോട്ടുകൾ വീണ്ടും എണ്ണിപ്പിക്കുക; തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എന്തെങ്കിലും അപാകതകൾ ഉണ്ടായാൽ ഫലത്തെ പൂർണ്ണമായോ ഭാഗികമായോ റദ്ദാക്കിക്കുക. ഉദാഹരണത്തിന് ജോർജിയ സംസ്ഥാനത്ത് 3 തവണ വോട്ടുകൾ എണ്ണി, എല്ലാത്തിലും ബൈഡൻ തന്നെ വിജയിയാണെന്ന് കണ്ടെത്തി. സുപ്രീം കോടതി അടക്കം 96 കോടതികളിൽ തിരഞ്ഞെടുപ്പിൽ അപാകതയുണ്ടെന്ന് വാദിച്ച് കൊടുത്ത കേസുകൾ എല്ലാത്തിലും ട്രമ്പ് തോറ്റു. തോൽക്കുക മാത്രമല്ല പല കോടതികളും കേസുകളുടെ പരിഹാസ്യത ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഈ കോടതികൾ സ്വതന്ത്രകോടതികൾ അല്ല എന്നുകൂടി ഓർക്കണം – എല്ലാ ജഡ്ജിമാരുടേയും രാഷ്ട്രീയ നിയമനമാണ്. അവരിൽ നല്ലൊരു പങ്ക്, സുപ്രീം കോർട്ടിലെ 3 ജഡ്ജിമാർ അടക്കം, ട്രമ്പ് നിയമിച്ചവർ ആണ്. അവർ തന്നെ സഹായിക്കും എന്ന് വ്യാമോഹം വിലപ്പോയില്ല. ജഡ്ജിമാർ ജനങ്ങളുടെ തീരുമാനത്തെ അട്ടിമറിക്കാൻ യാതൊരു സഹായവും ചെയ്തില്ല.

പ്രസിഡന്റ് ആകുന്നതിന് മുമ്പ് പോലും പ്രതിയോഗികളെ മുട്ടുകുത്തിക്കാൻ ട്രമ്പ് ഉപയോഗിച്ചിരുന്ന ഒരു വിദ്യ അവരെ കേസിൽ കുടുക്കുക എന്നതായിരുന്നു. അത് തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ വിലപ്പോയില്ല. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടന്നു എന്ന് ട്രമ്പ് ആരോപിച്ച 6 സംസ്ഥാനങ്ങളിൽ ജോർജിയയിലും അരിസോണയിലും കാര്യങ്ങൾ നിയന്ത്രിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെ ആയിരുന്നു. ട്രമ്പിന്റെ അടുത്ത തന്ത്രം അവരെ ഭീഷണിപ്പെടുത്തുക എന്നതായിരുന്നു. അതും വിലപ്പോയില്ല. ജോർജിയയിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ബ്രാഡ് റാഫൻസ്പെർഗർ പോലെയുള്ള നീതിമാന്മാരായ റിപ്പബ്ളിക്കൻ രാഷ്ട്രീയക്കാർ തന്നെ ജനാധിപത്യ പ്രക്രിയയെ സംരക്ഷിക്കാൻ തുനിഞ്ഞിറങ്ങുകയും അവർ തമ്മിലുള്ള സംസാരങ്ങൾ റെക്കോഡ് ചെയ്തത് ട്രമ്പ് ടീമിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളെ പുറത്ത് കൊണ്ടുവരികയും ചെയ്തു.

