കർക്കിടകവാവു രാത്രിയിൽ ബലിച്ചോറിനായി പിതൃക്കളണയുന്ന
കാലടിശബ്ദവും ഓരിവിളികളും…
കണ്ണുപൂട്ടിക്കിടന്നു കാതോർക്കുന്ന
കുരുന്നു മൗനത്തിൻ്റെ ചുണ്ടുകൾ വിറയ്ക്കുന്നു,
പേക്കിനാവിൻ്റെ ഭൂതായനങ്ങളിൽ…
സ്മരണയിൽ, ദൂരെയാ നോവു പൂക്കുന്ന
അന്ത്യയാനത്തിൻ കഹളം മുഴങ്ങുന്നു.
അറിക നീ നാവുനനയ്ക്കുവാൻ കണ്ണുനീരിറ്റും
പവിത്രത്തിൽ നിന്നിറ്റുവീഴുന്ന പുണ്യതീർത്ഥവുമില്ലാതെ
പുത്രകർമ്മദോഷത്തിൻ്റെ മൺകുടമുടയില്ല.
മരണകാലരാമായണം നേർത്തുനീളുമീ ഈറൻ സന്ധ്യയിൽ യാത്രയാകുന്നു,
നിറനിലാവിൻ്റെ പൗർണമി രാവുകൾ
നൂറുകണ്ടതാം വാത്സല്യ സൂര്യനും
നേർത്തു ചെമന്നൊരു പുലരിയെത്തുന്നതിൻ മുമ്പ്
നേർത്തുനേർത്തങ്ങു നിലയ്ക്കുന്ന സ്പന്ദനം.
കാടുതേടി ഒറ്റയ്ക്കുവന്നവൻ
കാടു തീണ്ടിയുണർത്തിയ പൗരുഷം..
കരളിലുരുവായ കനവിൻ്റെ വിത്തുകൾ
കർക്കിടക മഴനൂലിലൊന്നായി നട്ടുനനച്ചവൻ,
കതിരുകൊത്താൻ വരുന്ന പക്ഷിയെ കാത്ത്
കാട്ടരുവിക്കരയിലൊറ്റക്കിരുന്നവൻ.
മോഹമുന്തിരി വാറ്റിയ നീർമോന്തി,
നീണ്ട രാത്രികൾ തീകാഞ്ഞിരുന്നവൻ
വിറകുവെച്ചു ജ്വലിപ്പിച്ചെടുത്തൊരാ
മഞ്ഞിലെരിയുന്ന തീനാമ്പുകൾക്കിരുപുറം
കാട്ടുകരടിയുമൊന്നിച്ച്
തീകാഞ്ഞിരുന്നൊരു വന്യകൗതുകം..
കാട്ടുമുള്ളിൽ കാലുടക്കിമുറിഞ്ഞു മുടന്തുന്ന
കുഞ്ഞുമുയലിൻ്റെ നൊമ്പരപ്പാടിൽ
കാട്ടറിവിൻ്റെ പച്ചില ചാലിച്ച് സൗഖ്യമേകുവാൻ
കനിവുപൂത്തൊരാ വനവസന്തങ്ങൾ…
ഭാഗപത്രങ്ങളിൽ പിതൃവാത്സല്യസാരമായി
കരുണാപൂർവ്വം കോറിയിട്ടൊരാ കാടെന്ന ബോധം
പൈതൃകങ്ങളിൽ കണ്ണു ചിമ്മി ചിണുങ്ങിനിൽക്കുന്നു
കാടുതേടുന്ന വന്യവാസര സ്വപ്നങ്ങൾ.
ഭാഗപത്രം പകർന്നു നൽകുന്നൊരാ
ശുഷ്ക്കജീവിത ബോധഭ്രമത്തിൻ്റെ
യുക്തിഹീനമാം വന്ധ്യമോഹങ്ങൾ
കാടു തീണ്ടിമുടിക്കുന്നതിന് മുമ്പ്
കാടുതേടുന്നു ,കാടിനൊപ്പം കാരുണ്യമുള്ളവൻ
പൂച്ചമൂത്തു പുലിയായി മാറിയോൻ
കാടിനുള്ളിലെ ഹൃദയം നുകർന്നവൻ.
വി.എസ്. ദിപു
ദീപുവിന്റെ കവിത വിഹ്വലമാർന്നത്, നല്ലത്. കാട് തീണ്ടുന്ന കവിത.