സ്വസ്ഥത സ്വന്തമാകുന്നത്
സുഖമുള്ള ഒരനുഭവമാണ്
സുഖമൊരു സൗകര്യവുമാണ്
അസൗകര്യങ്ങളിൽ നിന്നൊരു ഒളിച്ചോട്ടവുമാണ്
ഏകാന്തത
അവിടെ അസ്വസ്ഥത ഉറഞ്ഞു തുള്ളാറില്ല
അസൗകര്യങ്ങൾ വലിഞ്ഞു കയറാറുമില്ല
അലോസരങ്ങൾ അലസം നടക്കുന്നിടങ്ങളിൽ
അറിയാതെയാണ് ഉരസുന്നത്
അതറിയുമ്പോഴോ !
ജീവിതം വിരസമാകുന്നു
സാമൂഹ്യ നീതിയും പ്രതിബദ്ധതയുമൊക്കെ
കൊടിയും പിടിച്ചു മുറ്റത്തു വരുമ്പോൾ
ഗതികേടിന്റെ ചിരട്ട മിനുക്കിയെടുക്കേണ്ടി വരും
കേരമീശയും കേശവുമില്ലാതെ
ചിരട്ടയകവും പുറവുമൊരുപോലെ
മെഴു മെഴാ മിനു മിനാ
സാരഥ്യത്തിന് വലിയ കമ്പമൊന്നുമില്ല
കമ്പം,കളികൾ, കണ്ടു മടുത്തിറങ്ങിയതാണ്
ഊരിവച്ചതാണ്
ബാഹ്യതകൾക്കതൊന്നും തിരിയില്ല
ബാഹ്യതകൾ എന്നും ബാഹ്യമായിത്തന്നെ നിലനിൽക്കുന്നു
അകമേയുറങ്ങുന്നവർ അകമഴിഞ്ഞ് ചിരിക്കുന്നു
പുറമെയുള്ളവർ അകമേയുള്ളവരെ
കാണുന്നില്ല അറിയുന്നില്ല
അകമേയുള്ളവർ അകവും പുറവും
ഒരുപോലെ കാണുന്നു അറിയുന്നു…
നന്നായിട്ടുണ്ട് 🙏