അള മുട്ടിയ ഒരു പാമ്പിന്റെ വെകിളിപിടിച്ച പ്രതികരണമാണ് കഴിഞ്ഞ ബുധനാഴ്ച നമ്മൾ അമേരിക്കയുടെ കാപ്പിറ്റോൾ ഹില്ലിൽ കണ്ടത്. അതിന് ട്രമ്പ് ഉപയോഗിച്ചത്, തന്നെ രക്ഷകനായി കാണുന്ന, വാസ്തവങ്ങൾക്കോ ജനാധിപത്യ മര്യാദകൾക്കോ യാതൊരു വിലയും കൊടുക്കാത്ത മാഗ (MAGA – Make America Great Again) കൂട്ടത്തിനെയാണ്. ബുധനാഴ്ചയാണ് അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സാക്ഷ്യപ്പെടുത്താൻ യോഗം ചേർന്നത്. സാധാരണഗതിയിൽ അതിന്നൊരു ചടങ്ങിന്റെ വിലയേ ഉള്ളൂ. കാരണം ഇലക്ട്രൽ കോളജിലെ ഫലം വളരെ മുമ്പ് തന്നെ അറിയാവുന്നതാണ്. എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായിരുന്നെങ്കിൽ കോടതികൾ അതിൽ തീരുമാനം എടുത്തിരിക്കും. ( 2000-ൽ ജോർജ് ബുഷിന് സുപ്രീം കോടതി വിജയം സമ്മാനിച്ചത് ഓർക്കുക.) കോൺഗ്രസിലെ സെനറ്റ് തലത്തിൽ വൈസ് പ്രസിഡന്റ് ആണ് വിജയിയെ പ്രഖ്യാപിക്കുന്നത്. വൈസ് പ്രസിഡന്റ് പെൻസിനെക്കൊണ്ട് തന്നെ വിജയിയായി പ്രഖ്യാപിക്കാൻ ട്രമ്പ് വിഫലശ്രമം നടത്തി. പക്ഷേ പെൻസ് അതിന്ന് തയ്യാറായില്ല. ഹൗസ് ഓഫ് റെപ്രസെൻറ്റേറ്റീവിൽ ഡമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ട് അവിടെ കളികൾ ഒന്നും നടക്കില്ല എന്ന് ട്രമ്പിനറിയാം. ആ ഒരു സാഹചര്യത്തിലാണ് ട്രമ്പ് തന്റെ അനുയായികളെ ക്യാപ്പിറ്റോൾ ഹില്ലിലേക്ക് പറഞ്ഞുവിടുന്നത്. ഒരു അമേരിക്കൻ പ്രസിഡന്റ് സ്വന്തം കോൺഗ്രസിനെതിരെ ആക്രമണം അഴിച്ചുവിടുന്നത് സാധാരണ അമേരിക്കക്കാരന്റെ ഭാവനയ്ക്ക് പുറത്തായിരുന്നു. ആ അക്രമികളെക്കൊണ്ട് എന്ത് ചെയ്യാൻ സാധിക്കും എന്ന് വ്യക്തമായിരുന്നില്ല. പക്ഷേ, നമ്മൾ എല്ലാവരും കണ്ട അതിനീചമായ പ്രവർത്തികൾ അവർക്ക് അവിടെ ചെയ്യാൻ കഴിഞ്ഞു. അമേരിക്കൻ ജനാധിപത്യം ഇത്ര എളുപ്പത്തിൽ ഒരുകൂട്ടം തെമ്മാടികളുടെ ആക്രമണത്തിൽ തകർന്നുവീഴാനുള്ളതേയുള്ളൂ എന്ന സന്ദേഹം എന്നെപ്പോലെയുള്ള ജനാധിപത്യവാദികളിൽ ഉണ്ടായി. ബാക്കിയെല്ലാം ചരിത്രത്തിന്റെ ഭാഗം.

മറ്റു പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള, ഓർക്കാപ്പുറത്തുള്ള ആക്രമണങ്ങൾ ഏകാധിപത്യവ്യവസ്ഥിതികൾക്ക് വഴി തുറന്ന് കൊടുക്കാറുണ്ട്. ഇത്തവണ അമേരിക്കയുടെ ജനാധിപത്യ സ്ഥാപനങ്ങൾ, പ്രത്യേകിച്ചും ട്രമ്പിന്റെ വരുതിയിൽ അല്ലാത്ത സംസ്ഥാനങ്ങളിലെ അധികാരസ്ഥാപനങ്ങൾ ജനാധിപത്യത്തെ സംരക്ഷിച്ചു എന്നു തോന്നുന്നു.

