മലയാള പെൺകഥയിലെ ശക്തമായ സാന്നിധ്യമായ സിതാര എസ് തന്റെ കാൻസർ പോരാട്ടത്തെപ്പറ്റി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
“കാൻസർ സെന്ററിലേക്കുള്ള ഓരോ യാത്രയും ഓരോ പാഠങ്ങളാണ് , ഓരോ മുറിവുകളും. ഇന്ന് ,ഡോക്ടറെ കാണാനുള്ള പതിവ് കാത്തിരിപ്പിനിടെ, പല തവണ കണ്ണുകൾ നനഞ്ഞു. എനിക്ക് ചുറ്റും, രോഗത്തിന്റെ,വാർദ്ധക്യത്തിന്റെ,നിസ്സഹായതയുടെ,നിരാശയുടെ നൂറായിരം നിശ്വാസങ്ങൾ. നോക്കൂ , നീ ഭാഗ്യവതിയാണ്, വരണ്ടു ക്ഷീണിച്ച കണ്ണുകളിലെ നേർത്ത പ്രത്യാശകൾ എന്നോട് പറഞ്ഞു, നീ തീർച്ചയായും ഭാഗ്യവതിയാണ്. ഒരു കടൽ ഒറ്റയ്ക്ക് നീന്തിക്കടന്നതിന്റെ ഓർമ്മകളോടെ ഞാൻ പടികളിറങ്ങി. കണ്ണുകൾ നൊന്തു. ഇനി അടുത്ത സന്ദർശനം വരെ ഈ നോവ് ബാക്കിയുണ്ടാവും. ഉണ്ടാവണം. പ്രിയപ്പെട്ടവരേ, കാൻസർ എന്ന വാക്കിനെ ഒരിക്കലും അപമാനിക്കരുത്. ലോകത്തു വേറെ രോഗങ്ങളില്ലാതെയല്ല.കാൻസർ വരുന്ന എല്ലാരും മരിച്ചു പോകാറില്ല. കാൻസർ വന്നിട്ടേ ആളുകൾ മരിക്കുള്ളൂ എന്നുമില്ല. പക്ഷെ,അതിലൂടെ കടന്നു പോകുക എന്നത് അത്രത്തോളം ദുഷ്കരം തന്നെയാണ്. നൂറു ജന്മങ്ങൾ ജീവിച്ചു മരിക്കും പോലെ.
അടുത്ത തവണ വരുന്നോ എന്റെ കൂടെ ബൈസ്റ്റാൻഡർ ആയി? പിന്നീടൊരിക്കലും നിങ്ങൾ ഒരാൾക്ക് മേലെ കാൻസർ എന്ന “ശാപ”വാക്കു പരിഹാസത്തോടെയും നിന്ദയോടെയും ചൊരിയില്ല . ഒരിക്കലും. എങ്കിലും
ദേഷ്യമില്ല.ഉള്ളത് സ്നേഹം മാത്രം. (മനസ്സൊന്നു ശെരിയാക്കാൻ വീട്ടിൽ വന്നു കേറിയ ഉടനെ മോനെ ബലം പ്രയോഗിച്ചു തന്നെ പിടിച്ചു വെച്ച് കൊറേ സെൽഫി എടുത്തു. ഞാൻ സെല്ഫിയെടുക്കാനും എഫ്ബിയിൽ പോസ്റ്റ് ചെയ്യാനും ഓരോ കാരണം നോക്കി നിക്കുകയാ എന്നുള്ള ചീത്തപ്പേര് പുതുക്കാല്ലോ എന്നും കരുതി. അവൻ കരഞ്ഞു ലഹള കൂട്ടിയപ്പോ സെൽഫി മഹാമഹം ഉപേക്ഷിച്ചു. ഇനി എല്ലാം മറന്നു കൊറച്ചുനേരം ഉറങ്ങണം . വൈന്നേരംഎണീറ്റു കട്ടൻചായ കുടിക്കണം. ഗിച്ചു നോട് വഴക്കിടണം . അങ്ങനെയങ്ങനെ ഭൂമിയിലേക്ക് തിരിച്ചു നടക്കണം. )”
Click this button or press Ctrl+G to toggle between Malayalam and English