കർക്കിടകത്തിലെ കറുത്ത രാത്രികൾ വീണ്ടും ഞങ്ങളെ തേടിയെത്തി. ടെറസ്സിലെ തകരഷീറ്റുകൾക്കുകീഴെ മങ്ങിയ വെളിച്ചത്തിൽ നിൽക്കുമ്പോൾ പിറകിൽ പടരുന്ന ഇരുട്ട് കൂടുതൽ ഭയാനകമായി മാറി. ആയുസിന്റെ സൂചികപോലെ മുന്നിൽ ഉരുകിക്കൊണ്ടിരിക്കുന്ന മെഴുതിരി തണുത്ത കാറ്റിൽ ഇടറുകയും ഉലയുകയും ചെയ്യുമ്പോൾ ഏതോ അഗാധമായ ചിന്തയിലൂന്നി അതിലേക്ക് ഉറ്റുനോക്കുകയായിരുന്നു അമ്മ.
മഞ്ഞവെളിച്ചത്തിൽ പ്രായാധിക്യത്തിന്റെ ചുളിവുകൾ ആ മുഖത്ത് തെളിഞ്ഞുനിന്നു, ചോരവറ്റിയ കണ്ണുകളിൽ പ്രതീക്ഷയുടെ ഏടുപോലെ മെഴിതിരികൾ ജ്വലിച്ചു. ഏറെ നേരമായി ആ ബിംബങ്ങൾ അവ്യക്തമായപ്പോഴാണ് അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ ശ്രദ്ധിച്ചത്. അവരുടെ ചിന്തകളിലേക്ക് കടന്നുകയറാനാകാതെ നിസ്സഹായമായി നിന്നപ്പോൾ, വാത്സല്യത്തിന്റെ നിഷ്കളങ്കമായ കണങ്ങൾ ഊർന്നു നിലത്തുവീണ് ചിതറി ഇല്ലാതാകുന്നത് ഞാൻ കണ്ടു. മെലിഞ്ഞുണങ്ങിയ കൈകളാൽ പതിയെ പുതപ്പ് ഒതുക്കിക്കൊണ്ട് അവർ സ്വബോധം വീണ്ടെടുത്തു.
ഒരു വേള സ്വയം മറന്ന് ഞാൻ എരിയുന്ന മെഴുതിരിയായി മാറി, എന്നിലെ അവസാനനാളം കെടുംവരെ അമ്മയുടെ കണ്ണുകൾ എന്നോട് ചോദ്യങ്ങൾ ആവർത്തിക്കുന്നത് ഞെട്ടലോടെ ഞാനറിഞ്ഞു.
മഴയുടെ അപ്രതീക്ഷിത മൗനം വിചിത്രവും ഭീകരവുമായിരുന്നു. കലുഷിതമായ ജലം ചുറ്റും ഇളകിമറിയുമ്പോൾ മനസ്സ് ഒരു ശ്മശാനത്തിന്റെ നിർജ്ജീവതയിലേക്ക് ആഴ്ന്നുപോകുന്നു. ‘മഴ ശമിച്ചിരിക്കുന്നു, ആ… ‘ പൂർത്തിയാക്കാനനുവദിക്കാതെ പൂർവ്വാധികം ശക്‌തിയോടെ മഴ തകരഷീറ്റുകൾക്കുമേൽ ബഹളമുണ്ടാക്കി കയർത്തുതുടങ്ങി. കാറ്റിന് വാശിയേറി. പതറിത്തുടങ്ങിയ മെഴുതിരി ഞാൻ കൈകൊണ്ട് മറച്ചു. ഉള്ളംകൈ ചെറുതായി പൊള്ളിയെങ്കിലും ആകെ ഒരു മരവിപ്പനുഭവപ്പെട്ടു. വൈകാതെതന്നെ ഈ നാളവും അണയും, പിന്നീടെന്തുചെയ്യും…
കറുകറുത്ത മഴയിൽ അനാഥമാക്കപ്പെടുമല്ലോ എന്ന ഭീതിയോടെ ഞാൻ അമ്മയുടെ മുഖത്തേക്ക് പതറിനോക്കി.
അമ്മ ഉറങ്ങുകയായിരുന്നു, കണ്ണുകളടച്ച് ശാന്തമായി. അസ്വാഭാവികമായൊരു തണുപ്പ് എന്നെ വന്നുഴിഞ്ഞുപോകവെ ആളിക്കത്തിയ തിരി അണഞ്ഞ് ഗന്ധമുയർന്നു. ഉള്ളിലെവിടെയോ ഊറിയിറങ്ങിയ തേങ്ങൽ ജീവസ്പന്ദങ്ങളെ വലിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ചു, എന്റെ കാതുകൾ അടഞ്ഞു. ഒരു മെഴുതിരിയെന്നോണം പ്രാണവേദനയോടെ ഞാൻ എരിഞ്ഞുതുടങ്ങി. ഇരുട്ടിലങ്ങിങ്ങായി വെള്ളിവെളിച്ചം മിന്നി, ക്രമേണ അതിന്റെ എണ്ണം വർധിക്കുന്നുണ്ടായിരുന്നു…..