മുകളിൽ കൊടുത്തിട്ടുള്ള കണക്കുകളും വാസ്തവങ്ങളും പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ് – തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നില്ല എന്ന് മനസിലാക്കാൻ. പിന്നെ എന്തുകൊണ്ടാണ് ട്രമ്പും അയാളൂടെ അനുയായികളും ഇക്കാര്യം പൊക്കിക്കൊണ്ടുനടക്കുകയും ഒരു കലാപത്തിന് കാരണമാക്കുകയും ചെയ്യുന്നത്

തിരഞ്ഞെടുപ്പിൽ വലിയ ക്രമക്കേടുകൾ ഒന്നും ഇല്ല എന്ന് മിക്കവാറും അതിനെ വിമർശിക്കുന്ന എല്ലാവർക്കും അറിയാം. പ്രശ്നം തിരഞ്ഞെടുപ്പിൽ ആര് വോട്ടു ചെയ്യുന്നു എന്നുള്ളതാണ്. ട്രമ്പും റിപ്പബ്ളിക്കന്മാരുമൊക്കെ തോൽക്കുന്ന സ്ഥലങ്ങളിൽ വെളുത്തവരല്ലാത്തവരുടെ ബലത്തിലാണ് ഡമോക്രാറ്റുകൾ സാധാരണ ജയിച്ചു കയറുന്നത്. ആ മുന്നണിയിൽ കറുത്തവർ, ഏഷ്യക്കാർ, തദ്ദേശീയർ, ലാറ്റീനോകൾ തുടങ്ങി വെളുത്തവരല്ലാത്ത പലതരത്തിലുള്ള ജനങ്ങൾ ഉണ്ടാകും. റിപ്പബ്ളിക്കൻ പാർട്ടിക്കും പ്രത്യേകിച്ച് ട്രമ്പിനും പിടിക്കാത്ത ഒരു കാര്യമാണത്. കറുത്തവർ വോട്ട് ചെയ്യുന്നത് അവർക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. കാരണം മറ്റുള്ളവരിൽ കുറച്ചുപേരെങ്കിലും റിപ്പബ്ളിക്കൻ സ്ഥാനാർഥിക്ക് വോട്ട് ചെയ്യാറുണ്ട്. കറുത്തവർ ഒന്നടങ്കം ഡമോക്രാറ്റുകൾക്ക് വോട്ടുചെയ്യുകയാണ് പതിവ്. റിപ്പബ്ളിക്കൻ പാർട്ടി അതിനെ നേരിടുന്നത് വെളുത്തവരല്ലാത്തവരെ വോട്ടു ചെയ്യുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്താൻ ലക്ഷ്യമാക്കിയുള്ള പലതരത്തിലുള്ള നിയമനിർമാണങ്ങൾ ചെയ്താണ്. സംസ്ഥാനതലത്തിൽ റിപ്പബ്ളിക്കന്മാർ ഇത്തരത്തിലുള്ള തരികിടകൾ കാലാകാലമായി ചെയ്തുവരുന്നതാണ്. അതൊന്നും ഫലപ്രാപ്തിയിൽ എത്തിയില്ലെങ്കിൽ ജയിച്ചു കേറുന്ന ഡമോക്രാറ്റിക്ക് ഗവർണർമാരുടെ അധികാരം വെട്ടിക്കുറക്കുക തുടങ്ങിയ തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടികൾ എടുക്കാൻ റിപ്പബ്ളിക്കന്മാർ മടിക്കാറില്ല. ട്രമ്പ് അത് ദേശീയതലത്തിൽ, തന്റെ അധികാരം നീട്ടികിട്ടാൻ പ്രയോഗിച്ചു നോക്കിയെന്നേയുള്ളൂ.

ചുരുക്കിപ്പറയുകയാണെങ്കിൽ, റിപ്പബ്ളിക്കൻ പാർട്ടിക്ക് ജനാധിപത്യ പ്രക്രിയകളോട് പ്രതിഞ്ജാബദ്ധതയൊന്നുമില്ല. വെള്ളക്കാരുടെ അധികാരം എങ്ങനെയെങ്കിലും നിലനിർത്തുക എന്ന ഒറ്റ അജണ്ഡയാണ് റിപ്പബ്ളിക്കൻ പാർട്ടിയുടേത്.

വെള്ളക്കാർക്ക് പരിപൂണ്ണ അധികാരത്തിന് അറുതി വന്നുതുടങ്ങി എന്ന് അവർ മനസിലാക്കുന്നത് 2008-ൽ ഒബാമയുടെ തിരഞ്ഞെടുപ്പോടെയാണ്. ടീ പാർട്ടി എന്ന പേരിൽ ഒബാമയുടെ ഭരണത്തിന് കടിഞ്ഞാണിടാൻ വേണ്ടി വെള്ളക്കാർ ആരംഭിച്ച പ്രസ്ഥാനം ഒബാമയെ എതിർക്കുന്നതിൽ തികച്ചും ഫലപ്രദമായിരുന്നു. ദേശസ്നേഹത്തിന്റെ പേരിൽ കൊണ്ടു നടന്ന ആ പ്രസ്ഥാനം ട്രമ്പിന്റെ തിരഞ്ഞെടുപ്പിനുശേഷം പെട്ടന്ന് അപ്രത്യക്ഷമായി. ട്രമ്പിന്റെ അനുയായികളായ മാഗ ഗ്രൂപ്പ് പരസ്യമായിട്ടു തന്നെ വർണവിവേചനത്തെ പിന്തുണക്കുന്നുണ്ട്.

ചുരുക്കത്തിൽ, വെള്ളക്കാരുടെ, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രത്യേകാവകാശങ്ങളും അധികാരവും, എങ്ങനെയെങ്കിലും പരിരക്ഷിക്കണം എന്ന പ്രചോദനം ആണ് ടീ പാർട്ടിയും മാഗയും പോലെയുള്ള പ്രസ്ഥാനങ്ങളുടെ ജനാധിപത്യവിരുദ്ധമായ പ്രവർത്തികളിൽ അവരെ കൊണ്ടുചെന്നെത്തിക്കുന്നത്. ട്രമ്പിനെപ്പോലെയുള്ള അവസരവാദികൾ ആ പിന്തുണയെ രാഷ്ട്രീയാധികാരമാക്കി മാറ്റുകയും ചെയ്തു.

ജനസംഖ്യയുടെ പോക്ക് ഒരു പക്ഷേ ഇത്തരക്കാരുടെ വ്യാമോഹങ്ങളെ ഭാവിയിൽ സഹായിക്കും എന്ന് തോന്നുന്നില്ല. കാലാകാലമായി റിപ്പബ്ളിക്കന്മാർ ജയിച്ചു വന്നിരുന്ന ജോർജിയയിലും അരിസോണയിലും ഇത്തവണ ട്രമ്പ് തോറ്റത് ആ ഭാഗത്തേക്കാണ് വിരൽ ചൂണ്ടുന്നത്. ടെക്സസിനെപ്പോളുള്ള വലിയ സംസ്ഥാനങ്ങൾ പോലും ഡമോക്രാറ്റുകൾ പിടിച്ചെടുക്കാം എന്ന നിലയിൽ കാര്യങ്ങൾ എത്തിയിട്ടുണ്ട്. ഒരു കലാപത്തിലൂടെയല്ലാതെ ബാലറ്റ് പെട്ടിയിലൂടെ അധികാരം അധികകാലം നിലനിർത്താൻ കഴിയില്ല എന്ന തിരിച്ചറിവ് ക്യാപ്പിറ്റോൾ ഹിൽ നിരങ്ങിയ തെമ്മാടികളുടെ നേതാക്കന്മാർക്കെങ്കിലും നല്ലപോലെ അറിയാം.

തിരഞ്ഞെടുപ്പിൽ തിരിമറി എന്നൊക്കെ പറയുന്നത് വർണവെറിയുടെ രാഷ്ട്രീയത്തെ മറച്ചു വയ്ക്കാനുള്ള വെറും ഒരു കൗശലം മാത്രം. ടീ പാർട്ടി പറഞ്ഞുനടന്നിരുന്നത് ദേശസ്നേഹമായിരുന്നു. ഒരു കറുത്ത കുടുംബം “വെളുത്ത വീട്ടിൽ” ജീവിച്ചത് തികച്ചും ഒരു നിർഭാഗ്യകരമായ കാര്യമായിട്ടാണ് ടീ പാർട്ടിക്കാർ കണ്ടത്. ട്രമ്പിന്റെ നുണയിൽ പൊതിഞ്ഞുകെട്ടിയ രാഷ്ട്രീയം ആരംഭിക്കുന്നതും ആ രോഷത്തിൽ നിന്നാണെന്ന് ഓർക്കണം.

ഇതൊന്നും മനസിലാക്കാൻ കെൽപ്പില്ലാത്ത, ട്രമ്പിന് കിണ്ടിയും വെള്ളവും കൊണ്ട് നടക്കുന്ന ദേശി ഊച്ചാളികളോട് വെറും സഹതാപം മാത്രം.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here